ജിഷയോടും പ്രതിഷേധക്കാരോടും ചെയ്തത്; അതെ,  അത്ര മോശമൊന്നുമല്ല നമ്മുടെ പൊലീസ്!

By കെ.പി റഷീദ്First Published May 9, 2016, 11:20 AM IST
Highlights

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഡിജിപി സെന്‍ കുമാറും പറഞ്ഞത് ശരിയാണ്. അത്ര മോശമൊന്നുമല്ല നമ്മുടെ പൊലീസ്! എവിടെ ഇടപെടണമെന്നും എവിടെ കണ്ണടയ്ക്കണമെന്നും അവര്‍ക്ക് നന്നായി അറിയാം. ആരെ ഉപദ്രവിക്കരുതെന്നും ആരെ ഉപദ്രവിക്കണമെന്നും അവരെ ആരും പഠിപ്പിക്കേണ്ടതില്ല. സംശയമുള്ള നിഷ്‌കളങ്കര്‍ക്കുള്ള മറുപടി ഈ ചിത്രങ്ങളാണ്. ഇന്നലെ പെരുമ്പാവൂരില്‍  പൊലീസ് നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റു ആശുപത്രിയിലായ യുവതീയുവാക്കളുടെ അവസ്ഥ കാണുക.

ഇവര്‍ ചെയ്ത കുറ്റം
ഇങ്ങനെ തല്ലിച്ചതയ്ക്കാന്‍ ഇവരാരും ക്രിമിനലുകളല്ല. സ്വന്തം ജോലിയും തിരക്കുകളും മാറ്റി വെച്ച് ഒരനീതിയെ ചോദ്യം ചെയ്യാന്‍ ജനാധിപത്യ രീതിയില്‍ പ്രതിഷേധ പ്രകടനം നടത്തിയ സാമൂഹ്യ പ്രവര്‍ത്തകര്‍. ജിഷ എന്ന ദലിത് പെണ്‍കുട്ടി ക്രൂര ബലാല്‍സംഗത്തിനു ശേഷം  നിര്‍ദ്ദയം കൊല്ലപ്പെട്ട സംഭവത്തില്‍  ആവുന്നത്ര കണ്ണടച്ച പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു എന്നത് മാത്രമാണ് ഇവര്‍ ചെയ്ത കുറ്റം. പൊലീസ് സ്‌റ്റേഷനുകള്‍ ആക്രമിച്ച് സ്വന്തക്കാരായ പ്രതികളെ ഇറക്കിക്കൊണ്ടുപോയ രാഷ്ട്രീയ പ്രവര്‍ത്തകരും നേതാക്കളുമുള്ള നാടാണിത്. അന്നേരമൊക്കെ അവര്‍ക്കു മുന്നില്‍ വിനീത വിധേയരായി ഇളിച്ചു നിന്ന അതേ പൊലീസു പടയാണ് പെട്ടെന്നു ക്രമസമാധാനപാലനത്തില്‍ ശുഷ്‌കാന്തി കയറി, സമാധാനപരമായി  ജനാധിപത്യ രീതിയില്‍ ന്യായമായ ഒരു കാര്യത്തിനായി പ്രതിഷേധിച്ചവരെ തല്ലിച്ചതച്ചത്. രാവിലെ പെരുമ്പാവൂര്‍ ടൗണില്‍ വാഹന തടസം സൃഷ്ടിച്ചെന്നാരോപിച്ചും പോലീസ് സമരക്കാരെ മര്‍ദിച്ചിരുന്നു. 

പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ഓഫീസിന് മുന്നിലായിരുന്നു ജസ്റ്റിസ് ഫോര്‍ ജിഷ എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തിയത്. അവരുടെ പ്രധാന ആവശ്യങ്ങള്‍ ഇവയായിരുന്നു:

കേസില്‍ തെളിവുകള്‍ നശിപ്പിച്ച കുറുപ്പംപടി സി.ഐയെ കേസന്വേഷണത്തില്‍ നിന്നും മാറ്റിനിര്‍ത്തുക.

ജിഷയുടെ അമ്മ രാജേശ്വരി വധഭീഷണി അടക്കമുള്ള പരാതികള്‍ നല്‍കിയിട്ടും നടപടിയെടുക്കാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ  നടപടിയെടുക്കുക.

പ്രതിഷേധത്തില്‍ പങ്കെടുത്ത സ്ത്രീകളും ട്രാന്‍സ് ജെന്‍ഡേഴ്‌സും അടക്കമുള്ളവരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. ലാത്തിചാര്‍ജില്‍ പരിക്കേറ്റ  ഐശ്വര്യ ദിയ, സുജാ ഭാരതി, തസ്‌നി ഭാനു, നിമ്മി, ഷാന്‍, അതുല്‍, എന്നിവര്‍ ആശുപത്രിയിലായി. പ്രതിഷേധക്കാരില്‍ ചിലരൊക്കെ അറസ്റ്റിലായി. അവരോട് പൊലീസ് ചെയ്തത് എന്തെന്ന് അറിയാന്‍  സമരപ്രവര്‍ത്തകയായ ഹസ്‌ന ഷാഹിദ ഒരു ഓണ്‍ലെന്‍ പോര്‍ട്ടലിനോട് പറഞ്ഞത് വായിക്കുക:

