കാസ്‌ട്രോയും കേരളവും: കടലുകള്‍ക്കപ്പുറത്തെ സാഹോദര്യം!

By എ.കെ രമേശ് എഴുതുന്നുFirst Published Nov 28, 2016, 11:25 AM IST
Highlights

ചരിത്രത്തിന്റെ യാദൃശ്ചികതയെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം, ബാലറ്റിലൂടെ അധികാരത്തിലെത്തിയ ഒരു കമ്യൂണിസ്റ്റ് മന്ത്രിസഭയെ ലോക സാമ്രാജ്യത്വത്തിന് വെച്ചുപൊറുപ്പിക്കാനാവില്ല എന്നു തെളിയിച്ചു കൊണ്ട് കോടിക്കണക്കിന് ഡോളറുകളൊഴുക്കി ഇന്ത്യയില്‍ ഒരു സംസ്ഥാന മന്ത്രിസഭാ അട്ടിമറിക്കുള്ള സാഹചര്യമൊരുക്കിയ അതേ 1959 ലാണ്, തങ്ങളുടെ മൂക്കിനു താഴെ വന്‍കിട കുത്തകകളുടെ ഇഷ്ടതോഴനായിരുന്ന ബാറ്റിസ്റ്റ എന്ന ഏകാധിപതിയോട് ഏറ്റുമുട്ടി ക്യൂബയില്‍ ഫിദെല്‍ കാസ്‌ടോവും സംഘവും അധികാരം പിടിച്ചെടുത്ത് അമേരിക്കന്‍ സാമ്രാജ്യത്വത്തെ ഞെട്ടിച്ചത്. 

കേരളം പോലെയുള്ള ഒരു കൊച്ചു സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഉറക്കമിളച്ചിരുന്ന് പദ്ധതി തയ്യാറാക്കിയവര്‍ക്ക് ഒരു രാജ്യം തന്നെ സ്വന്തം ഭാഗധേയം നിശ്ചയിച്ചു കൊണ്ട് കുത്തകകളോട് കണക്കു തീര്‍ക്കുന്നത് യാതൊരു തരത്തിലും വെച്ചുപൊറുപ്പിക്കാനാവുമായിരുന്നില്ല. ലോകത്തെങ്ങുമുള്ള മുതലാളിത്ത വിരുദ്ധ ശക്തികള്‍ക്കൊപ്പം കേരളത്തിന്റെ ഇടതുപക്ഷ മനസ്സും ക്യൂബയുടെ ചെറുത്തുനില്‍പ്പിനെയും അതിജീവനത്തെയും എന്നും നെഞ്ചേറ്റിയിരുന്നു .

നവജാത സോഷ്യലിസ്റ്റ് ക്യൂബയെ തകര്‍ത്തെറിയാനും അട്ടിമറിക്കാനും സാമ്രാജ്യത്വ ശക്തികള്‍ കഠിനപരിശ്രമമാണ് നടത്തിക്കൊണ്ടിരുന്നത്. കുത്തിത്തിരുപ്പുകളെയും അട്ടിമറി ശ്രമങ്ങളെയും ക്യൂബ അതിജീവിച്ചത് മുഴുവന്‍ ജനങ്ങളെയും സമ്രാജ്യത്വവിരുദ്ധ നിലപാടില്‍ കണ്ണി ചേര്‍ത്തുകൊണ്ടാണ്.

അതുകൊണ്ടാണ് 

'നിന്റെ ശബ്ദം, 
നാലു കാറ്റുകളെ നാലായി പകുക്കും 
നീതി, അപ്പം, ഭൂപരിഷ്‌കരണം, സ്വാതന്ത്ര്യം

അതേ ശബ്ദത്തിന്റെ പ്രതിധ്വനികളുമായി 
അപ്പോള്‍ ഞങ്ങള്‍ നിന്നോടൊപ്പമുണ്ടാവും ' 

എന്ന് ഇങ്ങ് ദൂരെ കേരളത്തിലിരുന്ന് കവിക്ക് ( സച്ചിദാനന്ദന്) പാടാനാവുന്നത്.

