Asianet News MalayalamAsianet News Malayalam

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

വാക്കുല്‍സവത്തില്‍ ഇന്ന് ടി പി വിനോദിന്റെ കവിത.

Poem by TP vinod
Author
Thiruvananthapuram, First Published Aug 5, 2019, 7:13 PM IST

ശാസ്ത്രമാണ് ടി പി വിനോദിന്റെ ഒരു ലോകം. മറ്റൊന്ന് കവിതയും. ഇതു രണ്ടിനുമിടയിലുള്ള, തത്വചിന്തയുടെയും സാമൂഹികതയുടെയും സാഹിത്യത്തിന്റെയുമൊക്കെ  ഇടങ്ങളിലാണ് വിനോദിന്റെ കവിതകള്‍ സഞ്ചരിക്കുന്നത്. മിനിമലിസം എന്നു വിളിക്കാവുന്ന ഭാഷയുടെ, ആഖ്യാനത്തിന്റെ ചെത്തിത്തേച്ച ഘടനയാണ് ആ കവിതകള്‍ക്ക്. എന്നാല്‍, എല്ലാത്തിനെക്കുറിച്ചും ആഴത്തിലങ്ങ് സംസാരിച്ചുകളയാം എന്നു കരുതുന്ന ഒരാളേയല്ല ഈ കവിതയില്‍. പകരം, ഏറ്റവും നിസ്സംഗതയോടെ, ഒട്ടും ഒച്ചയില്ലാതെ, സൗമ്യമായി വായനക്കാരോട് സംവദിക്കുന്ന ഒരാളാണ്. സൗന്ദര്യത്തിന്റെയും ഭാവനയുടെയും രൂപപരതയുടെയും ഉറപ്പുള്ള ഫ്രെയിമുകള്‍ക്കുള്ളിലല്ല അതു സംഭവിക്കുന്നത്. രാഷ്ട്രീയവും സാമൂഹ്യാവസ്ഥകളുമൊക്കെ തീര്‍ക്കുന്ന ഒരടിനൂല്‍ അതിനുണ്ട്. ധൈഷണികമായ സാദ്ധ്യതകളിലേക്ക് ഊളിയിട്ട് തിരിച്ചുപൊന്തുന്ന ഒരു മീന്‍കൊത്തിയുടെ സൂക്ഷ്മത.

Poem by TP vinod

പ്രപഞ്ചം റീലോഡഡ്

..................................

നെറ്റിയില്‍ വീണ മുടിയിഴകള്‍
വിരലുകൊണ്ട് പിറകിലേക്ക്
കോതിയൊതുക്കുന്ന ഒരുവള്‍
അല്ലെങ്കില്‍
വെറുതെയൊന്നഴിച്ചിട്ടിട്ട്
മുണ്ട് വീണ്ടും മടക്കിക്കുത്തുന്ന
വേറെയൊരാള്‍

ലോകത്തെപ്പറ്റിയോ
തന്നെപ്പറ്റിയോ എന്തോ ഒന്ന് 
പുതുക്കിയിട്ടുണ്ടെന്ന്
അവ്യക്തമായി
അമൂര്‍ത്തമായി
നേര്‍ത്തതായി
വിചാരിക്കുന്നുള്ളതായി
തോന്നിപ്പിക്കുന്നതായി
തോന്നിപ്പിക്കുന്നപോലെ

പ്രപഞ്ചം
ഒരു നിമിഷത്തില്‍ നിന്ന്
മറ്റൊരു നിമിഷത്തെ 
വകഞ്ഞുമാറ്റിയോ
മടക്കിക്കുത്തിയോ
നോക്കുന്നുണ്ടാവില്ലേ?

കുഞ്ഞുങ്ങളുടെ ചിരിയില്‍
വലിയവര്‍ക്ക് പിടികിട്ടാത്ത
ശാന്തത
ആ നോട്ടത്തിന്റേതല്ലേ?

 

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

Follow Us:
Download App:
  • android
  • ios