Asianet News MalayalamAsianet News Malayalam

ഇന്‍ബോക്‌സില്‍ ഒരു രാത്രി!

Green Light Ammu Santhosh
Author
Thiruvananthapuram, First Published Nov 8, 2017, 1:30 PM IST

രാത്രികളില്‍ ഒറ്റയ്ക്ക് ഇറങ്ങിനടക്കാന്‍ കഴിയാത്ത ഒരു ദേശത്ത്, ഓണ്‍ലൈന്‍ ഇടത്തിലെ സ്ത്രീയുടെ അനുഭവങ്ങള്‍ എന്തൊക്കെയാണ്? നിങ്ങള്‍ക്ക് പറയാനുള്ളത് ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ പച്ച ലൈറ്റ് എന്ന് എഴുതാന്‍ മറക്കരുത്

Green Light Ammu Santhosh

 'മോളു'

അന്നും ഞാന്‍ പതിവ് പോലെ ഗ്രൂപ്പില്‍  നിന്നും ഗ്രൂപ്പിലേക്ക് കഥകളും കവിതകളും വായിച്ച് ഒരു ദേശാടന പക്ഷിയെ പോലെ പറക്കുന്നു. വളരെ തിരക്ക് പിടിച്ച നേരം. ഇന്‍ബോക്‌സില്‍ ബ്ലൂം ശബ്ദത്തോടെ ഒരു മെസേജ് .മെസ്സേജിന്റെ ഉടമസ്ഥാനാരാണാവോ. ശ്ശോ ! ഒരു പാവം ചേട്ടനാണ്. പുള്ളി ഡോക്ടര്‍ ആണ്. ഇപ്പോള്‍ റിട്ടയര്‍ ചെയ്തു മക്കളും കൊച്ചു മക്കളും ഒക്കെയായി സുഖം സ്വസ്ഥം. അപ്പോള്‍ എന്നെ മോളെന്നു വിളിക്കാം. തെറ്റിദ്ധരിക്കരുത് അമ്മൂ, നിന്റെയീ മഞ്ഞക്കണ്ണട എടുത്തു മാറ്റൂ. അല്ലെങ്കില്‍ കാണുന്നതെല്ലാം മഞ്ഞയായി തോന്നും. എന്റെ മന:സാക്ഷി അങ്ങനെ എന്നോട് മന്ത്രിച്ചു. (തെറ്റിദ്ധരിക്കണ്ട എനിക്കു അങ്ങനെ ഒരു സാധനം ഉണ്ട്. ഇടക്കൊക്കെയേ വര്‍ക്കിംഗ് ആകൂ എന്നേയുള്ളു)   

അങ്ങനെ ഞാന്‍ മഞ്ഞക്കണ്ണട മാറ്റി പ്ലെയിന്‍ കണ്ണട എടുത്തു ഫിറ്റ് ചെയ്തു ചേട്ടന്റെ ഇന്‍ബോക്‌സിന്റെ വാതില്‍ തുറന്നു.

'എന്താ ചേട്ടാ'

'മോള്‍ ഇന്നലെ ഇട്ട കവിതയിലെ സ്ഫടിക ധൂളികള്‍ എന്ന വാക്കിന്റെ അര്‍ഥം എന്താ?'

നട്ടപ്പാതിരക്ക് സ്ഫടികധൂളികളുടെ  അര്‍ഥം ചോദിക്കുന്നോ കശ്മലാ?  ഡോക്ടര്‍ ആണത്രെ ഡോക്ടര്‍!

'ചേട്ടാ അത് പ്രണയത്തെ കണ്ണാടിയോട് ഉപമിച്ചതാണ്. കണ്ണാടി പൊടിഞ്ഞാല്‍ മണ്ണ് പോലെ പൊടി വരില്ലേ? ദൈവമേ എങ്ങനെ പറഞ്ഞു മനസിലാക്കും? ഇങ്ങേര്‍ക്ക് ഡിക്ഷനറി നോക്കിയാല്‍ പോരെ'?

'ഹോ! ഭയങ്കരം! സുഗതകുമാരി ടീച്ചര്‍ക്ക് പോലുമില്ല ഇത്രേം ഭാവന'

ആക്കിയതാണോ? ഹേ ആവില്ല!

