Asianet News MalayalamAsianet News Malayalam

ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

M Abdul Rasheed Nee Evideyaanu
Author
Thiruvananthapuram, First Published Jul 10, 2017, 3:37 PM IST

M Abdul Rasheed Nee Evideyaanu

 

'നാളെ ഞാനത് ബെക്കിയെ അറിയിക്കും. ഇനിയും വൈകിക്കാന്‍ കഴിയില്ല'. 

പതിഞ്ഞതെങ്കിലും ഉറച്ച ശബ്ദത്തില്‍ സൈമണ്‍ പറഞ്ഞു. അതു കേട്ടപ്പോള്‍ മൂര്‍ച്ചയുള്ള വായ്ത്തല കൊണ്ടതുപോലെ എന്റെ ചങ്കിലൊരു നീറ്റലുണ്ടായി. 

'ദൈവമേ, ബെക്കി അതറിയുമ്പോള്‍...?'

ബാംഗ്ലൂരിലെ ലാല്‍ബാഗ് പൂന്തോട്ടത്തിലൂടെ തോളില്‍ കൈയിട്ടുനടന്ന് ഒരവധി ദിനത്തിന്റെ ആലസ്യങ്ങള്‍ ഒഴുക്കിക്കളയുകയായിരുന്നു ഞാനും സൈമണും ആ വൈകുന്നേരം. സ്‌കൂള്‍കാലത്തേ എന്റെ ചങ്ങാതിയാണ് അവന്‍. കൗമാരഉദ്വേഗങ്ങളുടെ കാലത്ത് എന്റെ എല്ലാ സംശയങ്ങള്‍ക്കും ഉത്തരം കണ്ടെത്തി തന്ന കൂട്ടുകാരന്‍.

സ്‌കൂള്‍ കാലത്ത് കാട്ടിക്കൂട്ടിയ എല്ലാ അരുതായ്മകള്‍ക്കും അവനൊരു ന്യായമുണ്ടായിരുന്നു. 'എടാ, ഞാന്‍ പള്ളീലച്ചനാവാന്‍ പോവാണ്. അപ്പോള്‍പ്പിന്നെ ഇതൊന്നും ചെയ്യാന്‍ പറ്റില്ല. അതുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ...' സ്‌കൂള്‍മതിലിനു പിന്നിലെ പൊത്തില്‍ ആരും കാണാതെയൊളിപ്പിച്ച ബീഡി കത്തിച്ചൂതി അവന്‍ പറയുമായിരുന്നു. ബീഡി വലിയ്ക്കാന്‍ പഠിപ്പിച്ച അവനെ ഞാനന്നു വിശ്വസിച്ചു. 

പക്ഷേ, സൈമണ്‍ പള്ളീലച്ചനായില്ല. ബാംഗ്ലൂരിലെ മള്‍ട്ടിനാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനിയുടെ എച്ച്ആര്‍ മാനേജരായി. ഇരുപതു വര്‍ഷങ്ങളായിട്ടും മുറിഞ്ഞുപോവാത്ത ആ കൂട്ടുതേടി ഇടയ്‌ക്കൊക്കെ ഞാന്‍ ബാംഗ്ലൂര്‍ക്ക് പോയിക്കൊണ്ടിരുന്നു. ചിലപ്പോഴൊക്കെ അവന്‍ എന്റെയടുത്തേക്കും. 

അത്തരമൊരു യാത്രയിലാണ് ഞാന്‍ ബെക്കിയെ ആദ്യമായി കണ്ടത്, സൈമണിനൊപ്പം. 

നഗരത്തിലെ രാധാകൃഷ്ണ ക്ഷേത്രത്തിന്റെ പടവുകളില്‍ സായാഹ്നത്തില്‍ അവര്‍ രണ്ടുപേരും എന്നെ കാത്തുനില്‍ക്കുകയായിരുന്നു.

'എന്റെ കമ്പനിയിലെ അസിസ്റ്റന്റ് മാനേജരാണ്, ബെക്കി..'. സൈമണ്‍ എനിക്കു പരിചയപ്പെടുത്തി. 

സുന്ദരവും കുലീനവുമായ ചിരിയോടെ ബെക്കി എനിക്ക് കൈ തന്നു. മധ്യവയസ്സു പിന്നിട്ടിട്ടും ബാക്കിനില്‍ക്കുന്ന കൗമാരത്തിന്റെ ഒരു തിളക്കം ഞാനവരുടെ കണ്ണുകളില്‍ കണ്ടു. എന്റെ ആ തോന്നല്‍ തെറ്റിയില്ല. 'ഈ ക്ഷേത്രത്തിനുളളിലെ കാഴ്ചകള്‍ ഇതുവരെ കണ്ടിട്ടില്ലെന്നു' ഞാന്‍ പറഞ്ഞപ്പോള്‍ ബെക്കി വേഗം ഒപ്പംകൂടി. ഓരോ ചുവടിലും 'ഹരേ കൃഷ്ണ..' ചൊല്ലി കയറേണ്ട ആ ക്ഷേത്രത്തിന്റെ പടവുകള്‍ ഞാനും ബെക്കിയും ഏറെ നേരമെടുത്ത് ഒന്നിച്ചു കയറി. ഞങ്ങളെ കളിയാക്കിക്കൊണ്ടാണെങ്കിലും സൈമണും പിന്തുടര്‍ന്നു.