സച്ചിദാനന്ദന്‍ 'ഞങ്ങള്‍'. എന്ന് പറഞ്ഞപ്പോള്‍, അത് വിപ്ലവത്തോടും സോഷ്യലിസത്തോടും അഭിനിവേശമുള്ള ഇടതുപക്ഷ മനസ്സുകളെ മാത്രമാവില്ല ഉദ്ദേശിച്ചത്.കമ്യൂണിസ്റ്റുകാരും ഇടതുപക്ഷക്കാരും മാത്രമല്ല, ഇന്ത്യന്‍ ഭരണകക്ഷിയും അതിന്റെ യുവജന സംഘടനയും എല്ലാമടങ്ങുന്നവരുടെ വന്‍ പിന്തുണയാണ് ക്യൂബന്‍ വിപ്ലവവും അതിന്റെ വീരനായകന്‍ കാസ്‌ട്രോയും ഏറ്റുവാങ്ങിയിരുന്നത്. ഇന്ത്യാ സന്ദര്‍ശനത്തിനിടയില്‍ കാസ്‌ട്രോ തന്നെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ഗാഢാലിംഗനം ചെയ്ത് സഹോദരീ എന്ന് അഭിസംബോധന ചെയ്തത് ഇന്ത്യയുടെ സാമ്രാജ്യത്വ വിരുദ്ധ നിലപാടിനോടുള്ള അദ്ദേഹത്തിന്റെ ആദരവിന്റെ കൂടി പ്രകടനമായിരുന്നു.

1961 ലെ ബേ ഓഫ് പിഗ്‌സ് അട്ടിമറി ശ്രമം പരാജയപ്പെട്ടതോടെ സൈനികമായി ക്യൂബയെ കീഴടക്കാനാവില്ലെന്ന് മനസ്സിലാക്കിയാണ് 1962 ല്‍ അമേരിക്ക കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലാന്‍ ശ്രമിച്ചത്. 

നെഹ്രുവിന്റെ ഇന്ത്യ എന്നും സാമ്രാജ്യത്വ വിരുദ്ധ പക്ഷത്തായിരുന്നല്ലോ. ശ്രീമതി ഗാന്ധിയും അവരുടെ പാര്‍ട്ടിയും അതേ നിലപാടായിരുന്നല്ലോ ഉയര്‍ത്തിപ്പിടിച്ചത്. സ്വാഭാവികമായും 1978ല്‍ ഹവാനയില്‍ നടന്ന ലോകയുവജനസമ്മേളനത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തിരുന്നു. ഉല്ലാസഭരിതരായി ആടിയും പാടിയും ഐക്യപ്പെട്ട യുവജനങ്ങള്‍ക്കിടയിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്ന് അവരിലൊരാളായി മാറിയ കാസ്‌ട്രോവിനെപ്പറ്റിയുള്ള സ്മരണകള്‍ അന്നത്തെ യൂത്ത് കോണ്‍ഗ്രസ്സ് നേതാവായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ളവര്‍ക്ക് ഇന്നും അയവിറക്കാനുണ്ടാവും.

സോവിയറ്റ് യൂനിയന്റെ തകര്‍ച്ചക്കു ശേഷം, സാമ്പത്തിക ഉപരോധം മൂലമുണ്ടായ പ്രതിസന്ധിയെ മറികടക്കാന്‍ പ്രയാസപ്പെട്ട ക്യൂബയെ സഹായിക്കാനായി 1992 ല്‍ ക്യൂബന്‍ ഐക്യദാര്‍ഢ്യ സമിതിയുടെ ആഭിമുഖ്യത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ സമാഹരിച്ചെത്തിച്ചിരുന്നു. അതിന് കേരളത്തില്‍ നിന്നുണ്ടായ പ്രതികരണം അത്യാവേശകരമായിരുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തോട് കണക്ക് തീര്‍ക്കാന്‍ കിട്ടുന്ന ഒരവസരമായാണ് കേരളീയര്‍ അതിനെ നോക്കിക്കണ്ടത്. 10,000 ടണ്‍ അരിയും അത്രയും ഗോതമ്പുമായി കൊല്‍ക്കൊത്ത തുറമുഖത്തു നിന്ന് പുറപ്പെട്ട കപ്പല്‍ ഹവാന തുറമുഖത്തെത്തിയപ്പോള്‍, സി.പി.ഐ (എം) ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ്ങ് സൂര്‍ജിത്തും എം.എ ബേബിയുമടക്കമുള്ള ക്യൂബന്‍ ഐക്യദാര്‍ഢ്യ സമിതിയംഗങ്ങള്‍ സന്നിഹിതരായിരുന്നു. കക്ഷിരാഷ്ട്രീയാതീതമായി ഇന്ത്യന്‍ ജനത ക്യൂബയോട് ഐക്യദാര്‍ഢ്യപ്പെട്ടതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു അത്.