'രണ്ടാമതും അതിക്രൂരമായ ആക്രമണമാണ് പോലീസ് നടത്തിയത്. സമരം നടത്തിവരികയായിരുന്ന ഞങ്ങളെ അറസ്റ്റു ചെയ്യുകയാണെന്ന് ഡി.വൈ.എസ്.പി വന്നു പറഞ്ഞു. തുടര്‍ന്ന്  പോലീസുകര്‍ ഇരമ്പിക്കൊണ്ട് ഞങ്ങളെ ആക്രമിക്കുകയും വലിച്ചിഴച്ച് പോലീസ് വാഹനത്തില്‍ കയറ്റുകയും ചെയ്തു. പോലീസ് വാഹനത്തില്‍ വെച്ചായിരുന്നു തുടര്‍ന്ന് ആക്രമണം. വനിതാ  പോലീസുകാര്‍ സീറ്റിനടിയിലേയ്ക്ക് ചവിട്ടിക്കൂട്ടി  ഞങ്ങളെ ലാത്തികൊണ്ട് ഇടിച്ചു. മായാ കൃഷ്ണനെ നെഞ്ചത്തിടിച്ചു. ഞങ്ങളുടെ മുതുകിലും പുറത്തും അതിശക്തമായി മര്‍ദ്ദിച്ചു. സ്ത്രീകളുടെ മുലയില്‍ പിടിച്ച് ഞെരിച്ചു. ട്രാന്‍സ് ജെന്‍ഡേഴ്‌സിനെ അസഭ്യം പറയുകയും 'പെണ്‍ വേഷം കെട്ടി വന്നിരിക്കുകയാണ് അല്ലേടാ' എന്ന് ആക്രോശിക്കുകയും ചെയ്തു.

സമരവുമായി ബന്ധപ്പെട്ട് ഡി.വൈ.എസ്.പിയോട് സംസാരിച്ചതിന്റെ ഞെട്ടിക്കുന്ന അനുഭവം ഹസ്‌ന ഷാഹിദ ഫേസ്ബുക്കില്‍ എഴുതിയത് കൂടി വായിക്കുക. പൊലീസ് മേലാളന്‍മാര്‍ എങ്ങനെയാണ് ഈ പ്രതിഷേധങ്ങളെയും പ്രതിഷേധക്കാരെയും കാണുന്നത് എന്ന് ഈ പോസ്റ്റ് വ്യക്തമാക്കുന്നു:

'ഞങ്ങള്‍ ഇവിടെ നില്‍ക്കുന്നത് ഓരോ പെണ്ണും അര്‍ഹിക്കുന്ന നീതി ചോദിച്ചിട്ടാണ്.. വിഷയത്തില്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനാരാണോ അയാളോടാണ് ഞങ്ങള്‍ക്ക് സംസാരിക്കേണ്ടത്.

ഡി.വൈ.എസ്.പി : നിങ്ങളോടോക്കെ സംസാരിക്കാന്‍ എസ്.പി വരികയൊന്നുമില്ല. വേറെ പണികളുണ്ട്.
കൂട്ടത്തിലാരോ: നിങ്ങളുടെ വീട്ടിലെ സ്ത്രീകള്‍ക്ക് കൂടി വേണ്ടിയാണ് സമരം നടക്കുന്നത്
ഡി.വൈ.എസ്.പി : ഞങ്ങളുടെ വീട്ടിലെ പെണ്ണുങ്ങളുടെ കാര്യം നോക്കാന്‍ ഞങ്ങള്‍ക്കറിയാം.
ആരോടാണ് ഈ പോലീസുകാര്‍ സംസാരിക്കുക? അവരോട് കാര്യങ്ങള്‍ അന്വേഷിക്കാന്‍, പ്രതിഷേധമുയര്‍ത്താന്‍ ആര്‍ക്കൊക്കെ അര്‍ഹതയുണ്ട്? ദലിതരായ, പുറമ്പോക്കിലുള്ള, ഭൂമിയില്ലാത്ത, പോലീസുകാരായ ബന്ധുകളില്ലാത്ത പെണ്ണുങ്ങളുടെ കാര്യം ആരാണ് നോക്കുക? ആരുടെ നീതിയാണ് ഇവര്‍ നടപ്പിലാക്കുന്നത്?