അത്തരമൊരു യാത്രയിലാണ് ഞാന്‍ ബെക്കിയെ ആദ്യമായി കണ്ടത്, സൈമണിനൊപ്പം. 

ക്ഷേത്രത്തിനുള്ളിലെ വിശാലമായ ഷോപ്പിങ് ഏരിയയില്‍നിന്ന് ബെക്കി നെയ് ചേര്‍ത്ത മധുരപലഹാരങ്ങള്‍ വാങ്ങിത്തന്നു. എന്തൊക്കെയോ തമാശകള്‍ പറഞ്ഞു പൊട്ടിച്ചിരിച്ചു. ശരിയ്ക്കുമെനിക്ക് ബെക്കിയെന്ന എന്നേക്കാള്‍ കുറേ പ്രായക്കൂടുതലുള്ള ആ കൂട്ടുകാരിയെ ഇഷ്ടമായിത്തുടങ്ങി. 

പിന്നീട് ഞാന്‍ കാണുമ്പോഴൊക്കെ സൈമണിനൊപ്പം ബെക്കിയുമുണ്ടായിരുന്നു. 'നാട്ടില്‍ ഭാര്യയും മക്കളുമുള്ള സൈമണിന്റെ  ഈ സൗഹൃദം അത്രയ്ക്കങ്ങോട്ടു നിഷ്‌കളങ്കമാണോ?' എന്ന ശരാശരി മലയാളി സംശയം ചിലപ്പോഴൊക്കെ എന്റെയുള്ളിലിരുന്ന് ചൊറിഞ്ഞു. ഞാനതൊരിക്കലും അവനോട് ചോദിച്ചില്ലെങ്കിലും.

'47 കടന്ന ബെക്കി 34 പിന്നിടുന്ന സൈമണുമായി പ്രണയത്തിലാകാനൊന്നും പോകുന്നില്ലെന്ന്' ആദ്യം ഞാന്‍ സ്വയം ആശ്വസിച്ചു. സൈമണെ എനിക്ക് ഒട്ടും വിശ്വാസം തോന്നിയില്ലെങ്കിലും പിന്നീടങ്ങോട്ട് ബെക്കിയുടെ പെരുമാറ്റത്തിലെ മാന്യതയും പാകതയും എന്റെ എല്ലാ സംശയങ്ങളും ഇല്ലാതാക്കി. 

വിദേശരാജ്യങ്ങളിലെ സമ്പന്നര്‍ വളര്‍ത്തുന്ന ഓമനമൃഗങ്ങളുടെ ഇന്‍ഷൂറന്‍സ് കാര്യങ്ങള്‍ കൈകാര്യംചെയ്തിരുന്ന കമ്പനിയായിരുന്നു സൈമണിന്‍േറത്. കുറഞ്ഞവിലയ്ക്കു കിട്ടുന്ന മനുഷ്യശേഷി ലാക്കാക്കി ബഹുരാഷ്ട്ര കമ്പനി ഇന്ത്യയില്‍ തുറന്ന ശാഖ. പകല്‍മുഴുവന്‍ വിദേശത്തെ നായകളുടെയും പൂച്ചകളുടെയും വര്‍ണ്ണത്തത്തകളുടെയും ആരോഗ്യരേഖകളില്‍ മുഴുകിയിരിക്കുന്ന സൈമണ്‍ ഞാനെത്തുന്ന ദിവസങ്ങളില്‍ നേരത്തേ ജോലിതീര്‍ത്തിറങ്ങും. 

പക്ഷേ, ബെക്കിക്ക് ജോലി കഴിഞ്ഞേ മറ്റെന്തുമുള്ളൂ. രാത്രി വൈകുവോളം ഓഫിസില്‍ ഒറ്റയ്ക്കിരുന്ന് ജോലി തീര്‍ക്കുന്നയാളാണ് അവരെന്ന് സൈമണ്‍ എന്നോടു പറഞ്ഞു. ഞാനതു ചോദിച്ചപ്പോള്‍ ബെക്കി പറഞ്ഞു, 'ഈ ജോലി എനിക്ക് വളരെ പ്രധാനമാണ്. ഇതു പോയാല്‍ ഇനി ഈ പ്രായത്തില്‍ എനിക്കു മറ്റൊരു ജോലിയും കിട്ടില്ല.'

