ഞാന്‍ പെണ്ണ്

By Dr Shimna AzeezFirst Published Mar 8, 2017, 6:53 AM IST
Highlights

'ഒരു ലോകം രണ്ടു നീതി' എന്ന് പറഞ്ഞത് പോലെ, ഒരേ വഴി രാവിരുട്ടുമ്പോള്‍ അവന്റെത് മാത്രം. മഴക്കാടും മലയും കടലോരവും ഒരു നേരം കഴിഞ്ഞാല്‍ അവനു മാത്രം. ഇത്  കണ്ടില്ലെന്നു നടിക്കുന്നു ഞങ്ങള്‍ പെണ്ണുങ്ങള്‍. പഠിച്ച പുസ്തകങ്ങളില്‍ കോറിയിട്ട സ്വപ്‌നങ്ങള്‍ മുഴുവന്‍ തൂക്കി വിറ്റ് ഒരു ശരീരം മാത്രമായി ആത്മാവിനെ ചിതലരിക്കാന്‍ വിട്ട പെണ്ണ് രണ്ടായിരത്തി പതിനേഴിലും എനിക്കും നിങ്ങള്‍ക്കും ചുറ്റുമുണ്ട്. ഞാന്‍ അതല്ലല്ലോ എന്ന അഹങ്കാരമൊന്നും എന്റെ വാക്കുകളില്‍ നിന്ന് വായിച്ചെടുത്തേക്കരുത്. അഞ്ചു മിനിറ്റ് കത്തുന്ന തെരുവുവിളക്കിന് താഴെ തനിച്ചു നിന്ന് പോയാല്‍  തുറിച്ചു നോട്ടങ്ങള്‍ നേരിടുന്നുണ്ട്. അങ്ങോട്ട് തുറിച്ചു നോക്കുമ്പോഴും മൂടിപ്പുതച്ചിരിക്കുന്ന ധൈര്യത്തിനുള്ളില്‍ എങ്ങോ നീറുന്ന ഭീതിയുണ്ട്. സുരക്ഷിതയല്ല ഞാന്‍; സുരക്ഷയില്ല ഞങ്ങള്‍ക്ക്.

ഒന്നര വയസ്സുകാരിയും എണ്‍പത് വയസ്സുകാരിയും ഒരേ പോലെ ലൈംഗികോപകരണം ആകുന്നതും നമ്മള്‍ കാണുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മഞ്ച് കൊടുത്തു കുഞ്ഞിന്റെ കൈയില്‍ നിന്ന് 'അനുവാദം' വാങ്ങുന്നതിനെക്കുറിച്ച് എഴുതിയതിനും പേര് 'ആവിഷ്‌കാരസ്വാതന്ത്ര്യം' എന്ന് തന്നെ.  ഈ എഴുത്തിനു ഹേതുവായ വാര്‍ത്തയുണ്ടാക്കിയ ഞെട്ടലിനും അപ്പുറമാണ് ആ പോസ്റ്റും അതിനെ പിന്തുണച്ചവരുടെ മനസ്സും. ഒരു കൊച്ചുകുഞ്ഞിനോട് ഒരിക്കലും തോന്നാന്‍ പാടില്ലാത്ത വികാരത്തെ ന്യായീകരിക്കാന്‍ അവര്‍ കണ്ടെത്തിയ വാക്കുകള്‍ എന്ത് തന്നെയായാലും ബാല്യവും കൗമാരവും കടന്ന്  രണ്ടു കുഞ്ഞുങ്ങള്‍ക്ക് ജന്മം  കൊടുത്ത  സ്ത്രീക്ക് ആ വാക്കുകള്‍ മനസ്സില്‍ ഒരേ സമയം വേദനയും വിറയലും വിക്ഷോഭവുമാണ്.

മഴക്കാടും മലയും കടലോരവും ഒരു നേരം കഴിഞ്ഞാല്‍ അവനു മാത്രം.

എന്തുകൊണ്ട് പെണ്ണെഴുത്ത്?
ആണ്‍കുട്ടിയും പെണ്‍കുട്ടിയും സുരക്ഷിതര്‍ അല്ലാത്ത ഈ ലോകത്ത് എന്ത് കൊണ്ട് പെണ്ണിനെ കുറിച്ച് മാത്രം എഴുത്തുകള്‍ ഉണ്ടാകുന്നു എന്നത് ചിന്തനീയമായ വിഷയമാണ്. ആണിന്റെ പരിമിതികളും വേദനകളും വികാരവും പേനക്കും കീ ബോര്‍ഡിനുമെല്ലാം അതീതമാണ് എന്ന് തോന്നുന്നു. പക്ഷെ, പെണ്ണെഴുത്ത് തിരിച്ചാണ്, എത്രയെഴുതിയിട്ടും എഴുതി തളരുന്നതല്ലാതെ കാതലായ മാറ്റങ്ങള്‍ ഇപ്പോഴും തിരശീലക്കു പിന്നില്‍ തന്നെ.

ആര്‍ത്തവത്തെ കുറിച്ച് തുറന്നെഴുതിയതിന് 'ഇന്ന് ഡോക്ടര്‍ ആദ്യാര്‍ത്തവത്തെ കുറിച്ച് എഴുതി, നാളെ ആദ്യരാത്രിയെ കുറിച്ച് എഴുതുമോ?' എന്ന് ചോദിക്കപ്പെടുമ്പോള്‍ ആര്‍ത്തവം തുടങ്ങിയ ദിവസമെന്ന അനുഭവത്തെ, ഒരു പെണ്ണിന്റെ സ്വാഭാവികതയെ പോലും ഒരു ശരീരമായി മാത്രമായി കാണുന്ന മനസ്സാണ് മുന്നില്‍ തെളിയുന്നത്. പതിനൊന്നു വയസ്സുകാരിയായ ചെറിയ കുട്ടിക്കുണ്ടായ സ്വഭാവികമാറ്റം എങ്ങനെയാണ് അശ്ലീലമാകുക എന്ന് ചിന്തിക്കാന്‍ പോയില്ല. സമൂഹം ചിലതെല്ലാം അച്ചില്‍ വാര്‍ത്തു വെച്ചിരിക്കുകയാണല്ലോ. മാറ്റങ്ങള്‍ വരുമായിരിക്കും.

അവനവനു വേണ്ടി ജീവിച്ച പെണ്ണിനെ എവിടെയെങ്കിലും കണ്ടെത്താന്‍ ആശ തോന്നാറുണ്ട് പലപ്പോഴും.

ആരോടു പറയും?
മാസത്തിലൊരിക്കല്‍ വന്നു പോകുന്ന രക്തപ്രവാഹവും, പഠനവും ജീവിതവും വേര് പിടിപ്പിക്കുന്ന നേരത്ത് വീട്ടുകാര്‍ക്കില്ലാത്ത ശുഷകാന്തിയോടെ ബന്ധുക്കള്‍ കോരിയിടുന്ന വിവാഹഭീഷണിയും പിന്നെ വീട്ടില്‍ നിന്നുള്ള പറിച്ചു നടലും അവിടത്തെ മഞ്ഞും  മണല്‍കാറ്റും കണ്ടില്ലെന്നു നടിച്ചുള്ള ജീവിതവും ഉദരത്തില്‍ മൊട്ടിടുന്ന ജീവനും ഭര്‍ത്താവിനും  മക്കള്‍ക്കുമായി പെയ്തു തീര്‍ക്കേണ്ട ആയുസ്സുമാണ് സ്ത്രീ. ഇവിടെയെല്ലാം കൂട്ടായും കൂട്ടുകാരനായും അച്ഛനും സഹോദരനും ഭര്‍ത്താവും സുഹൃത്തുക്കളുമെല്ലാം ചേര്‍ന്ന് നിന്ന ഭാഗ്യവതികളുണ്ട്. പക്ഷേ, അനുപാതം ഇപ്പോഴും ദയനീയം തന്നെ.

അവനവനു വേണ്ടി ജീവിച്ച പെണ്ണിനെ നമുക്ക് ചുറ്റിലും എവിടെയെങ്കിലും കണ്ടെത്താന്‍ ആശ തോന്നാറുണ്ട് പലപ്പോഴും. ത്യാഗവും സഹനവുമൊക്കെ പുതിയ പെണ്‍കുട്ടികള്‍ അവളുടെ പ്രിയപ്പെട്ടവന് കൂടി പങ്കു വെക്കുന്നുണ്ട്. നല്ലത്. പക്ഷെ, തലമുറകള്‍ അടുക്കളയില്‍ പുകയൂതിയും ഒരു നിമിഷം അടങ്ങിയിരിക്കാതെയും കഴിഞ്ഞിരുന്നു, ഇന്നും കഴിയുന്നു. വേദനിക്കുന്ന സാക്ഷിയായിട്ടുണ്ട് പലപ്പോഴും.  തൊട്ടപ്പുറത്തെ വീട്ടിലേക്ക് പോകാന്‍ ഭര്‍ത്താവിനോട് ചോദിക്കുന്ന പെണ്ണ് ചുറ്റുവട്ടത്ത് തന്നെയുണ്ട്. വേലിക്കെട്ടുകള്‍ പൊളിച്ചെറിയണം എന്നൊക്കെ പ്രസംഗിക്കാന്‍ ഏറെയെളുപ്പം. കളഞ്ഞു പോകാനുള്ള തന്റേടവും വിദ്യാഭ്യാസവും ഇല്ലാതെ ഉഴറുന്നു അവര്‍.

അവന്റെ അപകര്‍ഷത സംശയരോഗമാകുമ്പോള്‍, മദ്യം അകത്ത് ചെന്ന് അവളെ തൃപ്തിപ്പെടുത്താനുള്ള  കഴിവ് നഷ്ടപ്പെടുത്തുമ്പോള്‍  പോലും അവള്‍ ഇരയാകുന്നു. എവിടെയാണ് പെണ്ണ് സുരക്ഷ തേടേണ്ടത്? ആരോടാണ് പറയേണ്ടത്?

നന്മയുടെ പാട കൊണ്ട് മറച്ചു മൂടിയിടുന്നവര്‍ക്കും ആത്മാവുണ്ട്, മോഹങ്ങളുണ്ട്.

പെണ്‍പന്തി
ഗാന്ധാരിയുടെ സമര്‍പ്പണ മനോഭാവമെന്നു തെറ്റിദ്ധരിപ്പിച്ചു വീടിനകത്ത് കയറില്ലാതെ കെട്ടിയിട്ട സ്ത്രീ ശരീരങ്ങളെ പൊലിപ്പിച്ച സത്യങ്ങള്‍ ആയി കാണണം. നിറം മാറ്റി നന്മയുടെ പാട കൊണ്ട് മറച്ചു മൂടിയിടുന്നവര്‍ക്കും ആത്മാവുണ്ട്, മോഹങ്ങളുണ്ട്. യാത്രകളും കൂട്ടുകാരും വിനോദവും പുസ്തകങ്ങളും രുചിയുള്ള ഭക്ഷണവുമെല്ലാം ആണിനെ പോലെ പെണ്ണിനെയും കൊതിപ്പിക്കുന്നുണ്ട്. പോയ ബാല്യവും കൗമാരവും തിരിച്ചു പിടിക്കാന്‍ നോമ്പ് നോല്‍ക്കാന്‍ പോലും തയ്യാറാണവള്‍. 'ഞാനിത്രയും കാലം പഠിച്ചിട്ട് എന്തായി' എന്ന ചോദ്യത്തിന് 'എന്നാല്‍ നീ ഒരു നോട്ട്ബുക്ക് എടുത്തു റോഡിലേക്ക് ഇറങ്ങിക്കോ..' എന്ന പരിഹാസം സുഹൃത്ത് പങ്കു വെച്ചത് ഇന്നും ഉള്ളിലെ നോവാണ്.

പെണ്ണ് എന്നാല്‍ അമ്മയാണ്, ദൈവമാണ് എന്നൊക്കെയുള്ള  ദിവ്യത്വം കാലാകാലങ്ങളായി അടിച്ചേല്‍പ്പിക്കപ്പെടുന്നതാണ്.  രസകരമായ അജണ്ടകള്‍ വേറെയുമുണ്ട്. അമ്മ അല്‍പ നേരം മാറി നിന്നാല്‍ പോലും മാറിലുള്ള മുലപ്പാല്‍ 'കാഞ്ഞു പോകും', അത് കുടിച്ചാല്‍ കുട്ടികള്‍ക്ക് വയറിളക്കം വരും എന്നൊക്കെ കേട്ടിട്ടുണ്ട്. എത്രയോ തവണ ജോലിക്ക് ഇറങ്ങുമ്പോള്‍ 'കുട്ടിക്ക് സുഖമില്ലാതാകില്ലേ' എന്ന് കേട്ടിട്ടുണ്ട്. കൈക്കുഞ്ഞിനെ വീട്ടിലാക്കി തനിച്ചു പുറത്ത് പോകാതിരിക്കാന്‍ വേണ്ടി ആരോ ചമച്ചുണ്ടാക്കിയ കഥ ഇന്നും പിന്തുടരുന്നവര്‍ ഏറെ. ഒന്നും സംഭവിച്ചിട്ടില്ല, സംഭവിക്കാനും പോകുന്നില്ല. പ്രസവരക്ഷ എന്ന പീഡനം വേറെ. മലര്‍ന്നു കിടക്കുന്നിടത്ത് നിന്ന് അനങ്ങാന്‍ പാടില്ലാത്ത ദിവസങ്ങള്‍,  കൂടെ ഭക്ഷണോപദ്രവം. പ്രസവിച്ചു എഴുന്നേറ്റു പോകുമ്പോള്‍ 'നന്നാവണം' എന്ന് പറഞ്ഞു കലക്കി തരുന്ന കൊഴുപ്പും ദിവ്യൗഷധങ്ങളുടെയും ചേര്‍ന്ന്  BMI (Body Mass Index) പരിധിക്കു പുറത്താക്കുന്ന, അമിതവണ്ണത്തിലേക്ക് കാലെടുത്തു കുത്തുന്ന പരിപാടിയും മിക്കവരുടെയും മേലെ കെട്ടിവെക്കുന്നത് തന്നെ.

ഇതിനു നേര്‍വിപരീതമെന്നോണം കൗമാരത്തിലും യൗവനത്തിലും പ്രത്യേകിച്ചു ഗര്‍ഭകാലത്തും  കൂടുതല്‍ ഇരുമ്പും പോഷകങ്ങളും വേണ്ട പെണ്ണിന് രണ്ടാം പന്തിയില്‍- രണ്ടാം പന്തിയില്‍ മാത്രം -വിളമ്പുമ്പോള്‍  മിക്കവാറും നല്ല ഭക്ഷ്യവസ്തുക്കള്‍ തികയാതെ വരുന്നത് ഏതു രീതിയിലാണ് ന്യായീകരിക്കേണ്ടത്? ന്യൂ ജനറേഷന്‍ നെറ്റി ചുളിക്കുന്നു എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ഇതൊക്കെ തന്നെയും എഴുതുന്നത്. ഇതൊന്നും പത്ത് വര്‍ഷം മുമ്പുള്ള കഥയല്ല. ആണ്‍പന്തിയും കുട്ടികള്‍ക്ക് കൊടുക്കുന്നതും കഴിഞ്ഞ് ഏറ്റവും കൂടുതല്‍ കാല്‍സ്യവും ഊര്‍ജ്ജവും വേണ്ട വീട്ടമ്മക്ക് ഒടുക്കം കിട്ടുന്നത് അവര്‍ക്ക് ആവശ്യമുള്ള അളവ് ആയിക്കൊള്ളണം എന്നില്ല.

തലമുറകളായി കൈവന്ന മുന്‍വിധികള്‍ തന്നെയാണ് നമ്മുടെ ശാപം.

