
കോഴിക്കോട്: തേങ്ങയുടെ വില കുതിച്ചുയർന്നതോടെ തോട്ടത്തിനും തേങ്ങാപുരയ്ക്കും കാവലിരിക്കേണ്ട അവസ്ഥയിലാണ് കർഷകർ. മോഷണം പതിവായതോടെ സുരക്ഷയ്ക്കായി കർഷക സേന രൂപീകരിച്ച് കാവലിരിക്കുകയാണ് കുറ്റ്യാടിയിലെ തോട്ടം ഉടമകൾ. തോട്ടത്തിൽ സിസിടിവി വെച്ചും, പ്രതിഷേധ പ്രകടനം നടത്തിയുമാണ് നാട്ടുകാരുടെ പ്രതിരോധം.
പച്ചതേങ്ങയ്ക്ക് കിലോയ്ക്ക് 85 രൂപയാണ് ചില്ലറ മാർക്കറ്റിലെ വില. രണ്ട് നല്ല തേങ്ങ പോയാൽ 100 രൂപയാണ് കർഷകന് നഷ്ടം. ഒരു കുല പോയാൽ ആയിരവും. മോഷണം തടയലാണ് തേങ്ങാ കർഷകർ നേരിടുന്ന പ്രതിസന്ധി. വില കുതിച്ചുയർന്നതോടെ നേരത്തെ നോട്ടം എത്താതെ കാട് പിടിച്ചു കിടന്ന തോട്ടങ്ങളിലെല്ലാം ഉടമസ്ഥർ എത്തുന്നുണ്ട്.
പെറുക്കി എടുക്കാൻ പോയിട്ട് പറിച്ചെടുക്കാൻ പോലും തേങ്ങ കാണുന്നില്ലെന്നാണ് പരാതി. ഒടുവിൽ സംഘടിച്ചു, പ്രതിഷേധിച്ചു. അപരിചിതരിൽ നിന്നും തേങ്ങ വാങ്ങരുതെന്ന് പൊലീസ് കച്ചവടക്കാർക്ക് നിർദേശം നൽകിട്ടുണ്ട്. സംശയം തോന്നിയാൽ വിവരങ്ങൾ ശേഖരിക്കാനും പൊലീസിൽ അറിയിക്കാനും നിർദേശമുണ്ട്.