'മോളൂനു ഭയങ്കര ഭാവനയാണ് കേട്ടോ. കവിതകളെല്ലാം ചേര്‍ത്ത് ഒരു പുസ്തകമാക്കിക്കോ, നല്ല വില്‍പന നടക്കും'

ഞാന്‍ തല ഫാനില്‍ മുട്ടുന്നുണ്ടോ എന്ന് നോക്കി. ഇപ്പോള്‍ മുട്ടുന്നില്ല ഇങ്ങനെ പോയാല്‍ മുട്ടിക്കും ഇയാള്‍, ഉറപ്പ്. വഴിതെറ്റിപ്പോയ ബസിന്റെ  ഡ്രൈവര്‍ വളയം തിരിക്കും പോലെ ഞാന്‍ അണ്ണാക്ക് കാണിച്ചു ചിരിക്കുന്ന ഒരു സ്‌മൈലി ഇട്ടു.

'നഷ്ടപ്രണയമാണോ മോളൂ, അതോ ഇപ്പോഴും പ്രണയമുണ്ടോ?'

'പ്രണയം  ഉണ്ടില്ല ചേട്ടാ, ഉണ്ടിട്ടു വരാമേ'

ഞാന്‍ ഇന്‍ബോക്‌സിന്റെ വാതില്‍ അടച്ചു പുറത്തു കടന്നു.

ഇവനെ ഞാന്‍ തട്ടും! തോന്നിവാസം ആണ് പറയുന്നതെങ്കില്‍ സ്‌ക്രീന്‍ ഷോട്ട്, നാറ്റിക്കല്‍സ് നോക്കിക്കോ! 

ഭാഗവതം വായിച്ചിരുന്നേല്‍ മോക്ഷം കിട്ടാനുള്ള പ്രായമായില്ലേ ചേട്ടാ! ഉള്ളില്‍ പറഞ്ഞു പോയി. അങ്ങേര്‍ക്കീ വയസുകാലത്തു എന്റെ പ്രണയം അറിഞ്ഞിട്ടെന്തിനാ? 

പോകാന്‍ തുടങ്ങിയതാ അപ്പോള്‍, അടുത്ത മെസേജ്!

'ഹായ്' -ഞാന്‍ അയച്ചവനെ ഒന്ന് നോക്കി. എഴുത്തുകാരനാണ് .ഇടക്കൊക്കെ എഴുതുകയുള്ളു. പക്ഷെ ഇതിഹാസം ആയിരിക്കും. മാന്യന്‍ ആണെന്നാണ് അറിവ്. 
തിരിച്ച് ഹായ് കൊടുക്കണോ ഒമ്പതു മണിയായി. ഉറക്കവും വരുന്നു. എന്താണെന്നു ചോദിച്ചേക്കാം 

'ഹായ്'

'അമ്മുവിന്റെ കഥകളൊക്കെ നന്നാവുന്നുണ്ട്'

കണ്ടോ ഞാന്‍ വീണ്ടും തെറ്റിദ്ധരിച്ചു. പാവം അഭിനന്ദനം അറിയിക്കാനായിരുന്നു!
 
'താങ്ക്‌സ്'
'എന്റെ  കഥകളെക്കുറിച്ച് എന്താ അഭിപ്രായം?'

ഞാന്‍ പെട്ടു. ഈ മനുഷ്യന്റെ ഒറ്റക്കഥ പോലും ഞാന്‍ വായിച്ചിട്ടില്ല. വായിച്ചു ഒരു പാരഗ്രാഫ് കഴിയുമ്പോഴേക്കും അവിടെ തന്നെ കിടന്നു ഉറങ്ങി പോകും. എല്ലാരും കമന്റ് ഇടുമ്പോള്‍ മറ്റു കമന്റുകള്‍ നോക്കി ഞാനും ഒരു കമന്റ് ഇടും.  ഞാനും ഇതൊക്കെ വായിക്കുമെന്ന് ആള്‍ക്കാര്‍  വിചാരിച്ചോട്ടെ. ഇത് ഒക്കെ വായിച്ചു മനസിലാക്കാനുള്ള ബുദ്ധി ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ മിനിമം രണ്ടു സിവില്‍ സര്‍വീസ് എടുത്തേനേ. എന്തെങ്കിലും പറയണ്ടേ?

