ഒരുപക്ഷേ, മറ്റാരോടും പങ്കുവെക്കാനാവാത്ത, മറ്റാരും കേള്‍ക്കാനില്ലാത്ത സങ്കടങ്ങളുടെ നിറഞ്ഞൊഴുകല്‍ കൂടിയാവാം ആ കണ്ണീര്‍. അത്തരം മനുഷ്യരെ കണ്ടുനില്‍ക്കുമ്പോള്‍ തോന്നും, ദൈവമൊന്നിറങ്ങി വന്ന് അവരെയൊന്നു ചേര്‍ത്തുപിടിച്ച് 'ഇല്ലില്ല, ഇത്ര കണ്ണീരൊഴുക്കാനുള്ള പാപമൊന്നും നിന്റെ നേര്‍ത്ത ഹൃദയത്തിലില്ല..!' എന്നു പറഞ്ഞിരുന്നെങ്കില്‍!

ഒരിക്കല്‍, രാജസ്ഥാനില്‍ താരാഗര്‍ മലയുടെ അടിവാരത്തിലുള്ള അജ്മീര്‍ ദര്‍ഗാശരീഫിന്റെ മുറ്റത്തു നില്‍ക്കുകയായിരുന്നു ഞാന്‍.

പെട്ടെന്ന്, ആള്‍ക്കൂട്ടത്തില്‍നിന്നും ഒരു ഉമ്മ എന്നെ വന്നു തൊട്ടുവിളിച്ചു. ആ സാധുവിന്റെ ആവശ്യം ചെറുതായിരുന്നു, അവര്‍ക്ക് അല്ലാഹുവിനൊരു കത്തെഴുതണം. അത് ഞാന്‍ എഴുതിക്കൊടുക്കണം!

അജ്മീര്‍ ദര്‍ഗ കത്തുകളുടെ കൂടി ഇടമാണ്. ജീവിതത്തിന്റെ ഒടുങ്ങാത്ത നൊമ്പരങ്ങള്‍ ആളുകള്‍ എഴുതും. വിലാസമില്ലാതെ അവ ദര്‍ഗയുടെ ചുമരുകളില്‍ പതിച്ചുവെയ്ക്കും. ഒപ്പം വര്‍ണ്ണനൂലുകളും കെട്ടും. കത്തെഴുതി വെക്കുകയോ വര്‍ണ്ണനൂല്‍ കെട്ടുകയോ ചെയ്താല്‍ ഏത് ആഗ്രഹവും സഫലമാകുമെന്നാണു വിശ്വാസം. അക്ബര്‍ ചക്രവര്‍ത്തി മുതല്‍ അമിതാഭ് ബച്ചന്‍വരെ ദര്‍ഗയുടെ ഈ ദിവ്യത്വത്തില്‍ വിശ്വസിച്ചവരാണ്. മോയിനുദീന്‍ ചിസ്തിയെന്ന സൂഫിവര്യന്‍ ഉറങ്ങുന്ന ഈ മണ്ണിലേക്ക്, ആഗ്രഹങ്ങളുടെ നൂലിഴയുമായി ദിവസവും ഒന്നരലക്ഷം പേരാണ് എത്തുന്നത്!

പെട്ടെന്ന്, ആള്‍ക്കൂട്ടത്തില്‍നിന്നും ഒരു ഉമ്മ എന്നെ വന്നു തൊട്ടുവിളിച്ചു.

വെണ്ണക്കല്ലില്‍ തീര്‍ത്ത കുറേയേറെ കെട്ടിടങ്ങളാണ് അജ്മീര്‍ ദര്‍ഗ. സദാ ചുറ്റും പാട്ടും പ്രാര്‍ത്ഥനയും.

ഗായക സംഘങ്ങള്‍...

ഒഴുകിപ്പരക്കുന്ന ജനത്തിന് നടുവില്‍ വെറും മണ്ണില്‍ കിടന്നുരുണ്ട് ഭിക്ഷ യാചിക്കുന്നവര്‍...

പല പല കച്ചവടക്കാര്‍, ചെരുപ്പ് കാക്കുന്നവര്‍, കല്‍ക്കണ്ടവും പട്ടും റോസാപ്പൂക്കളും വില്‍ക്കുന്നവര്‍. അങ്ങനെയങ്ങനെ ഏതു പാതിരയിലും ഇവിടം ഉണര്‍ന്നിരിക്കുന്നു.

