ശ്രീലക്ഷ്മി ബിഗ് ബോസ് വീട്ടില്‍ നേരിട്ട വലിയ പ്രതിസന്ധി ഏതായിരുന്നു?  ബിഗ് ബോസ് റിവ്യൂ സുനിതാ ദേവദാസ് എഴുതുന്നു

ജീവിതകാലം മുഴുവന്‍ ഒറ്റക്ക് പൊരുതി നിന്ന കല എന്ന കരുത്തയായ അമ്മയുടെ മകള്‍ ആണ് ശ്രീലക്ഷ്മി. അതിനുമപ്പുറം അവളുടെ ജീവിതവും അവള്‍ കഠിനമായി പ്രയത്‌നിച്ചു സ്വന്തമാക്കിയത് തന്നെയാണ്. അവളെ നമുക്ക് ശ്രീലക്ഷ്മി ശ്രീകുമാര്‍ എന്ന് വിളിക്കാം. അതിനപ്പുറം 'അച്ഛന്റെ പേര് ചീത്തയാക്കല്ലേ' എന്ന് ക്രൂരമായ നിഷ്‌കളങ്കതയോടെ ഓര്‍മ്മിപ്പിക്കാന്‍ ആര്‍ക്കും ഒരവകാശവും ഇല്ല. 

ശ്രീലക്ഷ്മി ശ്രീകുമാര്‍ ബിഗ് ബോസ് വീട്ടില്‍ എത്തിയത് മുതല്‍ ജഗതി ശ്രീകുമാറും ആ വീട്ടിനുള്ളില്‍ ഉണ്ട്. പല ചര്‍ച്ചകളില്‍, അഭിപ്രായ പ്രകടനങ്ങളില്‍, ഉപദേശങ്ങളില്‍. ഒടുക്കം എലിമിനേഷന്‍ എപ്പിസോഡില്‍ ശ്രീലക്ഷ്മി ഗെയിമില്‍ നിന്നും പുറത്തായി. ശ്രീലക്ഷ്മി ഗെയിമില്‍ നിന്നും പുറത്താകാനുള്ള കാരണം ജഗതി ശ്രീകുമാര്‍ ആണെന്ന് കരുതാമോ? 

ശ്രീലക്ഷ്മിയെ അവിടത്തെ ഓരോ മത്സരാര്‍ത്ഥിയും കണ്ടത് ജഗതി ശ്രീകുമാറിന്റെ മകള്‍ എന്ന നിലയില്‍ ആണ്. മകള്‍ എന്നു മാത്രം മതിയോ അതോ അതിനു മുമ്പ്് 'അനര്‍ഹയായ മകള്‍' എന്ന് ചേര്‍ക്കേണ്ടതുണ്ടോ എന്ന നിലയിലേക്കാണ് ബിഗ് ബോസില്‍ കാര്യങ്ങള്‍ പോയത്. മറ്റൊരു മത്സരാര്‍ത്ഥിയുടെയും മാതാപിതാക്കള്‍ ആ വീട്ടില്‍ ചര്‍ച്ച ആയില്ല. 

എന്നാല്‍ ശ്രീലക്ഷ്മി തുമ്മിയാലും തുപ്പിയാലും ഒക്കെ ജഗതി ശ്രീകുമാര്‍ അവിടെ പ്രത്യക്ഷപ്പെട്ടു. അവസാന എപ്പിസോഡിലും ശ്രീലക്ഷ്മി കരഞ്ഞാണ് പടിയിറങ്ങിയത്, എന്തിനെന്റെ അച്ഛനെ ഇതിലേക്കൊക്കെ വലിച്ചിഴക്കുന്നുവെന്നു ചോദിച്ചു കൊണ്ട്. എന്റെ എല്ലാ നെഗറ്റിവിറ്റിയിലും അച്ഛനെ പറയുന്ന നിങ്ങള്‍ എന്ത് കൊണ്ട് ഞാന്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അച്ഛനെ പറയുന്നില്ല എന്നായിരുന്നു ശ്രീലക്ഷ്മിയുടെ ചോദ്യം.

നിങ്ങളാരാണ് എന്നതാണ് ജീവിതത്തില്‍ ഒരു മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ ചോദ്യം. 

