തന്റെ കുഞ്ഞിനു വേണ്ടിയുള്ള അവസാനിക്കാത്ത ഓട്ടമായിരുന്നു മറിയത്തിന്റെ ജീവിതം. നിറവയറുമായി ബെത്‌ലഹേമിലേക്കുള്ള ഓട്ടം, പിന്നെ സ്വപ്നത്തിലെ മാലാഖയുടെ മുന്നറിയിപ്പ് കേട്ട് പാതിരയിലെ ആ ഓട്ടം, ഈജിപ്തിലേക്ക്. മാറത്തടക്കിപ്പിടിച്ചൊരു ചോരക്കുഞ്ഞുമായി...

പിന്നെ, ഹെറോദേസ് മരിച്ചപ്പോള്‍ വീണ്ടും ഇസ്രായിലിലേക്ക്,പിന്നീട് നസ്രേത്തിലേക്ക്.

അങ്ങനെയങ്ങനെ, അവസാനം കാല്‍വരിയിലെ ആ കുരിശിന്റെ ചുവടുവരെ, അതിനും ശേഷവും മറിയം മകനുവേണ്ടി ഓടിക്കൊണ്ടേയിരുന്നു...

ആ പിറവിയുടെ യാതനയും വേദനയും കൂടുതല്‍ തീവ്രതയോടെ ഖുര്‍ആനില്‍ വിവരിക്കുന്നുണ്ട്, ബൈബിളില്‍നിന്നു അല്പം വ്യത്യസ്തമായി.
വീട്ടുകാരില്‍നിന്നും നാട്ടുകാരില്‍നിന്നും അകന്നു വിജനമായൊരു മരുഭൂമിയില്‍ കഴിയവെയാണ് അവള്‍ക്കു ആ വെളിപാട് ലഭിക്കുന്നത്, ദൈവം അയച്ച മാലാഖയുടെ സന്ദേശം. 'പരിശുദ്ധനായ ഒരു കുഞ്ഞിനെ നിനക്ക് തരുന്ന വിവരം അറിയിക്കാന്‍ നാഥന്‍ അയച്ച ദൂതനാണ് ഞാന്‍'. മറിയം വല്ലാതെ ഭയന്നുപോകുന്നുവെന്ന സൂചനകളുണ്ട് ബൈബിളിലും ഖുര്‍ആനിലും. ' പുരുഷനെ അറിയാത്ത എനിക്ക്, ദുര്‍ന്നടത്തക്കാരിയല്ലാത്ത എനിക്ക് എങ്ങനെ ഗര്‍ഭമുണ്ടാകും?' എന്നു മറിയം ഉറക്കെ ചോദിക്കുന്നുണ്ട്.

പക്ഷെ, പിന്നീട് എല്ലാ അമ്മമാരെയും പോലെ ഉള്ളിലെ ആ കുരുന്നുജീവന്റെ മധുരം അവള്‍ ആസ്വദിച്ചതായി ബൈബിള്‍ പറയുന്നു. നിര്‍മല ഗര്‍ഭത്തെക്കുറിച്ചുള്ള അറിവ് കിട്ടിയ ശേഷം എലിസബത്തിനെ കാണുമ്പോള്‍ 'എന്റെ കര്‍ത്താവിന്റെ അമ്മ എന്റെയടുക്കല്‍ വരുവാനുള്ള ഭാഗ്യം എനിക്ക് എങ്ങനെ ലഭിച്ചു?' എന്നാണു എലിസബത്ത് ആഹ്ലാദത്തോടെ ചോദിക്കുന്നത്. ഗര്‍ഭിണിയായതോടെ കൂടുതല്‍ ഒറ്റപ്പെട്ട ഒരിടത്തേക്ക് മറിയം മാറി താമസിച്ചതായി ഖുര്‍ആന്‍ പറയുന്നു.

