ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

By Vaakkulsavam Literary FestFirst Published Aug 7, 2019, 5:43 PM IST
Highlights

വാക്കുല്‍സവത്തില്‍ ഇന്ന് സ്മിത നെരവത്ത് എഴുതിയ കവിത. ജൈവബുദ്ധന്‍.  

മണ്ണാഴങ്ങളില്‍ വേരുറച്ച വാക്കുകളുടെ വനമാണ് സ്മിത നെരവത്തിന്റെ കവിത. സൂര്യനു പോലും കിനിഞ്ഞിറങ്ങാന്‍ കഴിയാത്ത വാക്കുകളുടെ പച്ചമേലാപ്പ്. അതിനു താഴെയുള്ള ജൈവജീവിതങ്ങളുടെ മരപ്പൊക്കങ്ങള്‍. ആഴങ്ങളില്‍ വേരുപാകിയ രാഷ്ട്രീയ ധാരണകള്‍. ഇവയെല്ലാം ചേര്‍ന്നാണ് സവിശേഷമായ ആ ഇടം ഒരുക്കുന്നത്. സാധാരണ ജീവിതങ്ങള്‍ക്കകത്ത് ഒളിഞ്ഞിരിക്കുന്ന ഭാവനയുടെ അസാധാരണ വഴികള്‍ തേടുന്ന സഞ്ചാരം കൂടിയാണത്. ആ വഴികളിലൂടെ ചെന്നുപെടുമ്പോള്‍ നാമെത്തിപ്പെടുന്നത് ജൈവപ്രകൃതിയും മനുഷ്യന്റെ ആന്തരിക ലോകങ്ങളും ഉള്‍ച്ചേര്‍ന്ന ഒരിടത്താണ്. 


 

ജൈവ ബുദ്ധന്‍

................................

വരണ്ട കുന്നിന്‍ മുകളില്‍
മുള്‍പ്പടര്‍പ്പുകള്‍ക്കിടയില്‍
ഏകാകിയായ ഒരു ബുദ്ധന്‍
വെയിലു കത്തുന്ന കണ്ണുകള്‍ തുറന്ന്
കാലുകള്‍ നീട്ടിവെച്ച്
കൈകള്‍ ആകാശത്തേക്കുയര്‍ത്തി
അഴിച്ചിട്ട മുടി കാറ്റില്‍ പറത്തി
ധ്യാനത്തിലിരിക്കുന്നു.

മുള്‍പ്പടര്‍പ്പിലിരുന്ന ഒരു മഞ്ഞ പൂമ്പാറ്റ
മെല്ലെ ആ മുഖത്ത് ഉമ്മ വെയ്ക്കുന്നു.

ആകാശം ഒരൊറ്റത്തുള്ളികൊണ്ട്
ആ ചുണ്ടുകളില്‍ നനവു പടര്‍ത്തുന്നു.

വിണ്ടുകീറി മുറിഞ്ഞ പാദങ്ങളില്‍
കാറ്റ് ഊതി കൊടുക്കുന്നു.

ഉച്ഛ്വാസത്തില്‍ 
ജീവന്റെ പിടപ്പ്.

വിടര്‍ത്തിവെച്ച കാലുകള്‍ക്കിടയില്‍
അനാസക്തിയുടെ പാടുകള്‍ നിറഞ്ഞ്
വരണ്ടു കിടക്കുന്ന ലിംഗം.

തുറന്നു വെച്ച കണ്ണുകളില്‍ നിന്ന്
ജ്ഞാനത്തിന്റെ  ഉപ്പുനീരുറകൊണ്ടു.
അപ്പോള്‍ താഴെ പുല്‍മേട്ടില്‍
മേഞ്ഞുനടന്ന ആട്ടിന്‍ പറ്റങ്ങള്‍
വരിവരിയായ്., മണികള്‍ കിലുക്കി
കുന്നുകയറിപ്പോയ്.

നഷ്ടപ്പെട്ട ആടുകളെ തേടാതെ
ഇടയന്മാരെല്ലാം വീട്ടിലേക്കും തിരിച്ചു.

ബുദ്ധനോ, ആട്ടിന്‍പറ്റത്തേയും
തെളിച്ച്  കുന്നിറങ്ങി തെരുവിലേക്കും.

 

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

click me!