കമ്മട്ടിപ്പാടം' എന്ന സിനിമയെക്കുറിച്ചല്ല  ഈ കുറിപ്പ്

By ആര്‍ദ്ര എന്‍.ജിFirst Published May 23, 2016, 2:36 AM IST
Highlights

മഴക്കാലത്തിനൊപ്പം തുടങ്ങിയിരുന്ന സ്‌കൂള്‍ക്കൊല്ലങ്ങള്‍. കാക്കനാട്ട് നിന്ന് ബസ്സിക്കേറി മുക്കാ മണിക്കൂറിലധികം ബസ്സിലിരുന്നു എറണാകുളം നഗരം മുഴുവനും കറങ്ങി ജോസ് ജങ്ഷനില്‍ ഇറങ്ങി അരക്കിലോമീറ്ററോളം വീണ്ടും 'സദനം റോഡി'ലൂടെ നടന്നു സ്‌കൂളിലേക്ക്. പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള പഴയ സര്‍ക്കാര്‍ സ്‌കൂള്‍ എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷനിലേക്ക് പോവും വഴി ചിറ്റൂര്‍ റോഡില്‍.

വീട്ടില്‍ നിന്നിറങ്ങി ഭീകര തിരക്കുള്ള ബസ്സില്‍ ഇടിച്ചു കയറുമ്പോഴേക്കും പാതി നനഞ്ഞിരിക്കും. തിക്കിലും തള്ളിലും പെട്ട് വിയര്‍ത്ത്, ഇരുട്ടിലായിരുന്നു മഴക്കാലത്തെ ബസ് യാത്ര. ഷട്ടറുകളെല്ലാം, വാതുക്കലേതൊഴിച്ച് അടച്ചിട്ടിരിക്കും. ഷട്ടറിനിടയിലൂടെയും ചിലപ്പോള്‍ ബസ്സിനു മേലെ നിന്നും വെള്ളം ചോരും.

ബസ്സിറങ്ങിയുള്ള നടത്തം ഏതാണ്ടൊരു ചവറു കൂനയ്ക്കുള്ളിലൂടെ ആയിരുന്നു എന്ന് പറയാം. ആ കുഞ്ഞുറോഡില്‍ അഞ്ചാറിടത്തെങ്കിലും ഉളുമ്പ്‌നാറ്റം അടിക്കുന്ന ചവറുകൂനകള്‍ ഉണ്ടായിരുന്നു. വല്ലപ്പോഴും സ്‌കൂളിലേക്ക് വന്നിരുന്നപ്പോഴും, റയില്‍വേ സ്റ്റേഷനിലേക്ക് പോയിരുന്നപ്പോഴും അമ്മ ആ വഴി നടക്കില്ലായിരുന്നു. അല്‍പം വളഞ്ഞു 'വെട്ടുകാട്ടില്‍ ടെക്സ്റ്റയില്‍സിന് മുന്നിലൂടെ നടന്നു ചിറ്റൂര്‍ റോഡ് മുറിച്ച് കടന്നു പോവുമായിരുന്നു അമ്മ. ഞങ്ങള്‍ പക്ഷെ എന്നും ആ എളുപ്പവഴി തന്നെ പോയി.

