എന്നിട്ടും പുറത്തിറങ്ങാനാവാതെ കേരളത്തിലെ  അവസാന നക്‌സല്‍ തടവുകാരന്‍!

By MG AneeshFirst Published Aug 10, 2016, 4:54 PM IST
Highlights

വര്‍ഗ്ഗശത്രുവിനെ ഉന്മൂലനം ചെയ്യാന്‍ സായുധമുറകളുമായി വേട്ടക്കിറങ്ങിയ തീവ്രയുവത്വത്തിന്റെ രക്തവര്‍ണമുള്ളൊരു അധ്യായത്തില്‍, ഇനിയും തടവറയില്‍ ബാക്കിയാവുന്ന അവസാനത്തെ വിപ്ലവകാരിയുടെ ജീവിതത്തിലൂടെ നടത്തുന്ന ഒരന്വേഷണമാണിത്. ഒരു നക്‌സല്‍ ആക്രമണത്തെക്കുറിച്ച് ഇതുവരെ വിശ്വസിക്കപ്പെട്ട കഥകള്‍ പലതിനെയും മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം അടിമുടി തിരുത്തുന്നൊരന്വേഷണം. 

ആലപ്പുഴ കാഞ്ഞിരംചിറയില്‍ സോമരാജനെന്ന കയര്‍ ഫാക്ടറിമുതലാളിയുടെ 'ക്രൂരമായ വാഴ്ച'ക്കെതിരെ 1980 മാര്‍ച്ച് 29ന് അരങ്ങേറിയ നക്‌സല്‍ ആക്രമണത്തില്‍ തൊടുപുഴ സെഷന്‍സ് കോടതിയും ഹൈക്കോടതിയും 22 പേര്‍ക്ക് ജീവപര്യന്തം വിധിച്ചു. ജസ്റ്റിസ് രവിയെന്ന സെഷന്‍സ് ജഡ്ജ് പുറപ്പെടുവിച്ച ഒരപൂര്‍വ്വവിധിയായിരുന്നു അത്. 

22 പേര്‍ ശിക്ഷിക്കപ്പെട്ടു. ആക്ഷന് നേതൃത്വം നല്‍കിയ കുതിരപ്പന്തി സുധാകരന്‍ കുറ്റവിമുക്തനായി.  ഒന്‍പതാം പ്രതി സെബാസ്റ്റ്യനെന്ന കുഞ്ഞപ്പനും പത്താം പ്രതി ബാഹുലേയനും തടവറയില്‍ മരണപ്പെട്ടു. പി.എം.ആന്റണി കലാകാരനെ പരിഗണനയില്‍ പിന്നീട് ശിക്ഷയില്‍ നിന്നൊഴിവാക്കപ്പെട്ടു. ഏഴാം പ്രതി മോഹനന്‍ പരോള്‍ കാലയളവില്‍ മരണപ്പെട്ടു. ശിഷ്ടം പതിനെട്ടുപേര്‍ ശിക്ഷ തുടര്‍ന്നു.

പക്ഷെ ശിക്ഷിക്കപ്പെട്ടവരില്‍ 15 പേര്‍ നിരപരാധികളാണെന്ന് കേസിലെ പതിനാറാം പ്രതിയായി ശിക്ഷയനുഭവിച്ച് പുറത്തിറങ്ങിയ പീറ്റര്‍ 32 വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തി. 

യൗവനം മുഴുന്‍ തടവറയില്‍ ഹോമിച്ച ഭൂരിപക്ഷം പേരുടെയും നിരപരാധിത്വം തെളിയിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായ കാലത്ത് സോമരാജന്‍ വധക്കേസില്‍ പുനരന്വേഷണം പോലുമാരംഭിച്ചെങ്കിലും തുടര്‍ ചലനങ്ങളുണ്ടായില്ല. ഉമ്മന്‍ ചാണ്ടിയും ശരിവച്ച പുനരന്വേഷണം വഴിയിലാകുമ്പോള്‍ ശിക്ഷിക്കപ്പെട്ട നിരപരാധികള്‍ പിന്നെയും തോറ്റു.  അപ്പോഴും സി.എ. ജോസഫെന്ന ജസ്റ്റിന്‍ ജോയി കണ്‍വിക്ട് നമ്പര്‍ 4656 കുപ്പായമണിഞ്ഞ് മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷവും ശിക്ഷ തുടരുകയാണ്. വിപ്ലവഭേരി മുഴങ്ങിയ കേരളത്തിലെ തടവറകളില്‍ ഇനി ബാക്കിയാകുന്ന അവസാനത്തെ വിപ്ലകാരി. 

 

1980ല്‍ നടന്ന കൊലപാതക കേസില്‍ വിചാരണ 1985ലാരംഭിച്ചു. ആദ്യം തൊടുപുഴ സെഷന്‍സില്‍ ശിക്ഷിക്കപ്പെട്ട പതിനാറ് പ്രതികളില്‍ ജോയി ഉള്‍പ്പെട്ടിരുന്നില്ല. 1989ല്‍ ഹൈക്കോടതി 7 പ്രതികള്‍ക്ക് കൂടി ശിക്ഷവിധിച്ചപ്പോള്‍ ജസ്റ്റിന്‍ ജോയി 19-ാം പ്രതിയായി. 1989ആഗസ്റ്റ് 16ന് ജയിലിലേക്ക് പുറപ്പെടുമ്പോള്‍ ജസ്റ്റിന്‍ ജോയി പൊന്നമ്മയെന്ന പാവം തയ്യല്‍ക്കാരിപ്പെണ്ണിനെ വേട്ടിരുന്നു.

1989ല്‍ ജയിലിലായ ജോയി ഒരു മാസത്തിനുശേഷം അമ്മക്ക് സുഖമില്ലാതായപ്പോള്‍ പരോളില്‍ മടങ്ങിവന്നു. 45 ദിവസം കഴിഞ്ഞ് പിന്നെയും ജയിലിലേക്ക് മടങ്ങി. അതും കഴിഞ്ഞ് തൊണ്ണൂറില്‍ ഒരിക്കല്‍ക്കൂടി പരോളില്‍ വന്ന് വ്യവസ്ഥ ലംഘിച്ച് ഒളിവില്‍ നിന്ന ജോയിയെ 97ല്‍ പോലീസ് കൂട്ടിക്കൊണ്ടുപോയി. 99ല്‍ പരോളില്‍ വീണ്ടുമിറങ്ങുമ്പോള്‍ രോഗബാധിതനായ ജോയി 2010ല്‍ പിന്നെയും ജയിലിലേക്ക് മടങ്ങി. അവിടുന്നിങ്ങോട്ട് അനുസരണയുള്ള തടവുകാരനായി. പല ഘട്ടങ്ങളായി എട്ടുവര്‍ഷം ജയില്‍ ശിക്ഷയും 36വര്‍ഷത്തെ സഹനവും പിന്നിടുമ്പോള്‍  ഈ കേസുമായി ബന്ധപ്പെട്ട് ഇനിയാരും ബാക്കിയില്ല.

എന്തുകൊണ്ട് ജോയി ജീവപര്യന്തം തുടരണമെന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. 70 കഴിഞ്ഞവര്‍ക്ക് ഇളവുനല്‍കാമെന്ന പ്രായത്തിന്റെ ആനുകൂല്യം, കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ശിക്ഷാ കാലാവധി കഴിഞ്ഞുവെന്ന യാഥാര്‍ത്ഥ്യം, ജയിലിലും ഒളിവിലുമായി ഏതാണ്ട് 27വര്‍ഷത്തെ സഹനം, മൂന്ന് പെണ്‍കുട്ടികളുടെയും ഒരമ്മയുടേയും കാത്തിരിപ്പ്, കലാകാരനെന്ന പരിഗണനയില്‍ പി.എം. ആന്റണിയെ 1995ലൊഴിവാകുമ്പോള്‍ ആന്റണിയുടെ നാടകങ്ങളില്‍ പലതിലും കഥാപാത്രമായി അരങ്ങത്തുവന്ന ജോയിക്ക് ആ പരിഗണനയുമുണ്ടായില്ല. പുറത്തിറങ്ങിയാല്‍ വിപ്ലവപ്രവര്‍ത്തനം തുടരുമെന്ന ഭരണകൂടഭീതിക്കും അടിസ്ഥാനമില്ല. പരോള്‍ വ്യവസ്ഥലംഘിച്ചുവെന്നതാണ് കാരണമെങ്കില്‍ സോമരാജന്‍ കേസിലെ 22 പ്രതികളില്‍ ഭൂരിപക്ഷം പേരും പരോള്‍ വ്യവസ്ഥ ലംഘിച്ചിരുന്നു. 14വര്‍ഷം തുടര്‍ച്ചയായി ശിക്ഷ പൂര്‍ത്തിയാക്കണമെന്നതാണ് ന്യായമെങ്കില്‍ ജോയിയെക്കാള്‍ കുറഞ്ഞ കാലാവധി ശിക്ഷയനുഭവിച്ചവരും മോചിതരായിട്ടുണ്ട്. എങ്കില്‍ ജസ്റ്റിന്‍ ജോയി എന്തിന് ജയില്‍വാസം തുടരണം?

പ്രതികളായ നിരപാരാധികള്‍ക്കും അപരാധിയെന്ന് സമ്മതിച്ചവര്‍ക്കും രാഷ്ട്രീയ പിന്തുണയുമായി എം.എല്‍ പ്രസ്ഥാനത്തിനും ജനകീയ സാംസ്‌കാരികവേദിക്കും നേതൃത്വം നല്‍കിയ കെ. വേണുവും ഭാസുരേന്ദ്രബാബുവും അനുയായികളുമുണ്ടായിരുന്നില്ലെന്നത് ശിക്ഷിക്കപ്പെട്ടവരുടെ വേദനയാണ്

പക്ഷെ നക്‌സല്‍ ആക്രണത്തില്‍ പ്രതികളായ നിരപാരാധികള്‍ക്കും അപരാധിയെന്ന് സമ്മതിച്ചവര്‍ക്കും രാഷ്ട്രീയ പിന്തുണയുമായി എം.എല്‍ പ്രസ്ഥാനത്തിനും ജനകീയ സാംസ്‌കാരികവേദിക്കും നേതൃത്വം നല്‍കിയ കെ. വേണുവും ഭാസുരേന്ദ്രബാബുവും അനുയായികളുമുണ്ടായിരുന്നില്ലെന്നത് ശിക്ഷിക്കപ്പെട്ടവരുടെ വേദനയാണ്. ഈ പരിപാടിയിലൂടെ അതിനൊരു വിശദീകരണത്തിന് കെ. വേണു തയ്യാറായില്ല. ഭാസുരേന്ദ്രബാബു അതിനുവഴിവച്ച രാഷ്ട്രീയസാഹചര്യങ്ങള്‍ വെളിപ്പെടുത്തി. 

1930കളിലെ കോണ്‍ഗ്രസ്സുകാരെയും നാലപ്പതുകളിലെ കമ്മ്യൂണിസ്റ്റുകളെയും എഴുപതുകളിലെ നക്‌സലുകളെയും വിശ്വസിക്കാമെന്ന പഴയ പല്ലവികള്‍ക്ക് വിലയിടിയാന്‍ തുടങ്ങുന്നതും എണ്‍പതുകള്‍ക്കൊടുക്കവും തൊണ്ണൂറുകളുടെ തുടക്കത്തിലുമായിരുന്നു. 1964ല്‍ സംഭവിച്ച ഇടതുപക്ഷത്തിന്റെ പിളര്‍പ്പും നക്‌സല്‍ വേരോട്ടവും കുന്നിക്കല്‍ നാരായണനും പുല്‍പ്പള്ളിയാക്രമണവും വര്‍ഗ്ഗീസും പിന്നിട്ട്  1970ല്‍ അമ്പാടി ശങ്കരന്‍കുട്ടി മേനോന്റെ പിന്‍വാങ്ങലും കെ. വേണുവിന്റെ വരവും ജനകീയസാംസ്‌കാരികവേദിയും ഉന്മൂലനങ്ങളുമായിത്തുടര്‍ന്ന നക്‌സല്‍ പ്രസ്ഥാനം പതിയെ ദുര്‍ബ്ബലപ്പെടുമ്പോള്‍ 89 ഓടെ പൂര്‍ണ്ണമായി വിധി പ്രഖ്യാപിക്കപ്പെട്ട സോമരാജന്‍ വധക്കേസിലെ പ്രതികള്‍ക്ക് രാഷ്ട്രീയപിന്തുണയുമില്ലാതെയായി. 1992ല്‍ കെ. വേണു പ്രസ്ഥാനത്തില്‍ നിന്നും പിന്‍വാങ്ങി.

ഇവിടെയാണ് സോമരാജന്‍ വധക്കേസിന്റെ രാഷ്ട്രീയ-സാമൂഹ്യപശ്ചാത്തലങ്ങള്‍ പരിശോധിക്കപ്പെടേണ്ടത്. കല്‍ക്കത്തയില്‍ ചാരുമജുംദാറിനെക്കണ്ട് മടങ്ങിവന്ന കെ. വേണു നക്‌സല്‍ പ്രസ്ഥാനത്തിന്റെ ഔദ്യോഗികനേതൃത്വത്തെ ഒന്നിപ്പിക്കാന്‍ 1970 നവംബര്‍ 1ന് നഗരൂരില്‍ യോഗം ചേര്‍ന്നു. ഏഴംഗകമ്മിറ്റി രൂപീകരിച്ചു. തുടര്‍ന്ന് പതിനാല് നാള്‍ പിന്നിടുമ്പോള്‍ കുമ്മിള്‍ നഗരൂര്‍ ഉന്മൂലനം നടക്കുന്നു. 1980ലെത്തുമ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ രണ്ട് തരം സമീപനമുരുത്തിരിഞ്ഞു. ബഹുജനപാതയിലൂടെയുള്ള സൈനികമാര്‍ഗ്ഗമോ, സൈനികമാര്‍ഗ്ഗത്തിലൂടെയുള്ള ബഹുജനപാതയോ ഏതാണ് സ്വീകാര്യമെന്ന ചിന്തയുദിക്കുമ്പോള്‍, ബഹുജന പാതയിലൂടെയുള്ള സൈനികമാര്‍ഗ്ഗത്തില്‍ ആക്ഷനുകള്‍ നടക്കണമെ്ന്ന ചിന്തിച്ചവരില്‍ സംസ്ഥാനസെക്രട്ടറി കെ. വേണുവും ആലപ്പുഴയുടെ ചുമതലയുള്ള പാര്‍ട്ടി സംസ്ഥാനജോയന്റ് സെക്രട്ടറി ഭാസുരേന്ദ്രബാബുവുമുള്‍പ്പെടും. പൊതുജനപിന്തുണയോടെയുള്ള സൈനികലൈനില്‍ രണ്ട് ആക്ഷനുകള്‍ക്ക് പദ്ധതിയിട്ടു. വയനാട്ടിലെ കേണിച്ചിറയില്‍ മത്തായിയും ആലപ്പുഴയിലെ കാഞ്ഞിരംചിറയില്‍ സോമരാജനും അങ്ങനെ പാര്‍ട്ടി ശിക്ഷ വിധിച്ചു. സോമരാജനോട് ശത്രുതയുണ്ടായിരുന്ന, പല രാഷ്ട്രീയ പശ്ചാത്തലങ്ങളില്‍പ്പെട്ടവര്‍ കേസിലുള്‍പ്പെട്ടത് അങ്ങനെയാണ്. നക്‌സലൈറ്റുകള്‍ എന്നു പറയാവുന്ന വെറും മൂന്നുപേര്‍ മാത്രമാണതില്‍ പങ്കെടുത്തതെന്ന് ഈ പരിപാടിയില്‍ സംസാരിക്കാന്‍ വിസമ്മതിച്ച കെ. വേണു 2000ത്തില്‍ പറഞ്ഞിട്ടുമുണ്ട്.  ആക്ഷന്റെ ചുമതല കേസില്‍ കോടതി വെറുതെവിട്ട കുതിരപ്പന്തി സുധാകരനായിരുന്നുവെന്ന് ആക്ഷനില്‍ പങ്കെടുത്തവരും സുധാകരനും സമ്മതിക്കുന്നു.

