2019 -ലെ കേന്ദ്രസാഹിത്യ അക്കാദമി യുവസാഹിത്യപുരസ്കാരത്തിന് അര്‍ഹമായ കവിതാസമാഹാരമാണ് അനുജ അകത്തൂട്ടിന്‍റെ 'അമ്മ ഉറങ്ങുന്നില്ല'. ഈണവും താളവും ചോരാതെ തന്നെ ഭയപ്പാടിന്‍റെ, ആശങ്കകളുടെ, വേദനകളുടെ, അസ്വസ്ഥത നമ്മിലുണ്ടാക്കുന്ന എഴുത്തുകാരിയാണ് അനുജ. അനുജയുടെ കവിതകളിലത് ഉടനീളം തെളിഞ്ഞുനില്‍പ്പുണ്ട്. ഒരു താളത്തില്‍ വായിച്ചുപോകുമ്പോഴാണ് ഒരമ്മയില്‍ അവളുടേത് മാത്രമായ ചില വേദനപ്പെടലുകളില്‍ വായനക്കാരുടക്കി നിന്നുപോകുന്നത്. പിന്നീട് വായനയുടെ ഒടുക്കം വരെ ആ പൊള്ളലും വിങ്ങലും ഒരുപോലെ വായനക്കാരെ കീഴടക്കുന്നു.

 

അമ്മ ഉറങ്ങിയിട്ടില്ല, തുളുമ്പിയ
നെഞ്ചിലെ കൂടു ഞെരിഞ്ഞു പിടയവേ
ഇന്നിന്റെ മക്കള്‍ക്ക് തേനൂട്ടുവാന്‍
കനിഞ്ഞിന്നലെ നല്‍കിയ പാഥേയവും,
നിറസഞ്ചിയില്‍കാലച്ചുടല തന്‍ഭസ്മവും
വെണ്ണിലാവൂറ്റിയ ചന്ദനവും,
തന്റെ കണ്ണുനീരിറ്റിയ കുങ്കുമച്ചാറുമായ്
അമ്മ ഇറങ്ങിയതാണ്,
സ്വപ്‌നങ്ങള്‍തന്‍ചെഞ്ചായമിറ്റിയ
വണ്ടിയില്‍ക്കേറുവാന്‍...

 * * * 

തന്നെയാണമ്മ, വഴിതെറ്റിനിന്നിടാം
കൈസഞ്ചിയില്‍കത്തിവീണിടാം
വഴിക്കല്ലിന്റെ വേദനയേറ്റിടാം
എങ്കിലും അമ്മയിറങ്ങിയതാണ്
കുഞ്ഞുങ്ങള്‍ക്ക് തന്റെ മധുരം
പകര്‍ന്നു കൊടുക്കുവാന്‍...
 

* * * 

കണ്ടില്ലയമ്മതന്‍കുഞ്ഞുങ്ങളെ
“നിറസഞ്ചിയില്‍പാഥേയമുണ്ടെന്ന്
അമ്മതന്‍നെഞ്ചിലെ പാലാഴി വേണ’-
മെന്നോതുന്ന, പുഞ്ചിരി തൂകുന്ന
പൊന്നോമനകളെ...
കണ്ടതോ ഗര്‍ഭഗൃഹങ്ങള്‍
വെട്ടിപ്പൊളിച്ചിന്നിന്റെ ശൂലങ്ങളേറ്റി
ഭ്രൂണങ്ങളെ, തന്‍മതഭ്രാന്തിന്റെ
ചോരയിറ്റിക്കുന്ന, കാവിയുടുപ്പിച്ച
ഭ്രാന്തസ്വപ്‌നങ്ങളെ
പിന്നെ, വിശപ്പിന്റെ നഗ്നത മാറ്റുവാന്‍
തന്‍പിറന്നാളിന്റെ സമ്മാനമായ്
ശവപ്പട്ടും പുടവയും സൗജന്യമായ് നല്‍കി
വോട്ടുപിടിക്കുന്ന സ്വാര്‍ത്ഥമോഹങ്ങളെ-
എണ്ണയ്ക്കു നന്നായ് നിറഞ്ഞുകത്താന്‍
നിണക്കപ്പം കൊടുത്തു വിറയ്ക്കുമിറാഖിനെ...
മണ്ണിന്റെ പച്ചപ്പു കാര്‍ന്നുതിന്നാന്‍മുല-
ക്കണ്ണില്‍വിഷം തേയ്ക്കുമന്തകവിത്തിനെ.
കണ്ടു കണ്‍പൊത്തി, നഗരമധ്യത്തിലെ
ചെന്തീപ്പടര്‍പ്പില്‍തളര്‍ന്നുവീണങ്ങനെ
നെഞ്ചുപിളര്‍ന്നു കിടക്കയാണിന്നുമെന്നമ്മ
ഉറങ്ങിയിട്ടില്ല. ഉറങ്ങാതെ...

 

അമ്മ ഉറങ്ങുന്നില്ല- ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം ഇവിടെ വാങ്ങാം

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