ശ്രീലക്ഷ്മി ഓര്‍മ്മ വച്ചപ്പോള്‍ മുതല്‍ ഈ ചോദ്യം നേരിടുന്നുണ്ടാവും. ജഗതി ശ്രീകുമാര്‍ ആക്‌സിഡന്റായി ആശുപത്രിയില്‍ കിടന്നപ്പോഴാണ് ശ്രീലക്ഷ്മി താന്‍ ജഗതിയുടെ മകളാണ് എന്ന് പറഞ്ഞു രംഗത്ത് വരികയും അത് സ്ഥാപിച്ചു കിട്ടാന്‍ യുദ്ധം ചെയ്യുകയും ഒക്കെ ചെയ്തത്. അതിനും മുമ്പ്് തന്നെ ജഗതി ഒരഭിമുഖത്തില്‍ ശ്രീലക്ഷ്മി എന്നൊരു മകള്‍ തനിക്കുണ്ടെന്ന തുറന്നു പറഞ്ഞിരുന്നു. അങ്ങനെയൊക്കെയാണ് ശ്രീലക്ഷ്മിയെ ജഗതിയുടെ മകളായി മലയാളികള്‍ അംഗീകരിച്ചത് . എന്നാല്‍ അന്ന് മുതല്‍ അവള്‍ മറ്റൊന്നു കൂടി സഹിക്കേണ്ടി വന്നിരിക്കണം. താന്‍ എന്ത് ചെയ്താലും അതെല്ലാം ജഗതിയുമായി കൂട്ടിക്കെട്ടുന്ന മറ്റുള്ളവരുടെ നിലപാടുകള്‍. 

അനൂപ് ചന്ദ്രന്‍ അടക്കമുള്ള പലരും ശ്രീലക്ഷ്മിയെ പലപ്പോഴും ഉപദേശിക്കുന്നുണ്ട്. 'നീ വലിയ ഒരാളുടെ മകളാണ്. അത് മറക്കരുത്. അതിനനുസരിച്ചു പെരുമാറൂ' എന്നൊക്കെ. ഒരു മനുഷ്യന് ജീവിതത്തില്‍ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ ഗതികേട് തന്നെയാണ് ശ്രീലക്ഷ്മി ബിഗ് ബോസ് വീട്ടില്‍ അനുഭവിച്ചത് . 

അവിടെയാണ് ജഗതി ശ്രീകുമാറിനെ പറഞ്ഞുപറഞ്ഞ് അവളെ ശ്വാസം മുട്ടിക്കുന്നത്. 

ശ്രീലക്ഷ്മി എന്ന ഐഡന്റിറ്റിയില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന അവളെ ജഗതിയുടെ രണ്ടാം വിവാഹത്തിലെ മകള്‍ മാത്രമാക്കി ഇമോഷണല്‍ ബ്ലാക്ക് മെയിലിങ് ചെയ്യുന്നതില്‍ പലരും പലപ്പോഴും വിജയിച്ചു എന്ന് തന്നെ പറയേണ്ടി വരും. 

നമുക്ക് ഇപ്പോഴും മടിയാണല്ലേ ഇത്തരം കാര്യങ്ങളൊക്കെ അംഗീകരിക്കാന്‍. രണ്ടു വിവാഹം ശരിയോ തെറ്റോ, ജഗതി ചെയ്തത് ശരിയോ എന്നതിനൊക്കെ അപ്പുറം ഇപ്പൊ ഇത് ശ്രീലക്ഷ്മിയുടെ ജീവിതമാണ്. അവിടെയാണ് ജഗതി ശ്രീകുമാറിനെ പറഞ്ഞുപറഞ്ഞ് അവളെ ശ്വാസം മുട്ടിക്കുന്നത്. 

'The fathers have eaten a sour grape and the children's teeth are set on edge' എന്ന് ബൈബിള്‍ മുതല്‍ അച്ഛന്റെ പ്രസക്തി എടുത്ത് പറയുന്നുണ്ട്. അച്ഛന് ഒരു ഒറ്റ പെണ്‍കുട്ടിയുടെ ജീവിതത്തില്‍ ഏറെ സ്വാധീനം ഉണ്ടായിരിക്കും. അവളുടെ വളര്‍ച്ചയുടെ ഘട്ടത്തിലൊക്കെ അച്ഛന്റെ സ്വാധീനം വന്നും പോയും ഇരുന്നിട്ടുണ്ടാവും . ആ നിലയ്ക്ക്, ശ്രീലക്ഷ്മിയ്ക്കും അച്ഛന്‍ ജീവിതത്തിലെ സാന്നിധ്യമാവും ഉറപ്പ്. 

എന്നാല്‍ ശ്രീലക്ഷ്മി അതു മാത്രമല്ല. അസാമാന്യമായ കരുത്തോടെ ജീവിതത്തെ നേരിട്ട ഒരു പെണ്‍കുട്ടി കൂടിയാണ്. 16 വയസ്സ് വരെ അവള്‍ രാജകുമാരിയായിരുന്നു. അച്ഛന്റെയും അമ്മയുടെയും ചെല്ലക്കുട്ടി. അവള്‍ തന്നെ പറയുന്നത് പോലെ 'വായില്‍ സ്വര്‍ണ സ്പൂണുമായി ജനിച്ചവള്‍. 'അച്ഛന്റെ അഭിമുഖം എവിടെയെങ്കിലും വരുമ്പോള്‍ മാത്രമാണ് അതില്‍ എന്റെ പേരില്ലാത്തത് എന്താണ് എന്ന് ഞാന്‍ ആലോചിച്ചിട്ടുള്ളത്' എന്ന് ശ്രലക്ഷ്മി പറഞ്ഞിട്ടുണ്ട്. 

എങ്കിലും അവള്‍ക്ക് സുരക്ഷിതമായ ഒരു ജീവിതമുണ്ടായിരുന്നു. ജീവിതകാലം മുഴുവന്‍ ഒറ്റക്ക് പൊരുതി നിന്ന കല എന്ന കരുത്തയായ അമ്മയുടെ തണലുണ്ടായിരുന്നു അവള്‍ക്ക്. തോല്‍ക്കാതെ ആ ചെറിയ പ്രായം മുതല്‍ അധ്വാനിച്ചു ജീവിതം മുന്നോട്ട് കൊണ്ട് പോയവളാണ് ശ്രീലക്ഷ്മി. എന്നാല്‍, അവള്‍ നേരിട്ട പ്രതിസന്ധികള്‍ ചെറുതായിരുന്നില്ല.

ജഗതി വാഹനാപകടത്തില്‍ പെട്ട് സംസാരശേഷിയും ഒരു പരിധി വരെ ചലന ശേഷിയും നഷ്ടപ്പെട്ടപ്പോഴാണ് ശ്രീലക്ഷ്മി ജീവിതം എന്താണെന്ന് അറിഞ്ഞത് . അച്ഛനെ കാണാന്‍ പറ്റുന്നില്ല. എന്ത് ചെയ്യണമെന്ന് അറിയില്ല. സമൂഹത്തിന്റെ അംഗീകാരമോ നിയമപരിരക്ഷയോ ഇല്ലാത്ത, ഔദ്യോഗികമായി ഒന്നും അവകാശപ്പെടാനില്ലാത്ത, ഒരമ്മയും മകളും എന്തൊക്കെ അനുഭവിക്കേണ്ടി വരുമോ അതു മുഴുവന്‍ അനുഭവിക്കേണ്ടി വന്നു. ജഗതിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍, അപകടം, തുടര്‍ന്നുണ്ടായ കുടുംബപ്രശ്‌നങ്ങള്‍, കേസുകള്‍, കോടതി. ഒന്നു പ്രതിരോധിക്കാന്‍ പോലും കഴിയാത്ത അച്ഛന്‍. 

പ്രശസ്തനായ ഒരു മനുഷ്യന്റെ അനൗദ്യോഗിക ഭാര്യയും മകളുമായി കേരളീയ സമൂഹത്തില്‍ ജീവിക്കേണ്ടി വരുന്ന ഒരമ്മയും മകളും അനുഭവിക്കാവുന്നതൊക്കെ അവര്‍ അനുഭവിച്ചിട്ടുണ്ട് . അപകടത്തിനു ശേഷം അദ്ദേഹത്തിനു സംസാരിക്കാനും പ്രതികരിക്കാനും കഴിയാതെ വരുമ്പോള്‍, തിരസ്‌ക്കരിക്കപ്പെടുമ്പോള്‍, ജാരസന്തിയെന്ന് മുദ്രകുത്തപ്പെടുമ്പോള്‍...എല്ലായ്‌പ്പോഴും അവള്‍ പൊരുതുകയായിരുന്നു. 