മഴക്കാലത്ത് വഴിയിലെ ചവറൊക്കെ മുട്ടറ്റം വെള്ളത്തില്‍ ഒഴുകി നടന്നു. മുട്ടുകഴിഞ്ഞു കിടക്കുന്ന 'ഹാപ്പിബ്ലൂ' പാവാട എട്ടാം ക്ലാസ് മുതല്‍ പൊക്കിപ്പിടിക്കാറില്ലായിരുന്നു. വെള്ള യൂണിഫോം ഷര്‍ട്ടും അതിനടിയിലെ ഷെമ്മീസും നനഞ്ഞു നെഞ്ചത്ത് ഒട്ടിക്കിടക്കുമായിരുന്നു. തൊട്ടടുത്തുള്ള ആണ്‍പിള്ളേരുടെ സ്‌കൂളിലെ കുപ്രസിദ്ധരായ 'വായ്‌നോക്കികള്‍' 'A' പടത്തിന്റെ പോസ്റ്റര്‍ പോണെടാ എന്ന് പറയാതിരുന്ന ദിവസങ്ങള്‍ ഓര്‍മയില്‍ കുറവ്. ചവറും, കാനകളിലെ അഴുക്കും, കൊതുക് കോളനികളും തുപ്പലും മൂത്രവും ഒക്കെ ആ വെള്ളത്തില്‍ ഉണ്ടല്ലോ എന്ന് ഞങ്ങള്‍ പരസ്പരം ഓര്‍മിപ്പിച്ചിരുന്നില്ല. സ്‌കൂളിനകത്തു കേറുന്നിടം വരെ വെള്ളം കെട്ടിനിന്നിരുന്നു.

നനഞ്ഞു കുതിര്‍ന്നു കേറിവന്നാല്‍ അസംബ്ലി നടക്കുന്ന സമയമത്രയും ഞങ്ങള്‍ പാവാട ആട്ടിയുണക്കും. മഴക്കാലത്ത് ഗ്രൗണ്ടില്‍ അസംബ്ലി നടത്തില്ലല്ലോ. എന്റെ മലയാളം മീഡിയം ക്ലാസിലെ അധികം പേരും സ്‌കൂളിനടുത്ത് നിന്നുള്ളവര്‍ ആയിരുന്നു. ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളില്‍ ദൂരെനിന്നുള്ള കുട്ടികളും ഉണ്ടായിരുന്നു. ജില്ലയിലെ ഏറ്റവും നല്ല സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നായിരുന്നു അത്. കാര്യക്ഷമമായ പി.ടി.എയും കഴിവും പരിചയവും ഉള്ള അധ്യാപകരും ഉണ്ടായിരുന്നു. സ്വന്തമായി സ്‌കൂള്‍ ബസ്സും പി.ടി.എ നടത്തുന്ന ഉച്ചഭക്ഷണപരിപാടിയും എസ്.എസ്.എല്‍സി. പരീക്ഷയ്ക്ക് നല്ല വിജയവും റാങ്കുകളും എന്റെ സ്‌കൂളിനുണ്ടായിരുന്നു. യുവജനോത്സവത്തില്‍ വലിയ സ്വകാര്യ എയ്ഡഡ് സ്‌കൂളുകളോടു മത്സരിച്ച് ജില്ലാസംസ്ഥാന തലങ്ങളില്‍ ഒരുപാട് സമ്മാനങ്ങള്‍ ഞങ്ങള്‍ വാങ്ങിയിട്ടുണ്ട്.

എസ്.ആര്‍.വി. സ്‌കൂളിലെ റൌഡികളുടെ വൃത്തികെട്ട കമന്റ്‌റുകളെ, ഇടക്കിടക്കുണ്ടാവുന്ന തുണിപൊക്കിക്കേസുകളെ, കണ്ടക്ടര്‍മാരുടെ വകയായി കിട്ടിയ ആദ്യ'പീഡനങ്ങളെ', രണ്ടര രൂപ കൂട്ടിവെച്ചാല്‍ ആഴ്ചയില്‍ ഒരിക്കല്‍ കുടിക്കാന്‍ പറ്റുമായിരുന്ന സര്‍ബത്തുകളെ, 'അലി സ്‌റ്റോഴ്‌സി'ലെ ഫാന്‍സി ആഭരണങ്ങളുടെ കമനീയ ശേഖരത്തെ, പഞ്ചസാരപ്പഴക്കൊതികളെ, മൂത്രപ്പുര മണക്കുന്ന ഇന്റര്‍വെല്ലുകളെ, ഒക്കെ ഞാന്‍ ഓര്‍ത്തിരിക്കുന്നത് ഈ കൂട്ടുകാരികളുടെ കൈപിടിച്ച മുറുക്കമായാണ്.

