ഈ ചൈനീസ് നടിയുടെ മൂക്കിന് സംഭവിച്ചത് നാളെ നമുക്കുമാവാം...!

By Web TeamFirst Published Feb 6, 2021, 2:25 PM IST
Highlights

എത്രയെത്ര വാര്‍ത്തകളാണ് ദിവസവും! അതിനിടയില്‍, ഒറ്റക്കോളത്തിലോ ഒറ്റവരിയിലോ ഒതുങ്ങിപ്പോയ ഒരു വാര്‍ത്ത. അതിന്റെ നാനാര്‍ത്ഥങ്ങള്‍. എം അബ്ദുള്‍ റഷീദ് എഴുതുന്ന കോളം തുടരുന്നു

'മൂക്കൊഴികെ നിന്റെ മുഖം സുന്ദരമാണ്. മൂക്കിന്റെ നീളം അല്‍പം കുറച്ചാല്‍ പിന്നെ എല്ലാം തികഞ്ഞ മുഖം...!' അടുത്ത സുഹൃത്ത് പറഞ്ഞ ഈ വാചകമാണ് ഗോ ലീയുടെ ജീവിതം മാറ്റിയത്. ചങ്ങാതി പറഞ്ഞതു ശരിയാണെന്ന് കണ്ണാടിയ്ക്കു മുന്നില്‍ നിന്നപ്പോള്‍ ലീയ്ക്കും തോന്നി. മൂക്കിന്റെ നീളം കുറയ്ക്കാനുള്ള വഴിയും സുഹൃത്തുതന്നെ ഉപദേശിച്ചു. ഗ്വാന്‍ചോ നഗരത്തിലെ ഒരു സൗന്ദര്യ ശസ്ത്രക്രിയാ കേന്ദ്രത്തില്‍ പോവുക. 

 

 

പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുമ്പോഴാണ് ഗോ ലീ എന്ന നടിയ്ക്ക് അവരുടെ മൂക്കിന്റെ തുമ്പ്  നഷ്ടമായത്! കോശങ്ങള്‍ നശിച്ചു ദ്രവിച്ചു പോയ ആ മൂക്ക് ഇപ്പോള്‍ ലോകമാധ്യമങ്ങളില്‍ വലിയൊരു ചര്‍ച്ചയാണ്. 

ഗോ ലീയെ പരിചയപ്പെടുത്താം. ചിലരെങ്കിലും കേട്ടിരിക്കണം. ചൈനയിലെ പ്രശസ്തയായ ഗായികയും നടിയുമാണ് അവര്‍. ഒട്ടേറെ ടെലിവിഷന്‍ പരിപാടികളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലാണ് ഗോ ലീയുടെ പ്രശസ്തി കുതിച്ചുയരുന്നത്.  അവസരങ്ങളുടെ തെളിച്ചത്തില്‍ നില്‍ക്കുമ്പോള്‍തന്നെ, ഏതാനും മാസങ്ങള്‍ക്കു മുന്‍പ് പൊടുന്നനെ അവര്‍ പൊതുവേദികളില്‍ നിന്ന് മറഞ്ഞു. മാസങ്ങളോളം വിവരമൊന്നുമില്ലാതായി. 

ആരാധകരെ ആശങ്കയിലാക്കിയ ആ ഇടവേളയ്ക്കു ശേഷം ഗോ ലീ കഴിഞ്ഞ ദിവസം വെയ്‌ബോ എന്ന ചൈനീസ് സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമില്‍ പ്രത്യക്ഷപ്പെട്ടു. അന്‍പതു ലക്ഷം വരുന്ന തന്റെ ഫോളോവേഴ്സിനോടായി ഗോ ലീ ആ രഹസ്യം വെളിപ്പെടുത്തി. തന്റെ മൂക്കിന്റെ തുമ്പ് നഷ്ടമായി! അതായിരുന്നു അജ്ഞാതവാസത്തിന്റെ കാരണം. തന്റെ മുറിഞ്ഞ മൂക്കിന്റെ ചിത്രം അവര്‍ പോസ്റ്റ് ചെയ്തു. സത്യത്തില്‍ മുറിഞ്ഞതല്ല, സെല്ലുകള്‍ നശിച്ചു മൂക്കിന്‍തുമ്പ് ദ്രവിച്ചുപോയതായിരുന്നു.  

