കവിതയില്‍നിന്ന് സിനിമയിലേക്ക് പണ്ടേയുണ്ട് വഴികള്‍. കഥകളില്‍നിന്നും. എന്നാല്‍, ടി പി രാജീവന്‍ എന്ന മലയാളത്തിലെ തനിമയുള്ള കവി, കവിതയിലൂടെ നോവലിലേക്കു ചെന്നാണ് സിനിമ തൊടുന്നത്. അങ്ങനെ ടി പി രാജീവന്‍ എന്ന എഴുത്തുകാരന്‍ ആദ്യം സ്പര്‍ശിച്ച സിനിമാക്കഥകളിലൊന്നാണ് 'കുഞ്ഞാലിമരക്കാര്‍'. കുറ്റ്യാടിക്കടുത്ത പാലേരിയില്‍ ജനിച്ചുവളര്‍ന്ന രാജീവന് അപരിചിതദേശമല്ല കുഞ്ഞാലിമരക്കാര്‍ ജീവിച്ച വടകരയ്ക്കടുത്ത ഇരിങ്ങല്‍. സ്വാഭാവികമായ ഒരെത്തിപ്പെടലായിരുന്നില്ല എന്നാലത്. സിനിമയാക്കാനുള്ള ഒരു സംവിധായകന്റെ താല്‍പ്പര്യത്തില്‍നിന്നും ഉരുത്തിരിഞ്ഞ ഒരു സാധാരണ സഞ്ചാരം. എന്നാല്‍, കുഞ്ഞാലിമരക്കാറിലൂടെയുള്ള ആ യാത്ര അതുവരെ അറിഞ്ഞതിലും ആഴത്തില്‍ ആ കാലത്തെ അറിയാനുള്ള വഴി കൂടിയായിരുന്നു. ആ ആഴമുണ്ടായിരുന്നു ടി പി രാജീവന്‍ എഴുതിത്തീര്‍ത്ത തിരനോവലിനും. 

എന്നാല്‍, എളുപ്പം ദൃശ്യമല്ലാത്തവിധം ആഴക്കലക്കങ്ങള്‍ ഏറെയുള്ള, വാണിജ്യ ഘടകങ്ങള്‍ നിയന്ത്രിക്കുന്ന സിനിമയുടെ വിചിത്രപാതകളില്‍ ആ തിരക്കഥയ്ക്ക് കൃത്യമായ ഒരു നില്‍പ്പുണ്ടായില്ല. അനവധി സംവിധായകരിലൂടെ, നായകരിലൂടെ ആ തിരക്കഥ കറങ്ങിത്തിരിഞ്ഞുനിന്നു. ഇതിനിടെ, മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ആ സിനിമ വരുന്നുവെന്ന വാര്‍ത്ത വന്നു. മമ്മൂട്ടിയെ നായകനാക്കി ഈ തിരക്കഥയില്‍ സന്തോഷ് ശിവന്റെ പ്രൊജക്ടും അനൗണ്‍സ് ചെയ്യപ്പെട്ടു. ഒരേ കഥയാണോ രണ്ടു സിനിമകളിലുമെന്ന അഭ്യൂഹങ്ങളുണ്ടായി. വിവാദങ്ങളുണ്ടായി. ആ തിരനോവല്‍ ഇപ്പോള്‍ ഡിസി ബുക്‌സ് പുസ്തകമായി പ്രസിദ്ധീകരിച്ചിരിക്കുകയാണ്. അതിന് ടി പി രാജീവന്‍ എഴുതിയ ആമുഖവും തിരനോവലിലെ ഒരു ഭാഗവും ഇവിടെ വായിക്കാം. 

മുഖവുര

സര്‍ഗ്ഗവേദന പഞ്ചേന്ദ്രിയങ്ങളില്‍ മുട്ടിവിളിച്ചപ്പോള്‍ എഴുതിയതല്ല 'കുഞ്ഞാലിമരയ്ക്കാര്‍' എന്ന ഈ തിരനോവല്‍. പ്രശസ്തസംവിധായകന്‍ ജയരാജ് ആവശ്യപ്പെട്ടപ്രകാരം വായിച്ചും എഴുതിയും തുടങ്ങിയതാണ്. 'ഗുല്‍മോഹര്‍' എന്ന സിനിമയുടെ ചിത്രീകരണം 2008-ല്‍ കോഴിക്കോട് ഫറോക്കില്‍, ഒരു പഴയ ഓട്ടുകമ്പനിയില്‍ നടക്കുന്നതിനിടയാണ് ജയരാജ് അങ്ങനെ ഒരു ആശയം പറഞ്ഞത്. പറയുക മാത്രമല്ല, എഴുത്തിന് ആവശ്യമായ ഭൗതികസാഹചര്യം ഒരുക്കിത്തരികയും ചെയ്തു. 

