Asianet News MalayalamAsianet News Malayalam

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

പുതിയ തലമുറയിലെ ഏറ്റവും ശ്രദ്ധേയരായ കഥാകൃത്തുക്കളിലൊരാളാണ് കെ. എന്‍ പ്രശാന്ത്.  ഡി സി ബുക്‌സ് പുറത്തിറക്കിയ 'ആരാന്‍' വ്യത്യസ്ത വായനകളാല്‍ ഇതിനകം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ആ പുസ്തകത്തില്‍നിന്നൊരു കഥയാണ് ഇതോടൊപ്പം. 

Bandhar Short Story by KN Prashanth
Author
Thiruvananthapuram, First Published Jul 30, 2019, 6:27 PM IST

പേടിപ്പെടുത്തുന്ന, ആശങ്കപ്പെടുത്തുന്ന ലോകങ്ങള്‍ അടയാളപ്പെടുത്തുമ്പോഴും പ്രതീക്ഷയുടെ തുരുത്തുകളെ ബാക്കിവെക്കുന്ന കഥകളാണ് കെ എന്‍ പ്രശാന്തിന്‍റേത്.  വായിക്കുന്ന ഓരോ നിമിഷവും നമ്മളാ കഥപരിസരത്ത് തന്നെയാണ്. കാസര്‍കോടന്‍ ഗ്രാമങ്ങളിലിഴ ചേര്‍ന്ന കഥകള്‍ പോലും അതിന്റെ ദേശാതിര്‍ത്തികള്‍ ലംഘിച്ച് ലോകത്താകെയുള്ള ജീവിതവുമായി ചേര്‍ന്നുപോകുന്നു. ഇന്നിന്റെ ജീവിതം ഇതൊക്കെയാണ് എന്ന് ഉറക്കെ പറയുന്ന കഥകള്‍. സമരസപ്പെടാനൊരുക്കമല്ലാത്ത ഭാഷ. മൗനവും ഒച്ചയും ഒരുപോലെ കടന്നുപോകുന്ന ജീവിതനിമിഷങ്ങള്‍. മനുഷ്യന്‍ അവന്റെ സാമൂഹികജീവിതത്തിന്റെ തന്നെ പ്രതിഫലനമാണ്. ഓരോ കാലത്തെയും മനുഷ്യനെ അവന്റെ പരിസരം കൂടി സ്വാധീനിക്കുന്നു. അതവന്റെ വീട്ടില്‍ നിന്ന് തുടങ്ങുന്നു.  പ്രശാന്തിന്റെ കഥകളിലും അത് അങ്ങനെ തന്നെയാണ്. 

Bandhar Short Story by KN Prashanth
 

സ്വതവേ തുറന്നിടാത്ത തന്റെ മുറിയുടെ ജാലകങ്ങള്‍ തുറക്കാനാണ് സന്ധ്യാറാണിക്കു തോന്നിയത്. ജനാലകളിലൂടെ അവള്‍ തെരുവിനെ ആദ്യം കാണുന്നതുപോലെ നോക്കിനിന്നു. കൂടെക്കൂടെ കാണാറുള്ളതും അത്ര വ്യക്തമല്ലാത്തതുമായ ഒരു സ്വപ്നത്തിലെ ചുവന്ന ചായം തേച്ച തീവണ്ടിയില്‍ മാത്രമായിരുന്നു അവള്‍ക്ക് ഒരേയൊരു പ്രതീക്ഷ. സ്വപ്നങ്ങളിലെ തീവണ്ടിയില്‍ തന്നോടൊപ്പം ഉണ്ടാകാറുള്ള നീണ്ടു മെലിഞ്ഞ മനുഷ്യനെ അവള്‍ ദാനിയേലില്‍ വരച്ചുനോക്കി. ഇരുണ്ട നിഴലുകള്‍ ചേരുന്നിടത്ത് അവരുടെ തെളിഞ്ഞ ചിരികള്‍ ഒന്നാകുന്നതായി അവള്‍ക്കു തോന്നി. തലേന്നാള്‍ തന്റെ മറ്റ് ഇടപാടുകാരെപ്പോലെയല്ലാതെ തന്നെക്കുറിച്ചു ചോദിച്ചു കൊണ്ടേയിരുന്ന, മടിയില്‍ തലവച്ചു കരഞ്ഞ, ദാനിയേല്‍ മോന്തേരോ എന്ന ലോക്കോ പൈലറ്റിനെ ഓര്‍ത്ത് അവള്‍ക്ക് അലിവു തോന്നി. എല്ലാവരും അക്ക എന്നു വിളിക്കുന്ന കുമുദം ആ കാര്യം പറഞ്ഞപ്പോള്‍ റാണിക്ക് ആദ്യം പേടിയാണുണ്ടായത്. ഓര്‍മ്മയുറയ്ക്കുംമുന്‍പ് എത്തിച്ചേര്‍ന്ന വേശ്യാഗൃഹത്തിനകത്തെ മടുപ്പിക്കുന്ന പകലന്തികള്‍ അല്ലാതെ മറ്റൊന്നും കണ്ടിട്ടില്ലാത്ത, അവള്‍ മുന്‍പ് ചുരുക്കം സന്ദര്‍ഭങ്ങളില്‍ മാത്രമേ അവിടംവിട്ട് പുറത്തിറങ്ങിയിട്ടുള്ളൂ.  ആര്‍ത്തിയോടെയോ പ്രതികാരബുദ്ധിയോടെയോ തന്നെ സമീപിക്കുന്ന ആണ്‍ശരീരങ്ങളുടേതാണ് പുറംലോകം എന്ന ബോധ്യം അവളെ പേടിപ്പിച്ചിരുന്നു. ഇല്ല എന്നു പറയാനോ തീരുമാനിക്കാനോ അവള്‍ക്ക് അധികാരമില്ലാത്തതിനാല്‍ അവള്‍ അവിടം വിടാന്‍ തയ്യാറായി.

