അഞ്ചുവയസുകാരിയായ ആ മാലാഖക്കുട്ടി ആകെ പേടിച്ചുവിറയ്ക്കുകയായിരുന്നു. തല്‍ക്കാലം നമുക്ക് അവളെ അലീഷ എന്ന് വിളിക്കാം.

ബ്രസീലില്‍ മോണ്‍ടെ ക്ലാരസ് നഗരത്തിലാണ് അലീഷയുടെ വീട്. അവിടെ പള്ളിവക നഴ്‌സറി സ്‌കൂളിലാണ് അവള്‍ പഠിക്കുന്നത്. ഒരു ദിവസം പെട്ടെന്ന് അലീഷ ആകെ സങ്കടത്തിലായി. കളിചിരികളൊക്കെ നിന്നു. സ്‌കൂളില്‍ പോകുന്നതു പേടിയായി. ഇംഗ്ലീഷ് ക്ലാസ് എന്ന് കേട്ടാലെ ഭയന്നുവിറച്ചു.

സ്‌കൂളില്‍ എത്തി അന്വേഷിച്ചിട്ടും അലീഷയുടെ അമ്മയ്ക്ക് മോളുടെ സ്‌കൂള്‍ പേടിയുടെ കാരണം കണ്ടെത്താനായില്ല.

അങ്ങനെയാണ് അമ്മ അലീഷയെ ചൈല്‍ഡ് സൈക്കോളജിസ്റ്റിന് അടുത്ത് കൊണ്ടുപോയത്. ആ കുഞ്ഞുമുഖത്തെ ഭയത്തിന്റെ കാരണം തേടി അവളുടെ നോട്ടുബുക്കുകള്‍ തിരയാന്‍ ആ സൈക്കോളോജിസ്റ്റാണ് അമ്മയെ ഉപദേശിച്ചത്.

ആ ഊഹം ശരിയായിരുന്നു! ഇംഗ്ലീഷ് നോട്ട്ബുക്കിന്റെ മറുവശത്ത് ആ കൊച്ചു പെണ്‍കുട്ടി കുത്തിവരച്ചിട്ട ചിത്രങ്ങളില്‍ത്തന്നെ ഉണ്ടായിരുന്നു അവളുടെ പേടിയുടെ ഉത്തരം. അലീഷയുടെ അമ്മ ഉള്ളിലൊരു പിടച്ചിലോടെ അത് കണ്ടെത്തി!

അലീഷ വരച്ച ചിത്രം, ബ്രസീല്‍ മാധ്യമമായ Grande Minas പ്രസിദ്ധീകരിച്ചത്.

മിക്കപ്പോഴും ഒരാധ്യാപകന്‍ മാത്രമുള്ള ആ കൊച്ചു നഴ്‌സറിസ്‌കൂളില്‍ അലീഷയെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് ഒരു പള്ളീലച്ചനാണ്. അച്ചന് അലീഷയോട് 'സ്‌നേഹക്കൂടുതലാണ് '. ഇടയ്ക്കിടെ അച്ചന്‍ അവളെ കൂട്ടി തൊട്ടടുത്ത പള്ളിമുറിയിലേക്ക് പോകും.മിട്ടായി നല്‍കും. കതക് അടയ്ക്കും. പിന്നെ അവളുടെ തിളക്കമുള്ള കുഞ്ഞുടുപ്പ് അഴിച്ചുമാറ്റി!

ഹോ! മനുഷ്യന്‍ എന്ന പൈശാചികത!

പള്ളീലച്ചന്‍ ആ കുഞ്ഞുദേഹത്തു ചെയ്തതെല്ലാം അവള്‍ ബുക്കില്‍ വരച്ചിട്ടിരുന്നു!

എല്ലാ പടങ്ങളിലും കരയുന്ന ഒരു കുട്ടി, ചിരിക്കുന്ന ഒരു കുപ്പായക്കാരന്‍!!! ഒരു പടത്തില്‍ ഉദ്ധരിച്ച ക്രൂരതയുമായി തന്റെ മേലേക്ക് വീഴുന്ന ആ പള്ളീലച്ചനെ ആ കുഞ്ഞ് വരച്ചിരിക്കുന്നു!

ഒടുവില്‍, ആ പടങ്ങള്‍വെച്ച് ശാന്തമായി ചോദിച്ചപ്പോള്‍ അലീഷ എല്ലാം തുറന്നുപറഞ്ഞു. ആ കുഞ്ഞു ഹൃദയത്തില്‍ ആഴ്ചകളോളം നിറഞ്ഞ നീറ്റല്‍!

അലീഷ വരച്ച ചിത്രം, ബ്രസീല്‍ മാധ്യമമായ Grande Minas പ്രസിദ്ധീകരിച്ചത്.

അലീഷയുടെ നഴ്‌സറി അദ്ധ്യാപകന്‍, അമ്പത്തിനാലുകാരനായ ഫാദര്‍ ജോജോ ഡിസില്‍വ അറസ്റ്റിലായി. ആഴ്ചകളായി അലീഷയെ ക്രൂരമായി പീഡിപ്പിച്ചിരുന്ന കാര്യം അയാള്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചു.അടച്ചിട്ട പള്ളിമുറിയില്‍ നടക്കുന്നത് ആരോടെങ്കിലും പറഞ്ഞാല്‍ പാപം കിട്ടുമെന്നും മരിച്ചുപോകുമെന്നും അയാള്‍ ആ പിഞ്ചുമനസ്സിനെ പേടിപ്പിച്ചിരുന്നു!

'ഹോ, അങ്ങ് ബ്രസീലില്‍ അല്ലെ..' എന്നാണോ ആലോചിക്കുന്നത്? കേള്‍ക്കൂ, കൈക്കുഞ്ഞുങ്ങള്‍ അടക്കം വര്‍ഷം ഏഴായിരം കുട്ടികള്‍ ബലാല്‍സംഗം ചെയ്യപ്പെടുന്ന നാടാണ് നമ്മുടെ ഇന്ത്യയും!

ഒരു പടം വരയ്ക്കാന്‍പോലും പേടിച്ച് ഏത്രയെത്ര അലീഷമാര്‍ നമുക്ക് ചുറ്റും!

(ഫേസ്ബുക്ക് പോസ്റ്റ്)