സിനിമയില്‍നിന്നുള്ള ആദ്യത്തെ ക്ഷണം, അവസരം, ആയതു കൊണ്ട് വീട്ടിലും ഓഫീസിലും പോകാതെ ഞാന്‍ കുഞ്ഞാലിമരയ്ക്കാര്‍ക്കൊപ്പം നടന്നു, കോഴിക്കോട്, പുതുപ്പണം, ഗോവ എന്നിവിടങ്ങളില്‍.

പലരില്‍നിന്നും പലതും കേട്ടു. പല പുസ്തകങ്ങളും വായിച്ചു. നാട്ടുകാരുടെ കഥകള്‍ മുതല്‍ പോര്‍ച്ചുഗീസ് പാതിരിമാരുടെയും പട്ടാള ഉദ്യോഗസ്ഥന്മാരുടെയും ഡയറിക്കുറിപ്പുകളും സഞ്ചാരക്കുറിപ്പുകളും. വായിച്ചതത്രയും കേട്ടതൊക്കെയും ചരിത്രകാരന്മാരായ ഡോ. എം.ജി.എസ്. നാരായണന്‍, ഡോ.എം. ഗംഗാധരന്‍, ഡോ. വി. കുട്ട്യാലി തുടങ്ങിയവരുമായി സംസാരിച്ചു വ്യക്തത വരുത്തി. 

അതിനിടയില്‍ ഇടയ്ക്കിടയ്ക്ക് ജയരാജിനെ കണ്ട് എഴുത്തിന്റെ പുരോഗതി അറിയിക്കുകയും സിനിമ സംവിധായകന്റെ കലയും കച്ചവടവുമാണെന്ന് പൂര്‍ണ്ണമായും വിശ്വസിക്കുന്നതിനാല്‍, അഭിപ്രായം തേടുകയും ചെയ്തുകൊണ്ടിരുന്നു. 

സിനിമയുടെ ആകര്‍ഷണമാണ് കുഞ്ഞാലി മരയ്ക്കാറിലേക്ക് എത്തിച്ചതെങ്കിലും അറിഞ്ഞുതുടങ്ങിയപ്പോഴാണ് യൂറോപ്യന്‍ അധിനിവേശ ചരിത്രത്തിലെ പ്രതിരോധപര്‍വ്വത്തിന്റെ ആരംഭമാണ് മരയ്ക്കാര്‍മാരുടെ ജീവിതവും പോരാട്ടവും എന്നു മനസ്സിലായത്. ആഫ്രിക്കയിലെയോ തെക്കേ അമേരിക്കയിലെയോ ആദിമഗോത്രങ്ങള്‍ കോളനീകരണത്തെ സായുധമായി ചെറുത്തുനിന്നിട്ടുണ്ടോ എന്നറിയില്ല. പക്ഷേ, ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍, സ്വാതന്ത്ര്യവാഞ്ഛയും നിര്‍ഭയത്വവും ആയോധന മികവുംകൊണ്ട് അധിനിവേശ ശക്തികളുമായി പൊരുതിയ ചരിത്രത്തിന്റെ ആരംഭം കുഞ്ഞാലിമരയ്ക്കാര്‍മാരുടേതാണ്. പോരാട്ടം ആത്മീയതലങ്ങളിലേയ്ക്കുയര്‍ത്തുന്ന വിശ്വാസമായിരുന്നു അവരുടെ ആയുധപ്പുര.

ഇത്തരം ആലോചനകളെല്ലാം ഉള്‍പ്പെടുത്തി എഴുത്ത് പൂര്‍ത്തിയാക്കിയെങ്കിലും സിനിമ നടക്കാതെപോയി. അതിനു പല കാരണങ്ങള്‍ ഉണ്ടായിരുന്നു. 

