അപ്പോള്‍ അവള്‍ പറഞ്ഞു, ചേച്ചീ ഞാന്‍ ഫേക്കാണ്!

By രഞ്ചുഷ മണിFirst Published Nov 16, 2017, 7:36 PM IST
Highlights

രാത്രികളില്‍ ഒറ്റയ്ക്ക് ഇറങ്ങിനടക്കാന്‍ കഴിയാത്ത ഒരു ദേശത്ത്, ഓണ്‍ലൈന്‍ ഇടത്തിലെ സ്ത്രീയുടെ അനുഭവങ്ങള്‍ എന്തൊക്കെയാണ്? നിങ്ങള്‍ക്ക് പറയാനുള്ളത് ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ പച്ച ലൈറ്റ് എന്ന് എഴുതാന്‍ മറക്കരുത്

ഗ്രൂപ്പില്‍ എഴുതാറുള്ളതുകൊണ്ട് ഇന്‍ബോക്‌സിലെ ശല്യക്കാരുടെ എണ്ണവും കുറവായിരുന്നില്ല. മിക്കവയും എഴുത്തിനെ പ്രശംസിച്ചുകൊണ്ടു സൗഹൃദം നേടിയെടുക്കാന്‍ ശ്രമിക്കുന്നവയായിരുന്നു. അതിനിടയിലാണ് അവളുടെ മെസേജ് എന്റെ ഇന്‍ ബോക്‌സിലേക്ക് വന്നത്. പെണ്‍ സുഹൃത്തുക്കളുടെ സന്ദേശങ്ങള്‍ വരുന്നത്ത് വിരളമായതിനാല്‍ ആകാംക്ഷയേറി മറുപടി കൊടുത്തു. 

'ചേച്ചി, എഴുത്തു കൊള്ളാം. നല്ല വരികള്‍'

വായനയ്ക്ക് സന്തോഷമെന്നു ഞാനും പറഞ്ഞു.

നേരെ വീട്ടുകാര്യങ്ങള്‍ ചോദിക്കുമെന്ന് കരുതിയിരുന്ന എന്റെ മുന്‍പിലേക്ക് എഴുത്തിനെ കുറിച്ച് മാത്രം ചോദ്യങ്ങള്‍ എയ്തുകൊണ്ടിരുന്നു. എഴുത്തിനോടുള്ള ഇഷ്ടത്തെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചുമെല്ലാം അവള്‍ വാചാലയായി. സൗഹൃദ സംഭാഷണം നീണ്ടുകൊണ്ടിരിക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു. 

'ചേച്ചി ഇതെന്റെ ഫേക്ക് ഐഡി ആണ്. ഞാന്‍ പെണ്ണല്ല'

ഞെട്ടാന്‍ ഇനി വല്ലതും വേണോ? എന്റെ കൃഷ്ണ ഇത്രേം നേരം എം ടിയുടെ നാലുകെട്ടിനെക്കുറിച്ചു പറഞ്ഞുകൊണ്ടിരുന്നവള്‍ എന്നെ മണിച്ചിത്രത്താഴിട്ടു പൂട്ടിയല്ലോ. ഇനി അങ്ങോട്ട് വല്ലതും പറയണോ അതോ ബ്ലോക്ക് ചെയ്തിട്ട് ഓടണോ എന്നാലോചിച്ചിരിക്കുമ്പോഴാ വീണ്ടും അവളുടെ സോറി അവന്റെ മെസേജ്.
 
സ്വന്തം ഐഡി ഉപയോഗിക്കാന്‍ പറ്റിയ അവസ്ഥയില്‍ അല്ല ഞാന്‍. അതോണ്ടാ ഇങ്ങനെ. ചേച്ചിയുടെ എഴുത്തുകള്‍ വായിച്ചപ്പോള്‍ പരിചയപ്പെടണമെന്നു തോന്നി.

ആ പറഞ്ഞത് അവിശ്വസനീയമാണെന്നു എനിക്ക് തോന്നിയത് അവനു മനസിലായതുകൊണ്ടാവാം അതിനുള്ള കാരണവും അവന്‍ വിശദീകരിച്ചു തന്നു. അച്ഛന്‍ കുറച്ചു മാസങ്ങളായി ആശുപത്രിക്കിടക്കയിലാണ്. സ്വന്തം ഐഡി ഉപയോഗിക്കുമ്പോള്‍ പരിചയമുള്ള എല്ലാരുടെയും സഹതാപങ്ങള്‍ക്ക് ചെവിയോര്‍ക്കേണ്ടിവരും.  അത് ഇഷ്ടപെടാത്തതുകൊണ്ടുമാത്രം ഇങ്ങനൊരു മാര്‍ഗം സ്വീകരിച്ചത്. അതും എഴുതാനും വായിക്കാനും വേണ്ടിമാത്രം. എന്തായാലും ഒരു അകലമിടുന്നത് നല്ലതാണെന്നു കരുതി കുറച്ചു നാളത്തേക്ക് ഞാന്‍ ആ വഴിക്ക് പോയില്ല.. 

കാര്യങ്ങളുടെ സത്യാവസ്ഥ മനസിലാക്കാനെന്നോണം അച്ഛന്റെ അസുഖവിവരങ്ങളും, സ്ഥിതിഗതികളും ഞാന്‍ ഇടയ്ക്ക് ചോദിച്ചുകൊണ്ടിരുന്നു അതിനെല്ലാം അവന്‍ കൃത്യമായി തന്നെ മറുപടിയും പറഞ്ഞു.സംസാരിച്ച നാളുകളത്രയും അവന്‍ ഉച്ചരിച്ച വാക്ക് അച്ഛന്‍ എന്നായിരുന്നു. അവന്റെ കണ്ണുകളില്‍ എരിയുന്ന വേദന ആ വാക്കുകളില്‍ പ്രകടമായിരുന്നു. കുറച്ചു നാള്‍ക്കുള്ളില്‍ ഞാന്‍ അവന്റെ ചേച്ചിപ്പെണ്ണും അവനെന്റെ അനിയന്‍ കുട്ടനുമായി.. 
   
എനിക്ക് ഓര്‍മ്മവയ്ക്കാത്ത നാളില്‍ ഞങ്ങളെ വിട്ടുപോയ എന്റെ അനിയന്‍ കുട്ടനെ തിരികെ കിട്ടിയ സന്തോഷമായിരുന്നു മനസ് നിറയെ. ഒരുപാട് സ്വപ്നങ്ങളും, പ്രതീക്ഷകളും എന്നോട് പങ്കുവച്ചെങ്കിലും ഒരിക്കല്‍ പോലും എന്റെ എന്റെ ഫോട്ടോ കാണണമെന്നോ നമ്പര്‍ വേണമെന്നോ ചോദിച്ചില്ല.  എന്നെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കാന്‍ ഒരു നമ്പര്‍ തന്നു അത്രമാത്രം. 

ക്രമേണ അവന്റെ പച്ചവെളിച്ചത്തിന്റെ ദീപം കുറഞ്ഞു. കാത്തിരിപ്പിനൊടുവില്‍ എന്നെ തേടിയെത്തിയത് അവന്റെ അച്ഛന്റെ മരണവാര്‍ത്ത ആയിരുന്നു. 

'ചേച്ചിപ്പെണ്ണേ എന്നെ ഒന്ന് വിളിക്കോ?'
 
ഇത്രേം വായിക്കാനുള്ള ശേഷിയെ എനിക്ക് ഉണ്ടായിരുന്നുള്ളു. ഫോണിന്റെ അങ്ങേ തലക്കല്‍ അവന്‍ വിതുമ്പുന്നുണ്ടായിരുന്നു. ഒന്നും പറയാനാവാതെ ഞാനും.  അവന്റെ അവസ്ഥയില്‍ നിന്നും മാറ്റിയെടുക്കാന്‍ ഞാന്‍ ഓരോ ദിവസവും ശ്രമിച്ചുകൊണ്ടിരുന്നു.

ഒരു പി എസ് സി യുടെ എക്‌സാം എന്റെ നാട്ടിലാണെന്നറിഞ്ഞ ഞാന്‍ അവനെ വീട്ടിലേക്കു ക്ഷണിച്ചു. എല്ലാ കാര്യങ്ങളും വീട്ടില്‍ തുറന്നു പറയുന്നതിനാല്‍ അവര്‍ക്കും എതിര്‍പ്പില്ല. 
 
വെള്ളിയാഴ്ച വൈകുന്നേരം അവനു വേണ്ടി സ്‌റ്റേപ്പില്‍ കാത്തുനില്‍ക്കുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയായിരുന്നു. തമ്മില്‍ കണ്ടതും നൂറ്റാണ്ടുകളുടെ ബന്ധമുള്ളത് പോലെ ഒരു മുഖവുരയുമില്ലാതെ സംസാരിച്ചു തുടങ്ങി. വഴിവക്കില്‍ കാത്തുനിന്ന അച്ഛനെ കണ്ടതും അവന്റെകണ്ണുകള്‍ നിറഞ്ഞു. ഓര്‍മ്മകള്‍ തിരികെ കൊണ്ടുപോയിട്ടുണ്ടാവണം. അവന്‍ വീട്ടില്‍ എത്തിയ നിമിഷം തൊട്ട് ഞാന്‍ പക്വതയുള്ള ചേച്ചി ആവുകയായിരുന്നു. വിളമ്പിക്കൊടുത്ത ഭക്ഷണം അവന്‍ അനുസരണയോടെ കഴിച്ചു. രാത്രി അവനു പഠിക്കാന്‍ ഞാനും അമ്മയും കൂട്ടിനു ഇരുന്നു. പരീക്ഷ ഹാളിലെ ഒഴിഞ്ഞ ബഞ്ചില്‍ അവനെ ഇരുത്തി 2 മണിക്കൂര്‍ പുറത്ത് കാത്തിരിക്കുമ്പോള്‍ ഞാന്‍ അനുഭവിക്കുകയായിരുന്നു, ആസ്വദിക്കുകയായിരുന്നു ചേച്ചിയെന്ന സ്‌നേഹത്തെ.
 