എങ്കിലും, എന്റെ ക്ലാസിലെയും മറ്റു മലയാളം മീഡിയം ഡിവിഷനുകളിലെയും ഭൂരിഭാഗം കുട്ടികളും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണെന്നു അവിടെ പഠിക്കാന്‍ തുടങ്ങിയ കുഞ്ഞുപ്രായം തൊട്ടേ ആരോടും ചോദിക്കാതെ തന്നെ എനിക്കറിയാമായിരുന്നു. ബസ് കാശില്‍ കൂടുതല്‍ പൈസ കയ്യില്‍ വയ്ക്കുന്നത് നാണക്കേടായിരുന്നു. ഒന്നോ രണ്ടോ രൂപ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും സിപ്പപ്പ് വാങ്ങി എല്ലാവരും കൂടി പങ്കുവെച്ചു തിന്നുമായിരുന്നു. പങ്കുവെച്ചെന്നു പറഞ്ഞാല്‍ ഒരാള്‍ ചപ്പിക്കുടിച്ചിട്ട് മറ്റെയാള്‍ക്ക് കൊടുക്കും. ദൂരെയുള്ള സ്‌കൂളില്‍ തനിയെ പോയി പഠിക്കുന്ന എന്റെ ബാഗിന്റെ ഉള്ളിലെ കള്ളിയില്‍ അമ്മ എമെര്‍ജെന്‍സി ഫണ്ടായി ഒരു നൂറു രൂപാ നോട്ടു തിരുകി വെച്ചിരുന്നു. അത് അബദ്ധത്തില്‍ പോലും ആരുടേയും കണ്ണില്‍ പെടാതിരിക്കാന്‍ ഞാന്‍ സൂക്ഷിച്ചിരുന്നു.

യു. പി. യില്‍ പഠിക്കുമ്പോ സ്‌കൂള്‍തല യുവജനോത്സവത്തില്‍ അവതരിപ്പിക്കാന്‍ എല്ലാക്കൊല്ലവും ഞങ്ങള്‍ നാടകം തയ്യാറാക്കിയിരുന്നു. 'അലുവക്കള്ളന്‍', 'അപ്പുണ്ണിനായരുടെ അറുപതാം ജന്മദിനം' എന്നീ രണ്ടു പേരുകള്‍ ഓര്‍മയിലുണ്ട്. എല്ലാം തന്നെ അക്കാലത്തിറങ്ങിയ കോമഡി സിനിമകളെ അനുകരിച്ച് ഉണ്ടാക്കിയതും മൊത്തത്തില്‍ സ്ത്രീ വിരുദ്ധവും, ജാതീയവും ആയിരുന്നു എന്ന് ഇപ്പോള്‍ മനസ്സിലാവുന്നു.

മിക്കവരുടെയും വീടുകള്‍ സ്‌കൂളിനു തൊട്ടടുത്ത് തന്നെയായിരുന്നു. വീട് എവിടെയെന്ന ചോദ്യത്തിനു അലക്ഷ്യമായി സ്റ്റേഷന്റെയോ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിന്റെയോ ദിശയിലേക്ക് അവരില്‍ പലരും കൈചൂണ്ടിയിരുന്നപ്പോള്‍ കൂട്ടുകാരികളുടെ വീട്ടില്‍ പോണം എന്ന ആഗ്രഹം പ്രകടിപ്പിക്കാന്‍ എനിക്ക് തോന്നിയില്ല. വളരെ ദൂരെയുള്ള എന്റെ വീട്ടിലേക്ക് വരാന്‍ അവര്‍ക്കൊന്നും അനുവാദം കിട്ടുമായിരുന്നില്ല. നാടകം പ്രാക്ടീസ് ചെയ്യാന്‍ അവരാരുടെയെങ്കിലും വീട്ടില്‍ പോയിക്കൂടെ എന്ന എന്റെ സംശയവും ഞാന്‍ എന്തുകൊണ്ടോ ഉറക്കെ ചോദിച്ചിരുന്നില്ല.

