കാട്ടിലെ പെണ്‍ക്യാമറകള്‍ കഥ പറയുന്നു

By KP VinodFirst Published Aug 28, 2017, 12:00 PM IST
Highlights

ഇക്കഴിഞ്ഞ ആഴ്ച ഏഷ്യാനെറ്റ് ന്യൂസിന്റെ ക്യാമറാ സംഘം ചിന്നാര്‍ വനത്തിനുള്ളിലായിരുന്നു. ക്യാമറയുമായി കാടു കയറുന്ന മൂന്ന് വനിതാ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരുടെ കാട്ടുജീവിതം പകര്‍ത്താന്‍. ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകര്‍ക്ക് വനാന്തരങ്ങളുടെ ഓണക്കാഴ്ച ഒരുക്കാന്‍. സെപ്റ്റംബര്‍ 2 ശനിയാഴ്ച വൈകിട്ട് 9.30 ന് സംപ്രേഷണം ചെയ്യുന്ന 'പെണ്‍ ക്യാമറ' എന്ന പ്രോഗ്രാമിനു പിന്നിലെ അസാധാരണമായ ആ അനുഭവങ്ങളാണിത്. 

മൂന്നാറിലും മറയൂരിലും മഴ കനത്തു പെയ്യുമ്പോഴും കേരളത്തിലെ ഏക മഴനിഴല്‍ പ്രദേശമായ ചിന്നാറില്‍ മഴ ഒരു അപൂര്‍വ്വ കാഴ്ചയാണ്. പക്ഷെ മൂന്നാറിലെ മഴയെ തഴുകി എത്തുന്ന നനുത്ത  കാറ്റാണ് സഹ്യനില്‍ തട്ടി ചിന്നാറിന്റെ  പൊള്ളിക്കുന്ന ചൂടിനെ തലോടി തണുപ്പിക്കുന്നത് .ഈ കാടിന്റെ വന്യതയിലേക്കാണ് ഏഷ്യാനെറ്റിന്റെ 'പെണ്‍ ക്യാമറ' എന്ന ഓണ പ്രോഗ്രാമിനു വേണ്ടി വനിതാ വന്യ ജീവി ഫോട്ടോഗ്രാഥര്‍മാരായ സീമാ സുരേഷ്, അപര്‍ണ്ണ പുരുഷോത്തമന്‍, സംഗീത ബാലകൃഷ്ണന്‍ എന്നിവര്‍ കാടുകയറുന്നത്.  അനീഷ് ടോം, വിഷ്ണു കലാപീഠം എന്നിവരും ഒപ്പമുണ്ട്. 

സീമാ സുരേഷ് പൂര്‍ണ്ണ സമയ ഫ്രീലാന്‍സ് വന്യജീവി ഫോട്ടോഗ്രാഫര്‍, അപര്‍ണ്ണ പുരുഷോത്തമന്‍ കണ്ണൂര്‍ ശ്രീപുരം ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫിസിക്‌സ് അധ്യാപിക, സംഗീതാ ബാലകൃഷ്ണന്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സിയിലെ ഐ ടി എന്‍ജിനിയര്‍. ഇല ഒളിപ്പിച്ചു വച്ച പൂക്കളെ തേടി ഋതുക്കള്‍ വരുന്ന പോലെ കാടൊളിപ്പിച്ച കാണാക്കാഴ്ചകളെ ക്യാമറയിലാക്കാന്‍ അവരും, കാടിനെയും അവരെയും ഒന്നിച്ച് ക്യാമറയിലാക്കാന്‍ ചീഫ് റിപ്പോര്‍ട്ടര്‍ അരുണിന്റെ നേതൃത്വത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘവും കാട് കയറിയത് . 

"കാടിന്റെ ആവാസവ്യവസ്ഥയില്‍ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഇടയില്‍ പുരുഷവര്‍ഗ്ഗങ്ങള്‍ക്കാണ് സൗന്ദര്യം" 

സംഗീത പറഞ്ഞ ഒരു കാര്യമാണ് ഓര്‍മ്മ വരുന്നത്, കാടിന്റെ ആവാസവ്യവസ്ഥയില്‍ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഇടയില്‍ പുരുഷവര്‍ഗ്ഗങ്ങള്‍ക്കാണ് സൗന്ദര്യം പ്രകൃതി വാരിക്കോരി നല്‍കിയിരിക്കുന്നത്. അത് ഒരു പ്രകൃതി നിയമമാണ്. സ്ത്രീ വര്‍ഗ്ഗങ്ങള്‍ കാടിന്റെ ആകര്‍ഷണത്തില്‍ നിന്ന് ഒതുങ്ങി പ്രകൃതിയുടെ നിറത്തോട് ഓരം ചേര്‍ന്ന് സന്താനോദ്പാദന പ്രക്രിയില്‍ പങ്കു വഹിക്കുമ്പോള്‍ സൗന്ദര്യക്കുറവ് ഒരു അനുഗ്രഹമാണ്. പക്ഷെ ഇവിടെ മൂന്ന് സ്ത്രീകള്‍ കാടിനോട് ഇഴകി ചേരാന്‍ പച്ചില പടങ്ങള്‍ വരച്ചു ചേര്‍ത്ത ജാക്കറ്റുകളും തൊപ്പിയും അണിഞ്ഞ് നില്‍ക്കുന്നു. 