തുറന്ന ജാലകപ്പാളികളെ മറച്ച നേര്‍ത്ത തുണിക്കിടയിലൂടെ കടന്നുവന്ന കാറ്റ് തട്ടിയപ്പോള്‍ എന്‍ജിനകത്തെ ചെറിയ സ്ഥലത്തുള്ള ഒരാള്‍ക്ക് കഷ്ടിച്ചു കിടക്കാവുന്നിടത്ത് സന്ധ്യാ റാണി എഴുന്നേറ്റിരുന്നു. തീവണ്ടിയെന്നാല്‍ താന്‍ ഇത്രനാളും മനസ്സില്‍ കൊണ്ടുനടന്ന സുന്ദരമായ സ്വപ്നത്തിലെ ദൂരേക്കു പോകുന്ന അതിശയമല്ലെന്നും വെളിച്ചത്താല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു യന്ത്രപ്പാമ്പാണെന്നും അവള്‍ക്കു മനസ്സിലായി. അവശേഷിച്ച ഓര്‍മ്മകള്‍എന്തായിരുന്നു എന്നവള്‍ തിരഞ്ഞു. അച്ഛനോടൊപ്പം തീവണ്ടിയില്‍ താന്‍ ദീര്‍ഘദൂരം സഞ്ചരിച്ചിട്ടുണ്ടോ, അതോ അത് വേറേ ആരെങ്കിലും ആയിരുന്നോ, അയാളാണോ തന്നെ ഈ വിധമാക്കിയത്? ലോക്കോ പൈലറ്റിന്റെ ഇരിപ്പിടത്തില്‍ പാതി ഉറക്കത്തിലെന്നപോലെ ഇരിക്കുന്ന ദാനിയേലിനെ അവള്‍ വാത്സല്യത്തോടെ നോക്കി. ദൂരെയുള്ള വേശ്യാലയത്തിലെ പുകയിലയും വിയര്‍പ്പും വേര്‍തിരിക്കാനാവാത്ത പല മണങ്ങളും ചേര്‍ന്ന് വീര്‍പ്പുമുട്ടിക്കുന്ന മുറിവിട്ട് അവള്‍ ഇറങ്ങിയിട്ട് ഒരു പകല്‍ കഴിഞ്ഞിരിക്കുന്നു. ഇരുട്ടുനിറഞ്ഞ വയലുകള്‍ക്കു നടുവിലൂടെ ആര്‍ത്തുവിളിച്ചു ചരക്കുവണ്ടി ഓടിക്കൊണ്ടിരുന്നു. പിടിക്കപ്പെട്ടാല്‍ തന്റെ ജോലിതന്നെ പോയേക്കാം എന്നറിഞ്ഞിട്ടും, ദാനിയേലില്‍ ആത്മവിശ്വാസവും പ്രസന്നതയും വിജയത്തിലേക്കു കുതിക്കാന്‍ തയ്യാറായ പര്‍വതാരോഹകനിലേതെന്നപോലെ തെളിഞ്ഞു കണ്ടു.

എന്‍ജിന്റെ കനത്ത ശബ്ദവും മാടുകളോ മനുഷ്യരോ പാളത്തില്‍പ്രത്യക്ഷപ്പെട്ടാല്‍ മുഴക്കേണ്ടുന്ന ചൂളംവിളികളും അവള്‍ ആസ്വദിക്കുന്നുണ്ടായിരുന്നു. മയക്കംവിട്ടുണര്‍ന്ന ദാനിയേല്‍ ചിന്തകളില്‍ മുങ്ങിയിരിക്കുന്ന അവളുടെ നനുത്ത മുഖത്ത് അമര്‍ത്തി ഉമ്മവച്ചു. അപ്പോഴൊക്കെ ഓര്‍മ്മയുറച്ച കാലംമുതല്‍ ആണ്‍ശരീരങ്ങളുടെ ആര്‍ത്തിയറിഞ്ഞ റാണി ആദ്യാനുഭവത്തില്‍ എന്നതുപോലെ ഞെട്ടിത്തരിച്ചു. ദാനിയേല്‍ എന്ന കവിക്ക് സ്ത്രീകള്‍ പുതിയ ദേശം പോലെയായിരുന്നു. ഗാര്‍ഗിയോടൊത്തുള്ള ജീവിതത്തിനിടയിലും അയാള്‍ പുതിയ ദേശങ്ങളില്‍ അലയുകയായിരുന്നു. എങ്കിലും റാണിയുടെ വിളറിയ മുഖം കാണുമ്പോള്‍ അയാള്‍ക്ക് അവസാന അത്താഴത്തിലെ കരുണ നിറഞ്ഞ യേശുവിനെയും രാത്രികളില്‍ തന്നെയും അനിയത്തിയെയും ചേര്‍ത്തുപിടിച്ചു കരയാറുള്ള അമ്മച്ചിയെയും ഓര്‍മ്മവന്നു. 