36വര്‍ഷങ്ങള്‍ക്ക് മുമ്പൊരുനാള്‍ സംഭവിച്ച ഒരിക്കലും പുറംലോകമറിയാത്ത ആ സത്യങ്ങള്‍ സുധാകരന്‍ ഏറ്റുപറയുകയായിരുന്നു. നാലുവര്‍ഷങ്ങള്‍ക്ക് മുമ്പ് പതിനാറാം പ്രതി പീറ്റര്‍ വെളിപ്പെടുത്തിയതിലും വ്യത്യസ്തമായ വലിയ സത്യങ്ങള്‍.  

ഭൂരഹിതനും പഴയ വിപ്ലവകാരിയുമായ കുതിരപ്പന്തി സുധാകരനും ഭാര്യ മണിയമ്മയും കുതിരപ്പന്തിയില്‍ ഒരു ചെറിയ തട്ടുകടയുമായി ജീവിതം തുടരുന്നു. സത്യത്തില്‍ സുധാകരനുമായുണ്ടായ കൂടിക്കാഴ്ച ഒരര്‍ത്ഥത്തില്‍ ചരിത്രപരമായിരുന്നു. 36 വര്‍ഷങ്ങള്‍ക്ക് മുമ്പൊരുനാള്‍ സംഭവിച്ച ഒരിക്കലും പുറംലോകമറിയാത്ത ആ സത്യങ്ങള്‍ സുധാകരന്‍ ഏറ്റുപറയുകയായിരുന്നു. നാലുവര്‍ഷങ്ങള്‍ക്ക് മുമ്പ് പതിനാറാം പ്രതി പീറ്റര്‍ വെളിപ്പെടുത്തിയതിലും വ്യത്യസ്തമായ വലിയ സത്യങ്ങള്‍.  

ആക്ഷനില്‍ ജസ്റ്റിന്‍ ജോയ് പങ്കെടുത്തിരുന്നോയെന്ന ചോദ്യത്തിന് ഇല്ലെന്ന് ഉത്തരം പറഞ്ഞ പീറ്ററിന് അറിയാത്തതുപലതും സുധാകരനറിയാം. ബഹുജനപിന്തുണയോടെ പാര്‍ട്ടി കാഞ്ഞിരംചിറയില്‍ നടപ്പാക്കിയ സൈനികമാര്‍ഗ്ഗത്തില്‍ സോമരാജനെ വധിക്കാന്‍ സുധാകരനൊപ്പം പാര്‍ട്ടി അയച്ച നാലുപേരില്‍ ജോയി ഉള്‍പ്പെടുന്നുവെന്ന മൊഴി പുറത്തുവരുന്നത് ആദ്യമായാണ്, അതും മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്കുശേഷം. കൊല നടന്ന ദിവസം സോമരാജന്റെ വീട്ടിലെത്തിയ ജോയിയുടെ കൈവശം സ്‌ഫോടകവസ്തുക്കളുണ്ടായിരുന്നുവെന്നും അതു പൊട്ടിച്ചത് പത്തൊന്‍പതാം പ്രതിയായ ജോയിയാണെന്നും വിധിപ്പകര്‍പ്പിലും കാണാം. 

