ഈ രോഗികളെ ഇനി എന്ത് ചെയ്യണം; ആരോഗ്യ മന്ത്രിക്ക് ഒരു തുറന്ന കത്ത്

By വിപിന്‍ പാണപ്പുഴFirst Published Jun 17, 2017, 2:56 PM IST
Highlights

ബഹുമാന്യയായ ആരോഗ്യ മന്ത്രി അറിയാന്‍

ഞാന്‍ ഒരു മാധ്യമപ്രവര്‍ത്തകനാണ്. കഴിഞ്ഞ ദിവസങ്ങളില്‍, വ്യക്തിപരമായി ഞാന്‍ ചെന്നുപെട്ട ചില അനുഭവങ്ങള്‍ പങ്കുവെയ്ക്കാനാണ് ഈ കത്ത്. കടുത്ത പനി ബാധിച്ച സഹപ്രവര്‍ത്തകനുമായി മൂന്നാല് ദിവസമായി തലസ്ഥാന നഗരിയിലെ ആശുപത്രികളില്‍ ചെന്നപ്പോള്‍ അറിഞ്ഞ ഈ അനുഭവങ്ങള്‍ തിരുവനന്തപുരം നിവാസികള്‍ അനുഭവിക്കുന്ന പൊള്ളുന്ന ചില യാഥാര്‍ത്ഥ്യങ്ങളാണ് കാണിച്ചു തന്നത്. കേരളത്തിലെ മറ്റിടങ്ങളിലും അവസ്ഥ ഇതൊക്കെ തന്നെയാണ് എന്നാണ് മനസ്സിലാക്കുന്നത്. താങ്കളുടെ അടിയന്തിര ശ്രദ്ധ പതിയേണ്ട വിഷയമാണ് ഇതെന്ന പൂര്‍ണ്ണ ബോധ്യത്തിലാണ് ഈ കത്ത്. 

താങ്കള്‍ക്കും അറിയുന്നതുപോലെ, മെട്രോയുടെ വാര്‍ത്തകളുടെ തിരക്കിലായിരുന്നു കേരളത്തിലെ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍. രാജ്യത്തിന്റെ  പ്രധാനമന്ത്രി വന്ന് 13 കിലോമീറ്റര്‍ മെട്രോ ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. ആ മെട്രോയില്‍ കൂടി ജനപഥം എന്തായാലും ഒഴുകും. പക്ഷെ ജീവിതം എങ്ങോട്ടും ഒഴുകാതെ പനിക്കിടക്കയില്‍ പതക്കുകയാണ് കുറേ ജീവിതങ്ങള്‍.  മെയിലുകളായി, സ്‌ക്രോളായി എത്തുന്ന വാര്‍ത്തയ്ക്ക് അപ്പുറമാണ് ഈ നാട്ടിലെ പനിക്കോളിന്റെ യഥാര്‍ത്ഥ ചിത്രം എന്ന് അനുഭവത്തില്‍ നിന്നും മനസിലാക്കി. നിസ്സംഗമായി നോക്കി നില്‍ക്കുകയാണ് ഇവിടുത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സംവിധാനങ്ങളും എന്ന് തോന്നുന്ന തരത്തിലാണ് അനുഭവം.

ഒന്നിച്ച് താമസിക്കുന്ന സഹപ്രവര്‍ത്തകന് പനിവന്നതോടെതോടെയാണ് ഈ പൊള്ളുന്ന അനുഭവത്തിലേക്ക് ഞാനും സുഹൃത്തുക്കളും എടുത്തെറിയപ്പെട്ടത്. വ്യാഴാഴ്ചയാണ് അവന് കലശലായ പനി ബാധിച്ചത്, ആദ്യം ജനറല്‍ ഹോസ്പിറ്റലില്‍ പോയി മരുന്നു വാങ്ങി വീട്ടിലെത്തി. എന്നാല്‍ പനി ഒട്ടും കുറഞ്ഞില്ല. ശാസ്തമംഗലത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി, പത്തഞ്ഞൂറ് രൂപയുടെ ഡ്രിപ്പും, ഇഞ്ചക്ഷനും വച്ച് പനി തണുത്തു. നാളെ രക്തം ടെസ്റ്റ് ചെയ്‌തോ എന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. അത് കുറിപ്പടിയില്‍ റഫറലിനോടൊപ്പം എഴുതിയിട്ടുണ്ടാകും എന്നാണ് പ്രതീക്ഷിച്ചത്. രാത്രിയില്‍ സമീപ പ്രദേശങ്ങളില്‍ ഒന്നും ലാബുകള്‍ ഇല്ലാത്തതിനാല്‍. രക്ത പരിശോധന രാവിലത്തേക്ക് മാറ്റിവച്ചു. രാവിലെ ലാബില്‍ എത്തിയപ്പോഴാണ്. രക്തം ടെസ്റ്റ് ചെയ്‌തോ എന്ന് പറഞ്ഞ ഡോക്ടര്‍ അത് കുറിപ്പടിയില്‍ എഴുതിയിട്ടി മനസ്സിലായത്. 

