'ആ അപകടത്തില്‍ മരിച്ചയാളുടെ ഫോട്ടോ ഇത്ര നേരമായിട്ടും അയക്കാത്തതെന്താ? ഇനിയും വൈകിയാല്‍ പത്രത്തില്‍ വരില്ല'? ഫോണിന്റെ അങ്ങേത്തലയ്ക്കലുള്ള പ്രാദേശികലേഖകനോട് ഞാന്‍ ഭീഷണിമുഴക്കി.

രണ്ടു മണിക്കൂര്‍ മുമ്പു നഗരത്തിലുണ്ടായ അപകടത്തില്‍ ബസ് കയറി തലതകര്‍ന്നു മരിച്ച വഴിയാത്രക്കാരന്റെ വാര്‍ത്ത ഒന്നാം പേജില്‍ കൊടുത്തു ഫോട്ടോയുടെ സ്ഥലം മാത്രം ഒഴിച്ചിട്ട് കാത്തിരിക്കുകയായിരുന്നു ഞാന്‍. ഫോട്ടോ വന്നാലുടന്‍ വാര്‍ത്തയ്ക്ക് നടുവില്‍ പ്രതിഷ്ഠിച്ചു പേജ് പ്രസ്സിലേക്ക് വിടാനുള്ള വെമ്പലിലായിരുന്നു ന്യൂസ്‌ഡെസ്‌ക്. വൈകിയാല്‍ പത്രത്തിന്റെ ഡെഡ്‌ലൈന്‍ തെറ്റും.

'ഒരഞ്ചു മിനിറ്റ്. ഇപ്പൊ അയക്കാം' പ്രാദേശിക ലേഖകന്‍ തപ്പിത്തടഞ്ഞു. പത്രത്തില്‍ പണിയെടുത്തുതുടങ്ങുന്ന ഒരു സബ്എഡിറ്റര്‍ക്കു ആകെ തട്ടിക്കയറാനും അധികാരം പ്രയോഗിക്കാനും കഴിയുന്നത് പാവം പ്രാദേശികലേഖകരോട് മാത്രമാണ്.

'ഇനിയും അഞ്ചു മിനിറ്റോ? എങ്കില്‍പ്പിന്നെ അയച്ചിട്ടു കാര്യമില്ല. പേജ് പ്രിന്റിങിന് പോകും..' ഞാന്‍ സമ്മര്‍ദ്ദതന്ത്രമിറക്കി.

എന്റെ തല തകര്‍ത്ത് ഒരു ബസ് ഇരമ്പി പാഞ്ഞു

ഒരു നിമിഷത്തെ പതര്‍ച്ചയ്‌ക്കൊടുവില്‍ പ്രാദേശികലേഖകന്‍ പറഞ്ഞു: 'അതേ, എന്റെ കുഴപ്പമല്ല. ഞാന്‍ മരിച്ചയാളുടെ വീടിനു മുന്നില്‍ തന്നെയുണ്ട്. ഇവിടെ ചെറിയൊരു പ്രശ്‌നമുണ്ട്. അയാള്‍ മരിച്ച വിവരം ഇതുവരെ വീട്ടില്‍ ഭാര്യയും മോളും അറിഞ്ഞിട്ടില്ല. ആരെങ്കിലും വന്നു അത് അറിയിച്ചാലേ എനിക്ക് വീട്ടില്‍ കയറി ആല്‍ബത്തില്‍ നിന്നോ മറ്റോ ഫോട്ടോ എടുക്കാന്‍ പറ്റൂ..!'

ദൈവമേ..!

എന്റെ തല തകര്‍ത്ത് ഒരു ബസ് ഇരമ്പി പാഞ്ഞു. തൊണ്ടവരണ്ട് ഞാന്‍ ഫോണ്‍വെച്ചു.

പക്ഷേ, ആ പ്രാദേശിക ലേഖകന്‍ വാക്കുപാലിച്ചു. അല്‍പ്പം കഴിഞ്ഞതും അയാള്‍ ആ പടം അയച്ചുതന്നു. ആ വീട്ടിലെ ചങ്കുപൊട്ടിയ കരച്ചിലുകള്‍ക്കിടെ
എങ്ങനെയോ തപ്പിയെടുത്ത കുടുംബ ആല്‍ബത്തില്‍നിന്നും അടര്‍ത്തിയെടുത്ത ഒരു പടം. ഭാര്യയെയും കുഞ്ഞിനേയും ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ഒരു നാട്ടിന്‍പുറത്തുകാരന്റെ കുടുംബചിത്രം. മരണവാര്‍ത്തയില്‍ വരേണ്ട ഗൃഹനാഥന്റെ മുഖം ആ ഗ്രൂപ്പ് ചിത്രത്തില്‍ പതിവുപോലെ ചുവന്ന മഷിയില്‍ കളം വരച്ചു അടയാളപ്പെടുത്തിയിരുന്നു.