ജിഷയുടെഅമ്മയെ ആശ്വസിപ്പിക്കാന്‍ രോഹിത് വെമുലയുടെ അമ്മ എത്തിയപ്പോള്‍

പൊലീസ് ചെയ്ത കുറ്റങ്ങള്‍
എന്തു കൊണ്ടാണ് ഈ അനുഭവം? പൊലീസിനെ ഇത്രയും പ്രകോപിച്ചത് എന്താണ്? സംശയം വേണ്ട, നീതി നടപ്പാക്കേണ്ട ബാധ്യതയുള്ള  പെരുമ്പാവൂര്‍, കുറുപ്പംപടി സി.ഐമാര്‍ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ജിഷ കേസില്‍ നടത്തിയ കൊള്ളരുതായ്മകളെയും ക്രൂരമായ നിസ്സംഗതകളെയും അന്വേഷണത്തെ അട്ടിമറിക്കുന്ന വിധത്തില്‍ നടത്തിയ ഉദാസീനതകളെയും ചോദ്യം ചെയ്യാന്‍ മുതിര്‍ന്നു എന്നത് തന്നെയാണ് അത്. കഴിഞ്ഞ 10 ദിവസത്തിലേറെയായി കേരളം ഏറ്റവുമധികം ചര്‍ച്ച ചെയ്ത ഒന്നായിരുന്നു ഈ കേസില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച. എന്നാല്‍, ഇതിനെതിരെ രോഷാകുലരായ രാഷ്ട്രീയ നേതാക്കളോ മാധ്യമങ്ങളോ ഈ അവസ്ഥയ്ക്ക് കാരണക്കാരായ പൊലീസ് ഉദ്യാഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടേയില്ല. ഇത്ര ഗൗരവകരമായ നിയമലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ചര്‍ച്ച ഉയര്‍ന്നില്ല. ഫേസ്ബുക്കിലൂടെ ഉടനടി നീതി ഉറപ്പുവരുത്താന്‍ കച്ച കെട്ടിയിറങ്ങിയ ഡിജിപിയും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാനല്ല മുതിര്‍ന്നത്, നട്ടാല്‍ മുളക്കാത്ത ന്യായങ്ങള്‍ പറഞ്ഞ് പൊലീസ് വീഴ്ച ന്യായീകരിക്കാനാണ്. അന്വേഷണം അട്ടിമറിക്കുന്ന രീതിയില്‍ അനാസ്ഥ കാണിച്ച പൊലീസ് ഉന്നതരെ ശിക്ഷിക്കുമെന്ന് പറയാനല്ല, അവരെ അടക്കം ന്യായീകരിക്കാനായിരുന്നു തെരഞ്ഞടുപ്പ് കാലമായിട്ടു കൂടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ തിരക്ക്.

എന്തൊക്കെയാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴചകള്‍? അത് ഈ കേസ് അന്വേഷണത്തെ ബാധിക്കുന്നത് എങ്ങനെയാണ്? അക്കാര്യം കൂടി അറിഞ്ഞാല്‍ ഈ വെപ്രാളത്തിന്റെ അര്‍ത്ഥം പിടികിട്ടും. പൊലീസിന് എതിരായി സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ഉയര്‍ന്ന പ്രധാന ആരോപണങ്ങള്‍ ഇവയാണ്: 

1.ഏപ്രില്‍ 28ന് വൈകിട്ടാണ് ജിഷ കൊല്ലപ്പെടുന്നത്.  29ന് വൈകിട്ട് മൂന്നേ കാലിനാണ് എഫ്‌ഐആര്‍ തയ്യാറാക്കിയത്. അതില്‍ ബലാല്‍സംഗ കുറ്റം-സെക്ഷന്‍  376 -ചേര്‍ത്തില്ല . പിന്നീട് അത് എഴുതിച്ചേര്‍ക്കുകയായിരുന്നു. 30ന് കോടതിയില്‍ എഫ്‌ഐആര്‍ നല്‍കി. കേരള കെമിക്കോ ലീഗല്‍ എക്‌സാമിനേഷന്‍ റൂള്‍ പ്രകാരമുള്ള അന്വേഷണം പൊലീസ് നടത്തിയില്ല. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ വൈകി. അതിലും അനാസ്ഥയും അശ്രദ്ധയും ഉണ്ടായി.

2. ഏറ്റവും ഗുരുതരമായ വിഷയം ജിഷയുടെ ശരീരത്തില്‍നിന്ന് ഉമിനീരും സ്രവവും പുരുഷബീജവും ശേഖരിക്കുന്നതില്‍ പൊലീസ് വീഴ്ചവരുത്തി എന്നതാണ്.

ബലാല്‍സംഗത്തിന് ഇരയാകുന്ന സ്ത്രീകള്‍ മരിച്ചാലും ഇല്ലെങ്കിലും ആദ്യം ചെയ്യേണ്ടത് പുരുഷബീജം ശേഖരിക്കലാണ്. ഇത് 12 മണിക്കൂറിനുള്ളില്‍ ചെയ്യണം. വൈകിയാല്‍ ബീജത്തിന്റെ ഘടന മാറി ഡിഎന്‍എ പരിശോധനാ സാധ്യത അടയും.

ജിഷയുടെ കഴുത്തിന്റെ രണ്ടു വശത്തും ചെവിയിലും കടിയേറ്റ പാടുകളുണ്ട്. ഇതില്‍നിന്ന് പ്രതിയുടെ ഉമിനീരിന്റെ അംശം കണ്ടെടുത്താല്‍ വലിയ തെളിവാകും. എന്നാല്‍, ഇത് ശേഖരിച്ചില്ല.

ഈ 12 മണിക്കൂര്‍ സമയപരിധി അറിയുന്ന പൊലീസ് രണ്ട് മണിക്കൂര്‍ വൈകി 14 മണിക്കൂറിനു ശേഷമാണ് മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയത്. ഇതിനിടയില്‍ സ്രവങ്ങള്‍ ശേഖരിക്കാന്‍ ഫോറന്‍സിക് ഉദ്യോഗസ്ഥരെ പൊലീസ് അയച്ചിട്ടേയില്ല. ഇത് ശാസ്ത്രീയമായ തെളിവുകള്‍ ലഭിക്കാതിരിക്കുക എന്നതായിരുന്നു ഇതിന്റെ ഫലം.