കമ്മട്ടിപാടം ഞാന്‍ കേള്‍ക്കാത്ത ഇടമല്ല. സ്‌കൂളിനു ചുറ്റുവട്ടത്തുള്ള ഒരുപാട് ഊടുവഴികളും കോളനികളും ഞാന്‍ കൂട്ടുകാരോടൊത്ത് നടന്നു കണ്ടിട്ടുണ്ട്. ജില്ലയില്‍ പലയിടത്തും നടക്കുന്ന മത്സരങ്ങള്‍ക്ക് വേണ്ടി സ്‌കൂളില്‍ നിന്നിറങ്ങിയാല്‍ പിന്നെ അന്ന് തിരിച്ച് സ്‌കൂളില്‍ കേറല്‍ പതിവില്ല. എസ്.ആര്‍.വി. സ്‌കൂളിലെ റൌഡികളുടെ വൃത്തികെട്ട കമന്റ്‌റുകളെ, ഇടക്കിടക്കുണ്ടാവുന്ന തുണിപൊക്കിക്കേസുകളെ, കണ്ടക്ടര്‍മാരുടെ വകയായി കിട്ടിയ ആദ്യ'പീഡനങ്ങളെ', രണ്ടര രൂപ കൂട്ടിവെച്ചാല്‍ ആഴ്ചയില്‍ ഒരിക്കല്‍ കുടിക്കാന്‍ പറ്റുമായിരുന്ന സര്‍ബത്തുകളെ, 'അലി സ്‌റ്റോഴ്‌സി'ലെ ഫാന്‍സി ആഭരണങ്ങളുടെ കമനീയ ശേഖരത്തെ, പഞ്ചസാരപ്പഴക്കൊതികളെ, മൂത്രപ്പുര മണക്കുന്ന ഇന്റര്‍വെല്ലുകളെ, ഒക്കെ ഞാന്‍ ഓര്‍ത്തിരിക്കുന്നത് ഈ കൂട്ടുകാരികളുടെ കൈപിടിച്ച മുറുക്കമായാണ്.

രാജീവ് രവി സംവിധാനം ചെയ്ത 'കമ്മട്ടിപ്പാടം' എനിക്ക് തന്നത് സന്തോഷവും വേദനയും കയ്പ്പും നഷ്ടവും ഒക്കെകലര്‍ന്നു നെഞ്ചിലെ പിരിക്കാത്ത കത്തിക്കുത്തുപോലെ കിടക്കുന്ന കുറെ ഓര്‍മകള്‍ മാത്രമല്ല.

അവരുടെ പാവാട പോലെ എന്റേത്‌ നനയ്ക്കാത്തതില്‍ എനിക്ക് ദേഷ്യം തോന്നിയിരുന്നു. അവര്‍ക്ക് ലംസം ഗ്രാന്റു കിട്ടുമ്പോള്‍ ഓരോരുത്തര്‍ക്കും ഓരോ സിപ്പപ്പ് വീതം വാങ്ങിത്തന്നിരുന്നു. പൊള്ളിയും കരുവാളിച്ചും മുറിഞ്ഞും തഴമ്പിച്ചും അവരുടെ ശരീരങ്ങള്‍ക്ക് എന്റേതിനേക്കാള്‍ വേഗം പ്രായം കൂടിയിരുന്നു.

