
ദില്ലി: രോഗവിവരം വീട്ടുകാരെ അറിയിക്കുകയെന്നത് വേദനയുളവാക്കുന്ന സംഭവമാണ്. രോഗവിവരം അറിയക്കേണ്ടി വരുന്നത് കുട്ടികളെയാണെങ്കില്‍ അത് മുതിര്‍ന്നവര്‍ക്കും രോഗിക്കും ഒരുപോലെ വിഷമകരവുമായിരിക്കും. പന്ത്രണ്ട് വയസായ മകനോട് തന്റെ രോഗവിവരം തുറന്ന് പറഞ്ഞത് വിവരിച്ച് സൊണാലി ബന്ദ്ര. എങ്ങനെയാണ് മകൻ രൺവീറിനോട് കാര്യം അവതരിപ്പിച്ചതെന്ന് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി സൊണാലി. ആരേയും വികാരഭരിതമാക്കുന്നതായിരുന്നു ആ പോസ്റ്റ്.
പന്ത്രണ്ട് വർഷമായി എന്റെ സന്തോഷത്തിലും ദുഃഖത്തിലും ഒപ്പമുണ്ടായിരുന്നു അവൻ. അവനോട് രോഗവിവരം പറഞ്ഞാൽ എത്തരത്തിൽ എടുക്കുമെന്നറിയാതെ ഞാൻ ഒരുപാട് വിഷമിച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് അവനോട് എത്രമാത്രം കരുതലുണ്ടോ അത്രത്തോളം തന്നെ പ്രധാനമല്ലേ അവന്‍ സത്യം അറിയുക എന്നത്. കാരണം അവനോട് എല്ലായ്പ്പോഴും സത്യസന്ധത പുലര്‍ത്തുന്ന മാതാപിതാക്കളാണ് ഞങ്ങള്‍. എല്ലാം തുറന്ന് സംസാരിക്കുമായിരുന്നു. അതുകൊണ്ട് ഈ കാര്യത്തിലും മാറ്റമുണ്ടാകില്ലെന്ന ഉറച്ച തീരുമാനമെടുക്കുകയായിരുന്നു.
കാര്യങ്ങൾ അറിഞ്ഞപ്പോൾ ഞങ്ങളുടെ പ്രതീക്ഷകളെല്ലാം തകർത്ത് കൊണ്ട് പക്വതയോടെയാണ് അവൻ പെരുമാറിയത്. ഇതെനിക്ക് ഒരുപാട് ശക്തിയും പോസിറ്റീവ് ഊര്‍ജ്ജവുമാണ് നല്‍കിയത്. എന്റെ അഭിപ്രായത്തില്‍ കൂട്ടികളെ ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തരുത്. കുഞ്ഞുങ്ങൾ അറിയരുതെന്ന് കരുതി നമ്മൾ മറച്ചുവെക്കുന്ന പലതും പിന്നീട് പലതരം പ്രശ്നങ്ങളിലേക്ക് നയിക്കും. രണ്‍വീറിനൊപ്പം ഞാന്‍ ഇപ്പോള്‍ സമയം ചെലവഴിക്കുന്നു. അതെനിക്ക് ഒരുപാട് ശക്തി തരുന്നുവെന്ന് സൊണാലി കുറിപ്പില്‍ വിശദമാക്കുന്നു.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് തനിക്ക് ക്യാൻസറാണെന്ന് സൊണാലി തുറന്ന് പറഞ്ഞത്. അര്‍ബുദം ശരീരത്തില്‍ വ്യാപിച്ചതിന് ശേഷമാണ് താന്‍ അറിഞ്ഞത്. ക്യൻസറുമായുള്ള പോരാട്ടത്തിൽ എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും സൊണാലി പറഞ്ഞിരുന്നു. ഇപ്പോൾ ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ് സൊണാലി. ബൊളിവുഡ് നടി സൊണാലി ബന്ദ്രയ്ക്ക് കാന്‍സര്‍ രോഗമാണെന്നുള്ള വാര്‍ത്ത ആരാധകരിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. സമൂഹത്തിന്റെ വിവിധ മേഖലയില്‍ നിന്നുള്ളവരാണ് സൊണാലിക്ക് പിന്തുണയുമായി എത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam