മദ്യപാനം നിര്‍ത്താന്‍  ഇത്രയും കാരണങ്ങള്‍ പോരേ?

By Nelson JosephFirst Published Jul 7, 2018, 2:53 PM IST
Highlights
  • മദ്യപാനം നിങ്ങളെ ബാധിച്ചോ എന്നറിയാന്‍ 11 ചോദ്യങ്ങള്‍
  • നെല്‍സണ്‍ ജോസഫ് എഴുതുന്നു

ഇനി ഇത്രയൊക്കെ കേട്ടിട്ടും ന്യായീകരിക്കാന്‍ തോന്നുന്നുണ്ടോ? ആല്‍ക്കഹോള്‍ യൂസ് ഡിസോര്‍ഡര്‍ ( Alcohol use disorder - മുന്‍പ് ' Alcohol abuse ' എന്നും ' Alcohol Dependence ' എന്നും രണ്ടായി തിരിച്ചിരുന്നത് ) ഉണ്ടോ എന്നറിയാനുള്ള ക്രൈറ്റീരിയ പറയാം. അതുകൂടെ വായിച്ചോളൂ.

കഴിഞ്ഞ ഒരു വര്‍ഷത്തെ സംഭവങ്ങള്‍ ഓര്‍മയില്‍ വച്ചുകൊണ്ട് താഴേക്ക് വായിക്കുക..


മദ്യപാനം പ്രോത്സാഹിപ്പിക്കാനായി തുടങ്ങിയ ഫേസ്ബുക്ക് ഗ്രൂപ്പില്‍ ആറ് മാസം കൊണ്ട് ലക്ഷക്കണക്കിന് അംഗങ്ങള്‍ എന്ന് കേട്ടപ്പോഴാണ് ആ ഗ്രൂപ്പിനെക്കുറിച്ച് സേര്‍ച്ച് ചെയ്തത്. അദ്ഭുതമെന്ന് പറയട്ടേ, ഞാനും ആ ഗ്രൂപ്പില്‍ അംഗമാണ്...അല്ല, ആയിരുന്നു.

അദ്ഭുതമെന്താണെന്ന് വച്ചാല്‍ ഇന്ന് വരെ മദ്യപിച്ചിട്ടില്ല.

'ആല്‍ക്കഹോള്‍' പൂര്‍ണമായി ഉപയോഗിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ അതൊരു നുണയാകും. പണ്ട് വീട്ടില്‍ വൈന്‍ ഉണ്ടാക്കുമ്പോള്‍ കുടിക്കുമായിരുന്നു. വിവാഹത്തിനും മറ്റും പോകുമ്പൊഴും വൈന്‍ കുടിക്കാറുണ്ട്. ഒരേയൊരു തവണ ആരോ നിര്‍ബന്ധിച്ച് വായിലൊഴിച്ച ഒരു കവിള്‍ ബിയറും രുചി അറിഞ്ഞിട്ടുണ്ട്. അതല്ലാതെ ഒരിക്കല്‍പ്പോലും മനപ്പൂര്‍വമോ അല്ലാതെയോ മദ്യപിച്ചിട്ടില്ല.

അത് 'സാധനം' കിട്ടാഞ്ഞിട്ടോ ആരെങ്കിലും വിലക്കിയിട്ടോ അല്ല. മദ്യപാനവും പുകവലിയും തുടങ്ങാതിരിക്കാന്‍ എനിക്ക് എന്‍േറതായ കാരണങ്ങളുണ്ട്. ഒന്നാമത്തെ കാരണം, മദ്യപാനവും പുകവലിയും തുടങ്ങാനായി ആളുകള്‍ പറയുന്ന കാരണങ്ങളൊന്നും എനിക്ക് മതിയായ കാരണമായിത്തോന്നിയിട്ടില്ലെന്നതാണ്.

അതിനര്‍ഥം ഒരു അഡിക്ഷനും എനിക്കില്ലെന്നല്ല. അഡിക്ഷനുണ്ട്. സിനിമ, കമ്പ്യൂട്ടര്‍, മ്യൂസിക് ഒക്കെ അഡിക്ഷനുകളാണ്. ഒപ്പം കാലങ്ങളനുസരിച്ച് മാറിവന്നവ വേറെയുമുണ്ട്.

മെഡിക്കല്‍ കോളജ് ജീവിതം ഒരു കണ്ണ് തുറക്കലായിരുന്നു. പ്രത്യേകിച്ച് ഹൗസ് സര്‍ജന്‍സി. വാര്‍ഡിലിരുന്ന് വെറുതെ കഥ കേള്‍ക്കുന്നത് ഒരു സമയം പോക്കായിരുന്നതുകൊണ്ട് ഒരുപാട് ജീവിതം കാണാന്‍ കഴിഞ്ഞിട്ടുണ്ട്..

ഒരിക്കല്‍ മെഡിസിന്‍ വാര്‍ഡില്‍ ഒരു പേഷ്യന്റ് വന്നും 32 വയസുള്ള ഒരു യുവാവാണ്. കരളിനു സിറോസിസാണ്. ഒരു തവണ ചികില്‍സക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ വിട്ടതാണ്. ആറ് മാസങ്ങള്‍ക്ക് ശേഷം വീണ്ടും തിരിച്ച് വന്നു. ഇത്തവണ വന്നത് വീണ്ടും രക്തം ഛര്‍ദ്ദിച്ചുകൊണ്ടാണ്.ഭാര്യയുണ്ട്, ഒരു കുഞ്ഞുണ്ട്.

മദ്യപിക്കരുതെന്ന് തീരുമാനമെടുത്തും ഡീ അഡിക്ഷനു വരുമെന്ന് ഉറപ്പിച്ചുമാണയാള്‍ ആദ്യം മെഡിക്കല്‍ കോളജ് വിട്ടത്. തിരിച്ച് ചെന്ന് വീണ്ടും കൂട്ടുകാര്‍ കുപ്പിയുമായി വീട്ടില്‍ വന്നപ്പൊ പതിയെ അത് കാറ്റില്‍ പറന്നു. പതിയെ കുടി തുടങ്ങി..ഇത്തവണ പക്ഷേ മെഡിസിന്‍ വാര്‍ഡിലെത്തുന്നത് വരെയേ അയാള്‍ കാത്തുനിന്നുള്ളൂ...ഭാര്യയെയും കുഞ്ഞിനെയും ഒരുപിടി പ്രശ്‌നങ്ങളുടെ നടുവില്‍ തനിച്ചാക്കി അയാളെ മദ്യം കൊണ്ടുപോയി.

അയാള്‍ ഒരാള്‍ മാത്രമാണ്. വയറ്റിലെ നീര് ശ്വാസം മുട്ടിക്കുമ്പൊ കുപ്പിക്കണക്കിനു കുത്തിയെടുക്കുന്ന Ascitic tapping അഞ്ചാറെണ്ണമെങ്കിലും ചെയ്യാത്ത ആഴ്ചകളില്ല. മദ്യപിച്ചപ്പോള്‍ തോന്നിയ തോന്നലിന്റെ പുറത്ത് വിഷം കഴിച്ച് ജീവനും മരണത്തിനുമിടയിലൂടെ നടന്നവരും മരിച്ചവരും മെഡിസിനില്‍ വന്നിരുന്നു.. മദ്യക്കുപ്പി അന്വേഷിച്ച് വാര്‍ഡ് മുഴുവന്‍ നടന്നവരും ഭാര്യയെ സംശയിച്ചവരും കുറവല്ല.

സൈക്യാട്രിയിലും കണ്ടു മദ്യം തകര്‍ത്ത ജീവിതങ്ങള്‍. കാഷ്വല്‍റ്റിയിലും ഓര്‍ത്തോയിലും സര്‍ജറിയിലും വച്ച് മദ്യം അപകടത്തില്‍ ചാടിച്ചവരും കുറവല്ലായിരുന്നു. അത്യാവശ്യം ബോധവും ചിന്തയുമുള്ള ഒരു കടുത്ത മദ്യപാനിക്കുപോലും മദ്യപാനം നിര്‍ത്താന്‍ ഇത്രയും കാരണങ്ങള്‍ ധാരാളം മതിയെന്ന് കരുതുന്നു..

അല്‍പം സ്വന്തം അനുഭവം പറയാം. ഞാനൊരു വലിയ സംഭവമാണെന്ന് കാണിക്കാനല്ല. അങ്ങനൊരു തെറ്റിദ്ധാരണ ആര്‍ക്കും വേണ്ട. പക്ഷേ മദ്യം ഉത്തരമായിപ്പറയുന്ന പലതും വെറും സാധാരണക്കാരനായ എനിക്ക് പോലും മദ്യമില്ലാതെ മറികടക്കാന്‍ പറ്റിയെന്ന് ഉദാഹരിക്കാനായി മാത്രം..

1. ലഹരി - മദ്യപാനം നല്‍കുന്ന യൂഫോറിയയും ഇന്‍ഹിബിഷനില്ലായ്മയും ആസ്വദിക്കാന്‍ വേണ്ടിയാണ് ചിലരെങ്കിലും മദ്യപിക്കുന്നത്. പണ്ട് ഒരു അന്തര്‍മുഖനായിരുന്നു ഞാന്‍. ആളുകളുമായി സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും അടുത്തിടപഴകിത്തുടങ്ങിയപ്പോള്‍ അതിനൊരു മാറ്റം വന്നു.

ശരിയെന്ന് തോന്നുന്നത് ആരുടെയും മുഖത്ത് നോക്കിപ്പറയാമെന്നും അതിലൊരു തെറ്റുമില്ലെന്നും മനസിലാക്കി. അതുകൊണ്ട് തന്നെ ധൈര്യത്തിന് എനിക്ക് ഒരു ലഹരിയുടെയും ആവശ്യമില്ലെന്ന് പറയാന്‍ കഴിയും.

2. പരാജയങ്ങള്‍ - തോല്‍വി ഒരു സമയത്ത് ഒരു ശീലമായിരുന്നു. അങ്ങനെ അതിനോടുള്ള പേടിയും പോയി. തോല്‍ക്കുന്നതിലും വലിയ കുറ്റകൃത്യം ശ്രമിക്കാതിരിക്കുന്നതാണെന്നും തോല്‍ക്കുന്നതിനെ പേടിക്കേണ്ടെന്നും മനസിലായി..

അതുകൊണ്ടുതന്നെ തോല്‍ക്കുന്നതുകൊണ്ട് മദ്യപാനം തുടങ്ങണമെന്ന് ഇതുവരെ തോന്നിയിട്ടില്ല. തോറ്റതുകൊണ്ട് നിരാശ തോന്നാനുള്ള ബോധം ഇല്ലാത്തതും കാരണമാവും.

3. കമ്പനിക്ക് - സുഹൃത്തുക്കളെ ഉണ്ടാക്കാനോ നിലനിര്‍ത്തിപ്പോരാനോ ഒരു മദ്ധ്യവര്‍ത്തിയുടെ, മദ്യത്തിന്റെ ആവശ്യം ഇത് വരെ ഫീല്‍ ചെയ്തിട്ടില്ല. ഒരുപാട് അടുത്ത സുഹൃത്തുക്കളൊന്നും എനിക്കില്ല. പക്ഷേ ഉള്ളവര്‍ മദ്യത്തിന്റെ പുറത്തുള്ള സൗഹൃദമല്ല.

കല്യാണത്തലേന്ന് മദ്യം വിളമ്പിയിരുന്നില്ല. എന്നുവച്ച് വീട്ടില്‍ അന്ന് ആരും വരാതെയിരുന്നില്ല. അനിയന്റെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സുഹൃത്തുക്കളടക്കം അന്ന് വൈകിട്ട് വീട്ടിലുണ്ടായിരുന്നു.