ഇപ്പോഴും മലയാളത്തിലെ ഒരു നിര്‍മ്മാണക്കമ്പനിയുടെ പരിഗണനയില്‍ ഈ രചനയുണ്ട്. പല സംവിധായകരുടെ കൈകളിലൂടെ 'കുഞ്ഞാലിമരയ്ക്കാര്‍' കടന്നുപോയിട്ടുണ്ട്. 

ഇതില്‍നിന്ന് ചില കഥാപാത്രങ്ങളെയും രംഗങ്ങളും അടര്‍ത്തിമാറ്റി സ്‌കിറ്റാക്കുകയും ചെയ്തിട്ടുണ്ട്. നാളെ ഇതപ്പാടെ മറ്റൊരാളുടെ രചനയായി സിനിമയായാലും എനിക്ക് അത്ഭുതമോ പരാതിയോ ഇല്ല. കാരണം, സിനിമ എന്റെ ആധിയോ വ്യാധിയോ അല്ല.

ഈ പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

............................................................................................................................................

തിരക്കഥയില്‍നിന്നൊരു ഭാഗം. 

സീന്‍ അറുപത്തിയൊന്ന് 
(പകല്‍ - അകം)

കുഞ്ഞാലിയുടെ വീട്. 

രാവിലെ തായുമ്മയുടെ മുറി. 

മുറിയില്‍ തായുമ്മയും കുഞ്ഞിക്കാവും. 

എന്താണ് നടക്കാന്‍ പോകുന്നത് എന്നും അറിയാത്തതിന്റെ പേടിയും പരിഭ്രമവുമുണ്ട് ഇരുവരുടേയും മുഖത്ത്. 

കുഞ്ഞിക്കാവിന്റെ കണ്ണ് കരഞ്ഞ് കലങ്ങീട്ടുണ്ട്. 

കുഞ്ഞാലിയും കുട്ട്യാലിയും മുറിയിലേക്ക് കയറി വരുന്നു. 

ആകാംക്ഷയോടെ തായുമ്മയും കുഞ്ഞിക്കാവും അവരെ നോക്കുന്നു.

തായുമ്മ: മോനെ.....

കുഞ്ഞാലി: ഉമ്മ, ഉമ്മ ബേജാറാവാണ്ടിരി. മ്മക്കൊന്നും വരൂല. അള്ളാന്റെ കൃപല്ലേ മ്മക്ക്. അള്ളാന്റെ നിശ്ചയംകൊണ്ടല്ലേ ഞാന്‍ വാളും കൊണ്ട് കടലില്‍ പോയത്. ഉമ്മയോടും പെങ്ങള് കുട്ടിക്കാവിനോടും പിന്നെന്റെ വലംകയ്യായ, വലംകയ്യല്ല കൂടെപ്പെറപ്പെന്നേ, കുട്ട്യാലിയോടും ഒരു കാര്യം പറയാനുണ്ട്. ല്ലാരേം മുമ്പീ വെച്ചെന്നെ ഞാനത് പറയാ...

കുട്ട്യാലി കുഞ്ഞാലിയെത്തന്നെ നോക്കി നില്‍ക്കുന്നു. മുഖത്തുള്ള വിഷമം മറച്ചുപിടിക്കാന്‍ ബദ്ധപ്പെടുന്നു.

തായുമ്മ: എന്തുവേണം ജ്ജ് പറഞ്ഞോ മോനെ. ന്നോടും ഇവരോടും അല്ലാണ്ട് ആരോടാണ് അതൊക്കെ പറയാ?

കുഞ്ഞാലി കുഞ്ഞിക്കാവിനെ ചേര്‍ത്തുപിടിക്കുന്നു. കുഞ്ഞിക്കാവിന് കരച്ചില്‍ വരുന്നു. കണ്ണുനീര്‍ കവിളിലൂടെ കുഞ്ഞാലിയുടെ കൈയില്‍ വീഴുന്നു. കുഞ്ഞാലി കുഞ്ഞിക്കാവിന്റെ മുഖത്തേക്കു നോക്കുന്നു. കണ്ണുതുടക്കുന്നു.

കുഞ്ഞാലി: അയ്യേ കരയാ ന്റെ കുഞ്ഞിപ്പെങ്ങള്, ഈനാ ഞാന്‍ നിന്നെ കുറുപ്പത്തൂന്ന് കൂട്ടിക്കൊണ്ടന്നെ...?

കുഞ്ഞിക്കാവ് കരച്ചില്‍ നിര്‍ത്താന്‍ പാടുപെടുന്നു.

കുഞ്ഞാലി: ഉമ്മ, ഈ കുഞ്ഞിപ്പെങ്ങളെ മ്മളെ കുട്ട്യാലീനെക്കൊണ്ട് കെട്ടിക്കണം. ഞാനീ ഉടവാള്‍ പൊന്നുതമ്പുരാന്റെ മുമ്പില്‍ അടിയറവ് വെക്കാന്‍ പോക്വ. ഞാന്‍ തിരിച്ചുവന്നില്ലെങ്കിലും ഉമ്മ അതു നടത്തണം.

തായുമ്മയും കുഞ്ഞിക്കാവും നിയന്ത്രണംവിട്ട് കരയുന്നു. 

സങ്കടം അമര്‍ത്താന്‍ കഴിയാതെ കുട്ട്യാലിയും വിഷമിക്കുന്നു. 

ആരുടെയും മുഖത്തുനോക്കാതെ, അരയില്‍ തിരുകിയ വാള്‍ത്തലയില്‍ കൈ ചേര്‍ത്ത് കുഞ്ഞാലി ഇറങ്ങിപ്പോകുന്നു. 

പിന്നാലെ കുട്ട്യാലിയും. 

നിര്‍ത്താത്ത കരച്ചിലോടെ തായുമ്മയും കുഞ്ഞിക്കാവും അത് നോക്കി നില്‍ക്കുന്നു.


സീന്‍ അറുപത്തിരണ്ട് 
(പകല്‍ - അകം)

കോട്ടയ്ക്കല്‍ കോട്ട. 

മുന്നില്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടം. 

ഇടയിലൂടെ നടക്കുന്ന വാളേന്തിയ പട്ടാളക്കാര്‍. 

നായര്‍പ്പടയും പോര്‍ച്ചുഗീസ് പടയും. 

രണ്ടുപടയും രണ്ടു ഭാഗങ്ങളിലായി നില്‍ക്കുന്നു. 

ഉച്ചത്തില്‍ ഒരു അറിയിപ്പ് വരുന്നു.

കോട്ടയുടെ കവാടത്തില്‍ ഒരാള്‍ പെരുമ്പറകൊട്ടി വിളിച്ചു പറയുകയാണ്.

അറിയിപ്പ്: കോട്ടയ്ക്കകത്തുള്ള സ്ത്രീകളും കുട്ടികളും വയസ്സായവരും ഉടന്‍ ഒഴിഞ്ഞുപോകേണ്ടതാണ്. കോട്ട പട്ടാളം ഏറ്റെടുക്കാന്‍ പോകുന്നു. കുഞ്ഞാലിയും സൈന്യവും മഹാരാജാവ് തിരുമനസ്സിനുമുമ്പില്‍ ആയുധം വെച്ച് കീഴടങ്ങാന്‍ പോകുന്നു.

അറിയിപ്പ് പലതവണ, കോട്ടയുടെ പല ഭാഗങ്ങളില്‍ വിളിച്ചുപറയുന്നു.

കോട്ടയില്‍നിന്ന് സ്ത്രീകളും കുട്ടികളും പുറത്തേക്കു പോകുന്നു. പിന്നാലെ വൃദ്ധന്മാര്‍.


സീന്‍ അറുപത്തിമൂന്ന് 
(പകല്‍ - പുറം)

തൃക്കണാര്‍കുന്ന്. 

ഇരിപ്പിടമുണ്ടെങ്കിലും അതിനു മുമ്പില്‍നിവര്‍ന്നു നില്‍ക്കുന്ന സാമൂതിരിയും തൊട്ടടുത്ത് ഫുര്‍ടാഡോവും ഫാദര്‍ മെനസിസും. 

ഫുര്‍ടാഡോ ഇടയ്ക്കിടയ്ക്ക് സാമൂതിരിയെ ഇടംകണ്ണിട്ട് നോക്കുന്നുണ്ട്. 

മുന്നില്‍ രണ്ടു ഭാഗത്തുമായി നിരന്നുനില്‍ക്കുന്ന ഭടന്മാര്‍. 

സാമൂതിരിയുടെ ഭാഗത്തു നായര്‍പ്പട. ഫുര്‍ട്ടാഡോവിന്റെ ഭാഗത്ത് പോര്‍ച്ചുഗീസ് ഭടന്മാര്‍.

 

ഈ പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

..................................................................................................

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!