ഇവര്‍ക്ക് തയ്യല്‍ മെഷീന്‍ വഴികാട്ടിയാകുന്നു; യുദ്ധത്തില്‍ നഷ്ടപ്പെട്ടു പോയ ജീവിതം തിരിച്ചു പിടിക്കാന്‍

By Web TeamFirst Published May 15, 2019, 1:46 PM IST
Highlights

ഐഎസിന്‍റെ ക്രൂരതയില്‍ നഷ്ടപ്പെട്ടുപോയ നിരവധി ജീവിതങ്ങളുണ്ട്. അത്തരത്തില്‍ യുദ്ധത്തില്‍ നഷ്ടപ്പെട്ട ജീവിതം തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്ന ലക്ഷങ്ങളുടെ പ്രതിനിധിയാണ് നാജില അബ്ദുള്‍ റഹ്മാന്‍. 

യുദ്ധം വരുത്തിവെയ്ക്കുന്നത് വലിയ നഷ്ടങ്ങളാണ്.യുദ്ധത്തിന്‍റെ ജീവിക്കുന്ന അവശിഷ്ടം എപ്പോഴും വേദനിക്കുന്ന മുഖങ്ങളാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഐഎസിന്‍റെ ക്രൂരത നടമാടിയപ്പോള്‍ നഷ്ടപ്പെട്ടുപോയ നിരവധി ജീവിതങ്ങളുണ്ട്. അത്തരത്തില്‍ യുദ്ധത്തില്‍ നഷ്ടപ്പെട്ട ജീവിതം തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്ന ലക്ഷങ്ങളുടെ പ്രതിനിധിയാണ് നാജില അബ്ദുള്‍ റഹ്മാന്‍. 

മൊസ്യൂളില്‍ മൂന്നു മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം ഏറെ സന്തോഷത്തോടെ ജീവിക്കുന്നതിനിടെയാണ് യുദ്ധമുണ്ടാകുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ക്രൂരതയില്‍ നാജിലയ്ക്ക് എല്ലാം നഷ്ടപ്പെട്ടു. വീടും സമ്പത്തും സ്ഥലവും ഏറ്റവും പ്രിയപ്പെട്ട ഭര്‍ത്താവിനെയും ഇവര്‍ക്ക് നഷ്ടമായി. നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാന്‍ കഴിയില്ലെങ്കിലും സൂചിയും നൂലുമായി ജീവിതം വീണ്ടും കോര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് ഇവരിപ്പോള്‍. 

ഒരു ഗാര്‍മെന്‍റ് ഫാക്ടറിയില്‍ തയ്യല്‍ ജോലി ചെയ്യുകയാണ് ഇവര്‍. ഇവര്‍ക്കൊപ്പം ഇതേ ജോലി ചെയ്യുന്ന നിരവധിപ്പേരുണ്ട്. എല്ലാവര്‍ക്കും ആശ്രയം തയ്യല്‍ മെഷീനുകളാണ്. നാജിലയെപ്പോലെ യുദ്ധത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരാണ് ഇവിടെ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്കുള്ള ആശുപത്രി വസ്ത്രം തയ്ക്കുന്നതാണ് ഇവരുടെ തൊഴില്‍.  

'കുറച്ചു നാളുകളായി ഞാന്‍ ഇവിടെ ജോലി ചെയ്യുന്നു. യുദ്ധത്തില്‍ എല്ലാം നഷ്ടമായി. ഇനി ആകെയുള്ള പ്രതീക്ഷ ഈ തൊഴിലിലാണ്. മറ്റൊരു തൊഴിലും എനിക്ക് അറിയില്ല. എല്ലാം പുതിയതായി തുടങ്ങുകയാണ്'. നാജില പറഞ്ഞു നിര്‍ത്തുന്നു. തയ്യലില്‍ നിന്നും ലഭിക്കുന്ന വരുമാനം വളരെ കുറവാണെങ്കിലും ഇത് ഇവര്‍ക്ക് നല്‍കുന്നത് ജീവിക്കാനുള്ള പ്രതീക്ഷയാണ്. നാജിലയെ പോലെ ഇവിടെ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും യുദ്ധത്തില്‍ വീടും വീട്ടുകാരെയും നഷ്ടപ്പെട്ടവരാണ്. 

ഭൂരിഭാഗം മൊസ്യൂള്‍ നിവാസികളും ജീവിക്കാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ്. ഐഎസില്‍ നിന്നും തിരിച്ചു പിടിച്ച പ്രദേശങ്ങള്‍ വീണ്ടും കെട്ടിയുയര്‍ത്താനുള്ള ശ്രമമാണ് ഇപ്പോള്‍ ഇവിടെ നടക്കുന്നത്. വിവിധ അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് പുനര്‍നിര്‍മ്മാണം നടക്കുന്നത്. മറ്റെല്ലാം നഷ്ടപ്പെടുത്തിക്കളഞ്ഞെങ്കിലും  യുദ്ധത്തിന് നഷ്ടപ്പെടുത്താന്‍ കഴിഞ്ഞ ഒന്നുണ്ട്. അത് ഇവരുടെ മനസ്സും ഒരിക്കലും തളരില്ലെന്നുള്ള നിശ്ചയദാർഢ്യവുമാണ്.

click me!