ദര്‍ഗാവളപ്പിന്റെ ഒത്ത നടുവിലാണ് മൊയ്‌നുദീന്‍ ചിസ്തിയുടെ ഖബറിടം. അതിനു ചുറ്റുമുള്ള വഴികളിലെല്ലാം ആഗ്രഹങ്ങളുടെ ആയിരമായിരം വര്‍ണ്ണനൂലുകള്‍ കെട്ടിനിറച്ചിരിക്കുന്നു, വിശ്വാസികള്‍. വെറും നിലത്തിരുന്നു ആഗ്രഹങ്ങളുടെ സാഫല്യത്തിനായി കരഞ്ഞു പ്രാര്‍ഥിക്കുന്നവര്‍, ദിവസങ്ങളായി ഭജനയിരിക്കുന്നവര്‍, ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തി കേഴുന്നവര്‍അധികവും സ്ത്രീകളാണ്.

കത്തെഴുതി ദര്‍ഗയുടെ ചുമരില്‍ പതിച്ചശേഷം ഒരു സ്ത്രീ തറയില്‍ കുമ്പിട്ട് എങ്ങലടിച്ചു കരയാന്‍ തുടങ്ങി. ഞാന്‍ അവരുടെ കത്ത് വായിച്ചുനോക്കി: ഇനിയുമൊരു ആണ്‍കുട്ടി പിറന്നില്ലല്ലോ എന്നതാണ് അവരുടെ സങ്കടം. 'എവിടെയുമെന്നത് പോലെ വിശ്വാസത്തിലും പ്രധാന ഇര പെണ്ണാണല്ലോ' എന്ന സങ്കടത്തോടെ ഞാന്‍ അവരെ നോക്കിനിന്നു.

എന്റെ കൈ വിറച്ചു. എന്താണ് ഞാനതില്‍ എഴുതുക?

അപ്പോഴാണ് ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് നീട്ടിപ്പിടിച്ച കടലാസുമായി മറ്റൊരു ഉമ്മ എന്നെ വന്നു തൊട്ടത്. ഉമ്മയുടെ കണ്ണുകള്‍ നനഞ്ഞിരുന്നു. അവ്യക്തമായി അവരെന്നോട് പറഞ്ഞത് മനസ്സിലാക്കാന്‍ നന്നേ ബുദ്ധിമുട്ടേണ്ടി വന്നു.

ആ ഉമ്മയുടെ മകന് ജോലിയൊന്നുമില്ല. അതുകൊണ്ട് അവന് ഉമ്മയെ കൂട്ടിക്കൊണ്ടു പോയി കൂടെ താമസിപ്പിക്കാന്‍ കഴിയുന്നില്ല. ഉമ്മ ഒരകന്ന ബന്ധുവിന്റെ വീട്ടിലാണ് വര്‍ഷങ്ങളായി. ഇപ്പോള്‍ ഉമ്മയ്ക്ക് തീരെ വയ്യ, അതിന്റെ നീരസങ്ങള്‍ ബന്ധുവീട്ടുകാര്‍ കാണിക്കുന്നു. മകന് നല്ല ശമ്പളമുള്ള ജോലി കിട്ടിയാലെ അവന്‍ വന്ന് ഉമ്മയെ കൊണ്ടുപോകൂ. അവന് ജോലികിട്ടാനായി അല്ലാഹുവിനൊരു കത്തെഴുതണം.

ചങ്കില്‍നിന്നു ചീന്തിയെടുത്തതുപോലെ, ഒരു മുഷിഞ്ഞ കടലാസുകഷണം ഉമ്മ എനിയ്ക്കു നേരേ നീട്ടി. എന്റെ കൈ വിറച്ചു. എന്താണ് ഞാനതില്‍ എഴുതുക?

മുന്നില്‍ മകന്‍ ജനിക്കാന്‍ കരയുന്ന ഒരുമ്മ. പിന്നില്‍ വളര്‍ന്നു വലുതായ മകനെയൊന്നു കാണാന്‍ കരയുന്ന ഉമ്മ. മനുഷ്യമോഹങ്ങളുടെ വൈരുധ്യമോര്‍ത്തു ഞാന്‍ ഉലഞ്ഞു നിന്നു.

ജീവിതത്തില്‍ അന്നോളം തോന്നാത്ത അപരിചിതത്വം എനിക്ക് ആ നിമിഷം വാക്കുകളോട് തോന്നി. ആ ഉമ്മയ്ക്ക് മകനൊപ്പം പോകാനായി ഞാന്‍ ദൈവത്തിനൊരു കത്തെഴുത്തുമ്പോള്‍ അതെങ്ങനെ തുടങ്ങണം? ഏതു ഭാഷയിലാവണമത്? അതിന്റെ തുടക്കവും ഒടുക്കവും ഔപചാരികമാവണോ? അതോ, വളരെ പ്രിയപ്പെട്ട ഒരാള്‍ക്ക് എന്നവണ്ണം സ്‌നേഹപൂര്‍ണ്ണമായാല്‍ മതിയോ? തീരാത്ത സംശയങ്ങള്‍...

