ബി.ജെ.പിയും സിപിഎമ്മും ഒരേ ശ്വാസത്തില്‍ യോഗയെ ആഘോഷിക്കുന്നതിന് പിന്നിലെന്ത്?

By Web DeskFirst Published Jun 30, 2016, 9:37 AM IST
Highlights

രാഷ്ട്രീയ-സാമൂഹ്യ അടിത്തറ ദുര്‍ബ്ബലപ്പെടുമ്പോഴെല്ലാം കക്ഷിരാഷ്ട്രീയത്തിന്റെ പൂരപ്പറമ്പില്‍ ആളെക്കൂട്ടാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പല പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. പക്ഷെ കേന്ദ്ര-സംസ്ഥാനഭരണം കൈയ്യാളുന്ന, തീര്‍ത്തും വിപരീതമായ രണ്ട് രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്ന രണ്ട് കക്ഷികള്‍ ഒരേ മുദ്രാവാക്യം ഒരേ ആവേശത്തോടെ ഏറ്റെടുത്ത മറ്റൊരു രാഷ്ട്രീയമുഹൂര്‍ത്തമില്ല. മഹാഭാഗ്യം വന്നിരിക്കുന്നത് പതഞ്ജലിക്കും യോഗക്കുമാണ്. അതില്ലെങ്കില്‍ ഇനി ജീവിതമില്ലെന്ന് പറയുന്നില്ലെന്നേയുള്ളു. പക്ഷെ യോഗദര്‍ശനത്തെ കായികാഭ്യാസമാക്കുന്ന ഇക്കളിയില്‍ യോഗയും പതഞ്ജലിയും ഇടതുപക്ഷവും തോല്‍ക്കുകയാണെന്ന ആധികാരികമായ പ്രഖ്യാപനങ്ങള്‍ വലിയ ചരിത്രകാരന്‍മാരില്‍ നിന്നുമുണ്ടാകുന്നു. 

ആചാര്യമതം അനുസരിച്ചൊരു പാരമ്പര്യമുറ ശീലിപ്പിക്കുന്നുവെന്ന ന്യായവുമായി ഇടതുപക്ഷത്തിന്റെ മാര്‍ഷല്‍ അക്കാദമി ഇപ്പോഴും യോഗാഭ്യാസം തുടരുകയാണ്. സി.പി.എമ്മിന് ഇതൊരു മൂന്നുമാസക്കോഴ്‌സാണ്. ഫിസിലൊരു ചെറിയവിഹിതം സംസ്ഥാനക്കമ്മിറ്റിയിലേക്കും ചെല്ലുമെന്നാണ് അറിവ്. 

കേന്ദ്ര-സംസ്ഥാനഭരണം കൈയ്യാളുന്ന, തീര്‍ത്തും വിപരീതമായ രണ്ട് രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്ന രണ്ട് കക്ഷികള്‍ ഒരേ മുദ്രാവാക്യം ഒരേ ആവേശത്തോടെ ഏറ്റെടുത്ത മറ്റൊരു രാഷ്ട്രീയമുഹൂര്‍ത്തമില്ല. 

അവകാശപ്പെടാന്‍ ദേശീയപ്രസ്ഥാനത്തിന്റെ വീരചരിതങ്ങളില്ലാത്ത ബി.ജെ.പി, പാരമ്പര്യമെന്ന സെന്റിമെന്റ്‌സിനെ വസൂലാക്കാന്‍ ദേശീയാടിസ്ഥാനത്തില്‍ യോഗയെ ഏറ്റെടുത്തു. മധ്യവര്‍ഗ്ഗത്തിന്റെ സമ്മര്‍ദ്ദങ്ങളെ സുഖപ്പെടുത്തുന്‍ ഒരൊറ്റമൂലി, കൂട്ടത്തില്‍ അച്ചടക്കവും ശീലിപ്പിച്ചെടുക്കാം. ഹിന്ദുത്വയുടെ ശാഖാസംസ്‌കാരത്തിനും ഗുണകരമാവും. അടിസ്ഥാനവര്‍ഗ്ഗത്തിനുവേണ്ടി ശൗചാലയത്തിന്റെ പദ്ധതി വേറെയുണ്ട്. അടിസ്ഥാനവര്‍ഗ്ഗം വിസര്‍ജ്ജിക്കട്ടെ, മധ്യവര്‍ഗ്ഗം ആസനാനന്തരം സുഖം വരിക്കട്ടെ എന്നൊരപകട ധ്വനി കേന്ദ്രസര്‍ക്കാരിന്റെ പ്രചാരണപരിപാടികളിലുണ്ട്. സ്ഥിരം സുഖം ആസനം അതാണ് ശരിയായ വ്യാഖ്യാനം.

