Latest Videos

ബ്ലൂവെയില്‍ ഗെയിമില്‍ അകപ്പെട്ട കുട്ടികളെ രക്ഷിക്കാന്‍ ചില മാര്‍ഗങ്ങള്‍

By Web DeskFirst Published Aug 15, 2017, 6:14 PM IST
Highlights

ബ്ലൂ വെയില്‍ എന്ന കൊലയാളി ഗെയിമിനെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകളേറെയും. ഇപ്പോഴിതാ, കേരളത്തിലും ഒരു കൗമാരക്കാരന്‍ ആത്മഹത്യ ചെയ്‌തത് ബ്ലൂവെയില്‍ ഗെയിമിന് അടിപ്പെട്ടാണെന്ന വിവരം പുറത്തുവന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ വായനക്കാര്‍ക്ക് ബ്ലൂവെയിലിനെക്കുറിച്ചുള്ള സംശയങ്ങള്‍ നിരവധിയാണ് അതിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മനശാസ്‌ത്രവിഭാഗം മറുപടി നല്‍കുന്നു...

അകാലത്തില്‍ പൊലിയാതെ എങ്ങനെ തടയാം?

കണ്ടു പിടിക്കാത്ത മാനസിക പ്രശ്‌നങ്ങളുള്ള (മാനസിക രോഗമുള്ള) കുട്ടികളാണ് പലപ്പോഴും ഇത്തരം കളികളിലൂടെ ആത്മഹത്യയുടെ വഴിയിലേക്ക് നീങ്ങുന്നത്. ബ്ലൂ വെയില്‍ ഗെയിമിന്റെ 50 സ്റ്റേജുകള്‍ പൂര്‍ത്തീകരിക്കാന്‍ തുടര്‍ച്ചയായ 50 ദിവസങ്ങളാണ് ഉറക്കമൊഴിക്കുന്നത്. ഈ 50 ദിവസത്തെ ഉറക്കമൊഴിച്ചില്‍ ആരുടെയും മാനസികാവസ്ഥയെ തകിടം മറിക്കും. കുട്ടികളിലുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങള്‍ പോലും രക്ഷിതാക്കള്‍ അറിയണം. ക്ഷീണം, ശരീരത്തിലെ മുറിവുകള്‍, അകാരണമായ ഭയം, വിശപ്പില്ലായ്മ, പഠനക്കുറവ്, എത് സമയവും ഗെയിമിന് മുന്നിലിരിക്കുക എന്നിവയെല്ലാം തിരിച്ചറിയണം. രക്ഷിതാക്കളെ പേടിച്ച് കുട്ടികള്‍ ഒന്നും പറയാത്ത അവസ്ഥ സൃഷ്‌ടിക്കരുത്. എല്ലാത്തിനും പരിഹാരമുണ്ടെന്ന രീതിയില്‍ കുട്ടിയെ ആശ്വസിപ്പിക്കുകയും സംരക്ഷണം നല്‍കുകയും വേണം.

കൗണ്‍സിലിംഗ് വളരെ പ്രധാനം

കുട്ടികളുടെ പെരുമാറ്റത്തില്‍ ഇത്തരം അസ്വാഭാവികതകള്‍ കണ്ടാല്‍ ഉടന്‍ തന്നെ മാനസികാരോഗ്യ വിദഗ്ധന്റെ സേവനം തേടേണ്ടതാണെന്ന് പ്രമുഖ മാനസികാരോഗ്യ വിദഗ്ധനും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആര്‍.എം.ഒ.യുമായ ഡോ. മോഹന്‍ റോയ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മാനസികാരാഗ്യ വിഭാഗത്തില്‍ ഇത്തരം കുട്ടികളെ ചികിത്സിക്കാനായി പ്രത്യേക സൗകര്യമുണ്ട്. ആത്മഹത്യാ പ്രവണതയിലേക്ക് പോകുന്ന കുട്ടികളെ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്.

എങ്ങനെ ചതിക്കെണിയില്‍ നിന്നും പുറത്ത് ചാടിക്കാം

നമ്മുടെ കുട്ടികളെ അല്‍പം ശ്രദ്ധിച്ചാല്‍ തന്നെ അവരെ നേരായ വഴിക്ക് കൊണ്ടുവരാം. സാധാരണ അവസ്ഥയില്‍ നിന്നും കുട്ടി വിഭിന്നമായി പെരുമാറിയാല്‍ ഉടന്‍ തന്നെ സ്‌നേഹത്തോടെ പ്രശ്‌നങ്ങള്‍ ചോദിച്ച് മനസിലാക്കുക. കുട്ടികളോടൊപ്പം സമയം ചിലവഴിച്ച് അവരുടെ പ്രശ്‌നങ്ങളറിഞ്ഞ് ബോധവത്ക്കരിക്കണം. നമ്മുടെ നാട്ടില്‍ ഡിഗ്രി തലം വരെയുള്ള കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യമുള്ള സ്മാര്‍ട്ട് ഫോണ്‍ നല്‍കേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ടതാണ്. വീട്ടിലെ കുട്ടികളുപയോഗിക്കുന്ന കമ്പ്യൂട്ടര്‍ പൊതുവായ സ്ഥലത്ത് മാത്രം വയ്‌ക്കുക. അനാവശ്യ സൈറ്റുകള്‍ കുട്ടികള്‍ എടുക്കാതിരിക്കാനുള്ള സെക്യൂരിറ്റികള്‍ കമ്പ്യൂട്ടര്‍ വിദഗ്ധന്റെ സഹായത്തോടെ ഉറപ്പ് വരുത്തണം.

നമ്മുടെ കുട്ടികളെ നമുക്ക് സംരക്ഷിക്കാം

സൈബര്‍ ലോകത്തിന് അതിര്‍വരമ്പുകളില്ല. അതിനാല്‍ ആരുടേയും മാനസികനില തകരാറിലാക്കി മരണത്തിലേയ്‌ക്കുവരെ തള്ളിവിടുന്ന ഇത്തരം കളികളെ തടയേണ്ടതാണ്. നാളെ നമ്മുടെ കുട്ടിയും വെറും കൗതുകത്തിനു വേണ്ടിയെങ്കിലും ഇന്റര്‍നെറ്റില്‍ അതു തിരഞ്ഞുപോകാം. ഏതു വഴിയിലാണ് അപകടം പതിയിരിക്കുന്നതെന്ന് നമുക്ക് ഉറപ്പു പറയാനാകില്ല. അതിനാല്‍ ഇത്തരം കമ്പ്യൂട്ടര്‍ ഗെയിമുകളെ അകറ്റി നിര്‍ത്തുക തന്നെ വേണം.

click me!