രാഹുല്‍ ഗാന്ധിയും കെ മുരളീധരനും തമ്മിലെന്ത്?

By Web TeamFirst Published Oct 13, 2017, 3:05 PM IST
Highlights

ത്രീപീസ് സ്യൂട്ടിട്ട ബാരിസ്റ്റര്‍ മഹാത്മാ ഗാന്ധി ഒറ്റ മുണ്ടിലേക്കു മാറുന്നതിനു മുന്‍പ് നേരിട്ട അതേ പ്രതിസന്ധിയാണ് ഏറിയും കുറഞ്ഞും മുരളീധരന്‍ അനുഭവിച്ചത്, അല്ലെങ്കില്‍ രാഹുല്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

മഹാത്മാ ഗാന്ധി നേരിട്ട ഒരു പ്രതിസന്ധിയുണ്ട്. വിദേശ വസ്ത്രം ബഹിഷ്‌കരിക്കുന്നതിനു തൊട്ടു മുന്‍പ് വരെ. മുന്‍ഗണനകളിലും ലഭ്യതകളിലും വിദേശ വസ്ത്രങ്ങള്‍ പോയിട്ടു പലപ്പോഴും കഷ്ടിച്ചൊരു കോണാനപ്പുറമൊന്നുമില്ലാത്ത ഏഴകളുമായി താദാത്മ്യം പ്രാപിക്കുന്നതിനു ഗാന്ധിക്കുളള തടസ്സമായിരുന്നു വിദേശ വസ്ത്രം. ഇംഗ്ലീഷുകാരന്‍ സ്ഥാപിച്ച കോണ്‍ഗ്രസ് ജനകീയമാകുന്നത് ആ വസ്ത്രനിഷേധത്തിലാണ്. ഒറ്റമുണ്ടും പുതപ്പും ഏതു സാധാരണക്കാരനും അപരിചിതത്വമുണ്ടാക്കാത്ത കാഴ്ചയാണ്. ഫലം ഗാന്ധി കോണ്‍ഗ്രസിന്റെ എന്നത്തേയും എല്ലാക്കാലത്തേയും ജനപ്രിയ മുഖമായി. ക്രൗഡ് പുളളറായി.

നൂറ്റാണ്ട് ഒന്നു കഴിയുമ്പോള്‍ ഗാന്ധി എന്ന പേര് വാര്‍ത്തകളില്‍ നിറയുന്നത് മറ്റൊരു ഗാന്ധിയിലാണ്. രാഹുല്‍ ഗാന്ധിയില്‍. ഇവിടെ ഒരു യാദൃശ്ചിക സമാനതയുണ്ട്. കെ.മുരളീധരനുമായി. ആന്റണിയോ കരുണാകരനോ ആരോ പെടുക്കാന്‍ പോയപ്പോള്‍ കിട്ടിയ ആദ്യ ടിക്കറ്റുമായി കോഴിക്കോട് കന്നി തിരഞ്ഞെടുപ്പില്‍ പ്രസംഗിച്ച ഒരു മുരളീധരനുണ്ട്. മിമിക്രിക്കാരുടെ ആക്ഷേപഹാസ്യത്തിന്റെ പൊന്നോമന പുത്രന്‍. രാഹുല്‍ നേരിടുന്നതിനേക്കാള്‍ കടുത്ത പരിഹാസങ്ങള്‍ നേരിട്ട അവസ്ഥ. കാരണം ലളിതം. കരുണാകരപുത്രനെന്നതിനപ്പുറം പൊതുജനവുമായും അണികളുമായും കേഡറുമായും താദാത്മ്യം ചെയ്യുന്ന ഒന്നുമില്ല. പരിഹസിച്ചവരെ അമ്പരിപ്പിച്ചതാണ് കരുണാകരപുത്രന്റെ ശിഷ്ട രാഷ്ട്രീയം. കേരളത്തിലെ കോണ്‍ഗ്രസ് കണ്ട ഏറ്റവും മികച്ച പാര്‍ട്ടി സംഘാടകനും കെപിസിസി പ്രസിഡന്റുമാണ് മുരളീധരന്‍. അച്ഛനോടുളള സ്‌നേഹത്തില്‍ ആ ഡിക്കില്‍ തൂങ്ങിയില്ലായിരുന്നെങ്കില്‍ കേരളത്തിന്റെയും മുരളിയുടെയും രാഷ്ട്രീയ ചരിത്രം വേറൊന്നാകുമായിരുന്നു.

രാഹുലിനും മുരളീധരനും തമ്മിലെന്ത്? ത്രീപീസ് സ്യൂട്ടിട്ട ബാരിസ്റ്റര്‍ മഹാത്മാ ഗാന്ധി ഒറ്റ മുണ്ടിലേക്കു മാറുന്നതിനു മുന്‍പ് നേരിട്ട അതേ പ്രതിസന്ധിയാണ് ഏറിയും കുറഞ്ഞും മുരളീധരന്‍ അനുഭവിച്ചത്, അല്ലെങ്കില്‍ രാഹുല്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പൊതുജനസാമാന്യവുമായുളള താദാത്മ്യ പ്രശ്‌നങ്ങള്‍. പഴയ നൂറ്റാണ്ടിലെ ഭാരതത്തില്‍ ജനിച്ചു വളര്‍ന്ന ഗാന്ധിക്ക് ആ താദാത്മ്യപ്പെടല്‍ അനായാസമായിരുന്നു. പുതിയ ശീലങ്ങളുപേക്ഷിക്കുന്നത്ര ലളിതം. മുരളീധരന്‍ എവിടെയാണ് പഠിച്ചതെന്നറിയില്ല. പക്ഷെ ഏറ്റവും ശക്തനായിരുന്ന ഭരണാധികാരിയുടെ പുത്രനായിട്ടായിരുന്നു വളര്‍ന്നത്. അതുകൊണ്ടു തന്നെ തുടക്കത്തില്‍ ജനവും അണികളും അവരുടെ മാനസികാവസ്ഥകളുമൊക്കെയായി താദാത്മ്യം ചെയ്യാന്‍ കഷ്ടപ്പെട്ടു. പരിഹാസ്യനായി.

രാഹുല്‍ ഗാന്ധി ഒരു കോണ്‍ഗ്രസ്സുകാരനാവാന്‍ ഇത്രയും വര്‍ഷമെടുത്തു. ലേണിങ്ങിനേക്കാള്‍ കഠിനമാണ് പലപ്പോഴും അണ്‍ലേണിങ്ങ്.

ഉഴവൂര്‍ വിജയനും പീതാംബരക്കുറുപ്പും മുതല്‍ താത്വികാചാര്യന്‍മാരു വരെയുളള സങ്കീര്‍ണ്ണ ജൈവരൂപമാണ് കേരളത്തിലെ രാഷ്ട്രീയം. തെരുവു പ്രസംഗം മുതല്‍ സൈദ്ധാന്തിക തിരുമേനി വരെ. അവിടെ ഓക്‌സ്ഫര്‍ഡ് അക്‌സന്റും റിഫൈന്‍ഡ് മാനറിസങ്ങളും ചിലവാകില്ല. സാമാന്യേനെ. അപവാദങ്ങളുണ്ട്. പാര്‍ട്ടികള്‍ കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുന്ന മണ്ഡലങ്ങള്‍ മുതല്‍ കെ.ആര്‍.നാരായണനും ശശി തരൂരും വരെ. പക്ഷെ അപവാദങ്ങള്‍ സാമാന്യവത്കരിക്കാനെളുതാവുമ്പോഴും അത് പ്രായോഗിക സത്യമാവുന്നില്ല. തരൂരിനു പൂന്തുറയിലെ മത്സ്യതൊഴിലാളിയുമായി ഭാഷയിലും വേഷത്തിലും രൂപത്തിലും ഒന്നും താദാത്മ്യം സാധ്യമല്ലാത്തപ്പോള്‍ പിന്നെ എന്താണ് ഫലം തരുന്നത്? അധികാരം. ഐക്യരാഷ്ട്രസഭയും നയതന്ത്രവുമെല്ലാം കൂടെ പ്രസരിപ്പിക്കുന്ന അധികാരത്തിന്റെ മേല്‍ക്കോയ്മ. രാഷ്ട്രീയത്തില്‍ ഒന്നുകില്‍ തൊമ്മി അല്ലെങ്കില്‍ പട്ടേലര്‍ മാത്രമേയുളളൂ. അണിയാണെങ്കിലും നേതാവാണെങ്കിലും. രാഹുല്‍ ഗാന്ധി ആദ്യം പറഞ്ഞ ഗാന്ധിയായില്ല. തരൂരുമായില്ല. ഫലം കന്നി തിരഞ്ഞെടുപ്പിനു നിന്ന മുരളീധരന്റെ അവസ്ഥ.