..............................................................................................................................................................................

തീവണ്ടിയെന്നാല്‍ താന്‍ ഇത്രനാളും മനസ്സില്‍ കൊണ്ടുനടന്ന സുന്ദരമായ സ്വപ്നത്തിലെ ദൂരേക്കു പോകുന്ന അതിശയമല്ലെന്നും വെളിച്ചത്താല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു യന്ത്രപ്പാമ്പാണെന്നും അവള്‍ക്കു മനസ്സിലായി.

Bandhar Short Story by KN Prashanth

ദാനിയേല്‍ ബന്ധങ്ങളുടെ കെട്ടുപൊട്ടിച്ച് അലയാന്‍ ദീര്‍ഘദൂര വണ്ടികളില്‍ മാത്രം ജോലിചെയ്യാന്‍ ഇഷ്ടപ്പെട്ടു. അല്ലാത്തപ്പോഴൊക്കെ ഗാര്‍ഗ്ഗിയുടെ കവിതകള്‍ക്കുള്ളിലും അവളുടെ സങ്കല്പത്തിലും ജീവിച്ചു. തീവണ്ടിപ്പാതകള്‍ ഇല്ലാത്ത ഒരു മലയോര ഗ്രാമത്തിലായിരുന്നു അയാള്‍ തന്റെ കുട്ടിക്കാലം കഴിച്ചത്. കച്ചവടാവശ്യത്തിനു മംഗലാപുരത്തു പോയി ഏതോ തര്‍ക്കത്തില്‍ കുത്തേറ്റു മരിച്ച അപ്പന്റെ ശരീരം ഏറ്റുവാങ്ങാനായിരുന്നു അയാളുടെ ആദ്യ തീവണ്ടിയാത്ര. നാട്ടില്‍നിന്നും മംഗലാപുരത്ത് എത്തിയപ്പോഴേക്കും മൃതദേഹം അനാഥശവമായി സംസ്‌കരിച്ചിരുന്നു. 

മടക്കയാത്രയില്‍ താന്‍ ജനനം മുതല്‍ അനാദി കാലത്തോളം ആ ഇരുമ്പുവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു എന്ന് ദാനിയേലിനു തോന്നി. പാലങ്ങള്‍ക്കു കുറുകേ അസ്തമയത്തിന്റെ ദുഃഖച്ഛായയില്‍ ശാന്തമായി ഒഴുകുന്ന പുഴയ്ക്കു മീതേ അവശേഷിച്ച വെളിച്ചത്തിലേക്ക് അപ്പന്‍ നടന്നു മറയുന്നതു കണ്ടതുമുതല്‍ അവന് തീവണ്ടികള്‍ തീവ്രമായ അഭിനിവേശമായി. ആദ്യ തീവണ്ടിയാത്രയാണ് തന്നെ കവിയും ലോക്കോ പൈലറ്റും ആക്കിയതെന്ന് ദാനിയേല്‍ സുഹൃത്തുക്കളോടു പറയുമായിരുന്നു. പ്രണയനാളുകളില്‍ അയാള്‍ ഗാര്‍ഗിയോടു സംസാരിച്ചിരുന്ന പ്രധാന വിഷയം ആ യാത്ര തന്റെ കവിതകളില്‍ നടത്തിയ ഇടപെടലുകളെക്കുറിച്ചായിരുന്നു. അതിന്റെ എല്ലാ വിശദാംശങ്ങളും അയാള്‍ സൂക്ഷ്മമായി ഓര്‍ത്തിരുന്നു. അന്ന് തങ്ങള്‍ മണിപ്പാല്‍ ആശുപത്രിയില്‍ എത്ര മണിക്കൂര്‍ കാത്തിരുന്നു, അപ്പനെ ഭസ്മമാക്കിയ വൈദ്യുതിശ്മശാനത്തിന്റെ കാവല്‍ക്കാരന്‍ ധരിച്ചിരുന്ന യൂണിഫോമിന്റെ നിറം, അന്ന് മടക്കവണ്ടി എത്ര നേരം വൈകി ഓടി എന്നിങ്ങനെ എല്ലാം.