രണ്ടോ മൂന്നോ ദിവസത്തേക്ക് ബോള്‍ഗാട്ടിയിലേക്ക് ആരുടെയോ കൂടെ 'ഓടിപ്പോയ' ഒരു കുട്ടി എന്റെ ക്ലാസ്സില്‍ ഉണ്ടായിരുന്നു. വീട്ടിലേക്ക് പോകുന്നു എന്നതിന് കോളനിയിലേക്ക് പോകുന്നു എന്നവര്‍ പറഞ്ഞിരുന്നത് അന്നൊന്നും മനസ്സില്‍ തങ്ങിയിട്ടില്ല. തൊട്ടടുത്ത് താമസിക്കുന്ന അമ്മാവന്റെ മകന്‍ പിന്നാലെ നടന്നു ശല്യപ്പെടുത്തിയിരുന്നു ഒരുത്തിയെ. അക്ഷരത്തെറ്റുകള്‍ നിറഞ്ഞ പ്രേമലേഖനം ദിവസവും കിട്ടിയിരുന്നു ഒരാള്‍ക്ക്. മിക്കവരുടെയും അമ്മയും അച്ഛനും കൂലിപ്പണിയാണ് ചെയ്തിരുന്നത്. ചിലരുടെ അമ്മമാരും ചേച്ചിമാരും നേവല്‍ ബേസിലെ വീടുകളിലെ പണിക്കാരായിരുന്നു. ഷര്‍ട്ടിനു പിന്നില്‍ കത്തിയും പോക്കറ്റില്‍ നിറയെ പൈസയും ഉള്ള അണ്ണന്‍ അനിയത്തിയെ കാണാന്‍ കാത്തുനില്‍ക്കുമ്പോ ബാക്കിയുള്ളവര്‍ ദൂരെ നിന്ന് പേടിയോടെ നോക്കിയിരുന്നു. ഷീജയുടെ അമ്മ ശരിയല്ലെന്നും അവള്‍ക്ക് അച്ചനില്ലെന്നും ടീച്ചര്‍മാര്‍ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞിരുന്നു. വെള്ളിയാഴ്ചകളില്‍ അവസാന പിരീഡ് എല്‍.എ നടത്താന്‍ വീട്ടിലെ കുട്ടിവിളക്കും മേശവിരിപ്പും ചന്ദനത്തിരിയും ഞാന്‍ കൊണ്ടുവരുമായിരുന്നു. മഴക്കാലത്ത് അവരുടെ വീടുകളില്‍ വെള്ളംകെട്ടി അവരുടെ ശരീരങ്ങളും നനഞ്ഞുപോവാത്ത പുസ്തകങ്ങളും ഓടമണത്തിരുന്നു..

രാജീവ് രവി സംവിധാനം ചെയ്ത 'കമ്മട്ടിപ്പാടം' എനിക്ക് തന്നത് സന്തോഷവും വേദനയും കയ്പ്പും നഷ്ടവും ഒക്കെകലര്‍ന്നു നെഞ്ചിലെ പിരിക്കാത്ത കത്തിക്കുത്തുപോലെ കിടക്കുന്ന കുറെ ഓര്‍മകള്‍ മാത്രമല്ല. എന്റെ കൂട്ടുകാരികള്‍ അവരുടെ അപ്പൂപ്പന്മാരെ പറ്റിപറയുമ്പോള്‍ കൃഷിയെക്കുറിച്ച് പറഞ്ഞതായി ഓര്‍ക്കുന്നില്ല. സ്വന്തമായി മണ്ണും, വൈദഗ്ദ്ധ്യം വേണ്ട ഒരു തൊഴിലും അവര്‍ക്കുണ്ടായിരുന്നതായി എന്റെ പെണ്‍കുട്ടികള്‍ അറിഞ്ഞിരുന്നു എന്നെനിക്ക് തോന്നുന്നില്ല. അവര്‍ ജനിച്ചപ്പോഴേക്കും അവരുടെ വീടുകള്‍ക്ക് ചുറ്റും ഉണ്ടായിരുന്ന പാടങ്ങള്‍ പോയിരുന്നു. ആരൊക്കെയോ അളന്നു മുറിച്ചു ഭൂമി നികത്തിയിരുന്നു. നഗരം തങ്ങള്‍ക്കു ചുറ്റും വളര്‍ന്നു വളര്‍ന്നു അവരുടെ കൂരകളെ ശ്വാസം മുട്ടിക്കുന്നത് അവര്‍ക്ക് ശീലമായിരുന്നിരിക്കണം.

