കനലെരിഞ്ഞുതീര്‍ന്നൊരു മഴ

By ഹാഷ്മി റഹ്മാന്‍First Published Jun 17, 2018, 3:14 PM IST
Highlights
  • ആ മഴ ഇനിയും തോര്‍ന്നിട്ടില്ല
  • ഹാഷ്മി റഹ്മാന്‍ എഴുതുന്നു

മഴപെയ്യുമ്പോൾ വരാന്തയിലിറങ്ങി വെള്ളത്തുള്ളികളെ അമ്മാനമാടുകയും, പിടികിട്ടാ പരൽ മീനുകളെ പോൽ വിരലുകൾക്കിടയിലൂടെ താഴേക്ക് ഒഴുക്കുകയുമൊക്കെ ചെയ്തിരുന്ന ഒരുകാലം എല്ലാവരുടെയും ജീവിതത്തിലുമുണ്ടാകും. ആ വരാന്ത സ്കൂളിന്റേതാണെങ്കിലോ? മഴ... മനസ്സുകൾക്കെന്നും സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും കഥകൾ പറയാനുണ്ടാകും. അതുപോലെയൊരെണ്ണം എന്റെ മഴയോർമയിലുമുണ്ട്.

സ്കൂളിന്റെ വരാന്തയിൽ കുട്ടികളെ വരിവരിയായി നിർത്തുന്നതിനും കറുത്ത ബാഡ്ജുകൾ യൂണിഫോം കുപ്പായത്തിന്റെ ഒരറ്റത്തു കുത്തികൊടുക്കുന്നതിനുമിടയിൽ  അധ്യാപകരുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നത് ആരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. വല്ലാത്ത ഒരു മൂകത തളം കെട്ടിയ വരാന്തയിലേക്ക് മഴയിലൂടെ എത്തിയ തണുത്ത കാറ്റുകൾ  വെറുപ്പുളവാക്കിയിട്ടുണ്ടാകണം. മഴയുടെ സംഗീതം കാതുകളെ അരോചകമാക്കിയിട്ടുണ്ടാകണം. മഴവെള്ളം തെറിച്ച മുഖത്തേക്ക് ചുടുകണ്ണീർ പെയ്തുകൊണ്ടിരുന്നിട്ടുണ്ടാകണം. നശിച്ച മഴ ഒന്ന് തോർന്നിരുന്നങ്കിലെന്ന് കരുതിയിട്ടുണ്ടാകണം...

'ഇതിനേക്കാൾ വലിയ കള്ളത്തരങ്ങൾ ഞാൻ കണ്ട് പിടിച്ചിട്ടുണ്ട്' എന്ന അർത്ഥത്തിലുള്ളൊരു നോട്ടവും.

ഞങ്ങൾ കുട്ടികൾ പരസ്പരം പിറുപിറുത്തു. ലത ടീച്ചറിനെന്താ സംഭവിച്ചത്? പലരും പല പല കാരണങ്ങൾ പറഞ്ഞെങ്കിലും ഒടുവിൽ തൊണ്ടയിലെ ക്യാൻസറെന്ന ഉത്തരത്തിലെല്ലാവരുമെത്തിച്ചേർന്നു. കെമിസ്ട്രിയായിരുന്നു ടീച്ചറിന്റെ വിഷയം. പാവം ടീച്ചർ, ടീച്ചർ ക്ലാസ്സിൽ വന്നിരുന്ന സമയങ്ങളിൽ മുഖത്ത് വിഷാദം നിറഞ്ഞു നിന്നിരുന്നതായി പലവട്ടം തോന്നിയിട്ടുണ്ട്. ആത്മാർത്ഥമായി ക്ലാസ്സെടുത്തിരുന്ന ടീച്ചറിനെ കുട്ടികൾക്കെല്ലാം വളരെ ഇഷ്ടവുമായിരുന്നു.