ഇഷ്ടപ്പെട്ട ഒരു ഫ്രെയിമിനുവേണ്ടി കാത്തിരിക്കാനുള്ള മനസാണ് ഒരു വന്യ ജീവി ഫോട്ടോഗ്രാഫറുടെ ഏറ്റവും വലിയ സ്വത്ത്.

സീമാ സുരേഷാണ് പ്രവൃത്തിയിലും പ്രായത്തിലും സീനിയര്‍. ആനകളോടാണ്  പ്രണയം. ഒരു പക്ഷെ പൂരത്തിന്റെ നാട്ടുകാരിക്ക് അത് ജന്മസിദ്ധമായി കിട്ടിയതായിരിക്കും. ക്യാമറയെയും തന്നെയും പ്രണയിക്കുന്ന സുരേഷിന്റെ ജീവിത സഖിയായതോടെ ആനയോടും കാടിനോടുമുള്ള പ്രണയം ഏറിവന്നു.  ഭര്‍ത്താവിന്റെ സീമാതീതമായ പ്രോത്സാഹനം  ആന ചിത്രങ്ങള്‍ തേടിയുള്ള പ്രയാണമായി മാറിയത്. കാട് കാത്തിരിക്കുന്ന വസന്തത്തെപ്പോലെ, മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ  ഇഷ്ടപ്പെട്ട ഒരു ഫ്രെയിമിനുവേണ്ടി കാത്തിരിക്കാനുള്ള മനസാണ് ഒരു വന്യ ജീവി ഫോട്ടോഗ്രാഫറുടെ ഏറ്റവും വലിയ സ്വത്ത്. ആ മനസ്സാണ് സീമയുടെ ചിത്രങ്ങളുടെ മിഴിവ്. അങ്ങനെത്തെ ഒരു കാത്തിരിപ്പിനൊടുവിലാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളായ  കൊമ്പുകോര്‍ക്കുന്ന  കൊമ്പന്‍മാരും, തുറിച്ചു നോക്കുന്ന പുള്ളിപ്പുലിയും തന്റെ ക്ലിക്കിലൊതുങ്ങിയതെന്ന സന്തോഷം പങ്കുവെയ്ക്കുന്നു, സീമ. 

മരം കരിയിലകളെ സൂക്ഷിച്ചു വെയ്ക്കാത്തതുപോലെ, ഞാനുമെന്റെ ഭൂതകാലത്തെ സൂക്ഷിച്ചു വെയ്ക്കാറില്ല

കണ്ണൂര്‍ ശ്രീപുരം ഗവ: ഹയര്‍ സെക്കന്‍ഡറി ഫിസിക്‌സ് അദ്ധ്യാപിക അപര്‍ണ്ണ ഒരിക്കലും വിചാരിച്ചിരുന്നില്ല താനൊരു ഫോട്ടോഗ്രാഫര്‍ ആകും എന്ന്.  പഠിത്തത്തില്‍ മാത്രം ശ്രദ്ധ ഊന്നിയിരുന്ന, ഗവ. ഉദ്യോഗസ്ഥരായ ഗൗരക്കാരായ മാതാപിതാക്കള്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ട വറുത്ത മീനിന്റെ ഒരു കഷ്ണത്തിനപ്പുറം ഒന്നുകൂടി എടുക്കാന്‍ പേടിച്ച കൗമാരക്കാരി.

വേണ്ടെന്നു വച്ച മീന്‍ കഷണം പോലെ ഉപേക്ഷിച്ച പഠിത്തത്തിനപ്പുറത്തുള്ള ഒത്തിരി ഒത്തിരി ആഗ്രഹങ്ങളാണ് കൗമാരത്തിന്റെ ഓര്‍മ്മ. അവിടെക്കാണ് വിവാഹമെത്തിയത്. ഭര്‍ത്താവ് കെ.എസ്.ഇ.ബി അസി. എന്‍ജിനിയര്‍ അശോകനൊപ്പം നടന്നത് അതിരുകളില്ലാത്ത കാഴ്ചകളുടെ ആകാശത്തിലേക്കാണ്. 'മരം കരിയിലകളെ സൂക്ഷിച്ചു വെയ്ക്കാത്തതുപോലെ, ഞാനുമെന്റെ ഭൂതകാലത്തെ സൂക്ഷിച്ചു വെയ്ക്കാറില്ലെന്ന് അപര്‍ണ്ണ പറയുന്നത് കാടു നല്‍കിയ തിരിച്ചറിവിലാണ്. 