യോഗയെന്ന തെരഞ്ഞെടുപ്പിനു പിന്നിലെ കാരണങ്ങള്‍ തീര്‍ത്തും യുക്തിഭദ്രമാണ്. മുദ്രാവാക്യങ്ങളും വിപ്ലവ ഗാനങ്ങളും വായ്ത്താരികളും നാടകങ്ങളും കര്‍മ്മപരിപാടികളും വായനശാലകളുംകൊണ്ട് ഇടതുപക്ഷം പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിച്ച പഴയ അടിസ്ഥാനവര്‍ഗ്ഗത്തിന്റെ രണ്ടും മൂന്നും തലമുറകളുടെ ജീവിതം മാറി. 

രാത്രിയിലെ അത്യാഗ്രഹവും സുപ്രഭാതത്തിലെ കസര്‍ത്തും. പതിയെ ഒരു ഹെല്‍ത്ത് സിന്‍ഡ്രത്തിലേക്ക് വീഴുന്ന മധ്യവര്‍ഗ്ഗത്തിന്റെ അരാഷ്ട്രീയതക്കുള്ള മരുന്നായി യോഗ രാഷ്ട്രീയവത്കരിക്കപ്പെടുകയാണ്.  

ദളിതരെന്ന് ഗണിക്കപ്പെട്ട ചില സമുദായങ്ങളെങ്കിലും സാമ്പത്തികമായി ഉയര്‍ന്നു. രക്തസമ്മര്‍ദ്ദത്തിലാണ്ടുപോയ മധ്യവര്‍ഗ്ഗത്തിന്റെ പ്രതിനിധികളായി മാറിയ ചെറുതല്ലാത്തൊരു വിഭാഗം വീട്ടിലിരുന്ന് ശശികലടീച്ചറുടെ പ്രസംഗം കേട്ടുപ~ിക്കുകയാണ്. സാമ്പത്തികമായും രാഷട്രീയമായും നിര്‍ണ്ണായകമായ മറ്റൊരു വിഭാഗത്തിന് ഇനി വേണ്ടതൊരു സുഖചികിത്സയാണെ് തോന്നിപ്പിക്കു സാമൂഹ്യലക്ഷണങ്ങളാണ് ചുറ്റും. 

രാത്രിയിലെ അത്യാഗ്രഹവും സുപ്രഭാതത്തിലെ കസര്‍ത്തും. പതിയെ ഒരു ഹെല്‍ത്ത് സിന്‍ഡ്രത്തിലേക്ക് വീഴുന്ന മധ്യവര്‍ഗ്ഗത്തിന്റെ അരാഷ്ട്രീയതക്കുള്ള മരുന്നായി യോഗ രാഷ്ട്രീയവത്കരിക്കപ്പെടുകയാണ്.  എന്തെന്നാല്‍ ഒരു തലമുറയുടെ രാഷ്ട്രീയബോധത്തിന്റെ നിലവാരം മാറുമ്പോള്‍ ഇടതുപക്ഷത്തിനും ജൈവപച്ചക്കറികൊണ്ടുമാത്രം പിടിച്ചുനില്‍ക്കാനാവില്ലെന്നായി. അങ്ങനെ കൃഷിയിലൂടെ ജൈവപച്ചക്കറിയും യോഗയിലൂടെ ആത്മശാന്തിയും കൊടുക്കാവുന്ന ഒരു നിലയിലേക്ക് ഇടതുപക്ഷവും പുരോഗമിച്ചു. 

ഇടതുപക്ഷം യോഗയേറ്റെടുത്താലുള്ള അപകടമെന്തെറിയാന്‍, ഇന്നാഘോഷിക്കപ്പെടുന്ന യോഗയുടെ വലിയ പൊള്ളത്തരവും കച്ചവടവും കൂടിയറിയണം. പതഞ്ജലിയുടെ യോഗസൂത്രവും ടി. കൃഷ്ണമാചാര്യയുടെ അഷ്ടാംഗവിന്യാസ യോഗചര്യയും തുടന്ന് കെ. ബി.എസ് അയ്യങ്കാരുടെ യോഗാസനങ്ങളും തമ്മിലുള്ള വ്യത്യാസമെന്തെന്നും അറിയണം. വാസ്തവത്തില്‍ ശരിയായ യോഗയെന്നാലെന്ത് എന്നെങ്കിലുമറിഞ്ഞിരിക്കണം. 