സന്തോഷമുണ്ടാവട്ടെ, സമാധാനവും
സ്വന്തം ആരോഗ്യമാണ് കുടുംബത്തിന്റെയും അടുത്ത തലമുറയുടെയും ആരോഗ്യം എന്ന് ഓരോ പെണ്ണും മനസ്സില്‍ ഉറപ്പിക്കണം. എത്ര തിരക്കുണ്ടെങ്കിലും അത് വീട്ടുജോലിയോ തൊഴിലോ ആവട്ടെ, ആവശ്യത്തിനു ഭക്ഷണവും ജലാംശവും വ്യായാമവും വിശ്രമവും നിങ്ങളുടെ അവകാശം തന്നെയാണ്. അതില്‍ ഒരു നീക്കുപോക്കും ഉണ്ടാവാന്‍ പാടില്ല. ഇതിലെല്ലാം ഉപരിയാണ് മനസ്സമാധാനം എന്ന സാധനം.

സന്തോഷമായിരിക്കാന്‍ ശ്രമിക്കുക. വലിയൊരു ശതമാനം സ്ത്രീകള്‍ മാനസികപ്രശ്‌നങ്ങള്‍ ശാരീരികരോഗങ്ങള്‍ ആയി മാറിയ അവസ്ഥയില്‍ ദിവസവും ആശുപത്രിയില്‍ കയറിയിറങ്ങുന്നു.  'സൊമാറ്റോഫോം ഡിസ്ഓര്‍ഡര്‍സ്' എന്ന് വിളിക്കപ്പെടുന്ന ഇത്തരം പ്രശങ്ങള്‍ മനസ്സറിയാതെ ശരീരം ശ്രദ്ധക്കായി ശ്രമിക്കുന്ന അവസ്ഥയാണ്. ഒരു തരത്തിലും കാരണം കണ്ടെത്താനാവാത്ത രോഗവുമായി ആശുപത്രികള്‍ കയറിയിറങ്ങുന്ന ഈ പാവം സ്ത്രീകള്‍ക്ക് ആകെ വേണ്ടത് അല്പം പരിഗണനയും സ്‌നേഹവുമായിരിക്കും.  അത് കൊണ്ട് മാത്രം ആശ്വാസം കിട്ടാവുന്ന അവരറിയാത്ത ഈ രോഗങ്ങളും നിത്യം കഴിക്കേണ്ടി വരുന്ന ഉത്ക്കണ്ഠാരോഗത്തിനുള്ള മരുന്നുകളും അവരുടെ ജീവിതത്തിന്റെ ഭാഗമാകാന്‍ വലിയ താമസമുണ്ടാകില്ല. അവര്‍ക്കെല്ലാം തന്നെ വേണ്ടത് മാനസികപിന്തുണ മാത്രമാണ്.

തലമുറകളായി കൈവന്ന മുന്‍വിധികള്‍ തന്നെയാണ് നമ്മുടെ ശാപം. പാചകവും വാചകവും പെണ്ണിന് തീറെഴുതി കൊടുത്ത് കൈ കെട്ടി നോക്കി നിന്ന കാരണവന്മാര്‍ തന്നെയാണ് ഇതിന്റെയെല്ലാം തുടക്കം. ആണിനെ ഭയക്കണമെന്നും പെണ്‍കുട്ടികള്‍ സ്വയം സൂക്ഷിക്കണം എന്നും കാലാകാലങ്ങളായി പഠിപ്പിച്ചു പോന്നവര്‍ പെണ്ണിനെ ബഹുമാനിക്കണം എന്ന് ആണ്‍കുട്ടികളെ പഠിപ്പിക്കാന്‍ മറന്നു പോയതെന്താണാവോ !