2013 ലെ ക്യൂബന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഹവാനയിലെത്തിയ എനിക്ക് നേരിട്ട് ബോദ്ധ്യപ്പെട്ടതാണ് ക്യൂബന്‍ നേതാക്കള്‍ക്ക് കേരളത്തോടുള്ള സവിശേഷ താല്‍പര്യം.

ഇന്ത്യയില്‍ നിന്നുള്ള ഏക പ്രതിനിധിയായിരുന്ന ഞാന്‍ കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍, ക്യൂബന്‍ ട്രെയ്ഡ് യൂനിയന്റെ ഇന്റര്‍നാഷനല്‍ ഡിപാര്‍ട്ട്‌മെന്റിന്റെ തലവന് അറിയേണ്ടത് എം എ ബേബിയും എ.വിജയരാഘവനും സുഖം തന്നെയല്ലേ എന്നാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ചെഗുവേരയുടെ മകള്‍ അലെയ്ഡക്ക് കോഴിക്കോട്ട് സ്വീകരണം നല്‍കിയപ്പോള്‍ ബാങ്ക് വര്‍ക്കേഴ്‌സ് ഫോറം പ്രകാശനം ചെയ്ത 'പോരാളികളുടെ സൂര്യഹൃദയം ' എന്ന ലഘു ഗ്രന്ഥത്തിന്റെ കോപ്പികള്‍ കൈയ്യില്‍ കരുതിയിരുന്നു. വലിയ ഡിമാന്റാണ് ആ മലയാളപുസ്തകത്തിനുണ്ടായത്. അലെയ്ഡക്ക് അന്ന് നല്‍കിയ കോപ്പികള്‍ ഗുവേരാ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്.

ക്യൂബന്‍ വിദേശകാര്യ മന്ത്രിയായിരുന്ന ഫിലിപ് പെരെസ് കാസ്‌ട്രോവിന്റെ എണ്‍പതാം പിറന്നാള്‍ ദിനം നടത്തിയ ഒരു പ്രസംഗം ലെഫ്റ്റ് വേഡ്പ്രസിദ്ധപ്പെടുത്തിയ കാസ്‌ട്രോ റീഡറില്‍ ചേര്‍ത്തിട്ടുണ്ട്. കാസ്‌ട്രോയുടെ സ്വഭാവസവിശേഷതകള്‍ എണ്ണിയെണ്ണിപ്പറയുകയാണ് പെരെസ്.അതിലൊന്ന്, അസാമാന്യമായ ആത്മവിശ്വാസമാണ്. രണ്ട്, തന്റെ പ്രത്യയശാസ്ത്ര പ്രതിബദ്ധത മുഴുവന്‍ ജനതയിലേക്കും. സന്നിവേശിപ്പിക്കാനാവുന്നു എന്നതാണ്. ഹവാനയില്‍ മെയ് ഒന്നിന് നടന്ന മെയ്ദിന റാലിയിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങളുടെ അത്യാവേശവും ഉണര്‍വും നേരിട്ട് കണ്ടപ്പോള്‍ ഇക്കാര്യം എനിക്ക് നേരിട്ട് ബോദ്ധ്യപ്പെട്ടതാണ്.ആടിയുംപാടിയും ചുവടു വെച്ചും ശത്രുവിനോട് കണക്കു തീര്‍ക്കാനുള്ളവരാണ് തങ്ങള്‍ എന്ന് പ്രഖ്യാപിച്ചുകൊണ്ടും ഒറ്റച്ചരടില്‍ കോര്‍ത്തിണക്കപ്പെട്ട ആ മനുഷ്യ മഹാസമുദ്രം, കണ്ടുനില്‍ക്കുന്നവര്‍ക്ക് ശിഷ്ടകാല ജീവിതത്തിനുള്ള ഊര്‍ജം നല്‍കുന്ന ഒന്നായിരുന്നു. കിലോമീറ്റുകള്‍ക്കപ്പുറത്തുള്ള ലോക സാമ്രാജ്യത്വത്തിന്റെ ആസുര കേന്ദ്രം തങ്ങളുടെ ജന്മനാടിനു നേരെ ഉയര്‍ത്തുന്ന അട്ടിമറി ഭീഷണിയെക്കുറിച്ചുള്ള തികഞ്ഞ ധാരണയോടെ അടിവെച്ചു നീങ്ങിയ ആ ജനലക്ഷങ്ങളിലാകെ നിറഞ്ഞു നിന്നത് ഫിദെല്‍ പകര്‍ന്നു കൊടുത്ത കൃത്യമായ പ്രത്യയശാസ്ത്രബോധവും അതുവഴിയുള്ള ആത്മവിശ്വാസവും തന്നെയാണ് .