യേശുവിനു ശേഷം മറിയത്തിന് എന്ത് സംഭവിച്ചുവെന്ന് ബൈബിളോ ഖുര്‍ആനോ അധികമൊന്നും പറയുന്നില്ല. ചരിത്രത്തിലെ ഒത്തിരിയൊത്തിരി അമ്മമാരെപ്പോലെ അടയാളങ്ങളൊന്നും ബാക്കിവെക്കാതെ മറിയം വിശുദ്ധവരികളില്‍ എവിടെയോ മറഞ്ഞു, മാഞ്ഞു പോകുന്നു...

ഉണ്ണിയേശുവിന്റെ ജനനം ബൈബിളില്‍നിന്നു വ്യത്യസ്തമായി കൂടുതല്‍ വേദന നിറഞ്ഞതാണ് ഖുര്‍ആനില്‍. മരുഭൂമിയില്‍ ഒറ്റയ്ക്ക്, കൊടിയ പിറവിവേദനയാല്‍ പുളഞ്ഞ് ഒരുവേള മരണംപോലും ആഗ്രഹിച്ചുപോകുന്നു മറിയം.

പേറ്റുനോവിന്റെ കൊടുമുടിയില്‍ അവള്‍ ഒരു ഈന്തപ്പന ചുവട്ടില്‍ വിലപിക്കുന്നുണ്ട്: 'ഞാന്‍ മുമ്പുതന്നെ മരിച്ചു പോയിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനേ!'.

അപ്പോള്‍ ദൈവദൂതന്‍ അവളെ ആശ്വസിപ്പിക്കുന്നു: 'വ്യസനിക്കേണ്ട, നിന്റെയരികില്‍ ദൈവം ഒരു അരുവി ഉണ്ടാക്കിതന്നിരിക്കുന്നു. ഈന്തപ്പനമരം നിനക്ക് ഈന്തപ്പഴം വീഴ്ത്തിത്തരും..'

കുഞ്ഞുമായി മടങ്ങിയെത്തിയ മറിയത്തെ പൊതുജനം വേണ്ടുവോളം അപഹസിക്കുന്നുണ്ട്. 'മറിയമേ, ആക്ഷേപകരം തന്നെയാകുന്നു നീ ചെയ്തിരിക്കുന്നത'. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമായി മറിയം അവളുടെ കുഞ്ഞിനെ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്യുന്നത്. എല്ലാ ചോദ്യങ്ങള്‍ക്കും എല്ലാ കാലത്തും അമ്മമാര്‍ക്ക് ഒറ്റ ഉത്തരമേയുള്ളൂ, കുഞ്ഞ് !

എല്ലാ അമ്മമാരിലും മറിയം ഉണ്ട്. അല്ലെങ്കില്‍ ലോകത്തെ എല്ലാ അമ്മമാരുടെയും ജീവിതമാണ് മറിയം ജീവിച്ചത്

പില്‍ക്കാലത്ത്, മറിയം ജീവിതത്തില്‍ പലപ്പോഴും മകന് ഗുരുവാകുന്നുണ്ട്. കാനായിലെ കല്യാണത്തില്‍ യേശുവിന്റെ ആ ആദ്യ അത്ഭുതംപോലും അമ്മയുടെ നിര്‍ദേശമായിരുന്നു എന്ന് ബൈബിള്‍ പറയുന്നു. ജീവിതത്തില്‍ ഉടനീളം യേശു പെണ്ണിനോട് കാട്ടിയ അപാരമായ ആ അനുകമ്പയില്‍ നിശ്ചയമായും ആ അമ്മയുടെ ഉപദേശമുണ്ട്. ആ അമ്മയുടെ മകന്‍ ആയതുകൊണ്ടാണ് വേശ്യകളെയും പാപികളെയും യേശു ചേര്‍ത്തുപിടിച്ചത്.

പിന്നീട് മറിയം മകന്റെ ശിഷ്യ ആവുന്നുണ്ട്. പലയിടത്തും മകനുവേണ്ടി അപമാനിതയാകുന്നുണ്ട്. മകന് ഭ്രാന്തെന്ന് ജനം പറയുന്നത് ആ അമ്മ കേട്ടു നില്‍ക്കുന്നുണ്ട്. മറിയം മകന്റെയൊപ്പം എല്ലാ കഷ്ടതകളും അനുഭവിക്കുകയും എല്ലാ വിപ്ലവങ്ങളും നയിക്കുകയും ഒടുവില്‍ ആ കുരിശിന് താഴെ നിന്ന് മകന്റെ മരണംപോലും അനുഭവിക്കുകയും ചെയ്തു!