ഡി എന്‍ എ ടെസ്റ്റു പോലും ആവശ്യപ്പെടുന്ന സമൂഹം. പരിഹാസം, കുത്തുവാക്ക്, കുറ്റപ്പെടുത്തല്‍, ഒറ്റപ്പെടുത്തല്‍, അവഗണന. ഇതൊക്കെ ഒറ്റക്കു നേരിട്ടാണ് 16 വയസ്സ് മുതലുള്ള അവളുടെ ജീവിതം. എന്നാല്‍ അവള്‍ അഭിമാനത്തോടെ തലയുയുയര്‍ത്തി തന്നെ നിന്നു. അദ്ധ്വാനിച്ചു ജീവിച്ചു. ജഗതിയുടെ മകള്‍ എന്ന നിലയിലല്ലാതെ തന്നെ അഭിനേത്രി എന്ന നിലയിലും അവതാരക എന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അതിനിടയില്‍ രാഷ്ട്രീയത്തിലും ഒരു കൈ നോക്കി . എം.ജി സര്‍വകലാശാല സെനറ്റിലേയ്ക്ക് കെ എഎസ് യുവില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു.

അതിനു ശേഷം കഴിഞ്ഞ രണ്ടു വര്‍ഷമായി മസ്‌കറ്റില്‍ ജോലി നോക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീലക്ഷ്മി ബിഗ് ബോസ് വീട്ടില്‍ എത്തുന്നത് . സ്വാഭാവികമായും ജഗതിയുടെ അഡ്രസ് ഒന്നും അവള്‍ക്ക് അവിടെ ആവശ്യമില്ല. ജഗതിയുടെ മറ്റൊരു മകളായ പാര്‍വതി ഷോണിനെ നമ്മളാരും ഇടയ്ക്കിടെ ജഗതിയുടെ മകളാണെന്നും അതിനനുസരിച്ചു പെരുമാറണമെന്നും ഓര്‍മിപ്പിക്കാറില്ല. എന്നാല്‍, നിരന്തര അപമാനങ്ങളിലൂടെ ജീവിതം കരയ്ക്കു കയറ്റിയ ശ്രീലക്ഷ്മിയെ ബിഗ് ബോസ് ജഗതിയുടെ മകളാണെന്നും അതിനനുസരിച്ചു പെരുമാറണമെന്നും
ഓര്‍മ്മിപ്പിച്ചു.

ഇവിടെയാണ് ശരാശരി മലയാളിയുടെ സദാചാരം പുറത്തേക്ക് വരുന്നത് .

ഇവിടെയാണ് ശരാശരി മലയാളിയുടെ സദാചാരം പുറത്തേക്ക് വരുന്നത് .

'ജഗതിയുടെ മകളാണ് നീ. അദ്ദേഹത്തിന്റെ പേര് കളയരുത്' എന്നൊക്കെ എത്ര നിഷ്‌കളങ്കമായി പറഞ്ഞാലും, അനൂപ് ചന്ദ്രന്‍ പരോക്ഷമായി അര്‍ത്ഥമാക്കുന്നത് എന്തൊക്കെയാവാം? അല്ലെങ്കില്‍ ഉള്ളില്‍ കാലങ്ങളായി ഉറങ്ങി കിടക്കുന്ന എന്തൊക്കെ ആവും പുറത്തു വരുന്നത്?

സദാചാരത്തില്‍ അധിഷ്ഠിതമായ ഒരു അസഹ്യത തന്നെയാണ് പ്രധാന കാര്യം. ജഗതി ഞങ്ങളുടെയാണ്. രണ്ടാം കെട്ടിലെ നിന്നെ മകളായി ഒക്കെ അംഗീകരിക്കുന്നത് ഞങ്ങളുടെ ഔദാര്യമാണ് എന്ന മട്ട്. അതിനപ്പുറം അറിഞ്ഞോ അറിയാതെയോ ശ്രീലക്ഷ്മിയുടെ വ്യക്തിത്വത്തെ അംഗീകരിക്കാതിരിക്കാനുള്ള ശ്രമം. ശ്രീലക്ഷ്മി തന്നെ എടുത്തു പറയുന്നത് പോലെ, അവള്‍ ഒരു നല്ല കാര്യം ചെയ്യുമ്പോഴും ഇവരാരും 'മിടുക്കി, അച്ഛന്റെ മകള്‍ തന്നെ' എന്ന് അഭിനന്ദിക്കുന്നില്ല . എന്നാല്‍ മനുഷ്യസഹജമായ ചെറിയ വീഴ്ചകള്‍ക്ക് പോലും അവര്‍ അവളെ അച്ഛനെ ഓര്‍മിപ്പിക്കുന്നു.