ചൈനയില്‍ മാത്രമല്ല ലോകമാകെ ആ വേദനിപ്പിക്കുന്ന ചിത്രങ്ങള്‍ വലിയ ചര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നു. 

'മൂക്കൊഴികെ നിന്റെ മുഖം സുന്ദരമാണ്. മൂക്കിന്റെ നീളം അല്‍പം കുറച്ചാല്‍ പിന്നെ എല്ലാം തികഞ്ഞ മുഖം...!' അടുത്ത സുഹൃത്ത് പറഞ്ഞ ഈ വാചകമാണ് ഗോ ലീയുടെ ജീവിതം മാറ്റിയത്. ചങ്ങാതി പറഞ്ഞതു ശരിയാണെന്ന് കണ്ണാടിയ്ക്കു മുന്നില്‍ നിന്നപ്പോള്‍ ലീയ്ക്കും തോന്നി. മൂക്കിന്റെ നീളം കുറയ്ക്കാനുള്ള വഴിയും സുഹൃത്തുതന്നെ ഉപദേശിച്ചു. ഗ്വാന്‍ചോ നഗരത്തിലെ ഒരു സൗന്ദര്യ ശസ്ത്രക്രിയാ കേന്ദ്രത്തില്‍ പോവുക. 

വെറും നാലു മണിക്കൂര്‍ നീളുന്ന ചെറിയ ശസ്ത്രക്രിയ. അത് തന്റെ മുഖം പരിപൂര്‍ണ്ണമാക്കുമെന്ന് ഗോ ലീ കരുതി. അങ്ങനെ അവര്‍ ആ ശസ്ത്രക്രിയക്ക് തയാറായി. ഒട്ടേറെ ആരാധകരുള്ള കുട്ടിത്തമുള്ള ആ മുഖത്ത്, നേര്‍ത്ത കത്തിയുടെ മൂര്‍ച്ച പതിഞ്ഞു. 

ആ താരത്തിന്റെ ജീവിതത്തിലെ വേദനാഭരിതമായ ഒരധ്യയത്തിന്റെ തുടക്കമായിരുന്നു അത്. ഗോ ലീയുടെ മൂക്കില്‍ ശസ്ത്രക്രിയ നടന്ന ഭാഗത്ത് അന്നുതന്നെ അസ്വസ്ഥതകള്‍ തുടങ്ങി. പിറ്റേന്ന് അണുബാധയുണ്ടായി. അസഹ്യമായ വേദനയും. മൂക്കിന്റെ തുമ്പ് ക്രമേണ കറുപ്പായി. കോശങ്ങള്‍ക്ക് അകാല മരണം. ആ ദിവസങ്ങളില്‍ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചുവെന്നാണ് ഗോ ലീ പറയുന്നത്. ലക്ഷക്കണക്കിന് ആരാധകരുള്ള സ്വന്തം മുഖം കാണുന്നതുതന്നെ ലീയ്ക്ക് പേടിയായി. 

 

.................................

Read more: ലൈവ് ക്യാമറയ്ക്കുമുന്നില്‍ കഴുത്തുമുറിച്ച ഇന്ത്യന്‍ യുവാവിനെ ഫേസ്ബുക്ക് രക്ഷിച്ചതെങ്ങനെ?

 

ഏതാനും ആയിരങ്ങള്‍ മാത്രം ചെലവ് വന്ന ആ ശസ്ത്രക്രിയ ഉണ്ടാക്കിയ ദുരിതത്തില്‍ നിന്ന് കര കയറാന്‍ ഇതുവരെ ചെലവായത് അമ്പതു ലക്ഷം രൂപ. ഇനി ഒരു വര്‍ഷമെങ്കിലും കഴിഞ്ഞു ആരോഗ്യം വീണ്ടെടുത്താലേ മൂക്കില്‍ മറ്റൊരു ശസ്ത്രക്രിയ നടത്തി ദ്രവിച്ചുപോയ ഭാഗം പുനഃസ്ഥാപിക്കാന്‍ കഴിയൂ. അതിന് ലക്ഷങ്ങള്‍ വേറെ വേണം. ഫലം എന്താകുമെന്ന് പറയാനും വയ്യ. 