സഹപ്രവര്‍ത്തകന് പനിവന്നതോടെതോടെയാണ് ഈ പൊള്ളുന്ന അനുഭവത്തിലേക്ക് ഞാനും സുഹൃത്തുക്കളും എടുത്തെറിയപ്പെട്ടത്.

അങ്ങനെയാണ് ഇടപ്പഴഞ്ഞിയിലെ എസ്.കെ ഹോസ്പിറ്റലില്‍ എത്തി കാഷ്വാലിറ്റിയിലെ ഡോക്ടറെ കണ്ട് രക്തപരിശോധന കുറിപ്പടി വാങ്ങി, രക്തം പരിശോധിക്കാന്‍ കൊടുത്തത്. കാഷ്വാലിറ്റി ഡോക്ടറുടെ നിര്‍ദേശ പ്രകാരം ജനറല്‍ മെഡി. ഡോക്ടറെ കാണുവാന്‍ ഒപി ടിക്കറ്റ് എടുത്തു. 11 മണിക്ക് വരുമെന്ന് പ്രതീക്ഷിച്ച ഡോക്ടര്‍ എത്തിയത് സമയം വൈകി.  വാര്‍ഡുകളില്‍ റൗണ്ടിന് പോയ ഡോക്ടറും അവിടെ തിങ്ങിനിറഞ്ഞ പനിബാധിതര്‍ക്കിടയിലായിരുന്നു. സുഹൃത്ത് തളര്‍ന്ന് അവശനായിരുന്നു. ഈ അവശത കണ്ട് രണ്ട് തവണ നേഴ്‌സിനെ സമീപിച്ചതിനാല്‍ അവര്‍ക്ക് ദയ തോന്നി ടോക്കണ്‍ ആദ്യം വിളിച്ചു.

തല ഉയര്‍ത്താന്‍ കഴിയാത്ത അവനെ അകത്ത് കയറ്റി കിടത്തി. ഡോക്ടര്‍ വന്ന് നോക്കി അഡ്മിറ്റ് എന്ന് എഴുതി പേപ്പര്‍ ഒക്കെ പൂരിപ്പിച്ചു. വീല്‍ചെയര്‍ വന്ന് ഇപ്പോള്‍ കൊണ്ടുപോകും എന്ന് പറഞ്ഞ് ഞങ്ങള്‍ പുറത്തിറങ്ങി നിന്നു. വീണ്ടും അരമണിക്കൂര്‍ കാത്തിരിപ്പ്. വീല്‍ചെയര്‍ വന്നില്ല. അതിനിടയില്‍ മൂന്നു തവണ ഞാന്‍ കയറി നേഴ്‌സിനോട് കാര്യം തിരക്കി. ഒടുവില്‍ ഏതോ വഴിക്ക് പോകുന്ന വീല്‍ ചെയര്‍ വിളിച്ച് കൊണ്ടുവന്നപ്പോള്‍ ഡോക്ടര്‍ അകത്തേക്ക് വിളിപ്പിച്ചു പറഞ്ഞു: 'ക്ഷമിക്കണം ഇവിടെ ഒരു ബെഡും ഒഴിവില്ല, കാഷ്യലിറ്റിയില്‍ പോലും ബെഡ് ഒഴിവില്ല നിങ്ങള്‍ക്ക് വേറെ എവിടെയെങ്കിലും പോകാം'.

അകെ അന്തം വിട്ടുപോയി. അവനാണെങ്കില്‍ പനി കൂടിക്കൊണ്ടിരുന്നു. ഈ അവസരത്തില്‍ സഹപ്രവര്‍ത്തകരെ ബന്ധപ്പെട്ടു. അവര്‍ എത്തി  കിംസ് ആശുപത്രിയില്‍ പോകാം എന്നായി.  അങ്ങനെ ടാക്‌സി വിളിച്ച് അവനെയും കൊണ്ട് അവിടെ എത്തുമ്പോള്‍. പട പേടിച്ച് പന്തളത്ത് ചെന്ന അവസ്ഥ. പനിപിടിച്ചവരുടെ പടയായിരുന്നു അവിടെ. കിംസില്‍ പനിക്കേസ് എടുക്കുന്നത് നിര്‍ത്തി വച്ചിരിക്കുന്നു എന്നാണ് അറിയാന്‍ സാധിച്ചത്. അതായത് പനിയുമായി ആരും അങ്ങോട്ട് ചെല്ലേണ്ടതില്ലെന്ന്. എമര്‍ജന്‍സിക്ക് മുന്നില്‍ മണിക്കൂറിലേറെ അവനുമായി ഇരുന്നു. ഒരു പാട് രോഗികള്‍ അതുപോലെ അവശനിലയില്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. മറ്റു കുറേ പേര്‍ തങ്ങളുടെ ഊഴം എപ്പോഴെങ്കിലും വരുമെന്ന പ്രതീക്ഷിച്ച് ചുറ്റും നിര്‍ത്തിയിട്ട വണ്ടികളില്‍ ഇരിക്കുന്നു. പുറത്തു തളര്‍ന്ന നിലയില്‍ കാത്തിരിക്കുന്ന രോഗികളെ ഒരു ജൂനിയര്‍ ഡോക്ടരും, ഒന്ന് രണ്ട് നേഴ്‌സിംഗ് സ്റ്റാഫും പുറത്തേക്കു വന്ന് നടന്ന് നോക്കുന്നു. എന്നിട്ട് രോഗികളെ എടുക്കുന്നില്ലെന്ന് പറയുന്നു. അവരുടെ ഭാഗത്ത് നിന്ന് ചിന്തിച്ചാലും ദയനീയമാണ് അവസ്ഥ. അത്രയും കൂടുതലാണ് കേസുകള്‍.

അവിടെ ഒന്നര മണിക്കൂര്‍ നിന്നു. നിവൃത്തിയില്ലാതെ,  പിന്നീട് സമീപത്തെ കോസ്‌മോ ആശുപത്രിയില്‍ എത്തി. സ്ഥിതി വ്യത്യസ്തമല്ല. അഡ്മിറ്റ് ചെയ്യാന്‍ സ്ഥലമില്ല. പക്ഷെ കാഷ്യാലിറ്റിയില്‍ ഇത്തിരി ഇടം കിട്ടി. ഡോക്ടര്‍ നോക്കി. രാത്രിയിലെ പോലെ പനി സംഹാരികള്‍ പ്രയോഗിച്ചു. ഗുളിക തന്നു. വെള്ളം കുടിക്കാന്‍ ഉപദേശം കിട്ടി. വീണ്ടും വീട്ടിലേക്ക്. ഇപ്പോള്‍ വിശ്രമം തുടരുന്നു.

പിന്നീട് ഈ അനുഭവം ഫേസ്ബുക്കില്‍ പോസ്റ്റ്  ചെയ്തപ്പോള്‍ വലിയ പ്രതികരണമാണ് ലഭിച്ചത്. അതില്‍ തിരുവനന്തപുരത്ത് തന്നെയുള്ള ചിലര്‍ ബന്ധപ്പെട്ടു ഇവര്‍ക്കെല്ലാം സമാനമായ അനുഭവമാണ് ഉണ്ടായത്. സാധാരണ ഡെങ്കിപനിയാണെങ്കില്‍ അഡ്മിറ്റ് ചെയ്തിട്ട് കാര്യമില്ലെന്ന ഉപദേശം ശരിയാണ്. പക്ഷെ പനിയാല്‍ അവശനായ ഒരു വ്യക്തിക്ക് ഡെങ്കി മാത്രമാവണമെന്നില്ല. കണ്ടുമുട്ടിയവരെല്ലാം പങ്കു വെയ്ക്കുന്ന ഒരു കാര്യമുണ്ട് -ഒരു പനിബാധിതനെങ്കിലും ഇല്ലാത്ത വീടുകള്‍ തിരുവനന്തപുരം നഗരത്തില്‍ ഇപ്പോള്‍ ഇല്ല. പോസ്റ്റ് കണ്ട് ഇന്‍ബോക്‌സില്‍ ബന്ധപ്പെട്ട ആശുപത്രി ജീവനക്കാരനായ ഒരു വ്യക്തി ഇതിനെക്കാള്‍ ഭീകരമാണ് അവസ്ഥ എന്നാണ് പറഞ്ഞത്.