ജീവിതകാലം മുഴുവന്‍ ഒറ്റക്ക് പൊരുതി നിന്ന കല എന്ന കരുത്തയായ അമ്മയുടെ മകള്‍ ആണ് ശ്രീലക്ഷ്മി.

ജഗതിയുടെ മകള്‍ എന്ന് അംഗീകരിക്കപ്പെടാന്‍ ശ്രീലക്ഷ്മി നടത്തിയ പോരാട്ടങ്ങളൊക്കെ ജൈവികമായ നിലനില്‍പ്പിനു വേണ്ടിയായിരുന്നു. എന്നാല്‍ ഇത് പോലൊരു മത്സര വേദിയില്‍ അവളെ കൂടെയുള്ളവര്‍ അതോര്‍്മിപ്പിക്കുന്നത് അവളെ ദുര്‍ബലപ്പെടുത്താന്‍ തന്നെയാണ്. 

സോഷ്യല്‍ ഐഡന്റിറ്റി തിയറി പ്രകാരം ഒരു വ്യക്തിയുടെ ആത്മാഭിമാനവും ആത്മവിശ്വാസവും നിലകൊള്ളുന്നത് താന്‍ ഏത് സോഷ്യല്‍ ഐഡന്റിറ്റിയില്‍ അറിയപ്പെടുന്നുവെന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് . സോഷ്യല്‍ കാറ്റഗറൈസേഷന്‍, സോഷ്യല്‍ ഐഡന്റിഫിക്കേഷന്‍, സോഷ്യല്‍ കമ്പാരിസണ്‍ എന്ന നിലയിലാണ് ഇതിന്റെ സഞ്ചാരം. 

ബിഗ് ബോസ് എന്ന വീട്ടില്‍ മറ്റെല്ലാവരും മത്സരാര്‍ത്ഥികളും തന്നെ മാത്രം ജഗതിയുടെ മകളും ആക്കുന്ന വിവേചനം അതിനാല്‍, ശ്രീലക്ഷ്മിയെ അസ്വസ്ഥതപെടുത്തുക തന്നെ ചെയ്യും. ഒരു വ്യക്തിയെ അപമാനിക്കാന്‍ എങ്ങനെയൊക്കെ അവളുടെ ഐഡന്റിറ്റിയെ ഉപയോഗിക്കാമെന്നതാണ് ബിഗ് ബോസ വീട്ടുകാര്‍ ആരാഞ്ഞത്.

ജീവിതകാലം മുഴുവന്‍ ഒറ്റക്ക് പൊരുതി നിന്ന കല എന്ന കരുത്തയായ അമ്മയുടെ മകള്‍ ആണ് ശ്രീലക്ഷ്മി. അതിനുമപ്പുറം അവളുടെ ജീവിതവും അവള്‍ കഠിനമായി പ്രയത്‌നിച്ചു സ്വന്തമാക്കിയത് തന്നെയാണ്. അവളെ നമുക്ക് ശ്രീലക്ഷ്മി ശ്രീകുമാര്‍ എന്ന് വിളിക്കാം. അതിനപ്പുറം 'അച്ഛന്റെ പേര് ചീത്തയാക്കല്ലേ' എന്ന് ക്രൂരമായ നിഷ്‌കളങ്കതയോടെ ഓര്‍മ്മിപ്പിക്കാന്‍ ആര്‍ക്കും ഒരവകാശവും ഇല്ല. 

ബിഗ് ബോസ് റിവ്യൂ. രഞ്ജിനി ഹരിദാസ്

ബിഗ് ബോസ് റിവ്യൂ.ശ്വേതാ മേനോന്‍

ബിഗ് ബോസ് റിവ്യൂ.തരികിട സാബു

ബിഗ് ബോസ് റിവ്യൂ.പേളി മാണി

ശ്വേതയും രഞ്ജിനിയും അടക്കിവാഴുന്ന ഒരു 'ഫെമിനിച്ചി' വീടാണോ ബിഗ് ബോസ്​

ശ്വേതയുടെ മാടമ്പിത്തരത്തിന് താല്‍ക്കാലിക അറുതി?

ബിഗ്‌ബോസിനും മലയാളിക്കും ഹിമയെ മനസ്സിലാവാത്തതിന്റെ കാരണങ്ങള്‍

ബിഗ് ബോസിലെ പേളി ഫേക്കാണോ?