4. ടെന്‍ഷന്‍ കുറയ്ക്കാന്‍ - ഒരുപാട് ടെന്‍ഷനുള്ള ജോലികളാണ് ചെയ്യുന്നതെല്ലാം. പക്ഷേ മദ്യപിച്ച് സുബോധം നഷ്ടമായാല്‍ തീരുന്ന ടെന്‍ഷനുകളല്ല അതൊന്നും. മിക്കതും നല്ല ക്രിസ്റ്റല്‍ ക്ലിയര്‍ ബോധം ആവശ്യപ്പെടുന്നതാണ്.

പേഴ്‌സണലായി പറഞ്ഞാല്‍ പാട്ട് നല്ല സ്‌ട്രെസ് ബസ്റ്ററാണ്. പ്രത്യേകിച്ച് ഓരോ സന്ദര്‍ഭത്തിലും യോജിക്കുന്ന അര്‍ഥവത്തായ പാട്ടുകളുണ്ട്. ചിലപ്പൊ ബാക് ഗ്രൗണ്ട് സ്‌കോറുകള്‍ മാത്രം (ബ്രേവ് ഹാര്‍ട്ട്, ഗ്ലാഡിയേറ്റര്‍ ഒക്കെ...ഹാന്‍സ് സിമ്മര്‍ ഒരു ലെജന്‍ഡാണ്) കേള്‍ക്കും..അതല്ലെങ്കില്‍ ആനിമേഷന്‍ സിനിമകള്‍..ഇതൊന്നുമല്ലെങ്കില്‍ മനസ് തുറക്കാന്‍ അടുപ്പമുള്ള ഒരുപിടി ആളുകളുണ്ടാവും..

ഇനി ഇത്രയൊക്കെ കേട്ടിട്ടും ന്യായീകരിക്കാന്‍ തോന്നുന്നുണ്ടോ? ആല്‍ക്കഹോള്‍ യൂസ് ഡിസോര്‍ഡര്‍ ( Alcohol use disorder - മുന്‍പ് ' Alcohol abuse ' എന്നും ' Alcohol Dependence ' എന്നും രണ്ടായി തിരിച്ചിരുന്നത് ) ഉണ്ടോ എന്നറിയാനുള്ള ക്രൈറ്റീരിയ പറയാം. അതുകൂടെ വായിച്ചോളൂ.

കഴിഞ്ഞ ഒരു വര്‍ഷത്തെ സംഭവങ്ങള്‍ ഓര്‍മയില്‍ വച്ചുകൊണ്ട് താഴേക്ക് വായിക്കുക..

1. കഴിഞ്ഞ വര്‍ഷം നിങ്ങള്‍ വിചാരിച്ചതിലും കൂടുതല്‍ നേരം അല്ലെങ്കില്‍ കൂടുതല്‍ അളവ് മദ്യപിച്ച സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടോ?

2. കഴിഞ്ഞ വര്‍ഷം മദ്യപാനം കുറയ്ക്കണമെന്നോ നിര്‍ത്തണമെന്നോ ഒന്നിലധികം തവണ ആഗ്രഹിക്കുകയോ ശ്രമിക്കുകയോ ചെയ്യുകയോ അതിനു കഴിയാതെ വരികയും ചെയ്തിട്ടുണ്ടോ?

3. കഴിഞ്ഞ വര്‍ഷം മദ്യപാനത്തിനായി ഏറെ സമയം ചിലവഴിക്കുകയുണ്ടായോ? മദ്യപാനം മൂലം രോഗാവസ്ഥയിലാവുകയോ മറ്റ് പ്രത്യാഘാതങ്ങളുണ്ടാവുകയും ചെയ്തിട്ടുണ്ടോ?

4. മദ്യപിക്കണമെന്ന ആഗ്രഹം മൂലം മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായോ? കഴിഞ്ഞ വര്‍ഷം അത്തരം സന്ദര്‍ഭങ്ങളുണ്ടായോ?