'സാറിന്റ കഥ  സൂപ്പര്‍ അല്ലെ? ഞാന്‍ കമന്റ ഇട്ടിരുന്നു'

'ആ കമന്റ് എന്റെ ഹൃദയത്തില്‍ സ്പര്‍ശിച്ചു, അമ്മു. അമ്മു എന്നെ എത്ര നന്നായി മനസിലാക്കി'

ങേ! ദൈവമേ ഇങ്ങേരുടെ ഹൃദയം ഇത്ര പൊട്ടയാണോ? ഞാന്‍ ഏതു കമന്റ് ആണോ ഇട്ടത്? ആ, ഇപ്പോള്‍ ഓര്‍ക്കുന്നു, മുമ്പേ ഇട്ട ആരുടെയോ നല്ല ഒരു കമന്റ് കോപ്പി പേസ്റ്റ് ചെയ്തു ഇടുവാരുന്നു.

'ഞാന്‍ ഇന്നലെ ഉറങ്ങിയില്ല'

വീണ്ടും മെസേജ്. 

'കൊതുകു കൂടുതല്‍ ഉണ്ടായിരുന്നോ സാര്‍?'

'ഹഹഹ!'. കൊലച്ചിരി. 

'നല്ല കോമഡി ആണല്ലോ, അമ്മുവിന്റെ കോമേഡിയും എനിക്ക് വലിയ ഇഷ്ടം ആണ്. ചിലപ്പോള്‍ ടെന്‍ഷന്‍ ഒക്കെ വരുമ്പോള്‍ ഞാന്‍ അതാണ് വായിക്കാറ്'

'ബെസ്റ്റ്! എന്റെ  കോമഡി  വായിച്ചു എനിക്ക് തന്നെ  കരച്ചില്‍ വരും. പെറ്റ  തള്ള സഹിക്കാത്ത  കോമഡി ആണ്. സ്‌നേഹം കൊണ്ടാണ് ആള്‍ക്കാര്‍ എന്നെ ചീത്ത വിളിക്കാത്തത്!'

'ഹഹഹ, ദേ വീണ്ടും കോമഡി! എന്നെ ചിരിപ്പിച്ചു കൊല്ലും കൊച്ചു കള്ളി'

ഉം!  ഉം!  ഞാന്‍ മനസ്സില്‍ ഒന്ന് അമര്‍ത്തി മൂളി. ഇവനെ ബ്ലോക്കേണ്ടി വരുമോ എന്റെ മെസഞ്ചര്‍  ഭഗവതി! സത്യത്തില്‍ ഇയാളെ  വായിച്ചാല്‍ ആരും ബ്ലോക്കി പോകും. ഒറ്റ വസ്തു മനസിലാകാത്ത വാക്കുകള്‍!

'ശരി സാര്‍ ശുഭരാത്രി'

'അയ്യോ  പോവാണോ, ഒരു മിനിറ്റ്'

'എന്താ സാര്‍ ?'

'അമ്മുവിന്റെ പ്രൊഫൈല്‍ പിക്ചര്‍ കണ്ടാല്‍'

ഇവനെ ഞാന്‍ തട്ടും! തോന്നിവാസം ആണ് പറയുന്നതെങ്കില്‍ സ്‌ക്രീന്‍ ഷോട്ട്, നാറ്റിക്കല്‍സ് നോക്കിക്കോ! 

'ദേവിയെ പോലുണ്ട്'

സത്യത്തില്‍ ഞാന്‍ പൊട്ടിച്ചിരിച്ചു പോയി. ദേവിയാണ്. ഭദ്രകാളി. ചുടലഭദ്രകാളി. 

'എന്റെ ഈയൊരു കഥ വായിക്കൂ'

ഞാന്‍ വേഗം ഇന്‍ബോക്‌സ്  അടച്ചു. അതിലും ഭേദം ഞാന്‍ തൂങ്ങി  ചാവുന്നതല്ലേ? അപ്പോഴേക്കും അയാളുടെ കഥ ദേ വന്നു വീണു കഴിഞ്ഞു.

ശുദ്ധ പൈങ്കിളി! ടൈറ്റില്‍ അതിലും ഗംഭീരം! 
 