പിന്നീട് ഒരു ലോക്കോ പൈലറ്റായി ജോലിയില്‍ ചേര്‍ന്നതിനു ശേഷം മംഗലാപുരത്ത് എത്തിയപ്പോഴൊക്കെ അയാള്‍ തന്റെ അപ്പന്‍ ചോര വാര്‍ന്നുകിടന്ന ബന്ദര്‍ എന്ന തുറമുഖത്തേക്കു പോയി. അപ്പന്‍ മരിച്ചിട്ടില്ല, അവിടെ എവിടെയോ ജീവിക്കുന്നുണ്ട് എന്ന തരത്തില്‍, ആര്‍ക്കെങ്കിലും വര്‍ഷങ്ങള്‍ക്കു മുന്‍പ് അവിടെ തെരുവില്‍ തീര്‍ന്നുപോയ വിന്‍സെന്റ് മോന്തേരോ എന്ന തന്റെ പിതാവിനെ അറിയുമോ എന്നു തിരക്കി.  തുറമുഖത്തിന്റെ ഉപ്പുമണത്തിലൂടെ അയാള്‍ തന്റെ പിതാവിന്റെ ഓര്‍മ്മയില്‍ നടക്കും. നീര്‍ക്കിളികളുടെ ശബ്ദമുഖരിതമായ ചുവന്ന സന്ധ്യകളില്‍ അയാള്‍ ഇരുട്ടിനെയും കാത്ത് സിമന്റ് ബഞ്ചില്‍ ഇരിക്കും.

വേശ്യാലയത്തിലെ അയാളുടെ ആദ്യരാത്രിയില്‍ മറ്റുള്ളവരെപ്പോലെ അല്ലാതെ തന്നോട് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്ന ദാനിയേലിനോട് സന്ധ്യാറാണി ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നത് സമയത്തെക്കുറിച്ചായിരുന്നു. വൈകലുകള്‍ വാതില്‍പ്പുറത്ത് വലിയ ശകാരങ്ങളായി മാറുന്നത് അവള്‍ക്കു ശീലമുള്ളതാണ്. പക്ഷേ, താന്‍ അവര്‍ക്ക് ആവശ്യത്തിന് പണം കൊടുത്തിട്ടുണ്ട്, ചിലപ്പോള്‍ നാലുപേരുടെ സമയത്തിനുള്ളത്രയും എന്നായിരുന്നു അയാളുടെ മറുപടി. തന്നെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അവള്‍ക്ക് ഒരു ഉത്തരവും ഇല്ലായിരുന്നു. താന്‍ ആര്? നാട്, വീട്, വീട്ടുകാര്‍ ഓര്‍മ്മകള്‍പോലും തനിക്കില്ല എന്ന് തിരിച്ചറിഞ്ഞ് അവള്‍ പഴകിത്തുടങ്ങിയ മേല്‍ക്കൂരയില്‍ കണ്ണുതറപ്പിച്ച് കിടന്നു. അവളുടെ വിളറിയ ചുണ്ടുകളില്‍ വിരല്‍ തലോടി ദാനിയേല്‍ അവള്‍ക്ക് തന്നെക്കുറിച്ച് ഒന്നും അറിയാനില്ലേ? എന്ന് ചോദിച്ചു. എന്ത് ചോദിക്കണമെന്ന് അവള്‍ക്ക് അറിയില്ലായിരുന്നു. ഓര്‍മ്മ തുടങ്ങുമ്പോള്‍ താന്‍ ഇവിടെയാണ്. ആവശ്യക്കാരോട് മിണ്ടേണ്ട കാര്യമുണ്ടോ എന്നുപോലും അറിയില്ല. തിരണ്ടപ്പോള്‍, 'ഇനിതൊക്കെ എന്തിനെന്ന് നെനക്ക് മനസ്സിലാവൂട്ടാ,' എന്നു ചിരിച്ച അക്കയാണ് ഗുരുവും രക്ഷാകര്‍ത്താവും.  കാമാര്‍ത്തരും നിരാശരും കോപാക്രാന്തരുമായ പുരുഷന്മാരെ മാത്രമേ അവള്‍ ഇതിനുമുന്‍പ് കണ്ടിട്ടുള്ളൂ. അവര്‍ അവളോട് ഒരു ഉപകരണത്തോടെന്നപോലെ പെരുമാറി. അങ്ങനെയാകുമ്പോള്‍ തന്റെ മുന്നിലുള്ളയാള്‍ ആണ്‍വര്‍ഗത്തില്‍പ്പെട്ടയാള്‍ തന്നെയോ എന്നുപോലും അവള്‍ സംശയിച്ചു. മുന്‍പ് കണ്ടിട്ടുള്ളവരില്‍ ഇല്ലാത്തതരം സൗമ്യത അയാളുടെ ഓരോ ചലനത്തിലും അനുഭവപ്പെട്ടപ്പോള്‍ പ്രണയം എന്തെന്ന് അറിയാതെ അവള്‍ അറിഞ്ഞു.

മംഗലാപുരം യാത്രകളിലൊന്നില്‍ ബന്ദറിലേക്കുള്ള ഓട്ടോറിക്ഷയില്‍വച്ചാണ് ദാനിയേല്‍ ആദ്യമായി അഴകേശ്വര റാവുവിനെ കാണുന്നത്. കൈകാണിച്ച ഓട്ടോറിക്ഷ അകത്ത് ആളുണ്ടായിട്ടും നിര്‍ത്തിയ അമ്പരപ്പില്‍ പോകേണ്ട സ്ഥലം പറഞ്ഞപ്പോള്‍ പിന്‍സീറ്റില്‍നിന്നും മെലിഞ്ഞു വിളറിയ വൃദ്ധന്‍ അയാളെ നോക്കി.

