ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദാമ്പത്യം, എൺപതാം വിവാഹവാർഷികം ആഘോഷിച്ച് ദമ്പതികൾ

By Web TeamFirst Published Jan 28, 2020, 4:09 PM IST
Highlights

ജീവിതം ഓരോ ദിവസമായി ജീവിച്ചു തീർക്കുക. നാളെ ഇന്നത്തേക്കാൾ മെച്ചപ്പെട്ടതാകുക. കിട്ടിയ അനുഗ്രഹങ്ങൾക്ക് നന്ദിയുളളവരാവുക. അത് പരമാവധി പ്രയോജനപ്പെടുത്തുക.

ദീർഘ സുമംഗലീ ഭവ. 'ലിവ് ഹാപ്പിലി ഇവർ ആഫ്റ്റർ' - ഇങ്ങനെയൊക്കെ 1939 -ൽ അന്ന് നവദമ്പതികളായിരുന്ന ജോൺ ഹെൻഡേഴ്സണും ഷാർലറ്റിനും മംഗളാശംസകൾ നേർന്നു എങ്കിലും, അത് ഇത്രയ്ക്കങ്ങു ഫലിക്കും എന്ന് അവരാരും കരുതിയില്ല.  ജോണിന് ഇന്ന് 106 വയസ്സുണ്ട് പ്രായം, ഷാർലറ്റിന് 105 വയസ്സും. ഇരുവരുടെയും ദാമ്പത്യം അതിന്റെ എട്ടാമത്തെ പതിറ്റാണ്ടും വിജയകരമായി പൂർത്തീകരിച്ചിരിക്കുകയാണ്. 

ഔദ്യോഗിക രേഖകൾ പ്രകാരം 'ലോകത്തിലെ ഏറ്റവും പ്രായമുള്ള ദമ്പതികൾ', 'ഏറ്റവും ദൈർഘ്യമേറിയ ദാമ്പത്യം'. ഈ രണ്ടു ഗിന്നസ് റെക്കോർഡുകൾ ഇവരുടെ പേർക്കാണ്. എന്താണ് ഈ സന്തുഷ്ടവും സുദീർഘവുമായ ദാമ്പത്യത്തിന്റെ രഹസ്യം എന്ന് ചോദിച്ചാൽ ഇരുവരും ഒരേസ്വരത്തിൽ പറയുക രണ്ടു കാര്യങ്ങളാണ്. പരസ്പരം പുലർത്തുന്ന സൗമ്യതയും, സൗഹാർദ്ദമനോഭാവവും. 

" ജീവിതം ഓരോ ദിവസമായി ജീവിച്ചു തീർക്കുക. നാളെ ഇന്നത്തേക്കാൾ മെച്ചപ്പെട്ടതാകുക. കിട്ടിയ അനുഗ്രഹങ്ങൾക്ക് നന്ദിയുളളവരാവുക. അത് പരമാവധി പ്രയോജനപ്പെടുത്തുക. ഒന്നിലും അമിതമായ ആവേശം കാണിക്കാതിരിക്കുക. അമിതമായി തിന്നാതിരിക്കുക, കുടിക്കാതിരിക്കുക, മദിക്കാതിരിക്കുക, പിന്നീട് പശ്ചാത്താപം തോന്നിയേക്കാവുന്ന ഒന്നും തന്നെ ചെയ്യാതിരിക്കുക. ഇത്രയുമായാൽ ജീവിതം സന്തോഷപൂർണമാകും" വാഷിങ്ടൺ പോസ്റ്റിനുനൽകിയ ഒരു അഭിമുഖത്തിൽ അവർ പറഞ്ഞു. 

ഇപ്പോൾ ടെക്സസിനടുത്തുള്ള ഓസ്റ്റിൻ പട്ടണത്തിലാണ് ഈ ദമ്പതികൾ തങ്ങളുടെ വാർദ്ധക്യം കഴിച്ചുകൂട്ടുന്നത്. ടെക്സസ് സർവകലാശാലയിൽ പഠനത്തിനിടെയാണ് ഈ ഇണപ്രാവുകൾ പരസ്പരം കണ്ടുമുട്ടി അനുരക്തരാകുന്നതും, ജീവിതങ്ങൾ തമ്മിൽ കൊരുത്തുപോവുന്നതും. എൺപതു വർഷങ്ങൾക്കു മുമ്പ് താൻ നെഞ്ചോട് ചേർത്തുപിടിച്ച ഷാർലറ്റിന്റെ കൈ ഇനി മരണത്തിനുമാത്രമേ അയയ്ക്കാനാകൂ എന്നാണ് ജോൺ പറയുന്നത്.  

 

click me!