മറിയം കന്യകയായിരുന്നു. 
പുരുഷനെ അറിയാതെ ഗര്‍ഭിണിയായി.
പ്രസവിച്ചു, അമ്മയായി.
അമ്മയായിട്ടും കന്യകയായി തുടര്‍ന്നു.
തന്റെ കുഞ്ഞിന്റെ പിതാവ് അല്ലാത്തയാളാല്‍ അവള്‍ സംരക്ഷിക്കപ്പെട്ടു, വിശ്വസിക്കപ്പെട്ടു.
തന്റെ മകന്റെ സംരക്ഷകയായി,ഗുരുവായി, പിന്നീട് മകന്റെ ശിഷ്യയായി.

ഒരു ജീവിതത്തിന്റെ സമസ്ത വൈരുധ്യങ്ങളെയും മറിയം ഉള്‍ക്കൊണ്ടു. അതുകൊണ്ടാവാം, രണ്ടായിരം വര്‍ഷങ്ങള്‍ക്കു ശേഷവും വിപ്ലവത്തില്‍ പൊതിഞ്ഞ പൊള്ളയായ സദാചാരം മറിയത്തെത്തന്നെ ചുവരെഴുത്തു ആക്കുന്നത്.

യേശുവിനു ശേഷം മറിയത്തിന് എന്ത് സംഭവിച്ചുവെന്ന് ബൈബിളോ ഖുര്‍ആനോ അധികമൊന്നും പറയുന്നില്ല. ചരിത്രത്തിലെ ഒത്തിരിയൊത്തിരി അമ്മമാരെപ്പോലെ അടയാളങ്ങളൊന്നും ബാക്കിവെക്കാതെ മറിയം വിശുദ്ധവരികളില്‍ എവിടെയോ മറഞ്ഞു, മാഞ്ഞു പോകുന്നു...

രണ്ടായിരം വര്‍ഷങ്ങള്‍...യേശുക്രിസ്തുമാര്‍ ഭൂമിയില്‍ ഇന്നുണ്ടോ എന്നറിയില്ല. പക്ഷെ മറിയം. അവള്‍ എവിടെയുമുണ്ട്.

ചോരക്കുഞ്ഞുങ്ങളെ മാറത്തടുക്കി പലായനം ചെയ്യുന്ന ഒരായിരം മറിയമുമാര്‍. സിറിയയില്‍, ഇറാഖില്‍, പലസ്തീനില്‍, ആഫ്രിക്കയില്‍...സദാചാരവാദത്തിന്റെ ചോദ്യമുനയില്‍ നില്‍ക്കുന്ന പാവം മറിയമുമാര്‍, ഇന്ത്യയില്‍, പാക്കിസ്ഥാനില്‍, അഫ്ഗാനില്‍.

എല്ലാ അമ്മമാരിലും മറിയം ഉണ്ട്. അല്ലെങ്കില്‍ ലോകത്തെ എല്ലാ അമ്മമാരുടെയും ജീവിതമാണ് മറിയം ജീവിച്ചത്. ഉണ്ണിയുടെ പിറവിയുടെ ആനന്ദം മാത്രമല്ല, ഉണ്ണികളുമായി നാടും വീടും വിട്ടോടേണ്ടി വരുന്ന അമ്മമാരുടെ കണ്ണീരുകൂടിയുണ്ട് ഓരോ ക്രിസ്മസിലും.

അമ്മേ, തിരുപ്പിറവിയോര്‍മ്മയില്‍ ഞാന്‍ തെളിയ്ക്കുന്ന ആ നക്ഷത്രമുണ്ടല്ലോ, അത് നീയാണ്..! നീ മാത്രമാണ്..!

ഹാപ്പി ക്രിസ്മസ് !!!

 

 

ഫേസ്ബുക്ക് പോസ്റ്റ്‌