കാലത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം പാരമ്പര്യമുള്‍പ്പടെയുള്ള പുതിയ വിഷയങ്ങളെ ഇടതുപക്ഷ സമരങ്ങളുടെ ഭാഗമാക്കാനുള്ള ശ്രമമാണിതെന്ന ബൗദ്ധികന്യായമാണ് ഇടതുപക്ഷത്തിനെങ്കില്‍ ആ  ന്യായം  ആശയപരമായി ഇവിടെ പൊളിയും. ഹിന്ദുത്വക്ക് പക്ഷെ അതിലും ഭയക്കാനൊന്നുമില്ല. 

ഇടതുപക്ഷം യോഗയേറ്റെടുത്താലുള്ള അപകടമെന്തെറിയാന്‍, ഇന്നാഘോഷിക്കപ്പെടുന്ന യോഗയുടെ വലിയ പൊള്ളത്തരവും കച്ചവടവും കൂടിയറിയണം.

ആശയത്തിലും പ്രയോഗത്തിലും ഇന്നാഘോഷിക്കപ്പെടുന്ന യോഗ ഒരന്തര്‍ദ്ദേശീയ കച്ചവടതാത്പര്യത്തിന്റെ ഭാഗമാണെന്നുവരുമ്പൊഴാണ് ഇടതുപക്ഷം പിന്നെയും തോല്‍ക്കുന്നത്. പ്രധാനമന്ത്രിയുടെ യു.എന്‍. പ്രഭാഷണം കഴിഞ്ഞ് ഏറ്റവും വേഗത്തില്‍ 175 സ്ഥിരാംഗങ്ങളുടെ പിന്തുണയോടെയാണ് യോഗയെ യു.എന്‍ ആദരിച്ചത്. അതിന് ഹെഡ്ഗവാറിന്റെ ജന്മദിനം  ജൂണ്‍ 21 എന്ന ദിവസം തെരഞ്ഞെടുത്തത് ബി.ജെ.പിയുടെ പൈതൃക ദാരിദ്ര്യമല്ലാതെ മറ്റെന്ത്. അഞ്ച് സഹസ്രാബ്ദത്തിന്റെ പഴമയാണാദരിക്കപ്പെട്ടതെന്ന അഭിമാനബോധവുമായി ബി.ജെ.പി യോഗയെ ദേശസാല്‍ക്കരിച്ചു. പക്ഷെ ദേശസാല്‍ക്കരിക്കപ്പെട്ടത് പതഞ്ജലിയുടേതല്ല, പത്തൊന്‍പതാം നൂറ്റാണ്ടിനൊടുവിലാരംഭിച്ച അയ്യങ്കാരുടെ കായികാഭ്യാസമാണെന്നു യു.എന്‍. അറിഞ്ഞില്ല.

ലോകമൊട്ടാകെ ആഘോഷിക്കപ്പെടുന്നത് ഇന്ത്യന്‍ പാരമ്പര്യമല്ലെന്ന് കാര്യവിവരമുള്ളവരാരും പറഞ്ഞില്ല, അറിഞ്ഞില്ല. പോളിറ്റ്ബ്യൂറോ പോയിട്ട് വി.എസ് പോലുമറിഞ്ഞില്ല. പക്ഷെ തമ്മില്‍ഭേദം ഷൈലജടീച്ചറായിരുന്നു.

മോട്ടിവേഷന്‍ ഗുരുക്കന്‍മാരുടെ വിജയമന്ത്രങ്ങളും ജീവിതവിജയത്തിനുള്ള കൈപ്പുസ്തകങ്ങളുമായി യാഥാര്‍ത്ഥ്യത്തെ നേരിടുന്ന സമൂഹത്തിന് പതഞ്ജലിവഴങ്ങില്ലെറിയുന്ന രാഷ്ട്രീയബുദ്ധി യോഗയെ പത്തൊന്‍പതാം നൂറ്റാണ്ടിലൊതുക്കി. പതഞ്ജലിയില്‍ നിന്നും അയ്യങ്കാരിലേക്ക്, അവിടുന്ന് ബാബ രാംദേവിലേക്ക്. 