'കൂത്ത് കൊള്ളി.'

എന്ന് കന്നടയില്‍ മറുപടി പറഞ്ഞു. ബന്ദറില്‍ ഇറങ്ങുന്നതു വരെ അയാള്‍ വായ് തുറന്നതേ ഇല്ല. തുറമുഖത്തിന്റെ മത്സ്യ ഗന്ധത്തിലേക്ക് ഇറങ്ങിയ ഉടന്‍ സാധാരണയായി അവിടത്തെ പ്രായമായ ആളുകളോട് ദാനിയേല്‍ ചോദിക്കാറുണ്ടായിരുന്ന ചോദ്യം വൃദ്ധന്‍ അയാളോടു തിരക്കി. വിന്‍സെന്റ് മോന്തേരോ എന്ന തന്റെ പിതാവിന്റെ രൂപസാദൃശ്യം തന്നിലറിഞ്ഞ് ദാനിയേല്‍ അയാളുടെ വെള്ളാരംകണ്ണുകളിലേക്ക് നോക്കി മറുപടിയെന്ന പോലെ ചോദിച്ചു, 'നിങ്ങള്‍...?'

'റാവു, അഴകേശ്വര റാവു,' അയാള്‍ പറഞ്ഞു.

'നീ അന്വേഷിക്കുന്നത് നിന്റെ അപ്പന്റെ മരണത്തെക്കുറിച്ചല്ലേ? ഞാന്‍ അയാള്‍ കൊണ്ടുപോയ എന്റെ മകളെയും.'

അതു പറഞ്ഞുതീര്‍ക്കുമ്പോള്‍ തന്റെ കണ്ണിലെ അണയാന്‍പോകുന്ന തീയിനെ ഊതിയുണര്‍ത്താന്‍ എന്നപോലെ ശക്തമായി അയാള്‍ ശ്വാസംവലിച്ചു. മെലിഞ്ഞു വിളര്‍ത്ത ആ വൃദ്ധന്‍ തുറമുഖത്തെ സിമന്റുബഞ്ചില്‍ ഇരുന്ന് നങ്കൂരമിടുന്ന മത്സ്യബന്ധന യാനങ്ങളിലേക്ക് വെറിപിടിച്ച് പറക്കുന്ന കടല്‍പ്പക്ഷികളെ നോക്കി നെടുവീര്‍പ്പിട്ടു. അയാള്‍ തന്റെ മുഷിഞ്ഞ ശരീരവുമായി ആ തുറമുഖത്ത് കാലങ്ങളായി അലയുന്നതായി ദാനിയേലിനു തോന്നി. നരച്ച കണ്‍പുരികങ്ങള്‍ക്കു താഴെ എരിയുന്ന കനലില്‍ നോക്കിയിരിക്കുമ്പോള്‍ ഒരു വേള തന്റെ പിതാവിനെ ലോഹമുനയാല്‍ കീറിയത് അയാളാണോ എന്ന് ദാനിയേല്‍ സംശയിച്ചു. 'നിന്റെ അപ്പനെ തീര്‍ത്തത് ഞാന്‍ ആയിരുന്നെങ്കില്‍ എന്റെ മകള്‍ എന്നോടൊപ്പം ഉണ്ടായേനെ,' അയാളുടെ സംശയം വായിച്ച് വൃദ്ധന്‍ തന്റെ കനത്ത ശബ്ദത്തില്‍ പറഞ്ഞു. എങ്കിലും വിന്‍സെന്റ് മോന്തേരോയുടെ കൊലപാതകത്തെക്കുറിച്ചോ അയാളുടെ മകളെ മോന്തേരോ എങ്ങനെ കടത്തിക്കൊണ്ടുപോയി എന്നോ അയാള്‍ പറഞ്ഞതേയില്ല.

തന്റെ അപ്പന്‍ റാവുവിന്റെ മകളെ കട്ടുകൊണ്ടുപോയി എന്നു കേട്ടപ്പോള്‍ മംഗലാപുരത്തുനിന്നും മധുരപലഹാരങ്ങളുമായി വരുന്ന അപ്പന്റെ ചിരിക്കുന്ന മുഖമോര്‍ത്ത് ദാനിയേലിന് ഞെട്ടലാണ് ഉണ്ടായത്. അയാള്‍ അനിയത്തിയെ ഓര്‍ത്തു. അപ്പനെയും കാത്ത് അവള്‍ക്കൊപ്പം ഉറക്കമിളച്ച രാത്രികള്‍ അയാളില്‍ കരച്ചിലുണ്ടാക്കി. തിരകള്‍ അലമുറയിടുന്ന കടലിനുനേരേ ഓര്‍മ്മകള്‍ തുറന്നുപിടിച്ചിരിക്കുന്ന റാവുവിന്റെ ലോഹക്കണ്ണുകളിലേക്കു നോക്കിയപ്പോള്‍ കടലാഴ നിശ്ശബ്ദതയിലേക്ക് താഴ്ന്നു താഴ്ന്ന് താന്‍ ഇല്ലാതാകുന്നതു പോലെ തോന്നി അയാള്‍ക്ക്. 

