കൊവിഡ് 19ന് ട്രംപ് നിര്‍ദേശിച്ച മരുന്ന് കഴിച്ച രോഗി മരിച്ചു

By Web TeamFirst Published Mar 24, 2020, 6:01 PM IST
Highlights

ഇതേ മരുന്ന് കഴിച്ച ഇയാളുടെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ലോറോക്വിന്‍ കൊവിഡ് 19 ഭേദപ്പെടുത്തുമെന്ന് ഇയാള്‍ വിശ്വസിച്ചിരുന്നു. ഇയാള്‍ക്ക് രോഗബാധയുണ്ടായിരുന്നോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. 

ന്യൂയോര്‍ക്ക്: കൊവിഡ് 19 രോഗബാധക്ക് മരുന്നായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശിച്ച ക്ലോറോക്വിന്‍ കഴിച്ച അരിസോണ സ്വദേശി മരിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ ഇയാള്‍ സ്വയം ചികിത്സ നടത്തുകയായിരുന്നു. കൊവിഡ് 19ന് ക്ലോറോക്വിന്‍ ശക്തമായ മരുന്നാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതേ മരുന്ന് കഴിച്ച ഇയാളുടെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ലോറോക്വിന്‍ കൊവിഡ് 19 ഭേദപ്പെടുത്തുമെന്ന് ഇയാള്‍ വിശ്വസിച്ചിരുന്നു. ഇയാള്‍ക്ക് രോഗബാധയുണ്ടായിരുന്നോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. 
മീന്‍ടാങ്ക് വൃത്തിയാക്കാന്‍ കൊണ്ടുവന്ന ക്ലോറോക്വിന്‍ ഫോസ്‌ഫേറ്റ് ഇവര്‍ കഴിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മരുന്ന് കഴിച്ച് 30 മിനിറ്റിനുള്ളില്‍ തന്നെ ഇവര്‍ അസ്വസ്ഥത പ്രകടിപ്പിച്ചു. തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. 

കൊവിഡ് 19നെക്കുറിച്ച് ആളുകള്‍ക്കിടയില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ചിലര്‍ രോഗത്തെ തടുക്കാന്‍ സ്വയം വഴി തേടുന്നു. എന്നാല്‍ രോഗത്തിന് സ്വയം ചികിത്സ അപകടം വരുത്തിവെക്കുമെന്ന് ആശുപത്രിയിലെ ഡോക്ടര്‍ ഡാനിയല്‍ ബ്രൂക്‌സ് പറഞ്ഞു. ക്ലോറോക്വിന്‍ കൊവിഡ് 19ന് ഫലവത്തായ മരുന്നാണെന്നും ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ മലേറിയക്ക് ഫലപ്രദമായ ക്ലോറോക്വിന്‍ വളരെയധികം പാര്‍ശ്വഫലങ്ങളുള്ള മരുന്നാണെന്നും കൊവിഡ് 19ന് ഫലപ്രദമാണെന്നതിന് ശാസ്ത്രീയ തെളിവില്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. 

ട്രംപിന്റെ അവകാശവാദം വിശ്വസിച്ചാണ് കൊവിഡ് 19നെതിരെ ഈ മരുന്ന് കഴിച്ചതെന്ന് മരിച്ചയാളുടെ ഭാര്യ പറഞ്ഞു. ക്ലോറോക്വിന്നിന് അനുമതി നല്‍കിയിട്ടില്ലെന്ന് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വെബ്‌സൈറ്റും വ്യക്തമാക്കി. ചൈനയില്‍ ചില കൊവിഡ് രോഗികള്‍ക്ക് ക്ലോറോക്വിന്‍ ഫലപ്രദമായി എന്ന വാദത്തെ തുടര്‍ന്നാണ് ഇത്തരം പ്രചാരണങ്ങള്‍ ശക്തിപ്പെട്ടത്. എന്നാല്‍, നൈജീരിയയില്‍ ക്ലോറോക്വീന്‍ അമിതമായി നല്‍കിയതിനെ തുടര്‍ന്ന് മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

കൊവിഡ് രോഗികള്‍ക്ക് ക്ലോറോക്വിന്‍ ഫലപ്രദമാകാമെന്ന് വൈറ്റ് ഹൗസ് കൊറോണവൈറസ് ടാസ്‌ക് ഫോഴ്‌സ് അംഗം അന്തോണി ഫോസി സിബിഎസിനോട് പറഞ്ഞു. ഡ്രോക്ലോറോക്വിന്‍ അസിത്രോമൈസിന്‍ സംയുക്തം കൊവിഡിന് ഫലപ്രദമാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കാം ട്രംപ് അങ്ങനെ പറഞ്ഞത്. എന്നാല്‍, മരുന്ന് ഫലപ്രദമാണെന്ന് ശാസ്ത്രീയമായി തെളിയിക്കുകയാണ് എന്റെ ജോലിയെന്നും അദ്ദേഹം പറഞ്ഞു. 

click me!