5. കഴിഞ്ഞ വര്‍ഷം മദ്യപാനത്താലോ അതുകൊണ്ടുണ്ടാവുന്ന രോഗങ്ങളാലോ വീടിനെ ശ്രദ്ധിക്കുന്നതില്‍ വീഴ്ചയുണ്ടാവുന്നതായി ശ്രദ്ധയില്‍പ്പെട്ടോ? സ്‌കൂളിലോ ജോലിസ്ഥലത്തോ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടോ?

6. വീട് / സുഹൃത്തുക്കള്‍ എന്നിവയുമായി പ്രശ്‌നങ്ങളുണ്ടായിട്ടും മദ്യപാനം തുടര്‍ന്നോ?

7. ആഹ്ലാദം തന്നുകൊണ്ടിരുന്ന / പ്രധാനപ്പെട്ടവയായിരുന്ന മറ്റ് പ്രവൃത്തികള്‍ മദ്യപാനം മൂലം വെട്ടിക്കുറയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തിട്ടുണ്ടോ?

8. മദ്യപാനത്തിനു ശേഷം അപകടസാദ്ധ്യത ഉയര്‍ന്ന സന്ദര്‍ഭങ്ങളുണ്ടായിരുന്നോ? - ഡ്രൈവ് ചെയ്യുക, നീന്തുക, മെഷിനറികള്‍ പ്രവര്‍ത്തിപ്പിക്കുക, അപകടസാദ്ധ്യതയുള്ള മേഖലയിലൂടെ നടക്കുക, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക.

9. ഒരു രോഗാവസ്ഥ വഷളാക്കുക, ഡിപ്രഷനോ ആങ്ങ്‌സൈറ്റിയോ ഉണ്ടാവുക, ഓര്‍മക്കുറവുണ്ടാവുക എന്നിവയിലേതെങ്കിലുമുണ്ടായിട്ടും മദ്യപാനം തുടരുന്ന അവസ്ഥയുണ്ടായോ?

10. സാധാരണ ലഭിക്കുന്ന എഫക്റ്റ് കിട്ടാന്‍ കൂടുതല്‍ മദ്യപിക്കേണ്ടതായി വരുന്നുണ്ടോ? അല്ലെങ്കില്‍ ഇപ്പോഴുള്ള അത്ര അളവ് കഴിച്ചിട്ടും മുന്‍പുള്ളത്ര എഫക്റ്റ് കിട്ടുന്നില്ല എന്ന് അനുഭവപ്പെടുന്നുണ്ടോ?

11. മദ്യത്തിന്റെ എഫക്റ്റ് ഇല്ലാതാവുമ്പോള്‍ വിത് ഡ്രോവല്‍ ലക്ഷണങ്ങള്‍ ഉണ്ടാവുന്നുണ്ടോ? വിറയല്‍, ഉറക്കമില്ലായ്മ, ഓക്കാനം, നെഞ്ചിടിപ്പ് കൂടുന്ന അവസ്ഥ, വിയര്‍ക്കല്‍, ഫിറ്റ്‌സ് / അപസ്മാരം, അല്ലെങ്കില്‍ ഇല്ലാത്ത വസ്തുക്കളോ കാര്യങ്ങളോ ഉളളതായിത്തോന്നല്‍ ഇവ.

ഈ പതിനൊന്നെണ്ണത്തില്‍ 2-3 ലക്ഷണങ്ങളുണ്ടെങ്കില്‍ ലഘുവായ ആല്‍ക്കഹോള്‍ യൂസ് ഡിസോര്‍ഡറും 4-5 ലക്ഷണങ്ങളുണ്ടെങ്കില്‍ മോഡറേറ്റ് ആല്‍ക്കഹോള്‍ യൂസ് ഡിസോര്‍ഡറും 6 ല്‍ കൂടുതലാണെങ്കില്‍ ഗുരുതര ആല്‍ക്കഹോള്‍ യൂസ് ഡിസോര്‍ഡറുമുണ്ടാവാം...

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട

click me!