..............................................................................................................................................................................

പ്രണയത്തില്‍മാത്രം സാധ്യമാകുന്ന ഒരു പ്രസരിപ്പ് അവളില്‍ നിറഞ്ഞുകൊണ്ടിരുന്നു. ദാനിയേല്‍ ഫോട്ടോയില്‍ കണ്ട കൗതുകമുള്ള കണ്ണുകള്‍ വീണ്ടും തെളിഞ്ഞു.

Bandhar Short Story by KN Prashanth

ദാനിയേല്‍ വന്നെത്താറുള്ളതു പോലെ അയാളും ബന്ദറില്‍ എത്തുന്നതും വിന്‍സെന്റ് മോന്തേരോയെ അന്വേഷിച്ചു നടക്കാറുള്ളതും തന്റെ കൈവശമുള്ള മകളുടെ കറുപ്പിലും വെളുപ്പിലും ഉള്ള ഫോട്ടോ കാണിച്ച് അലഞ്ഞതും റാവു അയാളോടു പറഞ്ഞു. ആ ഫോട്ടോയിലേക്കു നോക്കിയപ്പോള്‍ താന്‍ ഇത്രനാളും തേടി നടന്ന അപ്പന്റെ ഘാതകനോടു തോന്നിയിട്ടുള്ളതിനെക്കാള്‍ ദേഷ്യം ദാനിയേലിന് സ്വന്തം അപ്പനോടു തോന്നി. അതില്‍ ഒരു കുഞ്ഞു മാലാഖ റാവുവിനെ ഓര്‍മിപ്പിക്കുന്ന വെള്ളാരം കണ്ണുകള്‍ കൊണ്ട് സന്തോഷത്തോടെ ലോകത്തെ നോക്കുന്നു. ആ പെണ്‍കുട്ടിയെ കണ്ടെത്തുക എന്ന തന്റെ ലക്ഷ്യത്തെ തിരിച്ചറിഞ്ഞ അന്നുമുതല്‍ തുടങ്ങിയ അലച്ചില്‍ അയാളെ കൊണ്ടെത്തിച്ചത് കോയമ്പത്തൂരിലെ വേശ്യാലയത്തിലാണ്.

തന്നെ അവിടെയെത്തിച്ച അഭിസാരികകളുടെ ശബ്ദതാരാവലി എന്നറിയപ്പെടുന്ന ഗാര്‍ഡ് സുകുമാരപ്പിള്ളയുടെ ചോദ്യങ്ങളെ തന്ത്രപൂര്‍വ്വം വഴിതിരിച്ചുവിടുമ്പോള്‍ ദാനിയേല്‍ ബന്ദറിലെ മീന്‍മണങ്ങള്‍ക്കു നടുവില്‍വച്ചു കണ്ട റാവുവിന്റെ മുഖം അവളില്‍ തിരയുകയായിരുന്നു. ആ ദാസീഗൃഹത്തില്‍വച്ച് അവളെ തിരിച്ചറിയുക എന്നത് എളുപ്പമാക്കി റാവു കൈമാറിയ ഫോട്ടോയിലെ വെള്ളാരം കണ്ണുകള്‍ അവളെ വെളിപ്പെടുത്തിക്കൊണ്ടിരുന്നു. ദാനിയേലിനെക്കുറിച്ചോ തന്നെക്കുറിച്ചു തന്നെയോ ഒന്നും അറിയില്ലെങ്കിലും സന്ധ്യാറാണി ആദ്യകാഴ്ചയില്‍തന്നെ അയാളില്‍ തന്റെ വിമോചകനെ കണ്ടു.

വണ്ടി നിര്‍ത്തേണ്ടിവന്നപ്പോഴൊക്കെ റാണിയെ ഒളിപ്പിച്ചും അവള്‍ക്ക് ആവശ്യമായ ഭക്ഷണം വാങ്ങി നല്‍കിയതുമല്ലാതെ തങ്ങളുടെ യാത്രോദ്ദേശ്യം അയാള്‍ വെളിപ്പെടുത്തിയതേയില്ല. റാണി എങ്ങനെയായിരിക്കും ഷിമോഗയില്‍നിന്നും കോയമ്പത്തൂരില്‍ എത്തിയിട്ടുണ്ടാവുക എന്നാലോചിക്കുകയായിരുന്നു ദാനിയേല്‍. ഒരു രണ്ടാം ക്ലാസ് കമ്പാര്‍ട്ട്മെന്റില്‍ അയാളുടെ അപ്പനോടൊപ്പം യാത്രചെയ്യുന്ന കുഞ്ഞു റാണിയെ, സങ്കല്‍പിച്ചപ്പോള്‍ അയാള്‍ക്ക് കരച്ചില്‍വന്നു. സ്വന്തം മകളെക്കാള്‍ പ്രായം കുറഞ്ഞ ഒരു കുഞ്ഞിനെ കടത്തിക്കൊണ്ടുപോകാന്‍ അപ്പനു കഴിയുമെന്നു വിശ്വസിക്കുവാന്‍ അയാള്‍ക്കു പ്രയാസമായിരുന്നു. വെയില്‍തിളച്ചുനിന്ന തീവണ്ടിപ്പാളത്തിലൂടെ അയാളുടെ ചരക്കുവണ്ടി ധൃതിപ്പെട്ടു.  