ആളുകള്‍ അല്ലെങ്കില്‍ വ്യക്തികള്‍ പൊതുവേ അവരുടെ പെരുമാറ്റ രീതികളും സംസ്‌കാരവുമാണ്. മാന്യന്മാരുടെ വംശം കുറ്റിയറ്റുപോകും എന്ന കഥ പോലെയാണ് കാര്യം. കഥയറിയാത്തവര്‍ക്കായി കാര്യം. അനേകായിരം ബീജങ്ങളാണ് അണ്ഡവുമായി ചേരാന്‍ തിക്കിമുട്ടി പാഞ്ഞു പോവുന്നത്. അവിടെ പിറകെ വരുന്നവനു കടന്നു പോവാന്‍ വാതില്‍ തുറന്നു പിടിച്ച് ആഫ്റ്റര്‍ യൂ എന്നു പറയുന്ന മാന്യന്റെ വംശം കുറ്റിയറ്റു പോവും. രാഷ്ട്രീയം എന്ന ഓട്ടപ്പാച്ചില്‍ ആവശ്യപ്പെടുന്ന ശാരീരിക മാനസിക ഭാഷകളുണ്ട്. പ്രത്യേകിച്ചും ജാതി എന്ന അടിസ്ഥാനം മുതല്‍ പട്ടിണിയും ദാരിദ്ര്യവും ഗതികേടുമെല്ലാം ഇഴ പിരിഞ്ഞു കിടക്കുന്ന ദേശങ്ങളില്‍. അതൊരു വ്യാകരണം കൂടെയാണ്. ആ വ്യാകരണമാണ് വിഎസിനെ നടപ്പു കേരളത്തിലെ ഏറ്റവും വലിയ ക്രൗഡ് പുളളറാക്കുന്നത്. ഓട്ടപ്പാത്രത്തില്‍ ഞണ്ടു വീഴുമ്പോള്‍ ലൊട ലൊട ചേലുക്ക് ഫേസ്ബുക്കിലും അല്ലാതെയും ഒച്ചേം വിളിയുമുണ്ടാക്കുന്ന ജനമല്ല വോട്ടും വിജയവും നിശ്ചയിക്കുന്നത് എന്നതു കൊണ്ട്. അടിസ്ഥാന വര്‍ഗ്ഗത്തിലെ പിടിയാണ് പാര്‍ട്ടി രാഷ്ട്രീയം എന്ന ഇരുപത്തിയെട്ടു കളിയിലെ തനിപ്പിടി.

പീതാംബരക്കുറുപ്പോ ഉഴവൂര്‍ വിജയനോ ഐക്യരാഷ്ട്രസഭയില്‍ ശോഭിക്കില്ല. എന്തിനു വര്‍ക്കല രാധാകൃഷ്ണനെയും കെ.പി . ഉണ്ണിക്കൃഷ്ണനെയും പോലെ അപൂര്‍വ്വ മൗലിക പ്രതിഭകളൊഴിച്ച് ദേശീയ രാഷ്ട്രീയത്തില്‍ പോലും ശോഭിക്കില്ല. റമ്മി കളിക്കുന്ന ചേലുക്കല്ല ഇരുപത്തിയെട്ടു കളിക്കുന്നത്. സ്‌കോച്ച് ഓണ്‍ ദ റോക്‌സ് കഴിക്കുന്നതു പോലല്ല, വാറ്റുചാരായം കുടിക്കുന്നത്. കേന്ദ്രമന്ത്രിയോ ഗവര്‍ണറോ ആവുന്നതു പോലെ എളുപ്പമല്ല പാര്‍ട്ടികളുടെ ദേശീയ സംസ്ഥാന നേതാവാകുന്നത്. അണികളെയും വോട്ടര്‍മാരെയും കൂടെ നിര്‍ത്തുന്നത്. അതിന്റെ ചേരുവ വേറെയാണ്. പാകവും. അതു ചിലപ്പോഴൊക്കെ പഠനവും മററു ചിലപ്പോള്‍ അറിഞ്ഞതില്‍ നിന്നു മോചനവുമാണ്. സ്വാഭാവികമോ ആര്‍ജ്ജിച്ചെടുത്തതോ ആയ പെരുമാറ്റ രീതികളില്‍ നിന്നുമുളള മോചനം. സ്വാഭാവിക പ്രതികരണങ്ങളുടെയും റിഫ്‌ലക്‌സുകളുടെയും പുതുക്കിപ്പണി.

