അന്ന് മലയാളി അമ്മ ഉപേക്ഷിച്ച കുഞ്ഞ് ഇന്ന് സ്വിറ്റ്സർലൻഡിലെ എംപി; സിനിമയെ വെല്ലും ജീവിതകഥ

By Web TeamFirst Published Feb 8, 2019, 11:13 AM IST
Highlights

 അരനൂറ്റാണ്ട് മുന്‍പ് മലയാളിയായ ഒരു അമ്മ ആശുപത്രിയില്‍ ഉപേക്ഷിച്ചുപോയ കുഞ്ഞ് ഇന്ന് സ്വിറ്റ്സർലൻഡിലെ എംപിയാണ്.

ദില്ലി: 'അത്ഭുതം ഈ ജീവിതം' എന്ന് പറഞ്ഞുപോകുന്ന ഒരു ജീവിതകഥ. അതാണ്  നിക്കിയുടെ ജീവിതം. സിനിമാ കഥകളെ പോലും വെല്ലുന്ന ഒരു ജീവിത കഥയാണിത്. അരനൂറ്റാണ്ട് മുന്‍പ് മലയാളിയായ ഒരു അമ്മ ആശുപത്രിയില്‍ ഉപേക്ഷിച്ചുപോയ കുഞ്ഞ് ഇന്ന് സ്വിറ്റ്സർലൻഡിലെ എംപിയാണ്.

അനസൂയയെന്ന മലയാളി ബ്രാഹ്മണ സ്ത്രീയുടെ മകനായി പിറന്ന് ആ ആണ്‍കുഞ്ഞിനെ ദത്തെടുത്തത് ജര്‍മന്‍ ദമ്പതികളായിരുന്നു. നിക്ളൗസ് സാമുവൽ ഗുഗ്ഗർ എന്ന നിക് ഇന്ന് സ്വിറ്റ്സർലൻഡിലെ പ്രൊട്ടസ്റ്റന്‍റ് ക്രിസ്ത്യന്‍ പാര്‍ട്ടിയുടെ എംപിയാണ്. 

1970 മെയ് ഒന്നിന് രാത്രി 1.20 ന് ഉഡുപ്പിയിലെ ലെംബാർഡ് മെമ്മോറിയൽ ആശുപത്രിയിലായിരുന്നു ജനനം.  'ഇവനെ നന്നായി നോക്കുന്ന ഒരു കുടുംബത്തെ ഏൽപ്പിക്കണം’ എന്ന അഭ്യർത്ഥനയോടെ കുഞ്ഞിനെ വനിതാ ഡോക്ടർ ഫ്ളൂക്ഫെല്ലിനെ എൽപ്പിച്ച ശേഷം അനസൂയ ആശുപത്രിയിൽനിന്നു പോയി. ആയിടെയാണ് തലശേരിയിൽ നെട്ടൂർ ടെക്നിക്കൽ ട്രെയിനിങ് ഫൗണ്ടേഷനിൽ പഠിപ്പിച്ചിരുന്ന ജർമൻ സ്വദേശികളായ എൻജിനീയർ ഫ്രിറ്റ്സും ഭാര്യ എലിസബത്തും മലേറിയക്കു ചികിത്സ തേടി ലെംബാർഡ് ആശുപത്രിയിലെത്തിലെത്തിയത്. അങ്ങനെ അവര്‍ ആ കുഞ്ഞിനെ ദത്തെടുക്കുകയായിരുന്നു. 

അമ്മ തിരികെയെത്തുമോയെന്ന് അവര്‍ കാത്തിരുന്നു.   രണ്ട് വർഷം കഴിഞ്ഞപ്പോൾ ഫ്രിറ്റ്സും എലിസബത്തുംപത്രങ്ങളിൽ പരസ്യം നൽകി. ആരും അന്വേഷിച്ച് വന്നില്ല. ആ  പരസ്യം ഇന്നും നിക് സൂക്ഷിക്കുന്നു. തലശേരി ജീവിതത്തിനു ശേഷം ഫ്രിറ്റ്സും എലിസബത്തും സ്വിറ്റ്സർലൻഡിലെ ഥൂൺ എന്ന പട്ടണത്തിലേക്കു മടങ്ങി. നിക്ളൗസ് സാമുവൽ ഗുഗ്ഗർ എന്ന നിക് പ്രൊട്ടസ്റ്റന്‍റ് ക്രിസ്ത്യനായി വളര്‍ന്നു. ജര്‍മന്‍ ദമ്പതികള്‍ക്ക് രണ്ട് പെൺകുട്ടികൾ കൂടി ജനിച്ചു.

മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടിയ ശേഷം സൈക്കോളജിയിലും മാനേജ്മെന്‍റ് ആൻഡ് ഇന്നവേഷനിലും ഉപരിപഠനം നടത്തിയ നിക് ഇപ്പോൾ മാനേജ്മെൻറ് ആൻഡ് ഇന്നൊവേഷനിൽ അറിയപ്പെടുന്ന പ്രഭാഷകനും വ്യവസായ സംരംഭകനുമാണ്. സ്വിറ്റ്സർലൻഡിലെ സിൻജി എന്ന ഇഞ്ചിനീര് പാനീയം അദ്ദേഹത്തിന്‍റേതാണ് . 2002 ലാണ് നിക് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 2017 ൽ എംപിയുമായി. വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ ബന്ധമുള്ള എംപിമാരുടെ സമ്മേളനത്തിനായി ദില്ലിയില്‍ വന്നപ്പോഴാണ് നിക്കിന്റെ ജീവിത കഥ എല്ലാവരും കേള്‍ക്കുന്നത്.

സ്വിറ്റ്സർലൻഡുകാരി ബിയാട്രീസിന ആണ് നിക്കിന്‍റെ ഭാര്യ. ആദ്യത്തെ മകൾ പിറന്നപ്പോൾ അനസൂയ എന്നു തന്നെ പേരിട്ടു. രണ്ട് ആൺകുട്ടികളും പിറന്നു– ലെ ആന്ത്രോയും മി ഹാറബിയും. തന്‍റെ ജീവിതകഥ പുസ്തകമാക്കണമെന്നാണ് നിക്കിന്‍റെ ആഗ്രഹം. കേരളത്തിന്‍റെ കായൽപ്പരപ്പിൽ 25ാം വിവാഹ വാർഷികം ആഘോഷിക്കാൻ ഓഗസ്റ്റിൽ നിക്ക് കേരളത്തിലെത്തുന്നുണ്ട്.


 

click me!