'നാട്ടില്‍ ഭാര്യയും മക്കളുമുള്ള സൈമണിന്റെ  ഈ സൗഹൃദം അത്രയ്ക്കങ്ങോട്ടു നിഷ്‌കളങ്കമാണോ?'

രണ്ടു മൂന്നു തവണ സൈമണും ബെക്കിയും എന്നെ കാണാന്‍ കോഴിക്കോടും വന്നു. ഓരോ യാത്രയിലും ബെക്കിയുടെ ഭൂതകാലം ചോദിച്ചറിയാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. കുലീനതയുള്ള കൗശലത്തിലൂടെയും മറ്റു ചിലപ്പോള്‍ പൂര്‍ണ്ണമായ മൗനംകൊണ്ടും അവരതിനെ മറികടന്നു. അങ്ങനെ ബെക്കി എന്റെയുള്ളില്‍ വലിയൊരു ചോദ്യമായി. പൊതുവെ സ്ത്രീകളെക്കുറിച്ച് വാചാലനാകുന്ന സൈമണ്‍പോലും അധികമൊന്നും പറഞ്ഞില്ല. ഒരിക്കല്‍ എന്റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് അവന്‍ ഇത്ര മാത്രം പറഞ്ഞു, 'നീ കരുതുംപോലെയൊന്നുമല്ല. അവര്‍ക്ക് വിവാഹിതനായൊരു മകനുണ്ട്...'

ഒരിക്കലൊരു വൈകുന്നേരം ഞാനും ബെക്കിയും മാത്രമായി. പനിപിടിച്ചു മുറിയില്‍ വിശ്രമിക്കുന്ന സൈമണ് പഴങ്ങള്‍ വാങ്ങാനിറങ്ങിയതായിരുന്നു ഞങ്ങള്‍. മഴയില്‍ നനഞ്ഞ് ഫ്രൂട്ട്മാര്‍ക്കറ്റിലെ പഴയൊരു കെട്ടിടത്തിന്റെ വരാന്തയില്‍ നില്‍ക്കുമ്പോള്‍ അതാദ്യമായി ബെക്കി അവരുടെ ജീവിതത്തിന്റെ ചില ഏടുകള്‍മാത്രം എനിക്കു മുന്നില്‍ തുറന്നു, രണ്ടോ മൂന്നോ വരികളില്‍. 

'പത്തൊമ്പതാം വയസ്സുമുതല്‍ ഞാന്‍ എന്റെ മോനുവേണ്ടിയുള്ള ഓട്ടമായിരുന്നു...'

'എന്നിട്ട് ആ മകന്‍ ഇപ്പോള്‍ എവിടെ?', ഞാന്‍ പതിവ് എടുത്തുചാട്ടത്തോടെ ചോദിച്ചു. 

ബെക്കി കുറച്ചു നേരം മറുപടി പറഞ്ഞില്ല. 

പിന്നെ മന്ത്രിക്കുംപോലെ പറഞ്ഞു, 'സുഖമായിരിക്കുന്നു, വാഷിങ്ടണില്‍ അവന്റെ ഭാര്യക്കൊപ്പം. ചിലപ്പോഴൊക്കെ വിളിക്കും...'

ആ മറുപടിയില്‍ എല്ലാമുണ്ടായിരുന്നു. 

M Abdul Rasheed Nee Evideyaanu

'നീ കരുതുംപോലെയൊന്നുമല്ല. അവര്‍ക്ക് വിവാഹിതനായൊരു മകനുണ്ട്...'

പതിനേഴാം വയസ്സില്‍ വിവാഹിതയായി പത്തൊമ്പതില്‍ അമ്മയായി, അധികം വൈകാതെ ആ ദാമ്പത്യത്തിന്റെ ചങ്ങല ഉപേക്ഷിച്ച് ഇറങ്ങിവന്ന് മകനു വേണ്ടി മാത്രം ജീവിച്ച ബെക്കിയുടെ കഥ പിന്നീട് പൂരിപ്പിച്ചു തന്നത് സൈമണ്‍ ആണ്. മകനു വേണ്ടി ലോകത്തോട് പൊരുതി ജീവിച്ച ഒരമ്മ. മകന്‍ വിവാഹിതനായപ്പോള്‍ അവന് താമസിക്കാനൊരു വില്ലപോലും വാങ്ങിക്കൊടുത്തിരുന്നു ബെക്കി. കര്‍ണാടക ഗ്രാമത്തിലെ സാധാരണ പെണ്‍കുട്ടിയില്‍നിന്ന് ബാംഗ്ലൂരിലെ വലിയൊരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ അസി. മാനേജര്‍ പദവിയിലേക്കുള്ള ബെക്കിയുടെ വളര്‍ച്ചപോലും ആ മകനുവേണ്ടി മാത്രമായിരുന്നു. 

