ഓരോ ആക്രമണ വാര്‍ത്തകളിലും  ഓരോ മതിലുകള്‍ ഉയരുന്നു

By Web TeamFirst Published Sep 16, 2017, 7:31 PM IST
Highlights

ആയിരത്തിത്തൊളളായിരത്തി നാല്‍പ്പത്തിയേഴ് ഓഗസ്റ്റിലെ അര്‍ദ്ധരാത്രി സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഇംഗ്ലീഷ് ഭാഗത്ത് ക്രെഡിറ്റ് പോയത് ക്ലമന്റ് ആറ്റ്‌ലിക്കും മൗണ്ട്ബാറ്റന്‍ പ്രഭുവിനുമാണ്. സ്വാതന്ത്ര്യത്തിനു സമ്മതിക്കാതിരുന്ന ചര്‍ച്ചില്‍ വില്ലനുമായി. പക്ഷെ ഒരിക്കലും വെളളിവെളിച്ചത്തിലെത്താതിരുന്ന ചാലകശക്തിയുണ്ട്. ഇംഗ്ലീഷ് സാധാരണക്കാരന്‍. അവന്റെ നീതിബോധവും ധാര്‍മ്മികതയും.

അതിലാണ് മാഗ്‌നാകാര്‍ട്ട മുതല്‍ കോളണികളുടെ സ്വാതന്ത്ര്യം വരെയെല്ലാമുദിച്ചത്. ജനക്ഷേമവും സ്‌റ്റേറ്റ് സപ്പോര്‍ട്ടുമുണ്ടായത്. രാഷ്ട്രീയ അഭയങ്ങളും ചാരിറ്റികളുമുണ്ടായത്. അല്ലാതെ കച്ചവടത്തോടും ലാഭത്തോടും എന്നും ചേര്‍ന്നു നിന്ന രാഷ്ട്രതന്ത്രത്തിലോ നയതന്ത്രത്തിലോ അല്ല. ചൈനയിലോ ഉത്തര കൊറിയയിലോ നിരാഹാരമിരിക്കുന്നവന്റെ ഗതി പല കോളനികളിലെ സ്വാതന്ത്ര്യ സമരത്തിനു വരാതിരുന്നതും അതു കൊണ്ടു മാത്രമാണ്. രാജ്യം എന്ന സ്വത്വം പലപ്പോഴും പൊതുജനം എന്ന സ്വത്വത്തില്‍ നിന്ന് വ്യതിരിക്തമായിരിക്കും.  

ലണ്ടന്‍ ഒരു ബഹുസ്വര നഗരമാണ്. പല ദേശങ്ങളും ദേശീയതകളും ഭാഷകളും നിറങ്ങളുമെല്ലാം ഇടകലര്‍ന്ന നഗരം. ഇന്നുമിന്നലെയുമല്ല. വ്യവസായ വിപ്ലവത്തിനും ഒരുപാടു ദശകങ്ങള്‍ക്കു മുമ്പും അതങ്ങനെയായിരുന്നു. ഡ്രൂയിഡ് പഴമയ്ക്കും റോമന്‍ അധിനിവേശത്തിനുമെല്ലാം ശേഷം ചരിത്രമൊഴുകിയ വഴികളിലെല്ലാം ആ ബഹുസ്വരതയുണ്ടായിരുന്നു. ആ ബഹുസ്വരതയുണ്ടായിരുന്നതു കൊണ്ടാണ് പൊതുജനം ബഹുസ്വരതകളെയും വ്യക്തികളെയും ബഹുമാനിച്ചതുകൊണ്ടാണ് മാര്‍ക്‌സിനു മുതലാളിത്ത ലണ്ടനിലിരുന്നു വിപ്ലവമെഴുതാനും കൂണു തിന്നാനും ബിയറടിച്ചു കിണ്ടിയായി വിളക്കുമാടങ്ങളെറിഞ്ഞു പൊട്ടിക്കാനും കഴിഞ്ഞത്. സാധാരണക്കാരന്‍ എന്ന പൂജകബഹുവചനത്തിന്റെ ധാര്‍മ്മികതകളും ആതിഥ്യമര്യാദകളും കൊണ്ട്.

അതുകൊണ്ടാണ് ഹൈ സ്ട്രീറ്റുകളില്‍ ഇന്ത്യന്‍ കറികളും മെക്‌സിക്കന്‍ രുചികളും ലെബനീസ് ജോയിന്റുകളുമെല്ലാമുളളത്. ചൈനീസ് വിഭവങ്ങള്‍ ദേശീയ ഭക്ഷണമാവുന്നത്. ഷാമിയാന മുതല്‍ പല ദേശത്തു നിന്നുമുള്ള വസ്ത്രങ്ങള്‍ ശരാശരി ഇംഗ്ലീഷ് ജീവിതത്തിന്റെ ഭാഗമാവുന്നത്. ശരാശരി ലണ്ടന്‍കാരന്റെ- കോക്‌നിയുടെ- ജീവിതം എന്നും എപ്പോഴും പരസ്പരാശ്രിതത്വത്തിന്റെ കൊടുക്കല്‍ വാങ്ങലുകള്‍ നിറഞ്ഞതായിരുന്നു. അപമര്യാദകള്‍ നിറഭേദമേതുമില്ലാതെ കോക്‌നിയെ അരിശം പിടിപ്പിച്ചു. കണ്‍മുന്നിലെ അനീതിയെ അവന്‍ ചോദ്യം ചെയ്തു. തെരുവോരത്തു കാര്‍ഡ്‌ബോര്‍ഡിലുറങ്ങുവനും അന്തസ്സിന്റെ കൊടിതോരണങ്ങളുണ്ട്. മര്യാദകള്‍ അവന്റെ അവകാശമാണ്. 