സുധാകരനെയും ജോയിയെയും മാറ്റിനിര്‍ത്തിയാല്‍ ആക്ഷനില്‍ പങ്കെടുത്ത, എന്നാല്‍ ശിക്ഷിക്കപ്പെടാത്ത, പുറംലോകമറിയാത്ത മൂന്നുപേര്‍ ഇനിയും ബാക്കി. വിപ്ലവം കൊണ്ടാകെ ക്ഷീണിതമായൊരു ജീവിതത്തിന്റെ വൈകുന്നേരങ്ങളില്‍ അവരില്‍ ചിലരിനിയും ജീവിക്കുന്നുണ്ട്, ഓര്‍മ്മയുടെ മറുകരയില്‍ ജ്വലിക്കുന്നൊരു ചുവന്ന കാലത്തിനൊപ്പം. 

കേരളത്തിലെ തടവറയിലെ അവസാനത്തെ നക്‌സല്‍ വിപ്ലവകാരി ജസ്റ്റിന്‍ ജോയ് മാത്രം ജയില്‍വാസം തുടരുന്നു. ജോയി മോചിതനാകാന്‍ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലെ ഭരണാധികാരികള്‍ക്കെന്തു ചെയ്യാനാവും?

അവരിലേക്കുള്ള യാത്ര മാറ്റിവച്ച് അന്വേഷണം ശിക്ഷയേറ്റുവാങ്ങിയ നിരപരാധികളിലേക്ക് തിരിയുന്നു. ആക്ഷനില്‍ പങ്കെടുത്താലുമില്ലെങ്കിലും 1989മുതല്‍ പോയ 27 ആണ്ടുകളിലൂടെ ആ വലിയ ശിക്ഷയനുഭവിച്ചുതീര്‍ത്ത ചേലാട്ട് എബ്രഹാം ജോസഫെന്ന സി.എ.ജോസഫിലേക്ക് തിരിയുന്നു. 

'കേരളത്തില്‍ നമ്മുടെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന കേണിച്ചിറയിലേയും കാഞ്ഞിരംചിറയിലേയും ഉന്മൂലനസമരങ്ങള്‍ വിപ്ലവപരമായ ബഹുജനലൈനിന്റെ പ്രധാന്യം തെളിയിച്ചിട്ടുണ്ട്. ഭൂരിപക്ഷം ജനങ്ങളെയും അവര്‍ക്കെതിരായി അണിനിരത്തുകയെന്ന ലക്ഷ്യം നിറവേറ്റപ്പെട്ടതുകൊണ്ട് രണ്ട് സ്ഥലത്തും ജനപിന്തുണ ലഭിട്ടുകയും പ്രസ്ഥാനം അവിടെ വേരുറപ്പിക്കുകയും ചെയ്തു.' കാഞ്ഞിരംചിറയിലെ ഉന്മൂലനത്തിനൊരുവര്‍ഷം കഴിയുമ്പോള്‍ സി.പി.ഐ. എം.എല്‍ സംസ്ഥാനസമ്മേളനത്തില്‍ ആക്ഷനെ വിലയിരുത്തിയത് ഇങ്ങനെയാണ്. ആ കേസില്‍ ശിക്ഷിക്കപ്പെട്ട നിരപരാധികള്‍ എന്നാല്‍, തടവറയില്‍ ഹോമിച്ച ജീവിതമോര്‍ത്ത് കാലക്ഷേപം തുടരുന്നു. കേരളത്തിലെ തടവറയിലെ അവസാനത്തെ നക്‌സല്‍ വിപ്ലവകാരി ജസ്റ്റിന്‍ ജോയ് മാത്രം ജയില്‍വാസം തുടരുന്നു. ജോയി മോചിതനാകാന്‍ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലെ ഭരണാധികാരികള്‍ക്കെന്തു ചെയ്യാനാവും?

click me!