'കുട്ടികളെ, വരിവരിയായി മുറ്റത്തേക്കിറങ്ങിക്കൊള്ളൂ' എന്ന  അജിത ടീച്ചറിന്റെ വാക്കുകൾ  മഴയിൽ തെന്നി തിമിർത്തു പെയ്യാൻ തുടങ്ങി. കുട്ടികൾക്കാണല്ലോ മഴയോട് കൂടുതൽ പ്രേമം, അതാവാമങ്ങനൊരു പെയ്ത്തിന്റെ കാരണവും. എല്ലാവരും ലത ടീച്ചറിനെകുറിച്ച് നല്ലത് മാത്രം സംസാരിച്ചുകൊണ്ട് നടന്നു തുടങ്ങി. എന്റെ മനസ്സിൽ മാത്രം തണുത്ത മഴയിലും കുറ്റബോധത്തിന്റെ അഗ്നി ആളിക്കത്താൻ തുടങ്ങി .

ഓണപ്പരീക്ഷയുടെ ഉത്തരക്കടലാസുകൾ വിതരണം ചെയ്തിട്ട് ടീച്ചർ പറഞ്ഞു 'മാർക്കിലെന്തെങ്കിലും  കൂട്ടിയിടാനുണ്ടെങ്കിൽ കൊണ്ടുവന്നാൽ മതി ഞാൻ കൂട്ടിയിട്ട് തരാം'. ഇതുകേട്ട് കുറെ കുട്ടികൾ ടീച്ചറിന് ചുറ്റും കൂടി. അവരൊക്കെ തിരിച്ചു ബെഞ്ചിലെത്തേണ്ട താമസം ഞാൻ ടീച്ചറിന്റെ എടുത്ത് ചെന്ന് പറഞ്ഞു. ടീച്ചറെനിക്ക് ഏഴാമത്തെ ഉത്തരത്തിനുള്ള മാർക്ക് തന്നില്ലല്ലോ? ടീച്ചർ ആ ഉത്തരക്കടലാസിൽ മറുപുറം നോക്കിയിട്ട്, 'ഇതിനിവിടെ മാർക്ക് കൊടുത്തിട്ടുണ്ടല്ലോ' എന്ന് പറയുകയും, 'ഇതിനേക്കാൾ വലിയ കള്ളത്തരങ്ങൾ ഞാൻ കണ്ട് പിടിച്ചിട്ടുണ്ട്' എന്ന അർത്ഥത്തിലുള്ളൊരു നോട്ടവും. 'സോറി ടീച്ചർ' എന്ന് പറഞ്ഞു കൊണ്ടും  ജാള്യത നിറഞ്ഞ മുഖത്ത്  പുഞ്ചിരിയുടെ കണങ്ങൾ  വിടർത്താൻ പ്രയാസപ്പെട്ടുകൊണ്ടും ഞാൻ ബെഞ്ചിലേക്കിരുന്നു. വേണ്ടായിരുന്നു എന്ന് പലതവണ തോന്നി. ടീച്ചറിനെ നേരിൽ കണ്ട് മാപ്പ് പറഞ്ഞേക്കാം എന്നാശ്വസിച്ചിരുന്നു. പക്ഷെ, എന്റെ ആശ്വാസത്തിന് വിപരീതമായി പിന്നീട് ടീച്ചറെ സ്കൂളിലേക്കു കണ്ടിട്ടില്ല, കെമിസ്ട്രിക് ഒരു ഗസ്റ്റ് അദ്ധ്യാപിക വന്നപ്പോഴാണ് ലത ടീച്ചറിനി സ്‌കൂളിലേക്കില്ലെന്ന സത്യം ഞാന്‍ മനസിലാക്കിയത്.