അമേരിക്കയില്‍ നിന്നും തിരിച്ചു വന്ന രാഹുല്‍ ഗാന്ധിയുടെ മാനറിസവും പ്രതികരണവും പ്രസംഗവും തല്‍ക്ഷണമുളളതാണ്

വിസ്താരഭയത്താല്‍ ചുരുക്കുമ്പോള്‍ ഒരു കസിന്റെ കാര്യം പറയണം. കഥാപാത്രം കടു കോണ്‍വെന്റ് സ്‌കൂളുകളില്‍ പഠിച്ചു. വളര്‍ന്ന സാഹചര്യ സമാനതകളെ പിന്നീടും തിരഞ്ഞെടുത്ത് ആ കുക്കൂണിനകത്ത് ജീവിച്ചു. ഫലം നാടന്‍ കസിനരുടെ അടിതടയ്ക്കകത്തും ബന്ധുവും പൊതുവുമായ മറ്റു ജനങ്ങള്‍ നിത്യജീവിതത്തില്‍ നിരന്തരം നല്‍കുന്ന സാഹചര്യങ്ങളിലും സ്വന്തം അക്‌സന്റും മാനറിസങ്ങളും മാന്യമായ പ്രതികരണങ്ങളും കൊണ്ട് അപഹാസ്യനായി. പോ മൈരേന്നു വിളിക്കേണ്ടിടത്ത് ആം സോറിയെന്നു പതം പറഞ്ഞു. മുണ്ടു മടക്കിക്കുത്തി തുടയ്ക്കു രണ്ടടീമടിച്ചു മീശ പിരിക്കേണ്ടടത്ത് പിരിക്കാനൊരു മീശ പോലുമില്ലാതെ. പതിയെ മൂപ്പരു തറയാവാന്‍ പഠിച്ചു. ആദ്യം അക്‌സന്റോടു കൂടിയ തറ. പിന്നെ അക്‌സന്റില്ലാത്ത തറ. ശരിക്കും പഠനമല്ല. അതൊരു അണ്‍ലേണിങ്ങാണ്. ഫലം മൂപ്പര് പ്രായോഗിക ജീവിതത്തില്‍ ഫിറ്റായി. ഹിറ്റും.

ചരിത്രം മാത്രമല്ല രാഷ്ട്രീയ നേതാക്കള്‍ നേരിടുന്ന പ്രതിസന്ധികളും നിരന്തരം ആവര്‍ത്തിക്കുന്നതാണ്. മഹാത്മാ ഗാന്ധി മുതല്‍ മുരളീധരന്‍ വഴി രാഹുല്‍ ഗാന്ധി വരെ. അമേരിക്കയില്‍ നിന്നും തിരിച്ചു വന്ന രാഹുല്‍ ഗാന്ധിയുടെ മാനറിസവും പ്രതികരണവും പ്രസംഗവും തല്‍ക്ഷണമുളളതാണ്. അത് ശീലങ്ങളിലെ മാറ്റമല്ലെങ്കിലും മനോഭാവങ്ങളിലെ റിഫ്‌ലക്‌സുകളിലെ മാറ്റമാണ്. കൂടുതല്‍ കോണ്‍ഗ്രസ് സ്വഭാവമുളളത്. അല്ലെങ്കില്‍ രാഹുല്‍ ഗാന്ധി ഒരു കോണ്‍ഗ്രസ്സുകാരനാവാന്‍ ഇത്രയും വര്‍ഷമെടുത്തു. ലേണിങ്ങിനേക്കാള്‍ കഠിനമാണ് പലപ്പോഴും അണ്‍ലേണിങ്ങ്. കണ്ണുതെളിയുകയെന്ന് പഴമക്കാരു പറയുന്ന അവസ്ഥ. പ്രായോഗിക രാഷ്ട്രീയത്തിലെ ജ്ഞാനസ്‌നാനം ബോധോദയമാണ്. ഗാന്ധി പാരമ്പര്യം മുതല്‍ അപാരമായ ചേരുവകളില്‍ ഫലങ്ങളുണ്ടായേക്കാവുന്ന ബോധോദയം.

click me!