പക്ഷേ, ഒടുവില്‍ ആ മകന്‍ എവിടെവെച്ചോ അമ്മയെ മറന്നുപോയി. ബെക്കി ഭൂമിയില്‍ ഒറ്റയ്ക്കായി.

'ഒറ്റയ്ക്കല്ലേ, ഈ പണമൊക്കെ എന്തു ചെയ്യുന്നു?' എന്നൊരിക്കല്‍ തമാശയോടെ ചോദിച്ചപ്പോള്‍ ബെക്കി പറഞ്ഞു. 'കടങ്ങളുണ്ട്. മകന്റെ പഠിപ്പ്, വിവാഹം, വീട് അതിനൊക്കെ എടുത്ത വായ്പകള്‍. ഒരു സിംഗിള്‍ മദറിന്റെ ജീവിതം ഈ ലോകത്ത് ഒട്ടും എളുപ്പമല്ല. സാധാരണ അമ്മമാരെപ്പോലെയല്ല സിംഗിള്‍ മദര്‍. അവര്‍ക്ക് മരിക്കാന്‍പോലും സ്വാതന്ത്ര്യം ഉണ്ടാവില്ല.' 

'സിംഗിള്‍ മദര്‍, എന്താ നിങ്ങളുടെ മലയാളത്തില്‍ അതിനു വാക്ക്?' ബെക്കി ചോദിച്ചു. ഞാന്‍ തപ്പിത്തടഞ്ഞു. അപ്പോഴവര്‍ പത്രപ്രവര്‍ത്തകനായിട്ടും ദുര്‍ബലമായ എന്റെ പദസമ്പത്തിനെ കളിയാക്കി. ഒരു നിമിഷംകൊണ്ട് അവര്‍ സങ്കടങ്ങള്‍ക്കുമേലൊരു 'സ്‌മൈലി' എടുത്തുവച്ച് എന്നെ നോക്കി ചിരിച്ചു. 

കോര്‍പ്പറേറ്റ് ലോകം ശരിക്കും പുരുഷലോകമാണ്. അവിടെ മുടിപോലും ചിലപ്പോള്‍ പെണ്ണിനെ ചവിട്ടിതാഴ്ത്താനും കാഴ്ചവസ്തുവാക്കാനുമുള്ള കാരണമായി മാറും. മുടിയുടെ പേരില്‍ തോല്‍ക്കാന്‍ വയ്യ. അതുകൊണ്ട് ഞാനായി മുറിച്ചതാണ്.'

വഴിയേ പോയൊരു പെണ്‍കുട്ടിയുടെ നീണ്ട മുടിയുടെ ഭംഗിയെപ്പറ്റി ഒരിക്കല്‍ ബെക്കി വാതോരാതെ സംസാരിച്ചതു കേട്ടപ്പോള്‍ ഞാന്‍ ചോദിച്ചു. 'എന്നിട്ട് ബെക്കി എന്താ മുടി വളര്‍ത്താത്തത്?' 

'ഓ, അതോ. നിങ്ങള്‍ക്ക് അറിയുമോ, കോര്‍പ്പറേറ്റ് ലോകം ശരിക്കും പുരുഷലോകമാണ്. അവിടെ മുടിപോലും ചിലപ്പോള്‍ പെണ്ണിനെ ചവിട്ടിതാഴ്ത്താനും കാഴ്ചവസ്തുവാക്കാനുമുള്ള കാരണമായി മാറും. മുടിയുടെ പേരില്‍ തോല്‍ക്കാന്‍ വയ്യ. അതുകൊണ്ട് ഞാനായി മുറിച്ചതാണ്.'

മേലധികാരികളുടെ പാതിരാ ക്ഷണങ്ങള്‍, ദ്വയാര്‍ഥങ്ങള്‍, പരിഹാസങ്ങള്‍, വെറും മൗനംകൊണ്ടുമാത്രം ഒരു പെണ്ണ് മറുപടി പറയേണ്ടിവരുന്ന കോര്‍പ്പറേറ്റ് വഷളത്തരങ്ങള്‍... എല്ലാം പലപ്പോഴായി ബെക്കി പറയാതെ പറഞ്ഞു. ഒരിക്കല്‍ പറഞ്ഞു, 'ഇതൊക്കെയായിട്ടും ഞാന്‍ പിടിച്ചുനില്‍ക്കുന്നത് എന്താണെന്ന് അറിയുമോ? പെണ്ണിന് ഓടിയൊളിക്കാന്‍ ഈ ഭൂമിയില്‍ ഒരിടവും ബാക്കിയില്ല എന്നറിയാവുന്നതുകൊണ്ടാണ്'. 