കുടകൾ തമ്മില്‍ രഹസ്യങ്ങൾ കൈമാറുമ്പോലെ , ഞാനുമവളും രഹസ്യം കൈമാറി

റോഡുകളിലെ കുഴികളിലെല്ലാം മഴക്കുളങ്ങൾ തീർത്തിരുന്നു. പോക്രോം... പോക്രോം... തവളകൾ ഞങ്ങളെ വരവേൽക്കുന്ന പോലെ ആരവം മുഴക്കി കൊണ്ടേയിരുന്നു. വീടെത്താറായി എന്നുള്ള കുട്ടികളുടെ സംസാരത്തിൽ ശബ്ദത്തിന്‍റെ അലയൊലികൾ കാതിലെന്നപോലെ മനസ്സിലും ആഞ്ഞടിച്ച കൊണ്ടിരുന്നു. നടത്തത്തിനിടയിൽ വെറുതെയൊന്ന് തിരിഞ്ഞ നോക്കിയപ്പൊ കുട്ടികളെല്ലാം തന്നെ എന്റെ കാൽ ചുവട്ടിലേക്ക് നോക്കി എന്തൊക്കെയോ പറയുന്നു. എന്തോ പന്തികേട് തോന്നിയ ഞാൻ എന്റെ സുഹൃത്തിനെ അവളുടെ കുടയോടൊപ്പം എന്നിലേക്കടുപ്പിച്ചു. കുടകൾ തമ്മിലെന്തൊക്കെയോ രഹസ്യങ്ങൾ കൈമാറുമ്പോലെ  തന്നെ ഞാനും അവളും രഹസ്യം കൈമാറി... ഞാനവളുടെ ചെവിയിൽ പറഞ്ഞു, 'ടീ എന്റെ ബാക്കിലെന്തോ പറ്റിയിട്ടുണ്ട്. നീ ഒന്ന് നോക്കെടീ... ആർത്തവ രക്തത്തിന്റെ ആദ്യകടന്നു വരലാണോ ഈ  മഴയിലൂടെ എന്ന് പോലും ശങ്കിച്ച് പോയി. പെടുന്നനെ അവൾ പറഞ്ഞു... 'എടീ, ഇതെന്താ ഒരു നീല നിറം... നിന്റെ യൂണിഫോമിലും, കാലിലുമെല്ലാം പെയിന്റ് പോലെ ഒഴുകുന്നുണ്ടല്ലോ?' കേട്ടമാത്രയിൽ ഞാനൊന്ന് ഞെട്ടിയെങ്കിലും പുതിയതായി വാങ്ങിയ പെറ്റിക്കോട്ടിന്റെ നിറം മഴവെള്ളവുമായി ലയിച്ചൊഴുകുവാണെന്നുറപ്പ് വരുത്തി സമാധാനമടഞ്ഞു.

എല്ലാവരും കുടയും മടക്കി വരിവരിയായി ടാർപ്പായ വലിച്ച് കെട്ടിയിരിക്കുന്ന ഉമ്മറത്തേക്ക് കയറി നിന്നു. ടീച്ചറിന്റെ മുഖം ഞാനൊരു തവണയേ കണ്ടുള്ളു... പിന്നീടൊന്നു കൂടി നോക്കാൻ ധൈര്യം വന്നില്ല നിമിഷനേരം കൊണ്ട് റീത്തുകളും കണ്ണുനീരും ആ ശരീരത്തെ  പൊതിഞ്ഞു കഴിഞ്ഞിരുന്നു... ചിതയിലേക്കെടുക്കുന്ന സമയം മഴയെക്കാൾ ശക്തിയിൽ മിഴികളിൽ നിന്ന് കണ്ണുനീരുകൾ പെയ്തൊഴിഞ്ഞു. ചിതയിലെ അഗ്നി പോലെ തന്നെ ഉള്ളിലെ കനലും എരിഞ്ഞ് കൊണ്ടേയിരുന്നു. 

ഇനിയും തോരാത്ത മഴകള്‍

സുനു പി സ്‌കറിയ: മഴയുടെ സെല്‍ഫ് ഗോള്‍!

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു  വീട്

കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു;  കടല്‍ ഞങ്ങളെയും!

ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല

സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!

കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?

ജാസ്‌ലിന്‍ ജെയ്‌സന്‍: മഴയ്ക്കും മഞ്ഞിനുമൊപ്പം  ആയിരം അടി മുകളില്‍!

സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം

 

click me!