കൈ ഉയര്‍ത്തി എന്റെ നടത്തം തടഞ്ഞുകൊണ്ട് അയാള്‍ അല്പം ഉറക്കെ പറഞ്ഞു 'ചിഡിയോം കോ ചേടനാ മത് ..'
അവിടെ ആ നദിക്കരയില്‍, ധാന്യമണികള്‍ കൊത്തിത്തിന്നുകൊണ്ടിരിക്കുന്ന കാക്കകളെയും കൊറ്റികളെയും പേടിപ്പിച്ചോടിക്കരുത് എന്നാണ് പറയുന്നത്. അതനുസരിച്ചു ഞാന്‍ നിന്നു.
നല്ല തണുപ്പുണ്ടായിരുന്നു. വിചിത്രമായൊരു വട്ടു തോന്നി, അതിരാവിലെ എഴുന്നേറ്റു വന്ന് യമുനയുടെ കരയിലിരുന്നു താജ്മഹല്‍ കാണുകയായിരുന്നു ഞാനും ചങ്ങാതിയും. ഞങ്ങളെ കൂടാതെ അപ്പോള്‍ അവിടെ അയാളും അയാളുടെ കൂട്ടുകാരായ പക്ഷികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പറഞ്ഞല്ലോ, നേരം പുലരുന്നതേയുള്ളൂ. താജിന്റെ നെറുകയില്‍ അപ്പോഴും നല്ല മഞ്ഞായിരുന്നു.
ഞങ്ങളെ കൂടാതെ അപ്പോള്‍ അവിടെ അയാളും അയാളുടെ കൂട്ടുകാരായ പക്ഷികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഞങ്ങള്‍ വരുന്നതിനും ഒത്തിരി മുന്‍പേ അയാള്‍ അവിടെ വന്നിരുന്നതാണെന്നു തോന്നുന്നു. മുഷിഞ്ഞ തുണിസഞ്ചിയിലെ ധാന്യപ്പൊതികള്‍ പാതിയും തീര്‍ന്നിരുന്നു. ഒരു മടുപ്പുമില്ലാതെ എത്രയോ നേരമായി അയാള്‍ നദിക്കരയിലെ പച്ചമണ്ണിലിരുന്നു ഓരോരോ പൊതികള്‍ തുറന്ന് ധാന്യങ്ങള്‍ ചുറ്റുമുള്ള കിളികള്‍ക്ക് അല്പാല്പം എറിഞ്ഞുകൊടുക്കുന്നു. കൊറ്റികളും കാക്കകളും അയാളുടെ വിരല്‍ത്തുമ്പോളമെത്തി അന്നം കൊത്തിയെടുക്കുന്നു. എത്രയോ കാലമായി ആ പക്ഷികള്‍ക്ക് അയാളെ പരിചയമുണ്ടാവാം. അത്ര ചലനമുള്ളതായിരുന്നു അവരുടെ ചങ്ങാത്തം.
വെയില്‍ച്ചൂട് പതിഞ്ഞു തുടങ്ങിയപ്പോഴേക്കും ഭാണ്ഡം കാലിയാക്കി അയാള്‍ എഴുന്നേറ്റു. യാത്രപറഞ്ഞു കിളികള്‍ അയാളുടെ തലയോളം ഉയരത്തില്‍ പാറി.
അപ്പോള്‍ മാത്രം അടുത്തേക്കു ചെന്നു ഞാന്‍ അയാളോട് സംസാരിച്ചു.
പകല്‍ മുഴുവന്‍ ആഗ്രയുടെ തെരുവുകളില്‍ നടന്നിട്ട് ആ മനുഷ്യന് പെറുക്കിയെടുക്കുന്ന ധാന്യങ്ങളാണ് കിളികള്‍ക്ക് കൊടുക്കുന്നത്. എത്രയോ കാലമായി തുടരുന്ന പതിവ്. കടകളുടെയും ഗോഡൗണുകളുടെയും മുന്നില്‍നിന്ന്, ധാന്യങ്ങള്‍ ഇറക്കുകയും കയറ്റുകയും ചെയ്യുന്ന പാതയോരങ്ങളില്‍നിന്ന്, ആരുടെയൊക്കെയോ അടുക്കളപ്പുറങ്ങളില്‍നിന്ന്...അയാള്‍ കിളികള്‍ക്ക് വേണ്ടി ധാന്യം പെറുക്കിയെടുക്കുന്നു.
ഗോതമ്പ്, തിന, അരി, പയര്‍...