3. മൃതദേഹം അടക്കം ചെയ്താല്‍ മതിയെന്ന് നിര്‍ബന്ധം പിടിച്ചിട്ടും പൊലീസ് തിരക്കു പിടിച്ച് ദഹിപ്പിച്ചതായി ജിഷയുടെ അമ്മ ആവര്‍ത്തിക്കുന്നു. തിരിച്ചറിയാത്ത മൃതദേഹമാണെങ്കില്‍ പോലും ഒരു മാസം പൊലീസ് സൂക്ഷിക്കും. എന്നാല്‍, ഇത്ര ഗുരുതരമായ ഒരു കേസ് ആയിട്ടു കൂടി പൊലീസ് അത് ചെയ്തില്ല. മറിച്ച് മൃതദേഹം ധൃതിപ്പെട്ട് ദഹിപ്പിച്ചു.

4. അതിക്രൂരമായ കൊലപതകമാണെന്ന കാര്യം പൊലീസിന് തുടക്കത്തിലേ മനസ്സിലായതാണ്. എന്നിട്ടും പോലീസ് മാധ്യമങ്ങളില്‍ നിന്നും പൊതു ജനങ്ങളില്‍ നിന്നും ഇക്കാര്യം മറച്ചു വെക്കാന്‍ ശ്രമിച്ചു. ഇതാണ് തുടക്കത്തില്‍ മാധ്യമ ശ്രദ്ധ ലഭിക്കാതിരിക്കാന്‍ കാരണം. ഇത് കൊലപാതകമാണോ എന്ന് ഉറപ്പിച്ചിട്ടില്ല എന്ന മട്ടിലുള്ള വിവരങ്ങളും പൊലീസ് മാധ്യമങ്ങള്‍ക്ക് നല്‍കി. പൊലീസ് പറയുന്നത് മാത്രം വാര്‍ത്തയാവുന്ന നടപ്പു മാധ്യമപ്രവര്‍ത്തനരീതിയെ സ്വതാല്‍പ്പര്യത്തിന് അനുസരിച്ച് ഉപയോഗിക്കുകയായിരുന്നു പൊലീസ്.

5. ക്രിമിനല്‍ നടപടി നിയമം 174 പ്രകാരം  ഇന്‍വെസ്റ്റിഗേഷന്റെ ഭാഗമാണ് പോസ്റ്റ് മോര്‍ട്ടം.അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അത് നടക്കേണ്ടത് .അപ്പോള്‍ തന്നെ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുകയും വേണം. അങ്ങനെ ഒന്നും ഉണ്ടായില്ല. അസ്വാഭാവിക മരണമാണെങ്കില്‍ ആര്‍ ഡി ഒയെ അറിയിക്കുകയും ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടി ക്രമങ്ങള്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ നടത്തുകയും വേണമെന്ന ചട്ടം പാലിച്ചില്ല.

6. പോസ്റ്റ് മോര്‍ട്ടം നടത്തുമ്പോള്‍ പോലീസ് സര്‍ജന്റെ സാന്നിധ്യം ഉണ്ടായില്ല. അലക്ഷ്യമായാണ് ഇത് കൈകാര്യം ചെയ്തത്.

7. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടാന്‍ കാത്തിരിക്കുകയാണ് എന്ന് പറഞ്ഞ് വിലയേറിയ രണ്ടു ദിവസങ്ങള്‍ പാഴാക്കി.

8. സംഭവ ദിവസം ദിവസം തന്നെ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അയച്ചിരുന്നു. എന്നാല്‍, ഇതില്‍ സുപ്രധാനമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയില്ല. അപ്രധാനമായ ഒരു കേസായി ഇതിനെ അവഗണിക്കാന്‍ പൊലീസിന്റെ ഈ നടപടി ഇടയാക്കി.  

9. വലിയ തൊണ്ടിയായി പൊക്കി കൊണ്ടുവരുന്ന ചെരുപ്പ് കണ്ടെടുത്തത് രണ്ടാം തിയ്യതിയാണ് .അതായതു നാല് ദിവസം കഴിഞ്ഞ്.

10. ജിഷയുടെ അമ്മയെ ബൈക്ക് ഇടിച്ചതുമായി ബന്ധപ്പെട്ടു നാട്ടുകാരായ ചിലരുമായി നേരത്തെ തര്‍ക്കമുണ്ടായിരുന്നു. കേസ് പിന്‍വലിച്ചു ഒത്തു തീര്‍പ്പാക്കാന്‍ അവര്‍ ശ്രമിച്ചെങ്കിലും ജിഷ അതിനു വഴങ്ങിയില്ല എന്നും അതിന്റെ പേരില്‍ അവരില്‍ ചിലര്‍ക്ക് വൈരാഗ്യമുണ്ടായിരുന്നു എന്നും ജിഷയുടെ ചേച്ചിയും ആന്റിയും പറയുന്നു . 'നിങ്ങള്‍ പട്ടികജാതിക്കാരല്ലേ , നിങ്ങളെ അങ്ങ് കൊന്നു കളഞ്ഞാലും ആരും ചോദിക്കാന്‍ വരില്ല എന്നും അവര്‍ പറഞ്ഞതായി പറയുന്നു'. ഇക്കാര്യം അറിയിച്ചിട്ടും പൊലീസ് നടപടി എടുത്തിട്ടില്ല.