സ്റ്റേഷനില്‍നിന്നും ആളുകളുടെ കണ്ണില്‍പ്പെടാതെ അവളെ ഹോട്ടല്‍മുറിയില്‍ എത്തിച്ച് രണ്ടു കട്ടിലുകളിലായി ഉറങ്ങാന്‍പോകുന്നതിനു മുന്‍പ് ദാനിയേല്‍ അഴകേശ്വരറാവു നല്‍കിയ നമ്പറില്‍ പലവട്ടം വിളിച്ചുനോക്കിയെങ്കിലും കിട്ടിയില്ല. നിരാശനായി തങ്ങള്‍ പറഞ്ഞ ദിവസംതന്നെ എത്തിയല്ലോ എന്ന് സമാധാനിച്ച് മംഗലാപുരത്തിന്റെ നിശാജീവിതം കണ്ടുകൊണ്ട് അയാള്‍ ജനാലയ്ക്കപ്പുറത്തെ ഇരുട്ടിലേക്ക് സിഗരറ്റുപുകയെ അലിയിച്ചുകൊണ്ടിരുന്നു.

..............................................................................................................................................................................

ചരക്കുവണ്ടിയുടെ ശബ്ദമുഖരിതമായ എന്‍ജിനില്‍ ദാനിയേല്‍ അവളെയും കൊണ്ട് ഒരു ദീര്‍ഘയാത്രയ്ക്കൊരുങ്ങി.

Bandhar Short Story by KN Prashanth

പിറ്റേന്ന് ഒരു പ്രധാനപ്പെട്ട ആളിനെ കാണാനുണ്ടെന്നുപറഞ്ഞ് അവളെയും കൊണ്ട് തുറമുഖത്തെ മീന്‍പിടുത്ത ബോട്ടുകളുടെ വിഷാദസ്വരങ്ങള്‍ക്കിടയിലൂടെ അലഞ്ഞെങ്കിലും റാവുവിനെ കണ്ടെത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. അയാളുടെ നമ്പറില്‍ വീണ്ടും വിളിച്ചുനോക്കി എങ്കിലും തലേന്നാളത്തേതു തന്നെയായിരുന്നു ഫലം. അഴകേശ്വരറാവു എന്ന പേരില്‍ സംശയമുണ്ടെങ്കിലും വെളുത്തു മെലിഞ്ഞ വെള്ളാരംകണ്ണുകളുള്ള ഒരു വൃദ്ധന്‍ തന്റെ കാണാതായ മകളെ അന്വേഷിച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് അവിടെ അലഞ്ഞിരുന്നതായി തുറമുഖത്തിനോളം പഴക്കമുള്ളവര്‍ ഓര്‍ത്തെടുത്തു. പക്ഷേ, കുറച്ചു വര്‍ഷങ്ങളായി അയാളെക്കുറിച്ച് യാതൊരു വിവരവും ഇല്ല. പ്രായംവച്ചു നോക്കുകയാണെങ്കില്‍ മരിച്ചിരിക്കാനാണ് സാധ്യത. അവരില്‍ ചിലര്‍ കണക്കുകൂട്ടുന്നുണ്ടായിരുന്നു. ഇരുട്ട് പടര്‍ന്ന് തുടങ്ങുംവരെ അവര്‍ അയാളെ തേടിനടന്നു. ശേഷം തുറമുഖത്തെ സിമന്റുബഞ്ചില്‍ വിളക്കുതൂണുകള്‍ക്കു താഴെ അവര്‍ അയാള്‍ക്കുവേണ്ടി കാത്തു. റാണിയെ താന്‍ കണ്ടെത്തുന്നതിനു ദിവസങ്ങള്‍ക്കുമുന്‍പ് താനും അയാളും ഒരു ഓട്ടോറിക്ഷയില്‍ ആ തുറമുഖത്ത് ഇറങ്ങിയതും നീര്‍ക്കിളികളുടെ ചലനങ്ങളിലേക്കു നോക്കി സംസാരിച്ചതും ദാനിയേല്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. അന്നു കണ്ടത് കുന്നിന്‍മുകളിലുള്ള തങ്ങളുടെ വീട്ടില്‍ ചില്ലിട്ടുവച്ച പടത്തില്‍ രണ്ടറ്റം പിരിച്ച കട്ടിമീശയ്ക്കുള്ളില്‍ ചിരി ഒളിപ്പിച്ചുവച്ച് ഗൗരവത്തിലിരിക്കുന്ന തന്റെ അപ്പനെത്തന്നെയായിരുന്നോ എന്ന് അയാള്‍ സംശയിച്ചു. പുതിയ ജീവിതത്തിലെ സ്വാതന്ത്ര്യവും കടലിന്റെ വന്യഭാവങ്ങളും പകര്‍ന്ന ആഹ്ലാദം സന്ധ്യാറാണിയെ പുതുക്കി ക്കൊണ്ടിരുന്നു. അവള്‍ ദാനിയേലിന്റെ അഭിരുചിക്കനുസരിച്ചുള്ള വസ്ത്രങ്ങള്‍ ധരിച്ച് സന്തോഷവതിയായി പറന്നു നടന്നു.