സൈമണെപ്പറ്റി മാത്രം ഒരിക്കലും ബെക്കി ഒരു പരാതിയും പറഞ്ഞില്ല. പലപ്പോഴും അവന്റെ തമാശകളും അമളികളും പറഞ്ഞു ചിരിച്ചു. സൈമണുമായുള്ള സൗഹൃദമാണ് അവര്‍ ആ നഗരത്തില്‍ ഏറ്റവും ആസ്വദിക്കുന്നതെന്നു എനിക്ക് പലപ്പോഴും തോന്നി.

ഒരിക്കല്‍ ബെക്കി എനിയ്ക്ക് അവരുടെ പഴയ ചിത്രം കാട്ടിത്തന്നു. നീണ്ട മുടിയുള്ള മെലിഞ്ഞ ഒരു പെണ്‍കുട്ടി കൈക്കുഞ്ഞിനെയും മാറത്തുചേര്‍ത്തു നില്‍ക്കുന്ന ചിത്രം. ആ ചിത്രത്തിലെ കണ്ണുകളില്‍ ഭയമുള്ള ബെക്കിയില്‍ നിന്ന് ഇന്നത്തെ ആത്മവിശ്വാസം നിറഞ്ഞ ബെക്കിയിലേക്കുള്ള ദൂരം ഞാന്‍ മനസ്സുകൊണ്ട് അളന്നു. അത് അറിഞ്ഞിട്ടാവണം അവര്‍ പറഞ്ഞു, 'എന്റെ മകനുവേണ്ടി ഞാന്‍ ജീവിക്കാനുള്ള ധൈര്യം അന്വേഷിച്ചു കണ്ടെത്തുകയായിരുന്നു.'

'സൈമണ്‍, നിനക്ക് ബെക്കിയെ ഒത്തിരി ഇഷ്ടമായിരുന്നു, അല്ലേ?' മന്ത്രിക്കുംപോലെ ഞാന്‍ ചോദിച്ചു. 

ബെക്കിയെ മന:പൂര്‍വം ഒഴിവാക്കി കറങ്ങാനിറങ്ങിയ ഒരു വൈകുന്നേരം ലാല്‍ബാഗിലെ കണ്ണാടിമാളികയ്ക്കു മുന്നില്‍വച്ച് സൈമണ്‍ എന്നോടു പറഞ്ഞു, 'ഇനി ബെക്കി നമ്മുടെ കൂടെയുണ്ടാവില്ല..!' 

എന്റെ അമ്പരപ്പു മാറും മുമ്പേ അവന്‍ പൂരിപ്പിച്ചു. 'വരുമാനക്കുറവിന്റെ പേരില്‍ കമ്പനി പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുന്ന മൂന്നു പേരില്‍ ഒരാളാണ് ബെക്കി..!'

ബെക്കിയോടു അവരെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരിക്കുന്നുവെന്ന് പറയേണ്ട ചുമതല എച്ച് ആര്‍ മാനേജരായ സൈമണിനാണ്. 

'കഴിഞ്ഞയാഴ്ച എനിക്ക് കോണ്‍ഫിഡന്‍ഷ്യലായി ആ ലിസ്റ്റു കിട്ടി. നാളെ എനിക്കത് അവരോടു പറയണം. ഇപ്പോള്‍ത്തന്നെ വല്ലാതെ വൈകി...'

ഒന്നും പറയാനാവാതെ നില്‍ക്കുന്ന എന്നോടായി സൈമണ്‍ ചോദിച്ചു, 'പക്ഷേ, ഞാനത് എങ്ങനെയാണ് ബെക്കിയോടു പറയുക? ആദ്യം ഒരു എസ്എംഎസ് അയക്കട്ടേ?'

'ഈ ജോലി പോയാല്‍ ഇനി ഈ പ്രായത്തില്‍ എനിക്കു മറ്റൊരു ജോലിയും കിട്ടില്ല...' എന്നു പണ്ടു പറഞ്ഞപ്പോള്‍ ബെക്കിയുടെ മുഖത്തുണ്ടായിരുന്ന നിസ്സഹായത ഞാനോര്‍ത്തു. 

ഒന്നുമില്ലെടാ, ഫീലിങ്‌സ് ഒക്കെ നമുക്കേയുള്ളൂ. കമ്പനികള്‍ക്ക് വികാരങ്ങളില്ല.

'എന്താണ് നിങ്ങളുടെ പ്രൊസീജര്‍?' ഞാന്‍ സൈമണോട് ചോദിച്ചു. 