ലീയുടെ നഷ്ടം സാമ്പത്തികം മാത്രമായിരുന്നില്ല. അഭിനയത്തെ ജീവിതലക്ഷ്യമായി കണ്ട ഒരു നടിക്ക് കരിയറിന്റെ അത്യുന്നതിയില്‍ നില്‍ക്കുമ്പോള്‍ പൊടുന്നനെ എല്ലാം നഷ്ടമായി. കരാര്‍ ഒപ്പിട്ട സിനിമകള്‍ മുടങ്ങി. പരസ്യ കമ്പനികള്‍ പിന്മാറി. കരാര്‍ ഒപ്പിട്ട ശേഷം അനുവാദമില്ലാതെ ശസ്ത്രക്രിയ നടത്തി പ്രോജക്ട്് മുടക്കിയതിന് ചലച്ചിത്ര കമ്പനികള്‍ കോടികള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട്  കേസ് കൊടുത്തിരിക്കുകയാണ്. പുറത്തിറങ്ങാനുള്ള ആത്മവിശ്വാസം തന്നെ ഇല്ലാതായി. മറ്റാര്‍ക്കും ഇനി ഈ ദുരന്തം ഉണ്ടാകരുതെന്ന ചിന്തയിലാണ് ഗോ ലീ എല്ലാം തുറന്നു പറഞ്ഞത്. 

താന്‍ അനുഭവിച്ചതെല്ലാം ഗോ ലീ വെളിപ്പെടുത്തിയതോടെ  ചൈനയിലെ സൗന്ദര്യ ശസ്ത്രക്രിയാ കേന്ദ്രങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. 

ഇത്തരം ശസ്ത്രക്രിയകള്‍ക്ക് അനുമതി ഉള്ള ആശുപത്രി ആയിരുന്നില്ല ലീയുടെ സര്‍ജറി നടത്തിയത്. സ്ഥാപനത്തിനെതിരെ പ്രാദേശിക അധികാരികള്‍ ഇപ്പോള്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 

അംഗീകാരമില്ലാത്ത അറുപതിനായിരം സൗന്ദര്യ ശസ്ത്രക്രിയാ കേന്ദ്രങ്ങള്‍ ചൈനയില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് കണക്ക്. ഇവയില്‍ ഒരു വര്‍ഷം സംഭവിക്കുന്ന പിഴവുകള്‍ നാല്പത്തിനായിരമെങ്കിലും വരും. കൂടുതല്‍ സൗന്ദര്യം തേടിയെത്തി കൂടുതല്‍ വേദനയും ദുരിതവും ഏറ്റുവാങ്ങുന്നവര്‍. സത്യത്തില്‍ ഇത് ചൈനയുടെ മാത്രം കഥയല്ല. 

 

.....................................

Read more: മുഖ്യമന്ത്രി  അഭിനന്ദിക്കണം, പൊതുമരാമത്ത്  വകുപ്പിനെ തോല്‍പ്പിച്ച സുമയേയും!

 

സൗന്ദര്യ വര്‍ധക ശസ്ത്രക്രിയകള്‍ ഇന്ന് ലോകത്ത് രണ്ടു ലക്ഷം കോടി രൂപയുടെ വ്യവസായമാണ്. അടുത്ത നാലു വര്‍ഷത്തിനകം ഇത് മൂന്നര ലക്ഷം കോടിയുടേതായി വളരുമെന്നാണ് ഇന്‍ഡസ്ട്രിയിലെ കണക്കുകള്‍. സ്വന്തം ശരീരം ഇഷ്ടമില്ലാത്ത മനുഷ്യരുടെ എണ്ണം കൂടുന്നുവെന്നതാണ് ഈ വിപണിയുടെ പ്രതീക്ഷ. മനുഷ്യരെ ആ ചിന്തയുള്ളവരാക്കുകയാണ് ലക്ഷ്യം. അല്പം നീണ്ട മൂക്കോ വലിയ ചുണ്ടോ ചെറിയ കണ്ണുകളോ അപകര്‍ഷതയുടെ കാരണമാകണം. അപ്പോഴാണ് കൂടുതല്‍ ഉപഭോക്താക്കള്‍ ഉണ്ടാവുക. 