പ്രണയത്തില്‍മാത്രം സാധ്യമാകുന്ന ഒരു പ്രസരിപ്പ് അവളില്‍ നിറഞ്ഞുകൊണ്ടിരുന്നു. ദാനിയേല്‍ ഫോട്ടോയില്‍ കണ്ട കൗതുകമുള്ള കണ്ണുകള്‍ വീണ്ടും തെളിഞ്ഞു. ചോദ്യങ്ങള്‍ ചോദിച്ചു ശീലമില്ലാത്തതുകൊണ്ട് റാണി അയാളോട് ഒന്നും ചോദിക്കുകയോ സംശയഭാവം കാട്ടുകയോ ചെയ്തില്ല.

ഉടമ്പടിപ്രകാരം തിരികെ ഏല്‍പ്പിക്കേണ്ടുന്ന അന്ന് ഷിമോഗയിലെ ഒരു പഴയ ഹോട്ടല്‍മുറിയില്‍ വച്ചാണ്  താന്‍ അവളെ കണ്ടെത്തിയ കഥ ദാനിയേല്‍ റാണിയോടു പറയുന്നത്. അഴകേശ്വര റാവു എന്ന ആളെ അവിടെ ആര്‍ക്കും പരിചയം ഉണ്ടായിരുന്നില്ലെങ്കിലും ചൈല്‍ഡ് ട്രാഫിക്കിങ്ങിനെക്കുറിച്ച് എഴുതാന്‍ചെന്ന പത്രപ്രവര്‍ത്തകരാണെന്നു പറഞ്ഞപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് അവിടെനിന്നും മകളെ നഷ്ടപ്പെട്ട ദുഃഖത്താല്‍ തകര്‍ന്നുപോയ ഒരു കുടുംബത്തെക്കുറിച്ചുള്ള കഥകള്‍ അവരില്‍ ചിലര്‍ ഓര്‍ത്തെടുത്തു. അവിടത്തെ ഓടു മേഞ്ഞ വീടുകള്‍ക്കു മുകളില്‍ വൈകുന്നേരത്തെ മഞ്ഞ വെയില്‍ പരക്കുന്നതുവരെ അവര്‍ ആരെയോ കാത്തുനിന്നു. തിരികെ ഹോട്ടല്‍മുറിയില്‍ എത്തിയപ്പോള്‍ ദാനിയേലിന് തനിക്ക് ഭ്രാന്തിളകി എന്നുവരെ തോന്നി. തുറമുഖത്തുവച്ച് താന്‍ കണ്ട വൃദ്ധന്റെ മുഖം ഓര്‍ത്തെടുക്കാനാകാതെ കുഴങ്ങിയ ദാനിയേലിന് താന്‍ അയാളുടെ കയ്യില്‍ക്കണ്ട റാണിയുടെ ഫോട്ടോ ശരിക്കും താന്‍ കണ്ടതാണോ എന്നുപോലും സംശയമായി.

അഴകേശ്വര റാവു എന്നത് തന്റെ തോന്നലായിരുന്നോ എന്ന ഭ്രാന്തില്‍നിന്നും സന്ധ്യാറാണി തനിക്ക് ഇനി ഉപേക്ഷിക്കാന്‍ കഴിയാത്തവിധം ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു എന്ന തിരിച്ചറിവിലേക്ക് അയാള്‍ എത്തിയിരുന്നു. ചരക്കുവണ്ടിയുടെ ശബ്ദമുഖരിതമായ എന്‍ജിനില്‍ ദാനിയേല്‍ അവളെയും കൊണ്ട് ഒരു ദീര്‍ഘയാത്രയ്ക്കൊരുങ്ങി. ചുവപ്പുകള്‍ക്ക് മുന്നില്‍കാത്തുകിടന്നും പച്ചവെളിച്ചത്തില്‍കുതിച്ചും തങ്ങള്‍ക്കു വ്യക്തമല്ലാത്ത നിഗൂഢമായ ഭൂതകാലത്താല്‍ പിണഞ്ഞു കിടക്കുന്ന ജീവിതങ്ങളെ ഭാവിയിലേക്ക് തുറന്നുവിട്ട് തീവണ്ടിയുടെ യാത്രാതാളത്തിനൊത്തു ചലിക്കുന്ന ശരീരങ്ങളായി നിലയ്ക്കാത്ത യാത്ര ആരംഭിച്ചു. വെയിലില്‍പഴുത്തു തിളങ്ങുന്ന തീവണ്ടിപ്പാതകള്‍ അവര്‍ക്കു മുന്നില്‍ കാലുകള്‍ അകത്തി മലര്‍ന്നു കിടന്നു.

(ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം)
 

വാക്കുല്‍സവത്തില്‍
.....

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

Follow Us:
Download App:
  • android
  • ios