'ഇത് കണ്ണില്ലാത്ത ക്രൂരത'; പരിക്കേറ്റ കങ്കാരുവിനെ ക്രൂരമായി മർദ്ദിച്ച് യുവാവ്, ചിത്രീകരിച്ച് സുഹൃത്ത്- വീഡിയോ

By Web TeamFirst Published Jan 23, 2020, 11:58 AM IST
Highlights

കങ്കാരുവിനെ ക്രൂരമായി മർദ്ദിക്കുന്ന യുവാവിന്റെ വീ‍ഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പരിക്കേറ്റ് നിലത്ത് വീണ് കിടക്കുന്ന കങ്കാരുവിനെ ആവർത്തിച്ച് യുവാവ് മുഷ്ടി ചുരുട്ടി മർദ്ദിക്കുന്നത് വീഡിയോയിൽ കാണാം. 

മെല്‍ബണ്‍: 2019 സെപ്റ്റംബറിൽ ഓസ്ട്രേലിയയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയിൽ നിരവധി കാട്ടു മൃ​ഗങ്ങളാണ് ചത്തൊടുങ്ങിയത്. ഹൃദയഭേദകമായ നിരവധി ചിത്രങ്ങളായിരുന്നു ദുരന്തമുഖത്തുനിന്ന് പുറത്തുവന്നുകൊണ്ടിരുന്നത്. ‌ഹൃദയം തകര്‍ക്കുന്ന ഈ ചിത്രങ്ങളെല്ലാം ഓസ്ട്രേലിയ നേരിടുന്ന ദുരന്തത്തിന്‍റെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കാന്‍ പോന്നവയായിരുന്നു. വെന്തുപോയ കങ്കാരു കുഞ്ഞിന്‍റെ അഡിലെയ്ഡ് ഹില്‍സില്‍ നിന്നുള്ള ചിത്രമായിരുന്നു ഇതിലൊന്ന്. ജലാംശം വറ്റിയ മൃഗങ്ങള്‍ മനുഷ്യരുടെ സഹായത്തിനായും വെള്ളത്തിനായുമെത്തുന്ന വീഡിയോകളും പ്രചരിച്ചിരുന്നു. 

ഇപ്പോഴിതാ പരിക്കേറ്റ കങ്കാരുവിനോട് ക്രൂരത കാട്ടുന്ന യുവാവിന്റെ വീഡിയോ ആണ് പുറത്തു വരുന്നത്. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലാണ് സംഭവമെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു‌. കങ്കാരുവിനെ ക്രൂരമായി മർദ്ദിക്കുന്ന യുവാവിന്റെ വീ‍ഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പരിക്കേറ്റ് നിലത്ത് വീണ് കിടക്കുന്ന കങ്കാരുവിനെ ആവർത്തിച്ച് യുവാവ് മുഷ്ടി ചുരുട്ടി മർദ്ദിക്കുന്നത് വീഡിയോയിൽ കാണാം. 

ഇയാൾക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്താണ് ഈ ക്രൂര കൃത്യം മൊബൈൽ ഫോണിൽ ചിത്രീകരിച്ചത്. ഈ രം​ഗം ചിത്രീകരിക്കുന്നതിനൊപ്പം സുഹൃത്ത് നിർത്താതെ ചിരിക്കുന്നതും വീഡിയോയിൽ കേൾക്കാൻ സാധിക്കും. ഇയാളുടെ ആക്രമണം സഹിക്കാനാകാതെ കങ്കാരു പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, എതിരാളിയുടെ പ്രഹരത്തെ നേരിടാൻ പോന്ന ബലം കങ്കാരുവിന് ഇല്ലാതായിരുന്നു.

കങ്കാരുവിനെ ക്രൂരമായി മർദ്ദിക്കുന്ന യുവാവിന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ടുവെന്നും അന്വേഷണം നടന്നുവരികയാണെന്നും ആർഎസ്പിസിഎ (റോയൽ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസ്) അധികൃതർ അറിയിച്ചു. മൃഗങ്ങൾക്കെതിരായ അതിക്രമങ്ങൾ ഒരു തരത്തിലും അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, വീഡിയോ പുറത്തുവന്നതിന് പിന്നാലെ യുവാക്കൾക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ചില ആളുകൾ കൗമാരക്കാരെ ‘ഭൂമിയുടെ ചൂഷണം’ എന്ന് വിളിച്ചപ്പോൾ, വീഡിയോ പഴയതാണെന്നും ഇപ്പോൾ പ്രത്യക്ഷപ്പെട്ടതാണെന്നുമാണ് മറ്റ് ചിലർ പറയുന്നത്. എന്നാൽ, പഴയതോ പുതിയതോ, നിരപരാധികളായ മൃഗത്തോടുള്ള ക്രൂരമായ പെരുമാറ്റത്തിന് കുറ്റവാളികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് ഭൂരിഭാ​ഗം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്.

click me!