'ഒന്നുമില്ലെടാ, ഫീലിങ്‌സ് ഒക്കെ നമുക്കേയുള്ളൂ. കമ്പനികള്‍ക്ക് വികാരങ്ങളില്ല. ബെക്കിയുടെ പഞ്ചിങ് കാര്‍ഡിന്റെ ആക്‌സസ് ഇന്നു ഞാന്‍ കട്ടുചെയ്തു. അവരുടെ കമ്പനി മെയില്‍ ആക്‌സസ് ബ്‌ളോക് ചെയ്തു. ടേബിളിലെ കോണ്‍ഫിഡന്‍ഷ്യല്‍ രേഖകളെല്ലാം ഇന്ന് അവധി ദിവസമായിട്ടും തിരിച്ചെടുത്തു. ഇനി ബെക്കിയുടെ കൈയിലുള്ള കമ്പനി ലാപ്‌ടോപ്പും കീയും പ്രശ്‌നങ്ങള്‍ ഇല്ലാതെ തിരികെ വാങ്ങണം...'

എന്തു പറയണമെന്നറിയാതെ ഞാന്‍ അകലേക്കു നോക്കി. 'ലാപ്‌ടോപ് പൊടുന്നനെ തിരികെ വാങ്ങുന്നതാണ് സൂചന. അപ്പോള്‍ ഒരു എംപ്ലോയിക്ക് മനസ്സിലാവും, ഇത്രകാലവും ജോലിചെയ്ത കമ്പനിയില്‍നിന്ന് പുറത്തേക്ക് എറിയപ്പെടുകയാണെന്ന്...ചിലര്‍ പ്രതിഷേധിക്കും, ചിലര്‍ കരയും. രണ്ടായാലും ഒരു ഫലവുമില്ല. എക്‌സിറ്റ് എക്‌സിറ്റാണ്, മാറില്ല.'

കുറെ നേരം ഞാനും സൈമണും ഒന്നും മിണ്ടാതെ നടന്നു. 'ബെക്കിയുടെ കണ്ണീര്‍ എനിക്കു കാണാന്‍ വയ്യ. ഞാന്‍ അവര്‍ക്കൊരു എസ്എംഎസ് അയക്കാന്‍ പോവുകയാണ്..' സൈമണ്‍ പറഞ്ഞു. 

അവനത് എന്നെ വായിച്ചു കേള്‍പ്പിച്ചു. 'പ്രിയപ്പെട്ട ബെക്കീ, എന്നോടു ക്ഷമിക്കുക. നിങ്ങളോട് ഇതു പറയേണ്ട ജോലി എന്‍േറതായിപ്പോയി...'

ആ സന്ദേശത്തിന് മറുപടിയൊന്നും ഉണ്ടായില്ല. പിറ്റേന്ന് സൈമണ്‍ ഓഫിസില്‍ പോയി വരുവോളം ഞാന്‍ അവന്റെ മുറിയില്‍ത്തന്നെയിരുന്നു. വന്നതും അവന്‍ പറഞ്ഞു, 'പേടിച്ചതുപോലെ ഒന്നുമുണ്ടായില്ല. ബെക്കി രാവിലെ വന്ന് ലാപ്‌ടോപ്പും ഐഡി കാര്‍ഡും മൊബൈലുമെല്ലാം എനിക്കു തിരിച്ചുനല്‍കി, പതിവുപോലെ ചിരിച്ചുകൊണ്ടുതന്നെ. പ്രമോഷന്‍ കിട്ടി സ്ഥലംമാറിപ്പോകുന്ന ഒരാളെപ്പോലെ ഉത്സാഹത്തില്‍ ടേബിള്‍ വൃത്തിയാക്കി. ബാക്കി കിടന്ന ചില്ലറ ജോലികള്‍ തീര്‍ത്തു. അവരുടെ കൈവശമുണ്ടായിരുന്ന ക്ലയന്റ്‌സിന്റെ രേഖകള്‍ എല്ലാം കൃത്യമായി തിരിച്ചുതന്നു. പിന്നെ ഒരു പെട്ടി ചോക്കലേറ്റ് പൊട്ടിച്ച് എല്ലാവര്‍ക്കും മധുരം നല്‍കി. ഓഫിസില്‍ എല്ലാവരും കരഞ്ഞപ്പോഴും അവര്‍ ചിരിച്ചു. വൈകിട്ട് നിന്നെ കാണണമെന്നു പറഞ്ഞിട്ടുണ്ട്...'

'എടാ, ഒരിക്കലും കമ്പനികളെ സ്‌നേഹിക്കരുത്. ഒടുവില്‍ നമ്മള്‍ വിഡ്ഢികളാവും...!'

ആ ദിവസം ബെക്കിയെ കാണുന്നത് എനിക്ക് ആലോചിക്കാന്‍ കഴിയുമായിരുന്നില്ല. പക്ഷേ, ഇന്ന് കണ്ടില്ലെങ്കില്‍ ഇനിയൊരിക്കലും ബെക്കിയെ കാണാന്‍ കഴിഞ്ഞില്ലെങ്കിലോ എന്നൊരു പേടി എനിക്കു തോന്നി. 