'കാട്ടില്‍ നിങ്ങള്‍ക്ക് കാണാം, രക്ഷിതാക്കളുടെ പിന്‍ബലമില്ലാതെ ജീവിതത്തില്‍നിന്നും സ്വയം സ്വയം പഠിച്ച് പ്രാപ്തയാകുന്ന ജീവികളെ.

സംഗീതാ ബാലകൃഷ്ണനാണ് മൂവര്‍ സംഘത്തിലെ ഇളമുറക്കാരി. വിവര സാങ്കേതിക വിപ്ലവത്തിന്റെ സഹയാത്രിക. പക്ഷെ സംഗീതയുടെ നോട്ടങ്ങള്‍ നീളുന്നത് കാട്ടകങ്ങളിലേക്കാണ്. ഒരായിരം കാണാക്കാഴ്ചകളെ ഗര്‍ഭത്തില്‍ ഒളിപ്പിച്ച കാടിന്റെ അനക്കങ്ങളിലേക്ക്. ഓരോ ക്ലിക്കും ഒരോ അനുഭവമാണ്. പക്ഷികളോടാണ് പ്രണയം.  കാരണം അവ സദാ ചലിക്കുന്നു.

ഒരു ഷാര്‍പ്പ് ഷൂട്ടറിന്റെ എകാഗ്രതയാണ് കാട്ടിലെ ക്യാമറയുടെ വിജയരഹസ്യം. നല്ല ഒരു നിമിഷത്തിനു വേണ്ടി, നല്ല ഒരു ആക്ഷനു വേണ്ടി മണിക്കൂറുകള്‍ കാത്തിരിക്കുന്നത് ചുറ്റിലുമുള്ള പക്ഷികളുടെ ഭാവങ്ങളില്‍ മനസ്സുനട്ടാണ്. നവരസങ്ങള്‍ മിന്നി മറയുന്ന പക്ഷിഭാവങ്ങള്‍  ഫ്രെയിമിലൊതുക്കുക തന്നെ രസകരമാണ്.

ആരാണ് ഫോട്ടോഗ്രാഫിയിലേക്ക് നയിച്ചതെന്ന ചോദ്യത്തിന് ഉത്തരം കാട്ടറിവില്‍ ചാലിച്ച ദാര്‍ശനിക ചിന്തയായിരുന്നു. 'കാട്ടില്‍ നിങ്ങള്‍ക്ക് കാണാം, രക്ഷിതാക്കളുടെ പിന്‍ബലമില്ലാതെ ജീവിതത്തില്‍നിന്നും സ്വയം സ്വയം പഠിച്ച് പ്രാപ്തയാകുന്ന ജീവികളെ. പുഴു പൂമ്പാറ്റയാകുന്ന മനോഹരമായ കാഴ്ച അതിന് ഉദാഹരണമാണ്.  വനാന്തരങ്ങളിലെ അടിവെപ്പുകള്‍ക്ക് കൂട്ടുള്ളത് മേരി കോമിന്റെ വരികളാണന്ന് സംഗീത. 'Dont let anyone tell you are weak because you are a women'.  

ചിന്നാര്‍ വനമേഖയില്‍ രണ്ട് ആദിവാസി വിഭാഗങ്ങളാണുള്ളത്. മുതുവാന്‍, ഹില്‍ പുലയ വിഭാഗങ്ങള്‍. ഹില്‍ പുലയ വിഭാഗം നായാടി ജീവിക്കുന്നു. മുതുവാന്‍മാര്‍ കാര്‍ഷികവൃത്തിയിലൂടെ ഉപജീവനം നടത്തുന്നു.

തമിഴ്‌നാട്ടില്‍ നിന്നും കുടിയേറിയവരാണ് ഇവര്‍.  ഒന്നിച്ച് താമസിച്ച്, ഒന്നിച്ച് കൃഷി ചെയ്ത്, പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ ഒന്നിച്ച് സത്രത്തില്‍ ഉറങ്ങി, ഒരേ പാത്രത്തില്‍ നിന്ന് ഒന്നിച്ചു ഭക്ഷണം കഴിക്കുന്നു. ഇതാണ് 'കൂട്ടൂണ്' എന്ന ആചാരം. അനിശ്ചിതത്വങ്ങളുടെ കാടകങ്ങളില്‍  ഒന്നിച്ചുള്ള പെണ്‍ക്യാമറാ സഞ്ചാരങ്ങള്‍ അനുഭവിക്കുന്നതും കാഴ്ചയുടെ 'കൂട്ടുണ്' തന്നെ. 

 

click me!