11.ജിഷയുടെ  അമ്മ റൂറല്‍ എസ്.പി മുമ്പാകെ നല്‍കിയ പരാതി അവഗണിക്കുകയായിരുന്നു. തങ്ങളുടെ ജീവന് ഭീഷണി ഉണ്ടെന്നു കാണിച്ചു  2014 മെയ് 17ന് ജിഷയുടെ അമ്മ നല്‍കിയ പരാതിയില്‍ എഫ് ഐ ആര്‍ ഇട്ടില്ല. ഈ പരാതിയില്‍ പട്ടികജാതി, പട്ടിക വര്‍ഗക്കാര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള ആക്റ്റ് പ്രകാരം കേസെടുത്തില്ല.

ഫോട്ടോ: ജോസ് മോഹന്‍


പൊലീസ് വീഴ്ചകളുടെ വില
ഈ വീഴ്ചകളുടെയെല്ലാം വില ഏറെ വലുതായിരുന്നു. ജിഷ കൊല്ലപ്പെട്ട് 12 ദിവസം കഴിഞ്ഞിട്ടും പൊലീസ് ഇരുട്ടില്‍ തപ്പുന്നത് ഈ വീഴ്ചകള്‍ കാരണമാണ്. ഒരര്‍ത്ഥത്തില്‍ ജിഷയ്ക്ക് ഈ ക്രൂരമായ വിധി വന്നതും, നേരത്തെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് നല്‍കിയ പരാതി പൊലീസ് അവഗണിച്ചതായിരുന്നു. ആ അര്‍ത്ഥത്തില്‍ പോലീസിന്റെ ഈ നടപടികളെ വെറും വീഴ്ച എന്നു പറഞ്ഞ് തള്ളിക്കളയാന്‍ പറ്റില്ല. ഇക്കാര്യം അന്വേഷിച്ച പൊലീസ് ഉന്നതര്‍ക്കും ആഭ്യന്തര മന്ത്രിക്കു തന്നെയും എളുപ്പം ബാധ്യമാവുന്ന കാര്യമാണിത്.

എന്നിട്ടും, കുറ്റകരമായ അനാസ്ഥയും നിയമവിരുദ്ധ പ്രവൃത്തികളും നടത്തിയ പൊലീസ് ഉദ്യോഗര്‍സ്ഥര്‍ക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. അവര്‍ക്കെതിരായി ഒരന്വേഷണം പോലും നടന്നില്ല. പകരം ആഭ്യന്തര മന്ത്രിയും ഡിജിപിയും അടക്കം ഈ സംഭവങ്ങളെയെല്ലാം മറച്ചു വെച്ച് പൊലീസിനെ ന്യായീകരിക്കുകയാണ് ചെയ്തത്. ജിഷയുടെ കൊലക്കേസ് ആദ്യം അന്വേഷിച്ച കുറുപ്പംപടി സി.ഐയെ കേസന്വേഷണത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ പോലും തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടെന്ന് ആവര്‍ത്തിക്കുമ്പോഴും അതിന് ഉത്തരവാദികളായ ആളുകള്‍ക്കെതിരെ നടപടി വേണമെന്ന കാര്യത്തില്‍ മാധ്യമങ്ങളോ പ്രതിപക്ഷമോ മറ്റ് സംഘടനകളോ ഇടപെട്ടിട്ടുമില്ല. ഈ അവസ്ഥയിലാണ് ഇന്നലെ 'ജസ്റ്റിസ് ഫോര്‍ ജിഷ' കൂട്ടായ്മയുടെ പ്രതിഷേധം ഉയരുന്നത്. വ്യക്തമായ ആവശ്യങ്ങളാണ് അവര്‍ മുന്നോട്ടു വെച്ചത്. ഇതു തന്നെയാണ് പൊലീസിനെ പ്രകോപിച്ചതും.  