ഞങ്ങള്‍ സമീപിച്ച മൂന്ന് ആശുപത്രികളും കുറഞ്ഞത്  മധ്യവര്‍ഗ്ഗത്തില്‍ പെടുന്നവരോ അതില്‍ കൂടിയ സാമ്പത്തിക സ്ഥിതിയുള്ളവരോ മാത്രം പോകുവാന്‍ സാധ്യതയുള്ള ആശുപത്രികളാണ്. പക്ഷെ അവിടെ പോലും ഒരു അവശനായ രോഗിയെ പ്രവേശിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജിലും അതീവ ഗുരുതരമാണ് അവസ്ഥ. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍, സര്‍ക്കാരും ആരോഗ്യ വകുപ്പും വിചാരിക്കുന്നതിലേക്കാള്‍ ഭീകരമാണ് അവസ്ഥ എന്ന് വ്യക്തം.

ക്ഷമിക്കണം ഇവിടെ ഒരു ബെഡും ഒഴിവില്ല, കാഷ്വാലിറ്റിയില്‍ പോലും ബെഡ് ഒഴിവില്ല നിങ്ങള്‍ക്ക് വേറെ എവിടെയെങ്കിലും പോകാം'.

യുദ്ധം നടക്കുന്ന സ്ഥലങ്ങളില്‍ പോലും ആശുപത്രി പ്രവര്‍ത്തനങ്ങള്‍ പരമാവധി നടത്താന്‍ ശ്രമിക്കാറുണ്ട്. രോഗികള്‍ക്ക് ചികില്‍സ കിട്ടുന്ന അവസ്ഥ ഉറപ്പു വരുത്താറുണ്ട്. സംഘര്‍ഷ ഭൂമികളില്‍ പോലും ഒരു രോഗിക്ക് ചികില്‍സ കിട്ടും. എന്നാല്‍, ഇവിടെ, ഈ തലസ്ഥാന നഗരിയില്‍പോലും, ചികില്‍സിക്കാന്‍ പോലും കഴിയാതെ, ഇരിക്കാനോ നില്‍ക്കാനോ കഴിയാതെ, പ്രാണവേദന സഹിച്ച് കഴിയേണ്ട ഗുരുതരമായ അവസ്ഥയിലാണ് ജനങ്ങള്‍. 

കണക്കുകള്‍ പോലും സര്‍ക്കാറിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഗുണം കണ്ടെന്ന ന്യായത്തെ സാധൂകരിക്കും എന്ന് തോന്നുന്നില്ല സംസ്ഥാനത്ത് ഇന്നലെ മൂന്നുവയസുകാരന്‍ ഉള്‍പ്പെടെ എട്ടു പേര്‍ പനിബാധിച്ചു മരിച്ചു. ഇതില്‍ അഞ്ചുമരണവും തിരുവനന്തപുരം ജില്ലയിലാണ്. ഈ വര്‍ഷം പകര്‍ച്ച വ്യാധികള്‍ ബാധിച്ച് മരിച്ചവരുടെ എണ്ണം 115 ആയി. ജാതിയോ മതമോ ലിംഗമോ പണക്കാരനോ പാവപ്പെട്ടവനോ എന്നില്ലാതെ ഒരു സംസ്ഥാനത്തെ വിഴുങ്ങുമ്പോള്‍ ഇങ്ങനെയിരുന്നാല്‍ മതിയോ? 

അതിനാല്‍, ജനങ്ങള്‍ക്കിടയില്‍, ഏറെ കാലം പ്രവര്‍ത്തിച്ച രാഷ്ട്രീയ പ്രവര്‍ത്തകയായ താങ്കള്‍, അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെടണം. ചികില്‍സിക്കാനുള്ള സൗകര്യവും അസുഖം മാറുള്ള അവസ്ഥയും എല്ലാ വിഭാഗം മനുഷ്യര്‍ക്കും ലഭ്യമാവുന്ന വിധം സര്‍ക്കാര്‍ മെഷിനറികള്‍ അടിയന്തിരമായി പ്രവര്‍ത്തിപ്പിക്കണം. ജനങ്ങള്‍ അങ്ങേയറ്റം ദുരിതത്തിലാണ്. മറ്റെല്ലാം മാറ്റിവെച്ചുകൊണ്ടുള്ള അടിയന്തിര പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ഈ അവസ്ഥ തരണം ചെയ്യാന്‍ കഴിയൂ. അതിന് താങ്കള്‍ മുന്‍കൈയെടുക്കണമെന്ന് വിനീതമായ ഭാഷയില്‍ അപേക്ഷിക്കുന്നു. 

സ്‌നേഹത്തോടെ,
 

വിപിന്‍ പാണപ്പുഴ 
 

click me!