ജനനം മുതല്‍ മരണം വരെ വായില്‍ നിന്നും വിരലില്‍ നിന്നും വരുന്ന അക്ഷരങ്ങളുടെ പേരിലുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് കൊണ്ട് നടക്കാനുള്ള 'സൗഭാഗ്യവും' ഞങ്ങള്‍ക്ക് മാത്രം സ്വന്തം. ആരോപണങ്ങളിലും പീഡനകഥകളിലും അവളെ കാണാനും, അവളെയറിയാനും, അവളുടെ അഴകളവുകള്‍ കണ്ണ് കൊണ്ട് സ്‌കാന്‍ ചെയ്ത് 'ഇവള്‍ പിഴച്ചവളാണോ' എന്ന് കണ്ടെത്താനുമുള്ള  പരിശോധനാചാതുര്യം ചില പെണ്ണുങ്ങളുടേത് കൂടിയാണ് . ചിലയവസരങ്ങളിലെങ്കിലും പെണ്ണിന്റെ ശത്രു പെണ്ണ്  തന്നെയാണ് താനും.

ആദരിക്കപ്പെടുമ്പോള്‍ 'പെണ്ണ് നേടിയതല്ലേ, ഒലിപ്പിക്കാന്‍ കുറേ പേര് കാണും' എന്ന് പറഞ്ഞുതള്ളുന്നതും നിത്യസംഭവം

ഞാന്‍ പെണ്ണ്
ഇതെല്ലാമായിട്ടും സ്ത്രീകള്‍ ഉയരങ്ങള്‍ കീഴടക്കുന്നത് ആദരിക്കപ്പെടുമ്പോള്‍ 'പെണ്ണ് നേടിയതല്ലേ, ഒലിപ്പിക്കാന്‍ കുറേ പേര് കാണും' എന്ന് പറഞ്ഞു അവജ്ഞയോടെ തള്ളുന്നതും നിത്യസംഭവം മാത്രം. സിനിമയും സാഹിത്യവുമെല്ലാം പെണ്ണിനെ പിന്‍വരിയാക്കാന്‍ ശ്രമിക്കുമ്പോഴും മറിച്ചാക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന ആണ്‍കൂട്ടങ്ങള്‍ ചുറ്റുമുണ്ട് എന്നത് പ്രതീക്ഷാനിര്‍ഭരം തന്നെ.

ശാരീരികപ്രത്യേകതകളും മാസത്തില്‍ പല തവണ മാറി വരുന്ന മാനസികനിലയും കണ്ടില്ലെന്ന് നടിച്ച്, ബുദ്ധിയും വിദ്യാഭ്യാസവും വിവേകവും കൊണ്ട് ശൂന്യാകാശം വരെ കീഴടക്കിയ പെണ്ണിനെയാണ് നമ്മള്‍ ഇന്ന് കാണുന്നത്. സ്ത്രീജന്മം നരകമെന്നു പറഞ്ഞു പഠിപ്പിക്കുന്ന സീരിയലുകള്‍ക്കും ഇരുട്ടില്‍ പെട്ടു പോയ ഹതഭാഗ്യകള്‍ക്കും വെളിച്ചത്തിലേക്ക് ഉള്ള യാത്ര സമയമെടുക്കുമായിരിക്കാം.

പക്ഷെ ഒന്നറിയാം, ഇന്നത്തെ വനിതക്ക് സ്വപ്നം കാണാന്‍ അറിയാം, അത് നേടാനും അറിയാം. അവര്‍ കൂടുതല്‍ സഹിച്ചാണ് ഓരോന്നും നേടുന്നത്...'വെറും പെണ്ണ്' എന്നതില്‍ നിന്നും 'ഞാനൊരു പെണ്ണാണ് !' എന്ന് അഭിമാനത്തോടെ പറയുന്നിടത്ത് ലോകം പതുക്കെയെങ്കിലും നടന്നെത്തുന്നുണ്ട്. കൂടെയൊന്നു കൂടി വേണം, ആണിന് കഴിയുന്നത് പോലെ ഗതികേട് കൊണ്ട് രാത്രി വൈകി തനിച്ചായിപ്പോയ ഒരു സ്ത്രീയും, ഏകാന്തത ആഗ്രഹിക്കുന്ന പെണ്ണും, പഠിക്കാന്‍ പോയവളും, മടുപ്പ് തോന്നുമ്പോള്‍ നടക്കാന്‍ പോയവളും, എന്തിന്, സാനിട്ടറി നാപ്കിന്‍ വാങ്ങാന്‍ പോയവളും ഗര്‍ഭനിരോധന ഗുളിക വാങ്ങുന്നവളും ഒരു സ്വാഭാവിക കാഴ്ചയാവണം. ഇരട്ടത്താപ്പും ഇടങ്കണ്ണും  അവളുടെ മേല്‍ പതിയാതെയാവണം.