ആ ഉമ്മയുടെ സങ്കടം പകര്‍ത്താന്‍ പഠിച്ചുവെച്ച ഹിന്ദിയും ഇംഗ്ലിഷും പോരാ എന്നു തോന്നി. 'oh allah, Please listen to what this mother has to say...എന്നെഴുതിയിട്ടു ഞാന്‍ വെട്ടി.

ഇല്ല, ശരിയാകുന്നില്ല. ഭാഷയ്ക്കു ഭയങ്കരമായ അകല്‍ച്ച..!

ഒടുവില്‍ ഉമ്മയോട് ഞാന്‍ പതിയെ ചോദിച്ചു: 'ഉമ്മാ, ഞാന്‍ ഈ നാട്ടുകാരനല്ല. ഞാന്‍ എന്റെ നാട്ടിലെ ഭാഷയിലെഴുതിയാല്‍ മതിയോ?'

ഒരു നിമിഷം അവര്‍ എന്റെ മുഖത്തേയ്ക്ക് നോക്കി. പിന്നെ മന്ത്രിക്കുംപോലെ പറഞ്ഞു:
'ബേഠാ, അല്ലാഹു സുബ്ഹാനഹുവ താലാ കോ സബ് ഭാഷാ മാലൂം ഹെ....'
മോനെ, സര്‍വശക്തനായ അല്ലാഹുവിന് എല്ലാ ഭാഷകളും അറിയാം!

പിന്നെ എനിക്ക് സംശയമുണ്ടായില്ല. മലയാളത്തില്‍ത്തന്നെ ഞാനെഴുതി, 'പടച്ചോനേ, ഈ പാവം ഉമ്മയുടെ കണ്ണീരിന് നിനക്കു മാത്രമേ ഉത്തരം നല്‍കാനാവൂ. ഈ ഉമ്മയ്ക്ക് എത്രയും വേഗം അവരുടെ മകനെ അരികിലെത്തിച്ചു കൊടുക്കണെ..'

അത്ര മതി.

ഇതിലും നന്നായി മറ്റൊരു ഭാഷയിലും ഇത് എഴുതാനാവില്ല.

പിന്നെ എനിക്ക് സംശയമുണ്ടായില്ല. മലയാളത്തില്‍ത്തന്നെ ഞാനെഴുതി,

ഞാന്‍ എഴുതിയത് വാങ്ങി ഉമ്മ അതിലേയ്ക്ക് നോക്കി. ആ അപരിചിത അക്ഷരങ്ങളില്‍ അവരുടെ കണ്ണീര്‍തുള്ളി വീണു ചിതറി. ഉമ്മ എന്റെ കൈയില്‍ ഒന്നുകൂടി മുറുകെപ്പിടിച്ചു. പിന്നെ പതിയെ പിടിവിട്ട് ആള്‍ക്കൂട്ടത്തിലേക്ക് ഒറ്റയ്ക്ക് നടന്നുപോയി. വിറയ്ക്കുന്ന കൈകള്‍കൊണ്ട് ദര്‍ഗയുടെ ചുമരില്‍ അവര്‍ ആ കത്ത് പതിക്കുന്നത് ഞാന്‍ കണ്ടു.

എനിക്ക് പിന്നില്‍ ഗായകസംഘം ഉറക്കെ പാടുകയായിരുന്നു: 'യാ അല്ലാഹ്... തു ബടാ ഗരീബ് നവാസ് ഹേ'

'പടച്ചോനെ, നീയാകുന്നു പാവങ്ങളുടെ ആഗ്രഹങ്ങളെ സഫലമാക്കുന്നവന്‍..!'

ആഗ്രഹിച്ച കാര്യം സഫലമായിക്കഴിഞ്ഞാല്‍പ്പിന്നെ, ദര്‍ഗയുടെ ചുമരിലെ നൂല്‍ കെട്ടിയ ആള്‍തന്നെ വന്ന് അഴിക്കണം എന്നാണു വിശ്വാസം. ആ ഉമ്മ മകനൊപ്പം വന്ന് മാതൃത്വത്തിന്റെ ആ വര്‍ണ്ണനൂല്‍ അഴിച്ചിട്ടുണ്ടാകുമോ?