മരണക്കുഴിയിൽ 48 മണിക്കൂർ; കുഴല്‍ക്കിണറില്‍ വീണ ഒന്നര വയസ്സുകാരനെ രക്ഷപ്പെടുത്തിയത് ഇങ്ങനെ...

By Web TeamFirst Published Mar 23, 2019, 9:40 AM IST
Highlights

 രണ്ട് ദിവസത്തെ  നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ 60 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍വീണ ഒന്നര വയസുള്ള കുട്ടി ജീവിതത്തിലേക്ക് തിരിച്ചെത്തി. 

ഒന്നര വയസ്സുകാരന്‍ 48 മണിക്കൂർ ഒരു മരണക്കുഴിയിൽ. രണ്ട് ദിവസത്തെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ 60 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍വീണ ഒന്നര വയസുള്ള കുട്ടി ജീവിതത്തിലേക്ക് തിരിച്ചെത്തി. ഹരിയാനയിലെ ഹിസാറില്‍ ബുധനാഴ്ച വൈകുന്നേരമാണ്  ഒന്നര വയസ്സുകാരൻ നദീം കുഴല്‍ക്കിണറില്‍ വീണത്. 

നദീം ഖാൻ മറ്റ് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് കുഴല്‍ക്കിണറില്‍ വീണത്. പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) സൈന്യത്തിലെ വിദഗ്ധരും ചേർന്ന ദൗത്യത്തിനൊടുവിലാണ് ഒരു പോറല്‍ പോലുമില്ലാതെ നദീം രക്ഷപ്പെട്ടത്. 

കുഴൽക്കിണറിൽ നിന്ന് 20 അടി മാറി മറ്റൊരു കിണർ ആദ്യം കുഴിച്ചു. ഇതിൽ നിന്ന് നദീം വീണുകിടക്കുന്ന ഭാഗത്തേക്ക് തുരങ്കവും. ഇരുട്ടിലും പ്രത്യേക ക്യാമറ ഉപയോഗിച്ച്  കുഴല്‍കിണറിനുള്ളില്‍ കുട്ടിയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. കഴിക്കാനായി ബിസ്ക്കറ്റും, ജ്യൂസും നൽകി. ശ്വാസംമുട്ടാതിരിക്കാൻ ഓക്സിജൻ ട്യൂബും കിണറ്റിലേക്ക് ഇറക്കി. കുട്ടിയുടെ അടുത്തെത്താറായപ്പോൾ യന്ത്രങ്ങൾ ഒഴിവാക്കി കൈകൊണ്ടാണ് തുരങ്കത്തിലെ മണ്ണു നീക്കിയത്.

റോഡ് നിർമാണ തൊഴിലാളിയാണ് നദീം ഖാന്റെ പിതാവ്. അഞ്ചു കുട്ടികളിൽ ഏറ്റവും ഇളയകുട്ടിയാണ് നദീം. വീട്ടുകാർ ആദ്യം കുട്ടിയെ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും പിന്നീട് പോലീസിനെ അറിയിക്കുകയായിരുന്നു.

കേരളത്തിലും ഇങ്ങനെ കുഴല്‍ക്കിണറില്‍ നിരവധി കുട്ടികള്‍ വീണിട്ടുണ്ട്. അതില്‍ ചിലരെ രക്ഷപ്പെടുത്തിയിട്ടുമുണ്ട്. അതുപോലെ തന്നെ നിരവധി മരണങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ വരുന്ന ഒരു മുഖമാണ് മാളൂട്ടിയുടേത്. ശ്യാമിലി അവതരിപ്പിച്ച മാളൂട്ടി എന്ന കഥാപാത്രം കുഴല്‍ക്കിണറില്‍ വീഴുന്ന രംഗങ്ങള്‍ ഇന്നും മലയാളികള്‍ക്ക് ഒരു വേദനയാണ്. 1992ല്‍ ഹിറ്റായ ചിത്രം മാളൂട്ടിയുടെ ഇതിവൃത്തം കുഴല്‍ക്കിണറില്‍  വീണ ഒരു കുട്ടിയെ രക്ഷിക്കുന്നതാണ്. 

click me!