ഫോട്ടോ: ജോസ് മോഹന്‍
 

എന്തുകൊണ്ട് ഈ 'പൊലീസ് കണ്ണടയ്ക്കല്‍'
സത്യത്തില്‍ എന്തു കൊണ്ടാണ് കേസില്‍ പൊലീസ് കുറ്റകരമായ ഈ  അനാസ്ഥ കാണിച്ചത് എന്ന ചോദ്യം പ്രസക്തമാവുന്നത് ഈ സാഹചര്യത്തിലാണ്.  അതിന്റെ ഉത്തരങ്ങളിലേക്ക് പോവുമ്പോള്‍ എത്തിപ്പെടാനാവുന്നത് നമ്മുടെ സമൂഹത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്ന പൊതുബോധത്തിലേക്കാണ്. ആ പൊതുബോധം പൊലീസുകാരെ പ~ിപ്പിക്കുന്ന കുറേ പ്രവര്‍ത്തന മാതൃകകളുണ്ട്. വലിയവരുടെ പരാതികള്‍ കാര്യമായി എടുക്കുകയും ആര്‍ക്കും വേണ്ടാത്ത, പുറമ്പോക്കില്‍ കഴിയുന്ന, ദലിത് ആദിവാസി വിഭാഗങ്ങളില്‍ പെട്ടവരുടെ പരാതികളെ തള്ളിക്കളയുകയും ചെയ്യുക എന്നതാണ്  ഇവിടെ നിലനില്‍ക്കുന്ന ആ പൊലീസ് രീതി. ജിഷ അവസാനം പറഞ്ഞ വിഭാഗത്തില്‍ പെട്ട ഒരാളായിരുന്നു. പുറമ്പോക്കു ഭൂമിയില്‍ താമസിക്കുന്ന ദരിദ്രയായ, ദലിത് ആയ ഒരുവള്‍. അങ്ങനെ ഒരുവള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടാല്‍, കൊല്ലപ്പെട്ടാല്‍ അതിന് കൊടുക്കേണ്ട ഒരു വിലയുണ്ട്. ആ വിലയേ പൊലീസ് ഇവിടെയും കൊടുത്തിട്ടുള്ളൂ. ചുമ്മാ ചെന്ന് അന്വേഷിക്കുക. പേരിന് ഒരു എഫ്.ഐ.ആര്‍ നേരംകിട്ടുന്ന മുറയ്ക്ക് തയ്യാറാക്കുക. എങ്ങനെയെങ്കിലും പോസ്റ്റ് മോര്‍ട്ടം ചെയ്യുക. പറ്റുമെങ്കില്‍ അന്വേഷണ സാധ്യതകള്‍ക്ക് വിരാമമിടുക. മാധ്യമ പ്രവര്‍ത്തകര്‍  പതിവു പോലെ വിശേഷം അന്വേഷിച്ച് വിളിക്കുമ്പോള്‍ 'ഓ, ഏതോ പെണ്ണ് ചത്തിട്ടുണ്ട്' എന്ന മട്ടില്‍ മറുപടി നല്‍കുക.

ഇത് ജിഷയുടെ കാര്യത്തില്‍ മാത്രം സംഭവിച്ചതല്ല. ജിഷയുടെ സാമൂഹ്യ പദവിയിലുള്ള അനേകം മനുഷ്യരുടെ കാര്യത്തില്‍ കാലങ്ങളായി പൊലീസ് ചെയ്തുവരുന്നത് ഇതാണ്. അത് പെരുമ്പാവൂര്‍ പൊലീസ് സ്‌റ്റേഷനില്‍ മാത്രമല്ല, കേരളത്തില്‍ എമ്പാടുമുള്ള പൊലീസ് സ്‌റ്റേഷനുകളില്‍ സ്ഥിരം നടക്കുന്നതാണ്. ഇതൊന്നും ആരും ചോദ്യം ചെയ്യാറില്ല. ബന്ധപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ പ്രതിഷേധമായോ അടക്കിപ്പിടിച്ച അമര്‍ഷമായോ അതങ്ങ് തീരും. വല്ല ലോക്കല്‍ പേജിലും യുവതി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു എന്നൊരു രണ്ടു കോളം വാര്‍ത്തയും, രണ്ടുനാള്‍ കഴിഞ്ഞ് 'പൊലീസ് വീഴ്ചയെന്ന് ബന്ധുക്കള്‍' എന്ന ഒരു കോളം വാര്‍ത്തയോ വന്നാലായി. ഈ പ്രവര്‍ത്തന രീതി തന്നെയാണ് ജിഷയുടെ കൊലപാതക കേസിലും പൊലീസ് ചെയ്തത്. അവര്‍ നല്‍കിയ വിവരങ്ങള്‍ വെച്ച് മാധ്യമങ്ങള്‍ ചെയ്തത്. 

ഈ നടപ്പുരീതി തെറ്റിപ്പോയത്, പൊലീസോ പ്രാദേശിക മാധ്യമപ്രവര്‍ത്തകരോ ആലോചിക്കാത്ത മറ്റൊരു വഴിക്കാണ്.  ജിഷയുടെ കൊലപാതകം അതിക്രൂരമായിരുന്നു. അത്രയേറെ പരിക്കുകളാണ് ആ മൃതദേഹത്തില്‍ ഉണ്ടായിരുന്നത്. ക്രൂര ബലാല്‍സംഗത്തിനു ശേഷം സംഭവിച്ച കൊലപാതകം. ആ വിവരം പുറത്തുവന്നതോടെയാണ് ദില്ലി കൂട്ട ബലാല്‍സംഗ കേസുമായി ഒരു ലിങ്ക് ചില മാധ്യമങ്ങള്‍ക്കെങ്കിലും ബോധ്യമാവുന്നത്. ആ ഒരാംഗിള്‍ ആണ് എല്ലാം മാറ്റിമറിച്ചത്. ദില്ലിയിലെ പോലെ പ്രതിഷേധം അണപൊട്ടേണ്ട ഒരു സംഭവമാണ് ഇതെന്ന ആംഗിളിലേക്ക് മാധ്യമങ്ങള്‍ മാറി. ദില്ലി പ്രതിഷേധത്തിന് കാരണമായ ഓണ്‍ലൈന്‍ ലോകത്തും ഈ ആംഗിള്‍ അതിവേഗം കത്തിപ്പിടിച്ചു. ജിഷയുടെ കൊലപാതകത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ കേരളവും രാജ്യവും ഞെട്ടുന്ന ഒരവസ്ഥ ഉണ്ടായി. മാധ്യമങ്ങളും പിന്നീട് ഈ ഗൗരവം തിരിച്ചറിഞ്ഞു. തെരഞ്ഞെടുപ്പ് കാലത്തെ് ഇത്തരമൊരു സംഭവം നടക്കുന്നതിന്റെ സാദ്ധ്യതകള്‍ രാഷ്ട്രീ കക്ഷികള്‍ക്കും ബോധ്യമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ഇടപെടുന്ന നിര്‍ണായക വിഷയമായി ഇതു മാറിയത്  അങ്ങനെയാണ്.