അതു കാരണമാണ് ദശകങ്ങളായി തുടര്‍ന്നു പോന്ന സാമ്പത്തിക ഉപരോധം തികഞ്ഞ പരാജയമാണെന്ന് കണ്ടറിഞ്ഞ് സന്ധി സംഭാഷണങ്ങള്‍ക്കായി ഒബാമക്ക് മുന്‍കൈ എടുക്കേണ്ടി വന്നത്.

അങ്ങനെയാണ് ദീര്‍ഘകാലം അകാരണമായി തടവറയിലടച്ച ക്യൂബന്‍ വീരനായകരെ സ്വതന്ത്രരാക്കി നാട്ടിലേക്ക് തിരിച്ചയക്കാന്‍ അമേരിക്ക തയ്യാറായത്. കാസ്‌ട്രോയുടെയും സഖാക്കളുടെയും ഇച്ഛാശക്തിയുടെ വിജയം തന്നെയാണ് അതുവഴി വിളംബരം ചെയ്യപ്പെട്ടത്.

അതു മനസ്സിലാക്കിയ ഒബാമ, അനുശോചന സന്ദേശത്തില്‍ ഇങ്ങനെ പറഞ്ഞു: ' തനിക്ക് ചുറ്റുമുള്ള ജനങ്ങളെയും ലോകത്തെയും എത്രകണ്ട് അഗാധമായി സ്വാധീനിച്ചിട്ടുണ്ട് ഈ ഏക വ്യക്തി എന്ന കാര്യം ചരിത്രം രേഖപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യും. തങ്ങള്‍ക്ക് യു.എസ്.എ യില്‍ ഒരു സുഹൃത്തും പങ്കാളിയുമുണ്ടെന്ന കാര്യം ക്യൂബന്‍ ജനത മനസ്സിലാക്കണം'

എന്നാല്‍ ലോകമാകെ ,മഹാനായ ഒരു യുഗപുരുഷന്റെ വിയോഗത്തില്‍ വിറങ്ങലിച്ചു നില്‍ക്കെ, അമേരിക്കന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവന ആസുരമായ മുതലാളിത്തത്തിന്റെ നിഷ്ഠുര മുഖം വെളിപ്പെടുത്താനുതകുന്ന ഒന്നായിത്തീര്‍ന്നു: 'ആറു ദശകത്തോളം സ്വന്തം ജനതയെ മര്‍ദ്ദിച്ചൊതുക്കിയ ക്രൂരനായ ഒരു ഏകാധിപതിയുടെ തിരോധാനമാണ് ലോകം ഇന്ന് അടയാളപ്പെടുത്തുന്നത്  കാസ്‌ട്രോവിന്റെ പാരമ്പര്യം ഫയറിങ്ങ് സ്‌ക്വാഡുകളുടെതാണ്; മോഷണത്തിന്റെതാണ്; ഊഹാതീതമായ ദുരിതങ്ങളുടേതാണ്, ദാരിദ്യത്തിന്റെതാണ്, മൗലികമായ മനുഷ്യാവകാശ നിഷേധത്തിന്റെതാണ് '

മാത്രവുമല്ല, സ്വതന്ത്ര ജനാധിപത്യ രാഷ്ട്രമായിത്തീരാന്‍ ക്യൂബന്‍ ജനതയെ സഹായിക്കാന്‍ താന്‍ തയ്യാറാണെന്നു കൂടി പ്രഖ്യാപിച്ചു കൊണ്ട് വരും നാളുകള്‍ അശാന്തിയുടെതാണ് എന്നാണ് പറയാതെ പറയുന്നത്. അവിടെയാണ് കാസ്േട്രാ പറഞ്ഞ ഈ വാക്കുകള്‍ പ്രസക്തമാവുന്നത്:

'വര്‍ഗസമരത്തിന്റെ ചരിത്രം നിങ്ങള്‍ക്കറിയില്ലെങ്കില്‍ സമൂഹത്തില്‍ പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള ചേരിതിരിവിനെക്കുറിച്ച് നിങ്ങള്‍ അജ്ഞനാണെങ്കില്‍, ശരിക്കും നിങ്ങള്‍ കാട്ടിലകപ്പെട്ട അന്ധനാണ്. '

click me!