പകല്‍ മുഴുവന്‍ ആഗ്രയുടെ തെരുവുകളില്‍ നടന്നിട്ട് ആ മനുഷ്യന് പെറുക്കിയെടുക്കുന്ന ധാന്യങ്ങളാണ് കിളികള്‍ക്ക് കൊടുക്കുന്നത്.
എല്ലാം പകല്‍ നേരങ്ങളില്‍ കുഞ്ഞുകുഞ്ഞു പൊതികളാക്കി ഭാണ്ഡത്തിലേക്ക്. പിന്നെ പിറ്റേന്ന് അതിരാവിലെ ഉണര്‍ന്നു ഭാണ്ഡവുമായി താജിനു പിന്നില്‍, യമുനയുടെ കരയില്‍. അപ്പോഴേക്കും കിളികള്‍ ഉണര്‍ന്നു കാത്തിരിക്കുന്നുണ്ടാവും. പിന്നെ മൂന്നു നാല് മണിക്കൂര്‍ പക്ഷിയൂട്ടാണ്.
ഒരുമിച്ചു കൊടുത്താല്‍ പോരെ? എന്തിനാണ് ഇത്ര സമയം?
'ഓ...അത് പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസ്സിലാകുമോ? വെറുതെ ഭക്ഷണം കൊടുത്താല്‍ പോരാ, എനിക്ക് അവരോട് സംസാരിക്കണ്ടേ? വിശേഷങ്ങളൊക്കെ ചോദിക്കണം..'
അപ്പോള്‍ നിങ്ങളുടെ ഭക്ഷണം..?
'ഓ, അതോ? ഞാന്‍ കിളികള്‍ക്ക് കൊടുക്കുമ്പോലെ മറ്റാരൊക്കെയോ എനിക്ക് തരുന്നു. നിങ്ങള്‍ക്ക് അറിയാമോ ഞാനുമൊരു പക്ഷിതന്നെയാണ്..'
ഇനിയൊന്നും ചോദിക്കാനില്ല. അവസാനത്തെ അരിമണി ഒരു കൊറ്റിക്ക് കരുണയോടെ ഇട്ടുകൊടുത്തിട്ട് അയാള്‍ നടന്നുപോയി. മുകളില്‍ നദിക്കരയിലെ മന്ദിറിന് മുന്നില്‍ തലകുനിച്ചു എന്തോ പ്രാര്‍ത്ഥിച്ചു. പിന്നെ ഒഴിഞ്ഞ ഭാണ്ഡം നാളേയ്ക്ക് വീണ്ടും നിറയ്ക്കാനായി തെരുവിലേക്ക് നടന്നുപോയി.
ഞാന്‍ നോക്കിനിന്നു.
ഞാന്‍ കിളികള്‍ക്ക് കൊടുക്കുമ്പോലെ മറ്റാരൊക്കെയോ എനിക്ക് തരുന്നു. നിങ്ങള്‍ക്ക് അറിയാമോ ഞാനുമൊരു പക്ഷിതന്നെയാണ്..'
എനിയ്ക്ക് വല്ലാത്ത കുറ്റബോധം തോന്നി. ഒരു കിളിക്കുപോലും ഉപകാരപ്പെടാത്ത വിധം പ്ലാസ്റ്റിക് കവറുകളില്‍ ബാക്കിവെച്ചു ചുരുട്ടിയെറിഞ്ഞ ഒരു നൂറു നൂറു ഭക്ഷണപ്പൊതികള്‍ ഓര്‍മ്മവന്നു. പൂപ്പല്‍ കയറിയോ എന്നൊരു വെറും സംശയത്തിന്റെ പേരില്‍ വീട്ടില്‍ കത്തിച്ചുകളഞ്ഞ ധാന്യപ്പാക്കറ്റുകള്‍ ഓര്‍മ്മവന്നു.
ഇത്രകാലവും തിന്നുതീര്‍ത്ത വറ്റുകളിലെ അഹങ്കാരവും പാഴാക്കിക്കളഞ്ഞ വറ്റുകളിലെ നന്ദികേടും തൊണ്ടയിലിരുന്നു പൊള്ളി. അവിവേകങ്ങളുടെ ഭാരത്താല്‍ ഹൃദയം വിങ്ങി. ശരിക്കും എനിക്ക് കരച്ചില്‍വന്നു. അരിമണികള്‍ തേടി ഏതോ പക്ഷികളുടെ ഒരു കൂട്ടം എനിക്കു മീതെ ചിറകടിച്ച് പുഴ മുറിച്ചു പറന്നു!
ഫേസ്ബുക്ക് കുറിപ്പ്
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Oct 5, 2018, 1:46 AM IST
Post your Comments