വെറുതെ ആലോചിക്കുക, ജിഷയുടെ  കൊലയാളി ഇത്രയേറെ ക്രൂരത കാണിച്ചിരുന്നില്ലെങ്കില്‍, ആ ഉടലില്‍ ഇത്രയേറെ മുറിവുകള്‍ ഇല്ലായിരുന്നുവെങ്കില്‍ എന്താവുമായിരുന്നു അവസ്ഥ? സമാനമായി കേരളത്തില്‍ നടക്കുന്ന, നടന്ന അനേകം ക്രൂരമായ സംഭവങ്ങള്‍ പോലെ ഇതും ഒതുങ്ങിയേനെ. ജിഷയുടെ അരുംകൊലയുടെ പശ്ചാത്തലത്തില്‍,  പിന്നീടുള്ള ദിവസങ്ങളില്‍ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ അവതരിപ്പിച്ച അനേകം ബലാല്‍സംഗ വാര്‍ത്തകള്‍ക്ക് എന്തു പറ്റി എന്നു നോക്കിയാല്‍ ഇത് കൂടുതല്‍ വ്യക്തമാവും. അവയെല്ലാം അതിവേഗം നമ്മുടെ മറവിയിലേക്ക് മറയുകയാണ്. ആ മനുഷ്യര്‍ ഇന്നനുഭവിക്കുന്ന പീഡനങ്ങള്‍ എവടെയും രേഖപ്പെടുത്തുന്നേയില്ല. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സമാനമായ ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയ മറ്റനേകം ഇരകളുടെ അതേ തലവിധി.

ദലിത്, ആദിവാസി അവസ്ഥ
വെറുതെ പറയുന്നതല്ല, പട്ടികജാതി, പട്ടിക വര്‍ഗക്കാര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം നടപ്പാക്കുന്നതില്‍ കേരളം കാണിക്കുന്ന കുറ്റകരമായ അനാസ്ഥ ഇതിനുള്ള തെളിവായുണ്ട്. പ്രതികള്‍ക്ക് ജാമ്യം പോലും കിട്ടാത്ത ഈ നിയമപ്രകാരം കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടു പോവുന്ന ദലിതര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും നീതി ലഭിക്കുന്നില്ലെന്ന് പരസ്യമായി പറഞ്ഞത്  സംസ്ഥാന പട്ടികജാതി -പട്ടികവര്‍ഗ കമീഷന്‍ ചെയര്‍മാന്‍ ജസ്. പി.എന്‍ വിജയകുമാറാണ്. അദ്ദേഹം പറയുന്ന കാര്യങ്ങളിലെ വസ്തുത വ്യക്തമാവാന്‍ ഈ കണക്കുകള്‍ നോക്കുക. 2000 മുതല്‍ 2013 വരെ എസ്‌സിഎസ്ടി ആക്ട് പ്രകാരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 7,367 കേസുകളാണ്. ഇവയില്‍ നേര്‍ പകുതിയാണ് കോടതികളില്‍ എത്തിയത്‌വെറും 3,685 കേസുകള്‍. അതില്‍ ശിക്ഷിക്കപ്പെട്ടതോ 237 കേസുകള്‍.

12 വര്‍ഷത്തെ കണക്കുകള്‍ എടുത്താല്‍, ആദിവാസികള്‍ക്ക് എതിരായി നടന്ന 1205 കേസുകളില്‍ 688 എണ്ണം മാത്രമാണ് കുറ്റ പത്രം നല്‍കുന്ന ഘട്ടത്തില്‍ എങ്കിലും എത്തിയത്. അതില്‍ തന്നെ  463 കേസുകള്‍ ഏതൊക്കെയോ തരത്തില്‍ ഒഴിവാക്കപ്പെട്ടു.  717 കേസുകള്‍ കോടതിയില്‍ എത്തിയെങ്കിലും 54 എണ്ണത്തില്‍ മാത്രമാണ് വിചാരണയ്ക്കു ശേഷം പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. 663 കേസുകളില്‍ പ്രതികളെ വെറുതെ വിട്ടു.

