
കോഴിക്കോട്: യുവാവ് കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചു. കൂടരഞ്ഞി പൂവാറൻതോട് തുറുവേലിക്കുന്നേൽ ജോർജിന്‍റെ മകൻ അമൽ മാത്യു (24) ആണ് കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചത്. എറണാകുളത്ത് കേബിൾ ടി വി ഓപ്പറേറ്ററായി ജോലി ചെയ്യ്തു വരുകയായിരുന്നു. നല്ലളം പൊലിസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം പൂവാറൻതോട് സെന്‍റ് മേരിസ് പള്ളിയിൽ സംസ്കരിച്ചു. മാതാവ്: മേരി. സഹോദരൻ: മിലൻ.
അതേസമയം കഴിഞ്ഞ ദിവസം ദില്ലിയിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത റെയിൽവേ ട്രാക്കിൽ നിന്ന് മൊബൈൽ ഫോണിൽ വീഡിയോ പകർത്തുന്നതിനിടെ രണ്ടു യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു എന്നതാണ്. ദില്ലിയിലെ കാന്തി നഗർ ഫ്ലൈ ഓവറിനടുത്ത് വെച്ചാണ് യുവാക്കൾ ട്രെയിൻ തട്ടി മരിച്ചത്. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ വാൻ ശർമ്മ(23), സെയിൽസ് മാനായ മോനു(20) എന്നിവരാണ് മരിച്ചതെന്ന് ദില്ലി പൊലീസ് പറഞ്ഞു. ഫെബ്രുവരി 22നാണ് അപകടമുണ്ടായത്. ഇരുവരും റെയിൽവേ ട്രാക്കിൽ നിന്ന് ഷോർട്ട് ഫിലിം വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു. ഇതിനിടയിൽ ട്രാക്കിലൂടെ വന്ന ട്രെയിൻ തട്ടിയാണ് ഇരുവരും മരിച്ചത്. വൈകുന്നേരം പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതിനെ തുടർന്ന് റെയിൽവേയിലേക്ക് പൊലീസ് എത്തുകയായിരുന്നു. റെയിൽ വേ ട്രാക്കിൽ നിന്ന് രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെടുത്തതായി ദില്ലി പൊലീസ് പറഞ്ഞു. ട്രാക്കിൽ ഷോട്ട് ഫിലിം ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. യുവാക്കളുടെ മൃതദേഹം ജിടിബി ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റുകയും ചെയ്തു. സ്ഥലത്തു നിന്ന് ഇരുവരുടേയും മൊബൈൽ ഫോണുകൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഇരുവരും കാന്തി നഗറിൽ നിന്നുള്ളവരാണെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam