പ്രാഥമിക സ്രോതസ്സുകളായ പൗരാണിക രചനകള്‍, കരകൗശലവസ്തുക്കള്‍, ലിഖിതങ്ങള്‍, നാണയങ്ങള്‍ എന്നിവയുടെ സൂക്ഷ്മവിശകലനങ്ങളിലൂടെ ചരിത്രരചന എങ്ങനെയാണ് സാധ്യമാകുന്നതെന്ന് വായനക്കാരെ പഠിപ്പിക്കുന്ന ഒരു പാഠപുസ്തകം കൂടിയാണ് ഈ കൃതി. ഇന്ത്യയുടെ മഹത്തും സമ്പന്നവുമായ ഭൂതകാലത്തെ അകക്കണ്ണില്‍ കാണാനും വിശദമായി അറിയാനും ചരിത്രവായനയെ ആവേശകരമായ ഒരു അനുഭവമാക്കാനും ഈ കൃതി ഓരോ വായനക്കാരനേയും സഹായിക്കുമെന്ന് തീര്‍ച്ചയാണ്. 350-ല്‍പരം വര്‍ണ്ണചിത്രങ്ങളും ഭൂപടങ്ങളും രേഖാചിത്രങ്ങളും അടങ്ങുന്ന ഈ കൃതിയില്‍ അധിക വായനക്കും ചര്‍ച്ചകള്‍ക്കും സഹായകരമാകുന്ന വിവരങ്ങള്‍ പ്രത്യേക വിഭാഗമായി നല്‍കിയിരിക്കുന്നു. 
 

 

പെരിപ്ലസ് മാരിസ് എരിത്രേയി 
(എരിത്രേയിയന്‍ കടലിന്റെ പെരിപ്ലസ്)

ഗ്രീസിലെയും റോമിലെയും പഴയ ഭൂമിശാസ്ത്രകാരന്മാര്‍ ഇന്ത്യാസമുദ്രത്തെയും ചുവന്ന കടലിനെയും പേര്‍ഷ്യന്‍ ഉള്‍ക്കടലിനെയും എല്ലാം ചേര്‍ത്തു എരിത്രേയിയന്‍ കടല്‍ എന്നാണ് വിളിച്ചിരുന്നത്. പെരിപ്ലസ് മാരിസ് എരിത്രേയ എന്നത് ഈജിപ്തും കിഴക്കന്‍ ആഫ്രിക്കയും തെക്കേ അറേബ്യയും തമ്മില്‍ വ്യാപാരം നടത്തുന്നവര്‍ക്കുവേണ്ടി ഗ്രീക്ക് ഭാഷയില്‍ എഴുതിയ ഒരു കൈപ്പുസ്തകമാണ്. പഴയകാലത്തെ കച്ചവടക്കാര്‍ക്ക് ഈ പുസ്തകം വളരെ വിലപ്പെട്ടതായിരുന്നു. ഇന്ത്യാസമുദ്രത്തിലെ വ്യാപാരത്തെക്കുറിച്ച് വിലയേറിയ വിവരങ്ങള്‍ തരുന്നതുകൊണ്ട് ചരിത്രകാരന്മാര്‍ക്ക് ഈ പുസ്തകം വളരെയധികം പ്രയോജനപ്രദമാണ്. ഇതിന്റെ പത്താം നൂറ്റാണ്ടിലെ ഒരു കൈയെഴുത്തുപ്രതി ഹെഡന്‍ ബെര്‍ഗില്‍ സൂക്ഷിച്ചിട്ടുണ്ട് (ഇതിന്റെ ഒരു പ്രതി ബ്രിട്ടീഷ് മ്യൂസിയത്തിലുണ്ട്). ഈ കൈയെഴുത്തുപ്രതിയില്‍ ധാരാളം തെറ്റുകള്‍ ഉണ്ട്. വിശദാംശങ്ങള്‍ പലതും വിട്ടുപോയിട്ടുണ്ട്. അതുകൂടാതെ ആദ്യമായി എഴുതിയ ആളിന്‍റേതല്ലാത്ത നിരവധി മാറ്റങ്ങളും വെട്ടിത്തിരുത്ത
ലുകളും ഇതിലുണ്ട്. ഇത് പകര്‍ത്തെഴുത്തുകാരന്‍ ആധാരമായെടുത്തു കോപ്പിയില്‍തന്നെ ഉണ്ടായിരുന്ന തെറ്റുകളോ പെരിപ്ലസ് തന്നെ തനിക്ക് പരിചയമില്ലാത്ത പല സ്ഥലങ്ങളെക്കുറിച്ചും പരാമര്‍ശിച്ചതുകൊണ്ടുണ്ടായ തെറ്റുകളും ആവാം എന്നാണ് അടുത്ത കാലത്ത് ഇതിന്റെ ഒരു പുനഃപതിപ്പുപ്രകാശനം ചെയ്ത ലയണ്‍ കാസെന്‍ പറയുന്നത്.

