ഇടതുവശം ചൊറിഞ്ഞാല്‍ കണ്ണാടി നോക്കി വലതുവശം മാന്തിയാല്‍ മതി; അപൂര്‍വ്വ കണ്ടെത്തലിന് വൈദ്യ ശാസ്ത്ര നൊബേല്‍!

By Web DeskFirst Published Sep 25, 2016, 1:37 AM IST
Highlights

ഞെട്ടേണ്ട. ഒറിജിനല്‍ നൊബേല്‍ പുരസ്കാരമല്ലിത്. നൊബേല്‍ പുരസ്കാരത്തിന്‍റെ ഹാസ്യാനുകരണമാണിത്. നൊബേല്‍ സമ്മാനത്തിന് സമാന്തരമായി, കൗതുകകരമായ ഗവേഷണം നടത്തിയതിന് നല്‍കുന്ന ഇഗ് നൊബേലിലെ ഈ വര്‍ഷത്തെ ജേതാക്കളുടെ മികവുകള്‍ പുരസ്കാരത്തിന്‍റെ ടാഗ് ലൈന്‍ പോലെ ആരേയും ആദ്യം ചിരിപ്പിക്കും പിന്നെ ചിന്തിപ്പിക്കും.

ശരീരത്തില്‍ ഇടതുവശത്ത് ചൊറിയുണ്ടെങ്കില്‍ കണ്ണാടിയില്‍ നോക്കി വലതുവശത്ത് മാന്തിയാല്‍ മതിയെന്നു തെളിയിച്ച ജര്‍മ്മന്‍കാരനായ ഹെഖെനെപ്പോലെ നിരവധി ശാസത്ര പ്രതിഭകളുണ്ട് ഈ വര്‍ഷവും ഇഗ് നോബെല്‍ ജേതാക്കളായി.  തുമ്പികള്‍ കറുത്ത ശിലകള്‍കൊണ്ട് നിര്‍മിച്ച ശവക്കല്ലറകളില്‍ തലയടിച്ചു ചാവുന്നതിനെക്കുറിച്ചും വെള്ളരോമങ്ങളുള്ള കുതിരകള്‍ കുതിരയീച്ചകളെ എങ്ങനെ പ്രതിരോധിക്കുന്നുവെന്നും പഠിച്ച ഗാബര്‍ ഹോവാത്തിനും സംഘത്തിനുമാണ് ഫിസിക്‌സിലുള്ള നൊബേല്‍. ഹംഗറി, സ്പെയിന്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍റ് എന്നീ രാജ്യക്കാരാണിവര്‍.

കാലിനിടയിലൂടെ നോക്കുമ്പോള്‍ വസ്തുക്കള്‍ വ്യത്യസ്തമായി കാണുമോ? ആര്‍ക്കറിയാം അല്ലേ? എന്നാല്‍ ആ പരിശോധനയ്‍ക്കാണ് ജപ്പാനില്‍ നിന്നുള്ള അറ്റ്‌സുകി ഹിഗാശിയാമയയെും കൊഹൈ അദാച്ചിയെയും അനുഭൂതിക്കുള്ള സമ്മാനം തേടിയെത്തിയത്.

നുണയന്മാരെക്കുറിച്ച് പഠിച്ച ബെല്‍ജിയം, നെതര്‍ലാന്‍റ് സ്വദേശികളായ എവ്‌ലിന്‍ ഡെബേയും സംഘവും മനശ്ശാസ്ത്രത്തിനുള്ള സമ്മാനം നേടി. ചത്തതും ജീവനുള്ളതുമായ ശലഭങ്ങള്‍ ശേഖരിക്കുന്നതിലുള്ള ആനന്ദം മൂന്നു വാല്യങ്ങളിലായി വിവരിച്ചതിന് സ്വീഡിഷ് എഴുത്തുകാരന്‍ ഫ്രെഡറിക് സ്വോബര്‍ഗിന് സാഹിത്യത്തിലുള്ള ഇഗ് നൊബേല്‍ ലഭിച്ചു.

സമാധാനത്തിനുള്ള നൊബേല്‍ എന്തിനാണെന്ന് കേട്ടാല്‍ ആരും ചിരിക്കും. വിവിധതരം ചാണകം എങ്ങനെ തിരിച്ചറിയാമെന്നു പഠിച്ചതിനാണ് കാനഡക്കാരായാ ഗോര്‍ഡന്‍ പെനികുക്കിനെയും സംഘത്തെയും സമാധാനസമ്മാനം നല്‍കി ആദരിച്ചത്.