'നിശാസഞ്ചാരം!' 

അങ്ങേരുടെ  യാത്രാ വിവരണമായിരിക്കും. ഒരു ഖണ്ഡികാ വായിച്ചപ്പോള്‍ രണ്ടു  കുപ്പി വെള്ളം തീര്‍ന്നു. ഞാന്‍ വിയര്‍ത്തു പരവേശമെടുത്തു വേഗം ഡിലീറ്റ് ചെയ്തു അയാളെ ബ്‌ളോക് ചെയ്തു.മേലില്‍ കണ്ടു പോയേക്കല്ല്!

നല്ല കോമഡി ആണല്ലോ, അമ്മുവിന്റെ കോമേഡിയും എനിക്ക് വലിയ ഇഷ്ടം ആണ്.

ഓഫ് ചെയ്യാന്‍ തുടങ്ങിയ ഞാനാണ് 

'ചേച്ചി'

പാവം ഒരു അനിയന്‍ കുട്ടിയാണ്. 

'ഹായ് ശിവ'

'ചേച്ചി എനിക്ക് ഭയങ്കര വേദനയാണ'

'ശ്ശോ, കഷ്ടം! കൈയോ കാലോ ഒടിഞ്ഞു കാണുമോ?'

'എന്താ  സുഖമില്ലേ ?'

മനസിന് സുഖമില്ല ചേച്ചീ. എന്നെ സ്‌നേഹിക്കാനാരുമില്ല. സ്‌നേഹം കൊതിക്കുന്ന ഒരു ആത്മാവ് ഉണ്ടെന്റെ  ഉള്ളില്‍. ചേച്ചിക്ക് തരാമോ ഒരിറ്റു സ്‌നേഹം? അറിഞ്ഞിടത്തോളം ചേച്ചി നല്ലൊരു മനുഷ്യ സ്‌നേഹിയാ!'

'പിന്നെന്താ നിനക്കെത്ര കിലോ വേണം. പോയി കിടന്നുറങ്ങേടാ @#$%& മോനെ'

പിന്നല്ലതെ...ആരും ചീത്ത വിളിച്ചു പോകില്ലേ?'

ഇനി പച്ച വെളിച്ചം അണയ്ക്കാം. തൃപ്തി ആയി. പകലത്തെ ജോലികളൊക്കെ കഴിഞ്ഞു അല്‍പ സമയം ഇതിന്റെ  മുന്നിലിരുന്നാല്‍ അപ്പൊ വരും ചക്കപ്പഴത്തില്‍  ഈച്ച പൊതിയും പോലെ സാമദ്രോഹികള്‍!

പച്ചലൈറ്റ്: ഇതുവരെ

സ്വാതി ശശിധരന്‍: ബ്ലോക്ക് ചെയ്യാം, പക്ഷേ, ഈ  സീക്രട്ട് മെസഞ്ചറിനെ എന്തുചെയ്യും?

രഞ്ജിനി സുനിത സുകുമാരന്‍: ആണുങ്ങള്‍ മാത്രമല്ല ശല്യക്കാര്‍, 'ഓണ്‍ലൈന്‍ പിടക്കോഴിക'ളുമുണ്ട്

ജില്‍ന ജന്നത്ത് കെ.വി: ഓരോ പച്ച വെളിച്ചത്തിനും  ഓരോ കഥയുണ്ട്

ഫസ്‌ന റാഷിദ്: ഒടുവില്‍, വേദനയോടെ അവനെ ഞാന്‍ ബ്ലോക്ക് ചെയ്തു!

സൂര്യ സതീഷ്: ഈ പച്ചവെളിച്ചം എനിക്ക് അനുഗ്രഹമാണ്

സൂസന്‍ വര്‍ഗീസ് : പച്ചലൈറ്റിനെ എനിക്കിപ്പോള്‍ ഭയമില്ല!

ജസ്‌ന ഹാരിസ്: രാത്രിയിലെ ഒറ്റ സ്റ്റാറ്റസ് മതിയായിരുന്നു, അയാള്‍ക്ക് തനിനിറം കാണിക്കാന്‍!

അഖില എം: 'ബ്ലോക്ക്' ആണെന്‍ സമരായുധം!​

Follow Us:
Download App:
  • android
  • ios