പല പണ്ഡിതന്മാരും ഇതിനെ മൂന്നാം നൂറ്റാണ്ടിലെ ഒരു കൃതി ആയിട്ടാണ് കണക്കാക്കുന്നത്. എന്നാല്‍, ഇത് ശരിക്കും ഒന്നാം നൂറ്റാണ്ടിന്റെ മധ്യകാലത്തുള്ള ഒരു കൃതിയാണ്. ഇത് ശരിക്കും ഒരാള്‍തന്നെ എഴുതിയ ഒരു കൃതിയാണ്. പക്ഷേ, ഗ്രന്ഥകാരന്റെ പേര് നമുക്കറിയില്ല. ഈജിപ്തില്‍ നമുക്കുള്ള മരങ്ങള്‍ എന്ന് അതില്‍ പറയുന്നതുകൊണ്ട് ഈജിപ്തില്‍ ജീവിച്ചിരുന്ന ഒരു ഗ്രീക്കുകാരന്‍ ആയിരിക്കണം ഈ കൃതിയുടെ കര്‍ത്താവ് എന്നാണ് കരുതുന്നത്. ഈ കൃതിയില്‍ റോമന്‍മാസങ്ങള്‍ക്കു സമാനമായ ഈജിപ്തുമാസങ്ങളെക്കുറിച്ചു വിവരിക്കുന്നതുകൊണ്ടുകൂടിയാണ് അങ്ങനെ ഒരു നിഗമനത്തില്‍ എത്തുന്നത്. 

ഈ കൃതിയില്‍ കാണുന്ന വിവരണങ്ങളില്‍നിന്ന് ഇതില്‍ പറയുന്ന കാര്യങ്ങള്‍ സ്വന്തം അനുഭവത്തില്‍നിന്ന് എഴുതിയിട്ടുള്ളവയാണ് എന്നും കേട്ടുകേള്‍വിയെ അടിസ്ഥാനമാക്കി എഴുതിയവ അല്ലെന്നും അനുമാനിക്കാം. ഈ പുസ്തകത്തിന്റെ ശൈലി ഒരു വാണിജ്യകാരന്റേതാണ്. ഒരു സാഹിത്യകാരന്റേതല്ല. മറ്റുള്ള കച്ചവടക്കാര്‍ക്ക് ഉപകരിക്കുന്നതിനു വേണ്ടി ഒരു കച്ചവടക്കാരന്‍ എഴുതിയതാണ് ഇത്. ഈ കൃതിയില്‍ കപ്പല്‍സഞ്ചാരത്തിന്റെ സമയക്രമവും വഴികളെക്കുറിച്ചും തുറമുഖങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങളുമുണ്ട്. ഈ തുറമുഖങ്ങളുടെ അധിപന്മാരായ രാജാക്കന്മാരെക്കുറിച്ച് ഇതില്‍ വിവരിക്കുന്നുണ്ട്. അദ്ദേഹം സൂക്ഷ്മദൃക്കായ ഒരു യാത്രികനായിരുന്നു. ഓരോ ദേശത്തുമുള്ള ചെടികളെക്കുറിച്ചും മൃഗങ്ങളെക്കുറിച്ചും, ആളുകളുടെ ജീവിതരീതിയെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചുമൊക്കെ ഇതില്‍ വിവരിക്കുന്നു. എന്നാല്‍, മതങ്ങളെക്കുറിച്ച് ഒന്നുംതന്നെ എഴുതിയിട്ടില്ല.

ഈജിപ്തിലെ ചെങ്കടലിന്റെ തുറമുഖത്തുനിന്നുള്ള രണ്ടു വഴികളിലൂടെ കച്ചവടം നടത്തുന്നതിനെക്കുറിച്ച് ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. ഒരു വഴി ആഫ്രിക്കന്‍തീരത്തിലേക്കും മറ്റേത് ഇന്‍ഡ്യയിലേക്കും വരുന്നു. ഈ പുസ്തകത്തിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ക്രിസ്ത്വബ്ദത്തിന്റെ ആദ്യകാലത്ത് ഇന്ത്യാസമുദ്രത്തിലെ കച്ചവടത്തില്‍ ഉള്‍പ്പെട്ടിരുന്ന വിവിധ സാധനങ്ങളുടെ ഒരു പട്ടിക തയ്യാറാക്കാന്‍ കഴിഞ്ഞു.

 

ഡിസി പ്രസിദ്ധീകരിച്ച പുസ്തകം ഇവിടെ വാങ്ങാം