ബെക്കിയെ കാണാന്‍ പോകുംവഴി സൈമണ്‍ പറഞ്ഞു, 'ഒരു റിക്വസ്റ്റ് തന്നാല്‍ രണ്ടു മാസത്തേക്ക് ബേസിക് പേ മാത്രം കമ്പനി കൊടുക്കും. ജോലിക്കു വരേണ്ടതില്ല. ബേസിക് പേ ശമ്പളത്തിന്റെ നാലിലൊന്നുപോലും വരില്ല. അതാകും ബെക്കി റിക്വസ്റ്റ് തന്നില്ല.' 

ആ വൈകുന്നേരം കബ്ബണ്‍ പാര്‍ക്കിലെ മരങ്ങള്‍ക്കിടയിലൂടെ ഞങ്ങള്‍ മൂന്നു പേരും നിശ്ശബ്ദരായി നടന്നു. ഇടയ്ക്ക് എപ്പോഴോ സൈമണ്‍ ഒരിക്കല്‍ക്കൂടി ബെക്കിയോടു മാപ്പു പറഞ്ഞു. ഒട്ടും ചോരാത്ത മാന്യതയോടെ അവര്‍ സൈമന്റെ തോളില്‍ത്തട്ടി പറഞ്ഞു, 'കമ്പനികള്‍ക്ക് ഉള്ളില്‍ മനുഷ്യര്‍ നിസ്സഹായരാണ് സൈമണ്‍, അതെനിക്ക് അറിയാം'.

എപ്പോഴോ ബെക്കി വഴിയരികിലെ കച്ചവടക്കാരനില്‍നിന്ന് മുറിച്ച പഴങ്ങള്‍ വാങ്ങിത്തന്നു. മരച്ചുവട്ടില്‍നിന്നു ഞങ്ങളത് കഴിച്ചു. നിസ്സഹായരായ ഏതു മനുഷ്യരും ചെയ്യുന്നതുപോലെ ഞാന്‍ വെറും വാക്കുകള്‍കൊണ്ട് ബെക്കിയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. മറുപടിയായി അവര്‍ വെറുതെ ചിരിക്കുക മാത്രം ചെയ്തു. 

പിരിയാന്‍ നേരം ബെക്കി പറഞ്ഞു. 'ഞാന്‍ നാട്ടിലേക്ക് മടങ്ങുകയാണ്, രാത്രിതന്നെ. അവിടെ ആരുമില്ല, വീടുപോലും. എന്നാലും പോകാന്‍ മറ്റൊരു ഇടമില്ല. ഇനി നമുക്ക് തമ്മില്‍ കാണാനാവുമോയെന്ന് അറിയില്ല..'

M Abdul Rasheed Nee Evideyaanu

സൈമണ്‍ എന്നോടു പറഞ്ഞു, 'ഇനി ബെക്കി നമ്മുടെ കൂടെയുണ്ടാവില്ല..!' 

അന്ന്, ബെക്കിയെ യാത്രയാക്കി മുറിയിലേക്ക് മടങ്ങുമ്പോള്‍ മെജസ്റ്റിക്കിലെ വഴിയോരമദ്യഷോപ്പില്‍നിന്ന് സൈമണ്‍ ഒരു കുപ്പി വാങ്ങി. ഭീരുക്കളായ എല്ലാ പുരുഷന്മാരും യാഥാര്‍ഥ്യത്തില്‍നിന്ന് ഒളിച്ചോടാന്‍ തേടുന്ന അതേ വഴി. സൈമണിന്റെ മുറിയില്‍ രാവേറെ വൈകുംവരെയിരുന്ന് ഞങ്ങള്‍ ആ കുപ്പി തീര്‍ത്തു. 

ഓരോ ഗ്ലാസ് കാലിയാക്കുമ്പോഴും സൈമണ്‍ അവന്റെ  കമ്പനിയെ തെറി വിളിച്ചുകൊണ്ടിരുന്നു. ബെക്കിയോട് അവന്റെയുള്ളില്‍ എത്ര സ്‌നേഹമുണ്ടെന്നു ഞാന്‍ തിരിച്ചറിയുകയായിരുന്നു.

'എടാ, ഒരിക്കലും കമ്പനികളെ സ്‌നേഹിക്കരുത്. ഒടുവില്‍ നമ്മള്‍ വിഡ്ഢികളാവും...!'. അവന്‍ അലറുംപോലെ പറഞ്ഞു, 

'എല്ലാ അമ്മമാരും എന്നെങ്കിലുമൊരിയ്ക്കല്‍ ഒറ്റയ്ക്കാവും, മനസ്സുകൊണ്ടെങ്കിലും. ജീവനുള്ള ശരീരത്തില്‍ മറ്റൊരു ജീവനെ മുളപ്പിച്ചെടുക്കുന്നതിന്റെ അനിവാര്യ ശിക്ഷയാണത്'.