ഒരു വ്യാഴവട്ടത്തിനിടെ, കേരളത്തില്‍ പട്ടിക ജാതി വിഭാഗക്കാര്‍ക്കെതിരായി നടന്ന 5798 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2907 കേസുകളില്‍ ചാര്‍ജ് ഷീറ്റുണ്ടായി.  കോടതിയില്‍ എത്തുംമുമ്പ് ഇവയില്‍ ഒഴിവാക്കപ്പെട്ടത്  2718 കേസുകളാണ്. 181 കേസുകളില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. ഈ അവസ്ഥയ്ക്ക് പ്രധാന കാരണം, അന്വേഷണ ഉദ്യോഗസ്ഥര്‍ ഇത്തരം കേസുകളോട് പുലര്‍ത്തുന്ന മനുഷ്യവിരുദ്ധതയാണ്. എസ്‌സിഎസ്ടി ആക്ട് ചുമത്താന്‍ ആവശ്യപ്പെട്ടാലും മിക്ക സ്‌റ്റേഷനുകളിലുമുള്ള ഉദ്യോഗസ്ഥര്‍ അതിനു തയ്യാറാവില്ല. മിക്കപ്പോഴും ദലിത്, ആദിവാസി സംഘടനകള്‍ പ്രതിഷേധവുമായി ഇറങ്ങിയാലാണ് ആക്ട് ചുമത്താനെങ്കിലും പൊലീസ് തയ്യാറാവുക. കേസ് എടുത്താല്‍ പോലും അലക്ഷ്യമായാവും അന്വേഷിക്കപ്പെടുക. കോടതിക്കു മുന്നില്‍ എത്തിയാലും തെളിവുകളുടെയും മറ്റും അഭാവത്തില്‍ പ്രതികള്‍ക്ക് എളുപ്പം രക്ഷപ്പെടാനുമാവും. എസ്‌സി എസ്ടി ആക്ടിനെ നിര്‍വചിക്കുന്നതിലും മറ്റുമുള്ള അവ്യക്തതകള്‍ മൂലം പലപ്പോഴും കോടതികള്‍ പോലും പ്രതികള്‍ക്ക് അനുകലമായ നിലപാട് എടുക്കുന്ന അവസ്ഥയുമുണ്ട്. ദലിത് വിഭാഗക്കാര്‍ക്കെതിരായ കേസുകളില്‍ എസ്‌സി എസ്ടി ആക്ട്  പരിഗണിക്കണമെങ്കില്‍, ദലിത്, ആദിവാസി വിഭാഗക്കാര്‍ ആയതിനാലാണ് ആ കുറ്റകൃത്യം സംഭവിച്ചത് എന്ന് ബോധ്യമാവണം എന്നാണ് ഒരു കേസില്‍ കേരള ഹൈക്കോടതി കുറച്ചുമുമ്പ് പറഞ്ഞത്.

അടച്ചുറപ്പുള്ളതും അല്ലാത്തതുമായ വീടുകളില്‍, ഓരങ്ങളില്‍ കഴിയുന്ന ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്കു നേരെ നടക്കുന്ന ക്രൂരതകളെ നമ്മുടെ പൊതുസമൂഹം എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന ഞെട്ടിക്കുന്ന വസ്തുതയാണ്  ജിഷയുടെ മരണം നമ്മോട് പറയുന്നത്. സത്യത്തില്‍ അതാണ് കേരളം കണ്‍തുറന്നു കാണേണ്ടത്. ജിഷയുടെ കൊലയാളി പിടിയിലാവുക, പ്രതികള്‍ ശിക്ഷിക്കപ്പെടുക എന്നതിനപ്പുറം, ഇതേ വിധി അനുഭവിക്കുന്ന, അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഒരു ജനതയ്ക്ക് ഇനിയെങ്കിലും ഈ അവസ്ഥ ഉണ്ടാവാതെ നോക്കാനാണ് നടപടി ഉണ്ടാവേണ്ടത്. അതിലായിരിക്കണം സമൂഹമെന്ന നിലയില്‍ നമ്മുടെ ശ്രദ്ധ പതിയേണ്ടത്. വാര്‍ത്തയാവാതെ പോയ മറ്റനേകം ജിഷമാരുടെ പൊള്ളിക്കുന്ന അവസ്ഥകള്‍ കാണാനുള്ള കണ്ണാണ് തുറക്കേണ്ടത്. ദലിതരുടെയും ആദിവാസികളുടെയും പരമദരിദ്രരായ മറ്റ് വിഭാഗക്കാരുടെയും പരാതികളെ ചവറ്റുകൊട്ടയിലിടുന്ന പൊലീസ് നാട്ടുനടപ്പ് മാറ്റാനുള്ള നടപടികള്‍ക്കാണ് കേരളം തുടക്കമിടേണ്ടത്. ഇങ്ങനെയാണ് പൊലീസ് തെറ്റു തിരുത്തേണ്ടത്. മാധ്യമങ്ങള്‍ തെറ്റു തിരുത്തേണ്ടത്. സ്വന്തം പൊതുബോധത്തില്‍ ലയിച്ചു ചേര്‍ന്ന സ്ത്രീവിരുദ്ധതയെയും ആദിവാസി വിരുദ്ധതയെയും മനുഷ്യവിരുദ്ധതയെയതും തിരിച്ചറിയാനും തിരുത്താനുമുള്ള നടപടികളാണ് പൊതുസമൂഹത്തില്‍നിന്നും ഉണ്ടാവണ്ടേത്.

click me!