മാനവശേഷിയുടെ വിഭവപരിമിതിയെന്ന കടുത്ത യാഥാര്‍ത്ഥ്യം പോലും അത്തരം ധാര്‍മ്മികതകള്‍ ആവശ്യപ്പെടുന്നില്ല. അതുകൊണ്ടു തന്നെ സാധാരണക്കാരന്റെ ബാധ്യത അവനവനോടാണ്. വിവേചനങ്ങളില്ലാത്തവനായിരിക്കുക, ന്യായമുളളവനായിരിക്കുക, നീതിബോധമുളളവനായിരിക്കുക, സഹജാവബോധമുളളവനായിരിക്കുക, കരുണയുളളവനായിരിക്കുക ഇതൊക്കെ അവന്‍ സ്വയം അനുശീലിക്കുന്നതാണ്. അതല്ലാതാവുന്നത് വലിയ അപമാനവും നിന്ദയുമാണ്. ഇകഴ്ത്തലാണ്. മാന്യന്‍ എന്ന സങ്കല്‍പം അന്തസ് എന്ന അഭിമാനം  പ്രാണനേക്കാള്‍ കനത്തതാണ്. 

ബഹുസ്വരത എന്ന വലിയ സങ്കല്‍പത്തിലാണ് ഭയത്തിന്റെ വിളളലുകള്‍ വീഴുന്നത്.

ബഹുസ്വരത എന്ന വലിയ സങ്കല്‍പത്തിലാണ് ഭയത്തിന്റെ വിളളലുകള്‍ വീഴുന്നത്. ചര്‍മ്മഛായകള്‍ ആദ്യമായി സംശയഛവി കലര്‍ന്നതാകുന്നത്. ഓരോ ആക്രമണ വാര്‍ത്തകളിലും സംഭവിക്കുന്നത് അതു മാത്രമാണ്. സാധാരണക്കാരുടെ ബഹുസ്വരതയുടെ ഊടിലും പാവിലും കരടുകള്‍ കലങ്ങുന്നത്. നാട്ടിന്‍പുറങ്ങളിലെ നടവഴികളിലൂടെ ഒറ്റ നടക്കുമ്പോള്‍ എതിരെ വരുന്നവരില്‍ അഭിവാദ്യം ചെയ്യുന്നവര്‍, കാലാവസ്ഥയെക്കുറിച്ചും മഴയെക്കുറിച്ചും ഒന്നോ രണ്ടോ വാക്ക് കുശലം പറയുന്നവര്‍ അല്പം തമാശ കലര്‍ത്തുന്നവരുടെ എണ്ണം  കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷത്തിനുളളില്‍ വല്ലാതെ ശുഷ്‌കിച്ചിരിക്കുന്നു. ഏതു നാട്ടിന്‍പുറങ്ങളിലെയും പബ്ബകങ്ങളിലെ ഊഷ്മളത പതിയെ നിശബ്ദതകളിലേക്കു വഴിമാറുന്നു. ഏതോ തലമുറയിലെ ഈസ്റ്റിന്ത്യാകമ്പനി ബന്ധത്തെക്കുറിച്ചുളള ഓര്‍മ്മകളുടെ പറച്ചില്‍ കേള്‍ക്കാതാവാന്‍ തുടങ്ങിയിരിക്കുന്നു.

ഈ തവിട്ടു ചര്‍മ്മം ഇവിടെ ഒരു ബാധ്യതയായിക്കൊണ്ടിരിക്കുന്നു. അതിവേഗം സംശയം ഊഷ്മളതകളെ വിഴുങ്ങുന്നു.  

ഓരോ ആക്രമണത്തിലും കേള്‍ക്കുന്നത് സ്‌ഫോടനങ്ങളുടെ മാത്രം ശബ്ദമല്ല

ഔപചാരികതയിലും നിങ്ങളെന്താണ്, ഏതാണെന്നതെല്ലാം പതിയെ തിരക്കിയറിയുന്നു. മൂന്നാമത്തെയോ നാലാമത്തെയോ വാചകത്തില്‍ അപരിചിതത്വം വിഷാദഛവിയില്‍ നിഴലിക്കുന്നു. ഓരോ ആക്രമണ വാര്‍ത്തകളിലും ഓരോ മതിലുകള്‍ ഉയരുന്നു. മുഖത്തോടു മുഖം നോക്കി നില്‍ക്കുന്ന രണ്ടു മനുഷ്യര്‍ തമ്മിലുള്ള ദൂരം നോക്കി നില്‍ക്കെ കൂടുന്നു. 

ഓരോ ആക്രമണത്തിലും കേള്‍ക്കുന്നത് സ്‌ഫോടനങ്ങളുടെ മാത്രം ശബ്ദമല്ല. മുറിവുകളില്‍ നിന്നും  പരസ്പരവിശ്വാസങ്ങളില്‍ നിന്നും ചോര വാര്‍ന്നൊലിക്കുന്നതാണ്. പ്രകമ്പനം കൊള്ളുന്നത് വാതിലുകളോരോന്നായി അടയുന്ന ശബ്ദമാണ്. ഉയരുന്നത് സംശയത്തിന്റെ ഭയത്തിന്റെ കോട്ടമതിലുകളാണ്. ലോകം കൂടുതല്‍ കൂടുതല്‍ ചെറുതാകുന്നു. ഇടുങ്ങിയതാകുന്നു. അടഞ്ഞതാകുന്നു. നിത്യവൃത്തിക്കു കഷ്ടപ്പെടുന്ന പാവങ്ങള്‍ മാത്രം എന്നും ഇരകളാവുന്നു. 
 

click me!