അപകടമോ രോഗമോ കാരണം ഉണ്ടാകുന്ന അപാകതകള്‍ മറയ്ക്കാന്‍ നടത്തേണ്ടി വരുന്ന അവശ്യ ശസ്ത്രക്രിയയുടെ കഥയല്ല ഈ പറയുന്നത്. കേവലം തോന്നലുകളുടെ പുറത്തുള്ള സൗന്ദര്യം കൂട്ടല്‍ ശസ്ത്രക്രിയകളെക്കുറിച്ചാണ്. പ്രകടമായ ഒരു വൈകല്യവും ഇല്ലാതിരുന്നിട്ടും അഴകളവുകള്‍ ഒപ്പിക്കാന്‍ മാത്രം കീറിമുറിക്കപ്പെടുന്ന ഉടലുകള്‍. തൊലി മിനുങ്ങുന്നതാക്കാന്‍, മാറിടം ആകൃതിയുള്ളതാക്കാന്‍....അങ്ങനെ ആഗോള വിപണിയിലെ സൗന്ദര്യ അളവുകളുടെ തോത് ഒപ്പിക്കാന്‍ നടത്തുന്ന ശസ്ത്രക്രിയകള്‍.

സ്ത്രീകള്‍ മാത്രമാണ് ഇത്തരം ശസ്ത്രക്രിയകള്‍ക്ക് പിന്നാലെ പോകുന്നതെന്ന പരമ്പരാഗത ധാരണകളും ശരിയല്ല. അഞ്ചു വര്‍ഷം  മുന്‍പ് ലോകത്തെ ആകെ സൗന്ദര്യ വര്‍ധക ശസ്ത്രക്രിയയുടെ പത്തു ശതമാനത്തില്‍ താഴെയായിരുന്നു പുരുഷന്മാര്‍ നടത്തുന്നത്. ഇന്റര്‍നാഷനല്‍ സൊസൈറ്റി ഓഫ് എസ്തെറ്റിക് പ്ലാസ്റ്റിക്  സര്‍ജറിയുടെ കണക്ക് പ്രകാരം ഇപ്പോള്‍ അത് പതിനഞ്ചു ശതമാനമായി ഉയര്‍ന്നു. ചില രാജ്യങ്ങളില്‍ ആകെ സൗന്ദര്യ വര്‍ധക ശസ്ത്രക്രിയയുടെ മൂന്നിലൊന്ന് നടത്തുന്നത് പുരുഷന്മാരാണ്.

ഇന്ത്യയടക്കം ബഹുഭൂരിപക്ഷം ജനങ്ങള്‍ ദരിദ്രരായ രാജ്യങ്ങളിലും കുതിച്ചുയരുന്നുണ്ട് ഈ വിപണി. വ്യായാമക്കുറവും അശാസ്ത്രീയമായ ഭക്ഷണക്രമങ്ങളും വ്യാപിക്കുന്ന ഇന്ത്യന്‍ മധ്യവര്‍ഗത്തില്‍  കൊഴുപ്പു വലിച്ചെടുത്തു കളയാനും വയറും തുടയും ചെറുതാക്കാനുമുള്ള ശാസ്ത്രക്രിയകളാണ് അധികവും. ശരിയായ വ്യായാമവും ഭക്ഷണവുംകൊണ്ട് നേടാനാവുന്നത് ഒടുവില്‍ ശസ്ത്രക്രിയാ മേശയില്‍ എത്തുന്നു. ചൈനയിലെപ്പോലെ ഇന്ത്യയിലും ഈ സൗന്ദര്യവര്‍ധക കീറിമുറിക്കല്‍ വിപണിക്ക് കാര്യമായ നിയന്ത്രങ്ങളോ നിയമങ്ങളോ ഇല്ല. ഏതാണ്ട് 460 കോടി രൂപയുടെ ശസ്ത്രക്രിയകള്‍ ഇന്‍ഡ്യയില്‍ ഒരു വര്‍ഷം നടക്കുന്നു. പത്തു ലക്ഷത്തോളം പേര്‍. സൗന്ദര്യ ശസ്ത്രക്രിയയുടെ കാര്യത്തില്‍ ലോകത്ത് നാലാം സ്ഥാനമാണ് ഇന്ത്യക്ക്. അമേരിക്കയും ബ്രസീലും ദക്ഷിണ കൊറിയയുമാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍.

എന്റെ ഉടല്‍ എന്റെ അഭിമാനം, ഫെയര്‍ എന്നാല്‍ വെളുപ്പല്ല, ശരീരത്തെ അപഹസിക്കരുത് തുടങ്ങിയ അവബോധങ്ങള്‍ ശക്തിപ്പെടുന്ന കാലത്തുതന്നെയാണ് സൗന്ദര്യം കൂട്ടാനുള്ള കീറിമുറിക്കല്‍ വിപണിയും വളരുന്നത്. ഗോ ലീയുടെ മുറിഞ്ഞ മൂക്ക് നമ്മളോട് ചിലത് പറയുന്നുണ്ട്. എന്റെ കണ്ണും മൂക്കും ചുണ്ടും മാറിടവും മുഖവും നിറവും എന്റേത് മാത്രമാണ്. അതാണ് എന്റെ അഴകും അളവും. അത് മറ്റൊരാളുടെ അളവുകളിലേക്ക് എത്തിക്കാനുള്ള എല്ലാ കീറിമുറിക്കലുകളിലും അപായങ്ങള്‍ പതിയിരിപ്പുണ്ട്. 

ഊര്‍ജസ്വലയായ ആ യുവ ചൈനീസ് താരം വേഗം ആരോഗ്യം വീണ്ടെടുത്ത് മടങ്ങിയെത്തട്ടെ. അവരുടെ ആരാധകര്‍ മാത്രമല്ല ലോകംതന്നെ ഇപ്പോള്‍ അത് ആഗ്രഹിക്കുന്നുണ്ട്.

 

എം അബ്ദുല്‍ റഷീദ് എഴുതിയ മറ്റ് കുറിപ്പുകള്‍

മുഖ്യമന്ത്രി  അഭിനന്ദിക്കണം, പൊതുമരാമത്ത്  വകുപ്പിനെ തോല്‍പ്പിച്ച സുമയേയും! 

ലൈവ് ക്യാമറയ്ക്കുമുന്നില്‍ കഴുത്തുമുറിച്ച ഇന്ത്യന്‍ യുവാവിനെ ഫേസ്ബുക്ക് രക്ഷിച്ചതെങ്ങനെ?

ഐസിസ് ഭീകരര്‍ കഴുത്തില്‍ കത്തിപായിക്കുമ്പോള്‍ ആ വൃദ്ധവൈദികന്‍ എന്താവും പ്രാര്‍ത്ഥിച്ചിട്ടുണ്ടാവുക? 

ആ പൂമരങ്ങള്‍ കാമ്പസില്‍ ഇപ്പോഴും ബാക്കിയെങ്കില്‍ അത് വെട്ടി തീയിടണം!

സിന്ധുവിനെ തോല്‍പ്പിച്ച കരോലിന മാരിന് ഒരു മലയാളിയുടെ തുറന്ന കത്ത് 

തുണിയുടുക്കാത്ത സന്യാസിയും നാണമേയില്ലാത്ത നമ്മളും

ഒരു കുഞ്ഞും വരയ്ക്കരുതാത്ത ചിത്രം!

നന്‍മ ഒരു വാക്കല്ല, ഈ മനുഷ്യനാണ്! 

അമ്മമാരുടെ ക്രിസ്മസ് 

ചരമപേജില്‍ കാണാനാവാത്ത മരണങ്ങള്‍! 

പടച്ചോനൊരു കത്ത്

ക്രിസ്തുവിന്റെ മൗനം; ഗാന്ധിയുടെയും!

അവള്‍ക്കു കൈയ്യടിക്കുന്നവര്‍ സ്വന്തം അടുക്കളയിലേക്കും നോക്കൂ 

നിങ്ങളെത്ര തെറി വിളിച്ചാലും ഞങ്ങള്‍ക്കീ വാര്‍ത്തകള്‍ കൊടുക്കാതിരിക്കാനാവില്ല

ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍! 

അമ്മമാരേ, ഈ ഉത്തരവാദിത്ത  ചര്‍ച്ചയില്‍ അച്ഛന്‍ എവിടെയാണ്?

ഓരോ 'മീന്‍കഷണത്തിനും' അവര്‍ കണക്കു പറയിക്കും! 

സിപിഎം സമ്മേളനം ഉത്തരം തരേണ്ട ചോദ്യങ്ങള്‍

രാഷ്ട്രീയ ആയുധമായി മാറിയ കൊവിഡ് വാക്‌സിന്‍  എത്രമാത്രം സുരക്ഷിതമാണ്?

click me!