ഞാന്‍ കൊണ്ടുപോയിരുന്ന ഉച്ചഭക്ഷണം അവരാരും കഴിച്ചിരുന്നില്ല. മോരൊഴിച്ചു കുഴച്ച ചോറും പച്ചക്കറി ഉപ്പേരികളും അവര്‍ക്ക് ഇഷ്ടമായിരുന്നിരിക്കില്ല. അവരുടെ പാത്രങ്ങളിലെ ചാളവറുത്തതും അയലക്കറിയും ഞാന്‍ ഇഷ്ടംപോലെ എടുത്തിരുന്നു.

കമ്മട്ടിപ്പാടത്തെ ആണ്‍പിള്ളേരും എന്റെ സ്‌കൂള്‍ ജീവിതത്തിന്റെ ഭാഗമായിരുന്നു. പല കൂട്ടുകാരികളുടെയും ആങ്ങളമാരും കാമുകന്മാരും കറുത്ത് ഉറച്ച ശരീരമുള്ള, നല്ല ചങ്കൂറ്റമുള്ള, മുന്‍കോപികളായിരുന്നു. പേടിയോടെയും അല്‍പമൊരു ആദരവോടെയും ഞാന്‍ പോലും അന്ന് തിരിച്ചറിഞ്ഞിട്ടില്ലാത്ത പ്രേമത്തോടെയും അവരെ ഞാന്‍ മനസ്സില്‍ കുറിച്ചിട്ടിരുന്നു. ഇന്നും പേരും മുഖവും ശബ്ദവും അടക്കം പലരും എന്റെ ഉള്ളിലുണ്ട്. പില്‍ക്കാലത്ത് എന്റെ കൂട്ടുകാരായ പല പെണ്‍കുട്ടികള്‍ക്കും അറിയാത്ത 'കൂടിയ' തെറികളൊക്കെ എനിക്ക് അര്‍ത്ഥമടക്കം അറിയാമായിരുന്നു. ഒരിക്കലും അവയൊന്നും നാവില്‍ വരാതിരിക്കാന്‍ നല്ലോണം കഷ്ടപ്പെട്ടിരുന്നു.

അവരുടെ ജീവിതത്തിലേക്ക് അവരെന്നെ കൂട്ടിയിരുന്നോ എന്നെ സ്‌നേഹിച്ചിരുന്നോ എന്നൊക്കെ ഈ സിനിമ എന്നെ പേടിപ്പിക്കുന്നു. ഉണ്ടെങ്കില്‍ത്തന്നെ ചരിത്രത്തെക്കുറിച്ച് അവര്‍ക്ക് (എനിക്കും) അറിയാത്തത് കൊണ്ട് മാത്രം കിട്ടിയിരുന്ന സ്‌നേഹമായിരുന്നോ അത്.

ഇതൊന്നും ആ സിനിമയെക്കുറിച്ചല്ല പറഞ്ഞത്. ഇതൊന്നുമല്ല ആ സിനിമയെക്കുറിച്ച് പറയേണ്ടത്. കേരളം എന്ന സങ്കീര്‍ണമായ ആവാസവ്യവസ്ഥയുടെ ഏറ്റവും സങ്കീര്‍ണമായ ഒരു സിരാപടലത്തിന്റെ രാഷ്ട്രീയസാമ്പത്തിക, സാമൂഹ്യമനശാസ്ത്രപരമായ ചരിത്രം ഈ സിനിമ മലയാളി മുന്‍പ് കണ്ടിട്ടില്ലാത്ത വിധം അവതരിപ്പിക്കുന്നുണ്ട്.