ഇതിലൂടെ യോഗയെന്ന അര്‍ത്ഥവത്തായ ഒരിന്ത്യന്‍ പൈതൃകം വ്യാപകമായി തെറ്റിദ്ധരിപ്പിക്കപ്പെടുകയാണ്. അതിലൂടെ മധ്യവര്‍ഗ്ഗത്തിനിണങ്ങുന്ന ചേതമില്ലാത്ത ഒരാത്മീയതയും വ്യക്തിപരതയും വളരുന്നുവെന്ന നിരീക്ഷണങ്ങള്‍ നേരത്തെയാരംഭിച്ചു. യോഗദര്‍ശനം പൂര്‍ണമായും വിസ്മരിക്കപ്പെട്ടു. അതിന്റെ ശരീരമുറകള്‍ ആഘോഷിക്കപ്പെട്ടു.  രാഷ്ട്രവും ദേശസ്‌നേഹവും അതിനായുള്ള സൈനിക-സദ്ധതയുമുള്‍പ്പെടുന്ന ഹിന്ദുത്വസങ്കല്‍പ്പങ്ങളുടെ ഒരു മുഖവുരയാകുന്ന ദൗത്യം പതിയെ യോഗയുടേതായി മാറുന്നു. 

ലോകമൊട്ടാകെ ആഘോഷിക്കപ്പെടുന്നത് ഇന്ത്യന്‍ പാരമ്പര്യമല്ലെന്ന് കാര്യവിവരമുള്ളവരാരും പറഞ്ഞില്ല, അറിഞ്ഞില്ല. പോളിറ്റ്ബ്യൂറോ പോയിട്ട് വി.എസ് പോലുമറിഞ്ഞില്ല. പക്ഷെ തമ്മില്‍ഭേദം ഷൈലജടീച്ചറായിരുന്നു.

ജനപ്രിയതക്കുവേണ്ടിയുളള തരംഗങ്ങള്‍ ശരിയായ പ്രശ്‌നങ്ങളെ വലിയൊരളവില്‍ മറച്ചുവക്കും. അതുകൊണ്ടുതന്നെ യോഗയുടെ മതനിരപേക്ഷത നിലനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധമൈന്ന് വിശ്വസിക്കുന്ന ഇടതുപക്ഷത്തിനേറ്റെടുക്കാന്‍ ഇന്ത്യന്‍സാഹചര്യത്തില്‍ യോഗയല്ലാതെ മറ്റെന്തൊക്കെ പ്രശ്‌നങ്ങളാണുള്ളതെന്ന ചോദ്യങ്ങളുയരുന്നു. മധ്യവര്‍ഗ്ഗത്തിനൊരു കുമ്പസാരക്കൂട് പണിഞ്ഞാല്‍ കിട്ടുന്നതിലുമധികം രാഷ്ട്രീയ-പിന്തുണ ലഭിക്കാവുന്ന പ്രശ്‌നങ്ങളിനിയില്ലെന്ന ഒത്തുതീര്‍പ്പിലേക്ക് ഇടതുപക്ഷവുമെത്തുന്നുവെന്ന ആക്ഷേപങ്ങളുയരുന്നു. 

ആദിവാസിയും പരിസ്ഥിതിയും ദളിതനും ഭൂരഹിതനും മലിനികരണവും വിഷം കലര്‍ന്ന ഭക്ഷണവും തൊഴിലില്ലായ്മയും കൃഷിയും കുടിവെള്ളവും വെടിക്കെട്ടും എഴുള്ളിപ്പുമുള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ക്കില്ലാത്ത പരിഗണന ഇടതുപക്ഷം യോഗക്കുനല്‍കുമ്പോള്‍ അതര്‍ഹിക്കുന്ന പരിഗണനയോടെ പരിശോധിക്കപ്പെടേണ്ടതുണ്ട്. പകരം പദ്ധതികളില്ലേയെന്ന പുനരാലോചന പോലും വേണ്ടതുണ്ട്. 

മധ്യവര്‍ഗ്ഗത്തിനൊരു കുമ്പസാരക്കൂട് പണിഞ്ഞാല്‍ കിട്ടുന്നതിലുമധികം രാഷ്ട്രീയ-പിന്തുണ ലഭിക്കാവുന്ന പ്രശ്‌നങ്ങളിനിയില്ലെന്ന ഒത്തുതീര്‍പ്പിലേക്ക് ഇടതുപക്ഷവുമെത്തുന്നുവെന്ന ആക്ഷേപങ്ങളുയരുന്നു. 

click me!