വൈകുന്നേരം എന്റെ ചേച്ചി വന്നപ്പോഴും അവള്‍ പറഞ്ഞു 'നമ്മുടെ ഉണ്ണിയുണ്ടായിരുന്നുവെങ്കില്‍ ഇവന്റെ പ്രായമുണ്ടാവും'

അതേ ചിന്ത തന്നെയായിരുന്നു അവനെ കണ്ട നാള്‍ മുതല്‍ എന്നിലും നിറഞ്ഞു നിന്നത്.

പിറ്റേന്ന് അവനെ യാത്രയാക്കാന്‍ ചെന്ന എന്റെ ഇടനെഞ്ചിലൊരു മൗനം തളംകെട്ടി നിന്നു. പരസ്പരം ഒന്നും പറയാനാവാതെ ഞങ്ങള്‍ ഇരുന്നു. നീണ്ട ഹോണ്‍ അടിച്ചുകൊണ്ടു ബസ് മുന്നിലേക്ക് വന്നു. കൈ ചേര്‍ത്തുപിടിച്ചുകൊണ്ടു യാത്ര പറഞ്ഞപ്പോള്‍ ഹൃദയം പിടച്ചു. കണ്ണുകള്‍ തുളുമ്പി.കണ്ണില്‍ നിന്നു മറയുന്നതുവരെ എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
 
'23 വര്‍ഷം ഞാന്‍ കാത്തിരുന്ന അനിയന്‍ കുട്ടന്റെ സ്‌നേഹം കുറച്ചു ദിവസമെങ്കിലും പങ്കിട്ടു തന്നതിന് നന്ദി'-കണ്ണീരു തുടച്ചു കൊണ്ട് മെസേജ് ടൈപ്പ് ചെയ്തു.
 
'ചേച്ചിപ്പെണ്ണേ ഞാനുണ്ട് എന്നും കൂടെ'-ആ മറുപടിയിലവന്റെ ഹൃദയം വിങ്ങുന്നത് ഞാന്‍ അറിഞ്ഞു.
  
ഓണ്‍ലൈനില്‍ നല്ല സൗഹൃദങ്ങളും  കതിരിടുന്നുണ്ട്. തള്ളേണ്ടവയും, കൊള്ളേണ്ടവയും നമ്മള്‍ തിരിച്ചറിയണമെന്ന് മാത്രം.    

 

പച്ചലൈറ്റ്: ഇതുവരെ

സ്വാതി ശശിധരന്‍: ബ്ലോക്ക് ചെയ്യാം, പക്ഷേ, ഈ  സീക്രട്ട് മെസഞ്ചറിനെ എന്തുചെയ്യും?

രഞ്ജിനി സുനിത സുകുമാരന്‍: ആണുങ്ങള്‍ മാത്രമല്ല ശല്യക്കാര്‍, 'ഓണ്‍ലൈന്‍ പിടക്കോഴിക'ളുമുണ്ട്

ജില്‍ന ജന്നത്ത് കെ.വി: ഓരോ പച്ച വെളിച്ചത്തിനും  ഓരോ കഥയുണ്ട്

ഫസ്‌ന റാഷിദ്: ഒടുവില്‍, വേദനയോടെ അവനെ ഞാന്‍ ബ്ലോക്ക് ചെയ്തു!

സൂര്യ സതീഷ്: ഈ പച്ചവെളിച്ചം എനിക്ക് അനുഗ്രഹമാണ്

സൂസന്‍ വര്‍ഗീസ് : പച്ചലൈറ്റിനെ എനിക്കിപ്പോള്‍ ഭയമില്ല!

ജസ്‌ന ഹാരിസ്: രാത്രിയിലെ ഒറ്റ സ്റ്റാറ്റസ് മതിയായിരുന്നു, അയാള്‍ക്ക് തനിനിറം കാണിക്കാന്‍!

അഖില എം: 'ബ്ലോക്ക്' ആണെന്‍ സമരായുധം!​

അമ്മു സന്തോഷ്:  ഇന്‍ബോക്‌സില്‍ ഒരു രാത്രി!

പവിത്ര ജെ ദ്രൗപതി: മെസഞ്ചറില്‍ വരുന്നവരെല്ലാം ചീത്തയല്ല!

വിനീത അനില്‍: ആ അര്‍ദ്ധനഗ്‌ന ചിത്രങ്ങള്‍ അയച്ചത് ഒരു സ്ത്രീ ആയിരുന്നു!

അനു കാലിക്കറ്റ്: 'സോറി ചേച്ചീ, ഞാന്‍ പെണ്ണല്ല, ആണാണ്'

മഞ്ജു അഭിനേഷ്: പ്രണയചിത്രവും തന്ത്രയും;  ഒരു മെസഞ്ചര്‍ ആത്മീയ ക്ലാസ്​

അജിത ടി.എ: മാടിവിളിക്കാനായി പച്ചവെളിച്ചം ഉപയോഗിക്കുന്ന സ്ത്രീകളുമുണ്ട്!

പത്മിനി നാരായണന്‍: ആ മെസേജ് കണ്ടതും, ലോകത്തെ  മൊത്തം വെറുത്തുപോയി!

 

click me!