മുതലാളിമാരുടെ ആവശ്യത്തിനു ജാതിബോധം (പഴയ സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമകളില്‍ വര്‍ഗബോധമായിരുന്നല്ലോ) മറന്നു നഗരത്തിലെ അടിസ്ഥാന വര്‍ഗത്തെ അരുകുകളിലെക്കും ചേരികളിലെക്കും തെരുവുകളിലേക്കും മാറ്റാന്‍വേണ്ടി,കൃഷി ചെയ്യാന്‍ മണ്ണില്ലാണ്ട് വളര്‍ന്ന ഒരു അര്‍ബന്‍ ദളിത് തലമുറ തന്നെ ഗുണ്ടകളായി. നഗര മൂലധനത്തിന്റെ പരസ്യവും രഹസ്യവുമായ വിടുപണികള്‍ക്കും ജീവന്‍ പണയം വെച്ചുള്ള അധോലോക പണികള്‍ക്കും വേണ്ടി അവരെത്തന്നെ വീതം വെച്ചു. ഈ തലമുറയുടെ വാക്കുകള്‍ കേട്ട് ചങ്കുപൊട്ടി മരിച്ച കര്‍ഷകത്തൊഴിലാളി അച്ചാച്ചന്‍ ഒരു കമ്മ്യുണിസ്റ്റ് പാര്ട്ടി sponsored വെല്‍ഫെയര്‍ സ്വപ്നത്തിന്റെ അഴുകിനാറിയ ഓടയില്‍ ഒഴുകിപ്പോയി. (ഇപ്പറഞ്ഞ വാചകത്തിന്റെ! വിശദീകരണം അല്പം അക്കാദമികമായി തന്നെ എഴുതണ്ട സമയമാണിതെന്നു ജിഷയുടെ കൊലപാതകം താക്കീത് തന്ന സമയത്താണീ പടം കണ്ടത് എന്നത് ആകസ്മികമാവില്ല.)

ഇതൊന്നും ആ സിനിമയെക്കുറിച്ചല്ല പറഞ്ഞത്. ഇതൊന്നുമല്ല ആ സിനിമയെക്കുറിച്ച് പറയേണ്ടത്. കേരളം എന്ന സങ്കീര്‍ണമായ ആവാസവ്യവസ്ഥയുടെ ഏറ്റവും സങ്കീര്‍ണമായ ഒരു സിരാപടലത്തിന്റെ രാഷ്ട്രീയസാമ്പത്തിക, സാമൂഹ്യമനശാസ്ത്രപരമായ ചരിത്രം ഈ സിനിമ മലയാളി മുന്‍പ് കണ്ടിട്ടില്ലാത്ത വിധം അവതരിപ്പിക്കുന്നുണ്ട്. ഇതിനെല്ലാം അപ്പുറം, ഇങ്ങനെ വാക്കുകളില്‍ പറഞ്ഞു വയ്ക്കാന്‍ വയ്യാത്ത ഒരുപാട് കനക്കലുകളും ഇടര്‍ച്ചകളും specific ആയ വേദനകളും (ആഗോളമാനുഷിക വ്യഥകള്‍ അല്ലെന്നു) സൗന്ദര്യവൈരൂപ്യങ്ങളും കൂടി മുന്നിലേക്ക് വയ്ക്കുന്നത് കൊണ്ടാണ് ഇത് ഏറ്റവും മികച്ച മലയാളം ചലച്ചിത്രങ്ങളില്‍ ഒന്നാവുന്നത്. ഓരോരോ ആളുകളെയും സാങ്കേതിക മികവുകളെയും ഒന്നും എടുത്തുപറയുന്നില്ല. സിനിമയെപ്പറ്റി ഗൌരവമായ നിരവധി നിരൂപണങ്ങള്‍ ഉടനെ ഉണ്ടാവും എന്നത് തീര്‍ച്ചയാണല്ലോ.

സംവിധായകന് നിറഞ്ഞ സ്‌നേഹം. ഇതിന്റെ ഭാഗമായ മറ്റെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

click me!