കിട്ടാതെ പോകുന്ന സ്വസ്ഥതയുടെ ഓര്‍മ്മ ദിവസമാകാന്‍ മാര്‍ച്ച് 8 എന്തിനാണ്?

വെറുമൊരു ഓര്‍മ്മ ദിവസമല്ല, മാര്‍ച്ച് എട്ട്!
ഇതൊന്നുമില്ലെങ്കില്‍, അവള്‍ നേടുന്ന നേട്ടങ്ങളുടെയെല്ലാം തന്നെ തിളക്കവും കണ്ടില്ലെന്നു നടിക്കുകയാണെങ്കില്‍, ഉള്ളിന്റെ ഉള്ളില്‍ അവളെ ഒന്നിനും കഴിവില്ലാത്ത സ്ത്രീയെന്ന പരിഹാസം  കൊഞ്ഞനം കുത്തുന്നുവെങ്കില്‍, വനിതാദിനത്തിനു കൂട്ട് നില്‍ക്കുന്ന പ്രഹസനത്തിനു ദയവു ചെയ്തു കൂട്ട് നില്‍ക്കരുത്. വനിതകള്‍ക്ക് കിട്ടാതെ പോകുന്ന സ്വസ്ഥതയുടെ ഓര്‍മ്മ ദിവസമാകാന്‍ മാര്‍ച്ച് 8 എന്നൊരു തിയതി എന്തിനാണ്?

ചിറകുള്ള, ചിന്തിക്കാന്‍ ശേഷിയുള്ള പെണ്ണിന് അവളുടെ അവകാശങ്ങള്‍ ഓര്‍ക്കാനും നടപ്പിലാക്കാനും ഒരു ദിനം ആവശ്യമില്ല. അവളെ ബഹുമാനിക്കാനും, അവള്‍ക്കു സമൂഹം നിഷേധിച്ചത് നല്‍കാനുമുള്ള തീരുമാനം എടുക്കുമെന്ന് നിശ്ചയിക്കാന്‍ ആവട്ടെ ഇത്തവണത്തെ വനിതാദിനം...

സ്ത്രീത്വത്തില്‍ അഭിമാനം കൊള്ളുന്ന ഓരോ പെണ്ണിനും, പെണ്ണിനെയറിയുന്ന ആണിനും ഹൃദയത്തില്‍ നിന്നും 'അന്താരാഷ്ട്ര വനിതാദിനം' ആശംസിക്കുന്നു.

ഡോ. ഷിംന എഴുതിയ മറ്റ് കുറിപ്പുകള്‍:

കഥയേക്കാള്‍ ആഴമുള്ള ജീവിതങ്ങള്‍!

വരുന്നു, മുറിവൈദ്യന്‍മാരുടെ കാലം!

​മഴയും നിലാവുമറിയട്ടെ, ഈ കുഞ്ഞുങ്ങള്‍!

കൂട്ടിരിപ്പുകാരുടെ ആശുപത്രി ജീവിതം!

മറയിട്ട വാക്‌സിന്‍ ക്ലാസ്; ഡോക്ടര്‍ ചെയ്തതാണ് ശരി!

പിറവിയുടെ പുസ്തകത്തിലെ ആ അധ്യായം

മരുന്ന് കുറിപ്പടി മലയാളത്തില്‍  വേണോ?

മെഡിക്കല്‍ കെട്ടുകഥകള്‍ പാകം ചെയ്യുന്ന വിധം

ആര്‍ത്തവം അപമാനമല്ല; ആര്‍ത്തവകാരിയും!

click me!