മകള്‍ക്ക് നോട്ടുപുസ്തകമോ മറ്റോ വാങ്ങാന്‍ നഗരത്തിലേക്ക് പോയതായിരുന്നു അയാള്‍. പാഞ്ഞുവന്ന ബസ് ആ ജീവനെടുത്തത് അയാളുടെ വീട്ടില്‍ അറിയുന്നതിനും ഏറെ മുന്‍പേ നഗരത്തിലെ പത്രമോഫിസിലാണ് അറിഞ്ഞത്. അതുകൊണ്ടാണ് ഫോട്ടോയ്ക്കായി ആ കാത്തിരിപ്പ് വേണ്ടിവന്നത്.

'ഒരു പത്രത്തിലെ ഏറ്റവും സത്യസന്ധമായ പേജ് അതിലെ ചരമപേജ് ആണെ'ന്ന് ജോണ്‍ ഫേസ്ബുക്കില്‍ എഴുതിയത് വായിച്ചപ്പോള്‍ നൂറു നൂറ് ചരമപേജുകള്‍ മനസ്സില്‍ നിറഞ്ഞു. ഓരോ ചരമവാര്‍ത്തയും ഉറപ്പിക്കാനായി രാത്രിയില്‍ മരിച്ചയാളുടെ അയല്‍വീട്ടിലേക്ക് വിളിക്കുന്ന സബ്എഡിറ്ററെക്കുറിച്ച് സനീഷ് എഴുതിയത് എന്റെ മരണപ്പേജ് ഓര്‍മ്മകളുടെ ഒഴുക്കിന്റെ വേഗം കൂട്ടി.

ലോകത്തിലെ ഏറ്റവും വിചിത്രമായ ജോലികളില്‍ ഒന്നാണ് പത്രത്തിലെ ചരമപേജ് എഡിറ്ററുടേത്. പുരാണങ്ങളിലെ ചിത്രഗുപ്തനെപ്പോലെ അയാള്‍, ഓരോ മനുഷ്യജന്മത്തിന്റെയും ചരിത്രം ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍, അവസാനത്തെ സുന്ദരമായ മുഖചിത്രത്തോടെ ഒരു ചരിത്ര രേഖയാക്കുന്നു.
'ഇത്ര വയസുള്ള ഇന്നയാള്‍ മരിച്ചു. ഇത്രയൊക്കെ ഉദ്യോഗങ്ങള്‍ വഹിച്ചിട്ടുണ്ട്. മക്കള്‍, മരുമക്കള്‍, സംസ്‌കാരസ്ഥലം'
കഴിഞ്ഞു!

അറുപതോ എഴുപതോ വര്‍ഷം ആശകളിലും നിരാശകളിലും മോഹങ്ങളിലും മോഹഭംഗങ്ങളിലും ഉഴറിയ ഒരു ജീവിതം എട്ടാം പേജിന്റെ ഒറ്റക്കോളത്തില്‍ തീരുന്നു. ഒറ്റയ്‌ക്കൊരു തലക്കെട്ടുപോലുമില്ല. ഉള്ളതൊരു പൊതു തലക്കെട്ടു മാത്രം 'നിര്യാതരായി'.

ലോകത്തിലെ ഏറ്റവും വിചിത്രമായ ജോലികളില്‍ ഒന്നാണ് പത്രത്തിലെ ചരമപേജ് എഡിറ്ററുടേത്.

പത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയതും ശ്രദ്ധവേണ്ടതുമായ പേജാണ് മരണത്തിന്റെ പേജ്. കയറാതെ പോകുന്ന ഒരു ചരമവാര്‍ത്ത, മാറിപ്പോയ ഒരു പടം, തെറ്റിപ്പോയ ഒരു പേര്, ഒക്കെ പിറ്റേന്ന് വലിയ കോലാഹലമാകും. അതുകൊണ്ട് പാതിരയുടെ അന്ത്യയാമത്തിലും പതറാത്ത ശ്രദ്ധയുള്ള, ഉറക്കം കയറാത്ത തലയുള്ള ഒരാളാവും ഓരോ പത്രമോഫിസിലെയും ചരമപേജിന്റെ ശില്പി.

അയാള്‍ രാവു മുഴുവന്‍ ചരമവാര്‍ത്തകളെ ചീകിയൊതുക്കി, മരിച്ചവരുടെ ചിരിക്കുന്ന മുഖങ്ങളെ ഫോട്ടോഷോപ്പില്‍ മിനുസപ്പെടുത്തി, ഓരോ ചരമവും ഒരു രജിസ്റ്ററിലേക്ക് പകര്‍ത്തിയെഴുതി ഉണര്‍ന്നിരിക്കുന്നു. എപ്പോഴും വരാവുന്ന കൂടുതല്‍ മരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്...

വലിയ മരണങ്ങള്‍ ഒന്നാം പേജിലേക്ക് പോകും. വ്യത്യസ്തമായ മരണങ്ങളും കൂട്ടമരണങ്ങളും പ്രത്യേകം തലക്കെട്ടോടെ വാര്‍ത്തപ്പേജുകളിലേക്ക് പോകും. ശേഷം, മരണത്തില്‍പ്പോലും ഒന്നുമാകാന്‍ കഴിയാതെ പോയവര്‍, വളരെ സാധാരണമാംവിധം മരിച്ചവര്‍ വെറുമൊരു ഒറ്റക്കോളം ബ്‌ളാക് ആന്‍ഡ് വൈറ്റ് പടമായി ചരമപേജ് എഡിറ്ററുടെ മേശയില്‍ അലസരായി കിടക്കും. തിരിച്ചറിയല്‍ കാര്‍ഡില്‍നിന്നോ ബാങ്ക് പാസ്ബുക്കില്‍നിന്നോ ചീന്തിയെടുത്ത അവരുടെ നരച്ചപടം ഫോട്ടോഷോപ്പിന്റെ കരുണകാത്ത് കമ്പ്യൂട്ടറില്‍ വരിനില്‍ക്കും.

ഏതു പാതിരയിലും മരണപ്പേജ് എഡിറ്ററെത്തേടി അപരിചിതനായ ഒരതിഥി എത്താം. അയാളുടെ കയ്യില്‍ അല്പം മുന്‍പ് മാത്രം മരിച്ചുപോയ ഒരു അയല്‍ക്കാരന്റെയോ ബന്ധുവിന്റെയോ ചീന്തിയെടുത്ത ഒരു ചിത്രം ഉണ്ടാവും. അന്നത്തെ മരണപേജ് ചെയ്തു തുടങ്ങുമ്പോള്‍ എവിടെയോ ജീവിച്ചിരുന്ന ഒരാള്‍, പൊടുന്നനെ മരണത്തിനു കീഴടങ്ങി ചരമവാര്‍ത്തയായി പേജിലേക്ക് കയറിവരുന്നു.

അവസാനം വന്ന ആ അതിഥിക്കും രാത്രിയുടെ ഈ അന്ത്യയാമത്തില്‍ മരണപ്പേജ് എഡിറ്റര്‍ ചരമപ്പേജില്‍ മാന്യമായൊരു ഇടം കണ്ടെത്തണം. അപ്രസക്തമായൊരു മരണം എടുത്തുമാറ്റി പുതിയ മരണത്തെ പേജില്‍ പ്രതിഷ്ഠിക്കുകയാണ് അപ്പോള്‍ ചെയ്യാന്‍ കഴിയുന്ന എളുപ്പവഴി.

തുല്യതകളുടെ ശ്മശാനമാണ് ഓരോ ചരമപ്പേജും. വലിപ്പചെറുപ്പങ്ങളില്ലാതെ, വന്ന സമയത്തിന്റെ മുന്‍ഗണന മാത്രം നല്‍കി ഓരോ മരണത്തെയും ചരമഎഡിറ്റര്‍ ഭംഗിയായി വിന്യസിക്കുന്നു. മറ്റു പേജുകളിലെ വര്‍ണഭംഗിയോ വിന്യാസമികവുകളോ ആലങ്കാരിക തലക്കെട്ടുകളോ ഒന്നുമില്ലാതെ.

തുല്യതകളുടെ ശ്മശാനമാണ് ഓരോ ചരമപ്പേജും.

അന്നത്തെ എല്ലാ മരണങ്ങളും വരിയൊപ്പിച്ചടുക്കി, നന്നായി പരിപാലിക്കുന്നൊരു സെമിത്തേരിപോലെ പേജിനെയൊരുക്കി, അതിന്റെ അച്ചടിച്ച ഒരു കോപ്പിയുമായി ഓരോ മരണഎഡിറ്ററും ഇരുളിലൂടെ മടങ്ങുന്നു. രാവിന്റെ ശേഷിക്കുന്ന ഇത്തിരി നേരമെങ്കിലുമൊന്നു കണ്ണടയ്ക്കാന്‍ വേണ്ടി.

ഓരോ സാധാരണ ജീവിതത്തിന്റെയും ഒടുക്കത്തെ ശേഷിപ്പാണ് ഓരോ ചരമവാര്‍ത്തയും. ആ ശേഷിപ്പിന്റെ ആധാരമെഴുത്തുകാരനാണ് ചരമപ്പേജ് എഡിറ്റര്‍. ഒരു ദിവസമെങ്കിലും ആ ജോലി ചെയ്തിട്ടുള്ള, ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ പത്രസുഹൃത്തുക്കള്‍ക്കും ജീവനുള്ളൊരു ആലിംഗനം, മനസ്സുകൊണ്ട്..!

(ഫേസ്ബുക്ക് പോസ്റ്റ് )