ആല്‍പ്‌സ് പര്‍വതനിരയില്‍ മൂന്നുദിവസം ആടിനെപ്പോലെ നാലുകാലില്‍ ജീവിച്ച ബ്രിട്ടിഷ് ഗവേഷകര്‍ ടോം ടൈ്വറ്റ്‌സിനും സുഹൃത്ത് ചാള്‍സ് ഫോസ്റ്റര്‍ക്കുമാണ് ജീവശാസ്ത്രത്തിനുള്ള പുരസ്കാരം. ആടിന്റെ കൈകാലുകള്‍ കൃത്രിമമായി രൂപകല്‍പന ചെയ്ത് സ്വന്തം ശരീരത്തില്‍ ഘടിപ്പിച്ച് ആല്‍പ്‌സ് താഴ്വാരത്തിലെ ഫാമിലെ മഞ്ഞു പാളികള്‍ക്കിടയില്‍ മൂന്നു ദിവസം ആടിനെപ്പോലെ മേഞ്ഞു നടന്നാണ് തൈവ്റ്റ്‌സ് ഈ നേട്ടം സ്വന്തമാക്കിയത്. വനപ്രദേശങ്ങളിലെ ജീവിതം മൃഗങ്ങളുടെ കണ്ണിലൂടെ നോക്കിക്കാണുകയായിരുന്നു ടൈ്വറ്റ്‌സും, ചാള്‍സ് ഫോസ്റ്ററും. ഇരുവരും മാന്‍, കുറുക്കന്‍, നീര്‍നായ എന്നിങ്ങനെ പല ജീവികളെപ്പോലെയും ജീവിച്ചിരുന്നു. ഗവേഷണഫലങ്ങള്‍ പ്രമുഖ ജീവശാസ്ത്ര ജേണലുകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

രസതന്ത്രത്തിലെ പുരസ്കാര ജേതാക്കളുടെ യോഗ്യത കേട്ടാല്‍ ജീവിച്ചിരുന്നെങ്കില്‍ സാക്ഷാല്‍ ആല്‍ഫ്രഡ് നോബല്‍ പോലും അന്തംവിടും. കാറുകളിലെ പുകപരിശോധനാ സംവിധാനത്തില്‍ കൃത്രിമം കാണിച്ച് പിടിയിലായ ജര്‍മന്‍ കാര്‍നിര്‍മാതാക്കളായ ഫോക്‌സ് വാഗണാണ് രസതന്ത്രത്തിലെ സമ്മാനം.

പോളിയസ്റ്റര്‍, പരുത്തി, രോമവസ്ത്രങ്ങള്‍ എന്നിവ എലികളിലെ ലൈംഗികജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നു നിരീക്ഷിച്ചതിന് അന്തരിച്ച അഹ്മദ് ശഫീക്കിന് പ്രത്യുല്‍പാദന ഗവേഷണത്തിനുള്ള സമ്മാനം ലഭിച്ചു. ഇറ്റാലിയന്‍ സ്വദേശിയാണ് അഹ്മദ് ശഫീഖ്.

ഹാവഡിലെ ശാസ്ത്ര നര്‍മ്മ മാസിക ആന്നല്‍സ് ഓഫ് ഇംപ്രോബബിള്‍ റിസര്‍ച്ചാണ് ഇഗ് നൊബേല്‍പുരസ്കാരത്തിന്‍റെ ഉപജ്ഞേതാക്കള്‍. മുന്‍വര്‍ഷങ്ങളിലും സമാനമായ രീതിയില്‍ സമ്മാനങ്ങള്‍ നല്‍കിയിരുന്നു. എന്തുകൊണ്ട് വാഴപ്പഴം വഴുതിപ്പോവുന്നു എന്ന പഠനത്തിനായിരുന്നു മുന്‍വര്‍ഷം ഒരു ഇഗ് നൊബേല്‍.

ശരിക്കുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പാണ്  പതിവുപോലെ ഇത്തവണയും പുരസ്കാരം പ്രഖ്യാപിച്ചത്. ഇരുപത്തിയാറാമത് ഇഗ് നൊബേല്‍ പുരസ്കാര വിതരണമാണ് ഇത്തവണ നടന്നത്. ഹവാര്‍ഡ് യൂണിവേഴ്‍സിറ്റിയിലെ സാന്ഡേഴ്‍സ് തിയേറ്ററില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ പതിവു രീതിയില്‍ നൊബേല്‍ സമ്മാന ജേതാക്കള്‍ തന്നെയാണ് സമ്മാനം വിതരണം ചെയ്തതും. സംഘാടകരുടെ അഭ്യര്‍ഥനയനുസരിച്ച് സദസ്യര്‍ കടലാസ് റോക്കറ്റുകള്‍ സമ്മാന ജേതാക്കള്‍ക്കു നേരെ എറിഞ്ഞു കൊണ്ടായിരുന്നു പുരസ്കാര വിതരണം അവസാനിച്ചത്.

പുരസ്കാര വിതരണത്തിന്‍റെ വീഡിയോ കാണാം

 

 

click me!