രാത്രിയിലെപ്പോഴോ വെറും തറയില്‍ ഞങ്ങള്‍ മലര്‍ന്നുകിടന്നു, ഇരുട്ടില്‍. 'സൈമണ്‍, നിനക്ക് ബെക്കിയെ ഒത്തിരി ഇഷ്ടമായിരുന്നു, അല്ലേ?' മന്ത്രിക്കുംപോലെ ഞാന്‍ ചോദിച്ചു. 

'എടാ, നിനക്ക് അറിയില്ലേ, ഞാന്‍ ഒറ്റയ്‌ക്കൊരു അമ്മ വളര്‍ത്തിയ മോനാണ്. അതും കല്യാണം കഴിക്കാത്ത ഒരമ്മയുടെ മോന്‍. അച്ഛനില്ലാത്ത, അമ്മ മാത്രമുള്ള മോന്‍. എനിയ്ക്ക് അല്ലാതെ പിന്നെ ആര്‍ക്കാടാ ബെക്കിയെ മനസ്സിലാവുക?' സൈമണ്‍ കരയുമ്പോലെ പറഞ്ഞു. 

സൈമണും ബെക്കിയും തമ്മിലുള്ള ആ സാദൃശ്യം ഒരിക്കലും എന്റെ ചിന്തയില്‍ വന്നിരുന്നില്ല. ബെക്കി എന്ന ഒറ്റയമ്മയില്‍ സൈമണ്‍ അവന്റെ തന്നെ അമ്മയെയായിരുന്നു കണ്ടതെന്ന് വല്ലാത്തൊരു പൊള്ളലോടെ ഞാന്‍ തിരിച്ചറിഞ്ഞു. എന്തുകൊണ്ടോ എനിയ്ക്കു കരച്ചില്‍ വന്നു. ഇരുട്ടായത് നന്നായി, കണ്ണ് തുടയ്ക്കണ്ടല്ലോ..!

ഞാന്‍ എണീറ്റുവന്നു ജനാലയിലൂടെ പുറത്തേയ്ക്കു നോക്കി. ബാംഗ്ലൂര്‍ ഉറങ്ങിയിരുന്നു. ഏതോ രാത്രിവണ്ടി കൂകിപാഞ്ഞു പോകുന്നു. ആയുസ്സിന്റെ 25 കൊല്ലത്തിന്റെ ഓര്‍മ്മകളുള്ള നഗരം വിട്ട് ബെക്കി ഇപ്പോള്‍ ഏതോ രാത്രിവണ്ടിയില്‍ മടങ്ങുന്നുണ്ടാവും എന്ന് ഞാന്‍ ഓര്‍ത്തു. മക്കള്‍ പറന്നു പോകുമ്പോള്‍ ശൂന്യരായിപ്പോകുന്ന ഭൂമിയിലെ എല്ലാ അമ്മമാരെയും ഞാന്‍ ആ ഇരുട്ടില്‍ കണ്ടു. ബെക്കി ഒരിയ്ക്കല്‍ പറഞ്ഞത് ഞാന്‍ ഓര്‍ത്തു, 'എല്ലാ അമ്മമാരും എന്നെങ്കിലുമൊരിയ്ക്കല്‍ ഒറ്റയ്ക്കാവും, മനസ്സുകൊണ്ടെങ്കിലും. ജീവനുള്ള ശരീരത്തില്‍ മറ്റൊരു ജീവനെ മുളപ്പിച്ചെടുക്കുന്നതിന്റെ അനിവാര്യ ശിക്ഷയാണത്'.

ഇന്നും ഓരോ പിരിച്ചുവിടല്‍ വാര്‍ത്ത കേള്‍ക്കുമ്പോഴും ഞാന്‍ ബെക്കിയെന്ന ആ ഒറ്റയമ്മയെ ഓര്‍ക്കും. 
ബെക്കി അന്ന് തന്ന നമ്പറിലേക്ക് വെറുതെ വിളിച്ചുനോക്കും, ഒരിയ്ക്കല്‍പ്പോലും മറുവശത്തുനിന്നു മറുപടി ഉണ്ടായിട്ടില്ലെങ്കിലും. 

...................................

'നീ എവിടെയാണ്'. എന്നോ കണ്ടുമുട്ടി എവിടെയോ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഒരുക്കുന്ന ഇടമാണിത്. വിദൂരതയില്‍ മറഞ്ഞുപോയ അത്തരമൊരാള്‍ നിങ്ങളുടെ ഉള്ളിലുമില്ലേ? ഉണ്ടെങ്കില്‍, അവരെക്കുറിച്ച് എഴുതൂ. കുറിപ്പുകള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ 'നീ എവിടെയാണ്? എന്നെഴുതി, webteam@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും

Follow Us:
Download App:
  • android
  • ios