മുംബൈ മഹാനഗരത്തിലെ അഞ്ചാം നിലയിലുള്ള ഹോസ്റ്റല്‍ മുറിയിലെ മൂന്നുപേര്‍ക്കെങ്കിലും ഇരിക്കാവുന്ന ഒരു ജനാലപ്പടിയില്‍നിന്ന് മിന്നല്‍പ്പിണര്‍ പോലെ കണ്ടുമറഞ്ഞ കണ്ട മനുഷ്യരും ജീവിതങ്ങളും തന്റെ നിശ്ശബ്ദലോകത്തെ മാറ്റിത്തീര്‍ത്തതിനെ കുറിച്ച് ഒരു കുറിപ്പില്‍ പറയുന്നുണ്ട്, ചിത്ര കെ.പി. ആ ജനാലപ്പടി ഒരാകാശമായിരുന്നു. താഴെയുള്ള കാഴ്ചകള്‍ ഭൂമിയും. ഒരാകാശക്കീറു സ്വന്തമായുള്ള പക്ഷിയെപ്പോലെ, അവിടെയിരുന്ന് കണ്ടെടുത്ത ജീവിതങ്ങള്‍ കവിതയിലേക്ക് ഇറങ്ങിവരുന്നതിനെ കുറിച്ചും ചിത്ര എഴുതുന്നുണ്ട്. ചിത്രയുടെ കവിതയുടെ സൂക്ഷ്മമായ കാഴ്ചകള്‍ ചെന്നുനില്‍ക്കുന്നത് ഈയിടത്തുതന്നെയാണ്. കവിതയെഴുതുന്ന ഒരു ഡ്രോണ്‍. എന്നാല്‍, കവിതയിലെത്തുമ്പോള്‍ ഈ ആകാശപ്പക്ഷി അടയാളപ്പെടുത്തുന്നത് ലോകത്തിന്റെ വിദൂര, ഉപരിതല ദൃശ്യങ്ങളല്ല. പകരം, ജീവിതത്തിന്റെ, പ്രപഞ്ചത്തിന്റെ, ദേശങ്ങളുടെ ഏറ്റവും ആഴങ്ങള്‍ തൊടുന്ന, സൂക്ഷ്മമായ അടരുകള്‍ സ്പര്‍ശിക്കുന്ന കാഴ്ചകളാണ്. വാക്കു തീര്‍ന്നുപോവുമെന്ന് ഭയക്കുന്ന കുട്ടിയെപ്പോലെ കിട്ടിയതെല്ലാം വെച്ച് തീര്‍ക്കുന്ന കുഞ്ഞന്‍ലോകങ്ങളാണവ. 


അമാവാസി

ഇരുളിന്‍ തൊങ്ങലുകളെങ്ങും.

ഉപ്പുകൂനകളില്‍ നിന്നും
വെളിച്ചമിറങ്ങി വന്നു.
കടലില്‍
തിരയിളക്കം.

രണ്ട് പേര്‍
നിലാവില്‍
കൈകോര്‍ത്ത് നടക്കുന്നു.


മാതാകോവില്‍ 

ഞായറാഴ്ച.
ഊരിലെ കൂട്ടം മുഴുവന്‍
കോവിലിനുള്ളില്‍.

തറഞ്ഞു കിടക്കുന്നവനെ
കൂട്ടക്കാര്‍
നോക്കിയിരിക്കുന്നു,
അവര്‍ മുട്ട് കുത്തി നില്‍ക്കുന്നു
വചനങ്ങള്‍ കേള്‍ക്കുന്നു
ഒച്ചപ്പെരുക്കിയില്‍
പാട്ടൊഴുകുന്നു
അള്‍ത്താരയില്‍
മെഴുകുരുകും മണം.

പുറത്ത് മെഴുകുതിരി
വില്ക്കുന്ന കുട്ടി
കോവിലിന്
പുറം തിരിഞ്ഞിരിക്കുന്നു.

മെഴുതിരികളൊന്നിച്ച് വാങ്ങി 
ഒരുവന്‍ മടങ്ങുമ്പോള്‍
കടല്‍ രണ്ടായ് പിരിഞ്ഞത്
കണ്ട് രസിക്കുന്നു
ഏറെ നാളായ്
വിശപ്പിന്റെ ഉളിയേറ്റ്
പിടഞ്ഞ രണ്ട് ചെറുകണ്ണുകള്‍.

ചിത്രം 

മേഘക്കൂനകളാല്‍
വെളുത്ത ആകാശം;
ഉപ്പുകൂനകളാല്‍
വെളുത്ത ഭൂമി.

ഭൂമിയില്‍ നിന്ന്
ആകാശത്തേക്കുള്ളൊരിടവഴിയില്‍
പൊടുന്നനെ ഒരു മയില്‍.

കാന്‍വാസിന്റെ
വെള്ളയിലേക്ക്
നിറങ്ങളിറ്റ് വീഴുന്നു. 

നിറങ്ങള്‍
ഇറ്റ്
വീഴുന്നു.

 

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും