റോബിന്‍സണ്‍ ക്രൂസോയെ ഓര്‍മ്മിപ്പിച്ച ഒരു രാത്രി!

By Nidheesh NandanamFirst Published Feb 3, 2021, 3:52 PM IST
Highlights

ലണ്ടന്‍ വാക്ക്. നിധീഷ് നന്ദനം എഴുതുന്ന യാത്രാകുറിപ്പുകള്‍ തുടരുന്നു. ഇന്ന് സ്‌കോട്‌ലാന്റിലെ എഡിന്‍ബറ അനുഭവങ്ങള്‍.

നിഗൂഢതകളുടെ ഇരുട്ട് മൂടിയ ദ്വീപിലെ കാട്ടുമരങ്ങള്‍ക്കിടയില്‍ നിന്നും അപരിചിതരായ മനുഷ്യര്‍ അതിവേഗം കോണ്‍ക്രീറ്റ് പാലം കടന്നു കര തേടിപ്പോയി.  പൊളിഞ്ഞു വീഴാറായ പഴകിയ കെട്ടിടത്തിന്റെ ഓരത്തുള്ള പാറക്കെട്ടുകളിലിരുന്ന് ബിയര്‍ മോന്തിക്കൊണ്ട് സൊറ പറയുന്ന മൂന്നാലു പെണ്കുട്ടികളല്ലാതെ മറ്റാരും ഇനിയീ ദ്വീപില്‍ അവശേഷിക്കുന്നില്ലെന്നു തോന്നി. ഇരുട്ടിനു കനം വയ്ക്കും തോറും കടലില്‍ വെള്ളമുയര്‍ന്നാലുള്ള അവസ്ഥയെക്കുറിച്ചു ആധി കയറിത്തുടങ്ങി.

 

 

പഴകുംതോറും വീര്യമേറുന്ന സ്‌കോച്ച് വിസ്‌കിയുടെ നാടാണ് സ്‌കോട്‌ലാന്റ്. അവിടെ സ്‌കോച്ചിന്റെ ലഹരി ആവോളം ഉള്ളില്‍ നിറച്ച, പഴമയുടെ പ്രൗഢിയില്‍ സ്വയമമരുന്നൊരു നഗരം, എഡിന്‍ബറ. ഏഴു കുന്നുകളുടെ നഗരം. വടക്കിന്റെ ഏതന്‍സ്. പൗരാണികതയില്‍ നവീന മാതൃകകള്‍ ഒളിപ്പിച്ച ജോര്‍ജിയന്‍ നിര്‍മ്മിതികള്‍. അവയ്ക്കിടയില്‍ കമനീയമായ പൂന്തോട്ടങ്ങള്‍. നഗരമധ്യത്തിലുള്ള ഒരൂക്കന്‍ കുന്നിന്റെ ഏറ്റവും മുകളിലായി സ്‌കോട്ടിഷ് രാജവംശത്തിന്റെ സിംഹാസനങ്ങളും കിരീടങ്ങളും ആടയാഭരണങ്ങളും സൂക്ഷിച്ച എഡിന്‍ബറ കോട്ട. അതിന് കിഴക്ക് ഒരു മൈല്‍ അകലെ ആര്‍തര്‍ സീറ്റിലെ നിര്‍ജീവാഗ്‌നിപര്‍വ്വത മേഖലയില്‍ രാജവസതിയായ ഹോളിറൂഡ് കൊട്ടാരം.. അതിനു ചുറ്റും രാജകീയോദ്യാനം. സ്മാരകങ്ങളും സ്മരണികകളും ഉറങ്ങുന്ന കാര്‍ട്ടണ്‍ ഹില്‍.

ഒന്ന് ചുറ്റിക്കാണാന്‍ ആരും കൊതിക്കുന്ന നഗരമാണ് എഡിന്‍ബറ. സ്‌കോട്ട്-ലോതിയന്‍ സംസ്‌കാരത്തിന്റെ തിരുശേഷിപ്പുകള്‍ ഇംഗ്ലീഷ് അധിനിവേശത്തിനപ്പുറവും നെഞ്ചോടു ചേര്‍ത്ത് വയ്ക്കുന്ന നഗരം.  ഹൈലാന്‍ഡ്‌സില്‍ നിന്നും ഇറങ്ങി വരുമ്പോള്‍ ആദ്യം കണ്ണിലുടക്കുക ഫോര്‍ത്ത് പാലങ്ങള്‍ ആണ്.  അതാണ് തെക്കുനിന്നും നഗരത്തിലേക്കുള്ള കവാടം. വലിയ തൂണില്‍ ഇരുപുറം വലിച്ചു കെട്ടിയ ഞാണുകളുള്ള പാലം കടന്നാല്‍ എഡിന്‍ബറയുടെ പ്രൗഢിയിലേക്ക് പ്രവേശിക്കുകയായി. ഇവിടെനിന്ന് നോക്കിയാല്‍ അരികില്‍ കാന്റിലിവര്‍ മാതൃകയില്‍ നിര്‍മ്മിച്ച ഫോര്‍ത്ത് റെയില്‍പ്പാലം കാണാം. ചുവന്നനിറത്തിലുള്ള ഡി എന്‍ എ  പോലെ പിരിഞ്ഞു കിടക്കുന്ന ഈ പാലം യുനെസ്‌കോയുടെ പൈതൃകപ്പട്ടികയില്‍ ഇടം പിടിച്ചതാണ്.

 

 

പാലം കടന്നാല്‍ പിന്നെ നഗരത്തിലേക്ക് പ്രവേശിക്കുകയായി. ലണ്ടന്‍ കഴിഞ്ഞാല്‍ യുകെയിലെ വലിയ നഗരമാണ് സ്‌കോട്‌ലാന്റിന്റെ തലസ്ഥാനമായ എഡിന്‍ബറ. അതുകൊണ്ടു തന്നെ നഗരത്തില്‍ നല്ല തിരക്കാണ്. ഇംഗ്ലണ്ടിലെ ട്രാഫിക് മര്യാദകളൊന്നും ഇവിടെ വിലപ്പോവില്ല. വണ്ടിയൊതുക്കാനായി പലവഴി കറങ്ങി. ഒരു രക്ഷയുമില്ല. പാര്‍ക്ക് ചെയ്യാന്‍ ഒരിറ്റു സ്ഥലമില്ല. പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ നിറഞ്ഞു കവിഞ്ഞു വണ്ടികള്‍. 

നഗരത്തില്‍ കറങ്ങാന്‍ തുടങ്ങിയിട്ട് രണ്ടു മണിക്കൂര്‍ കഴിഞ്ഞു. ഒടുവില്‍ ബുക്ക് ചെയ്തിരുന്ന താമസസ്ഥലത്തിനടുത്ത് ഇടം കിട്ടിയേക്കാം എന്ന് ഫ്‌ളാറ്റുടമ. ഒടുവില്‍ അങ്ങോട്ടുള്ള വഴി മദ്ധ്യേ ഇത്തിരി സ്ഥലം കിട്ടി. നഗരയാത്രയ്ക്ക് ട്രാമും ബസും യഥേഷ്ടമുള്ള എഡിന്‍ബറയില്‍ വണ്ടിയെടുത്തു നഗരം കാണാനിറങ്ങരുതെന്ന് ആദ്യ പാഠം. 

 

 

ഇനി ആദ്യ ലക്ഷ്യം എഡിന്‍ബറ കോട്ടയാണ്. ആളൊന്നിന് 37 പൗണ്ട് കൊടുത്ത് ബുക്ക് ചെയ്തിട്ടുണ്ട്. 2.15 -നുള്ള അവസാന ഊഴത്തില്‍ അകത്തു കയറണം. പ്രിന്‍സസ് സ്ട്രീറ്റില്‍ (തമ്പുരാട്ടിത്തെരുവ്)  നിന്നും ഉച്ചഭക്ഷണം കഴിച്ച ശേഷം നേരെ കോട്ട സ്ഥിതി ചെയ്യുന്ന കാസില്‍ റോക്ക് എന്ന കുന്നിന്‍ മുകളിലേക്ക് നടന്നു. പ്രിന്‍സസ് സ്ട്രീറ്റിന് നേരെ അഭിമുഖമാണ് 80 മീറ്റര്‍ ഉയരെ ചെങ്കുത്തായി നില്‍ക്കുന്ന കാസില്‍ റോക്ക്. അതിനു മുകളില്‍ കല്ലില്‍ കെട്ടിപ്പൊക്കിയ ഭീമാകാരന്‍ കോട്ട.

രണ്ടാം നൂറ്റാണ്ടില്‍ മനുഷ്യവാസം കണ്ടെത്തിയ ഇടമാണ്. മദ്ധ്യകാല യൂറോപ്പിലെ കോട്ടവല്‍ക്കരണത്തിന് മാതൃകയായി തീര്‍ന്നയിടം. കഥകളും കെട്ടുകഥകളും ചരിത്രങ്ങളും മിത്തുകളും കെട്ടുപിണഞ്ഞു കിടക്കുന്ന എഡിന്‍ബറക്കോട്ടയെപ്പറ്റി പറയാന്‍ ഇനിയൊരെഴുത്ത് വേണ്ടിവരും. കോട്ടയില്‍ നിന്നും ഹോളിറൂഡ് കൊട്ടാരത്തില്‍ ചെന്നവസാനിക്കുന്ന രാജവീഥിയിലൂടെ മുന്നോട്ടു നടന്നു. ഇരുവശത്തും എഡിന്‍ബറയുടെ വാസ്തുശില്പചരിത്രം വിളിച്ചോതുന്ന ജോര്‍ജിയന്‍ നിര്‍മ്മിതികള്‍. ഓള്‍ഡ് ടൗണ്‍ എന്നറിയപ്പെടുന്ന ഇവിടെനിന്നും ഇരുവശത്തേക്കും പിരിഞ്ഞു പോകുന്ന ചെറു വീഥികള്‍. അവയ്ക്കരികിലെങ്ങും സ്‌കോട്ടിഷ് സംസ്‌കാരത്തെ ലോകത്തിന് പരിചയപ്പെടുത്തുന്ന സുവനീര്‍ ഷോപ്പുകള്‍.  ഇടവിട്ടിരിക്കുന്ന പബ്ബുകളില്‍ ലഹരി മോന്തുന്ന മധ്യവയസ്‌കര്‍. ആഘോഷപൂര്‍വം നഗരം കാണാനിറങ്ങിയ വൈദേശിക സഞ്ചാരികള്‍. ഫയര്‍ എസ്‌കേപ്പ് നടത്തി കയ്യടി വാങ്ങുന്ന മാന്ത്രിക സംഘങ്ങള്‍. നടന്നു  നീങ്ങുമ്പോള്‍ കാണുന്നതത്രയും പൈതൃക സ്മാരകങ്ങള്‍. സെയിന്റ് ഗില്‍ഡ് കത്തീഡ്രല്‍, ചര്‍ച്ച് ഓഫ് സ്‌കോട്‌ലാന്റിന്റെ ജനറല്‍ അസംബ്ലി ഹാള്‍, നാഷണല്‍ മ്യൂസിയം ഓഫ് സ്‌കോട്‌ലാന്റ്, എഡിന്‍ബറ യൂണിവേഴ്‌സിറ്റിയുടെ ഓള്‍ഡ് കോളേജ്.  തല്ക്കാലം ഹോളിറൂഡ് കൊട്ടാരത്തിലേക്ക് പോകാതെ കാള്‍ട്ടണ്‍ ഹില്ലിലേക്ക് പോകാമെന്നു വച്ചു.

 

 

റോയല്‍ മൈലില്‍ നിന്നും അഞ്ച് മിനിറ്റു നടന്നാല്‍ കുന്നിന്‍ മുകളിലുള്ള കാള്‍ട്ടണ്‍ ഹില്ലിലെത്താം. എഡിന്‍ബറയുടെ 360 ഡിഗ്രി കാഴ്ചയാണ് ഇവിടുത്തെ ഹൈലൈറ്റ്.  കിഴക്ക് ആര്‍തര്‍ സീറ്റെന്ന കിഴുക്കാംതൂക്കായ പാറയില്‍ തുടങ്ങി ഹോളിറൂഡ് കൊട്ടാരം, പാര്‍ലമെന്റ്, ലെയ്ത്ത്, ഫിര്‍ത്ത് ഓഫ് ഫോര്‍ത്ത് കടല്‍ത്തീരങ്ങള്‍, പുതുനഗരത്തിലെ പ്രിന്‍സസ് സ്ട്രീറ്റ്, കോട്ടയിലേക്ക് കുന്നുകയറുന്ന രാജപാത എല്ലാം ഒറ്റ ഫ്രയിമില്‍ കിട്ടും.. ഒരുകൂട്ടം ചരിത്ര സ്മാരകങ്ങള്‍ ഒന്നിച്ചു സ്ഥിതിചെയ്യുന്ന ഇടം കൂടിയാണ് കാള്‍ട്ടന്‍ ഹില്‍.  ഇനിയും പൂര്‍ത്തിയാകാത്ത ദേശീയ സ്മാരകമാണ് അതിലൊന്ന്. ആതന്‍സിലെ പാര്‍ഥനോണിനോട് കിടപിടിക്കുന്ന വിധം പണിതുയര്‍ത്താന്‍ പദ്ധതിയിട്ട ഇവിടെ ആകെ 12 തൂണുകള്‍ മാത്രമേ നിര്‍മ്മിച്ചിട്ടുള്ളൂ.. സ്‌കോട്‌ലാന്റിന്റെ അപമാനം എന്നാണ് ഈ പണിതീരാ നിര്‍മ്മിതിയെ അവിടുത്തുകാര്‍ വിശേഷിപ്പിക്കുന്നത്. ആകാശം മുട്ടെ ഒറ്റഗോപുരമായി ഉയര്‍ന്നു നില്‍ക്കുന്ന നെല്‍സന്‍ സ്മാരകം, ഒരു കല്‍മണ്ഡപത്തെ അനുസ്മരിപ്പിക്കുന്ന ദുഗാര്‍ഡ് - സ്റ്റേവാര്‍ഡ് സ്മാരകം, ബേണ്‍സ് സ്മാരകം, രക്തസാക്ഷി സ്മാരകം എന്നിവയും കാള്‍ട്ടന്‍ ഹില്ലിലുണ്ട്.. ഇത്രയൊക്കെയാണെങ്കിലും ആണ്‍ വേശ്യാവൃത്തിക്കും മയക്കുമരുന്നിലധിഷ്ഠിതമായ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും പ്രധാന കേന്ദ്രമാണിവിടം.

 

 

നഗരത്തില്‍ ഇരുട്ട് വീണതോടെ ഞങ്ങള്‍ ക്രമന്‍ഡ് ദ്വീപിലേക്ക് തിരിച്ചു. എഡിന്‍ബറ നഗരത്തോട് ചേര്‍ന്ന് ഫിര്‍ത്ത് ഓഫ് ഫോര്‍ത്തിലുള്ള ഒരു ചെറു ദ്വീപാണ് ക്രമന്‍ഡ് ഐലന്‍ഡ്. വെറും ഏഴു ഹെക്ടര്‍ മാത്രം വിസ്തൃതിയില്‍ കടലിനു നടുക്ക് സ്ഥിതിചെയ്യുന്ന ഇവിടേക്ക് വേലിയിറക്ക സമയത്ത് നടന്നു പോകാനാവും. അസ്തമയ സൂര്യന്റെ ചുവപ്പു രാശി കടലോളങ്ങളില്‍ പടരുമ്പോള്‍ ഈ സ്ഥലത്തിന് എന്തൊരു ഭംഗി.

രണ്ടാം ലോക മഹായുദ്ധ കാലത്ത് കടലിലൂടെയുള്ള ബോട്ടക്രമണങ്ങളെ ചെറുക്കാന്‍ ക്രമന്‍ഡ് ദ്വീപ് വരെ, ഒരു മൈല്‍ വരുന്ന കടല്‍ദൂരമത്രയും, കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ചിരുന്നു.  വേലി ഇറക്കമാകയാല്‍ ആ കോണ്‍ക്രീറ്റ് കാലുകളുടെ ഓരം പറ്റി നടക്കാനിറങ്ങി. തെന്നലും വഴുവഴുപ്പുമുള്ള കോണ്‍ക്രീറ്റ് വരമ്പിലൂടെ കടലിനു നടുവില്‍ നടക്കാനെന്തു രസം. നടന്നു നടന്ന് ദ്വീപിലെത്തിയപ്പോഴേക്കും ചുവപ്പു രാശി മാഞ്ഞു നല്ലവണ്ണം ഇരുട്ടി.  ഇപ്പോള്‍ മഞ്ഞ നിയോണ്‍ വെളിച്ചം നിറഞ്ഞ മറ്റൊരു മുഖമാണ് നഗരത്തിന്. കടലില്‍ ദൂരെയുള്ള ഫോര്‍ത്ത് പാലത്തില്‍ കൂടി ഒരു തീവണ്ടി കൂടി കടലിനെ മുറിച്ചു കടന്നു മറുകര തേടി. ആകാശത്തൊരു പൊട്ടുപോലെ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട വിമാനങ്ങള്‍ മിന്നിത്തെളിഞ്ഞു വന്നു തലയ്ക്കു മുകളിലൂടെ തൊട്ടപ്പുറത്തുള്ള എഡിന്‍ബറ എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്തു കൊണ്ടിരുന്നു.

നിഗൂഢതകളുടെ ഇരുട്ട് മൂടിയ ദ്വീപിലെ കാട്ടുമരങ്ങള്‍ക്കിടയില്‍ നിന്നും അപരിചിതരായ മനുഷ്യര്‍ അതിവേഗം കോണ്‍ക്രീറ്റ് പാലം കടന്നു കര തേടിപ്പോയി.  പൊളിഞ്ഞു വീഴാറായ പഴകിയ കെട്ടിടത്തിന്റെ ഓരത്തുള്ള പാറക്കെട്ടുകളിലിരുന്ന് ബിയര്‍ മോന്തിക്കൊണ്ട് സൊറ പറയുന്ന മൂന്നാലു പെണ്കുട്ടികളല്ലാതെ മറ്റാരും ഇനിയീ ദ്വീപില്‍ അവശേഷിക്കുന്നില്ലെന്നു തോന്നി. ഇരുട്ടിനു കനം വയ്ക്കും തോറും കടലില്‍ വെള്ളമുയര്‍ന്നാലുള്ള അവസ്ഥയെക്കുറിച്ചു ആധി കയറിത്തുടങ്ങി.

ഡാനിയേല്‍ ഡാഫോയുടെ റോബിന്‍സണ്‍ ക്രൂസോയെ ആണ് ക്രമന്‍ഡ് ദ്വീപിലെ ഈ രാത്രി ഓര്‍മപ്പെടുത്തുന്നത്. ഇനിയും നില്‍ക്കുന്നത് അപകടമായതിനാല്‍ തിരിച്ചു നടന്നു. ഇരുട്ടും പായലിലെ വഴുപ്പും യാത്രയെ പോയതിലും ദുഷ്‌കരമാക്കി. നേരമേറെയെടുത്ത് കരപറ്റി. ഇനി തിരിച്ചു താമസസ്ഥലത്തേയ്ക്ക്. അടുത്ത പ്രഭാതത്തില്‍ പുത്തന്‍ കാഴ്ചകള്‍ പിറക്കുന്ന ഗ്ലാസ്‌ഗോയിലേക്ക്.

click me!