Asianet News MalayalamAsianet News Malayalam

സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം

  • ആ മഴ ഇനിയും തോര്‍ന്നിട്ടില്ല
  • പുസ്തകം എടുക്കാന്‍  മുറിയിലേക്ക് കാലെടുത്ത് വെച്ചതും മണ്ണില്‍ പടുത്ത കല്‍ചുമര്‍ മുന്നിലേക്ക് വീണു
  • സഫീറ മഠത്തിലകത്ത് എഴുതുന്നു
     
Rain notes Safeera Madathilakath

Rain notes Safeera Madathilakath

മുറ്റത്ത് കളിക്കുമ്പോഴോ ഹാജ്യാരെ പറമ്പില്‍ ആടിനെ കെട്ടിയിട്ട് തെണ്ടി നടക്കുമ്പോഴോ ആയിരിക്കും ആര്‍ത്തലച്ച് കാറ്റിനൊപ്പം മഴയെത്തുന്നത്. ഒന്ന് രണ്ട് എന്നൊന്നും തുള്ളികള്‍ എണ്ണാന്‍ പറ്റില്ല. മേ...മേ...ന്ന് കരഞ്ഞ് കിങ്ങിണിയാട് കുറ്റിക്ക് ചുറ്റും ഓടും... ചെലപ്പോ അവള്‍ കുറ്റീം പറിച്ച് ഓടിക്കാണും. അല്ലേല്‍ കയറിന് അറ്റത്തെ കുറ്റിക്കൊപ്പം എന്നെയും വലിച്ച് പായും. കുറുന്തോട്ടി പൊന്തേല് ചത്ത് മലച്ച പോലെ കിതച്ച് കിടക്കും. അപ്പഴേക്കും മഴ കനത്തു കാണും. 'ആട് പെരേല് എത്തീട്ടും പെണ്ണെവിടെ.' ഇതെങ്ങാനും അമ്മാവനാണ് അന്വേഷിക്കുന്നതെങ്കില്‍ നെഞ്ച് പടപെടാന്ന് ഇടിക്കും. അടുക്കള കോലായിയുടെ ഇറയത്ത് നിന്ന് പാവാട കുടഞ്ഞൊണക്കി പതുക്കെ അകത്തെത്തും.

കഥയൊന്ന് നിര്‍ത്തി ചൂട് ചായ ചുണ്ടോട് ചേര്‍ക്കുന്ന വല്ലിമ്മ

പുഴുങ്ങിയ കപ്പയും ചൂടു ചായയും കുടിക്കുമ്പോ വല്ലിമ്മ (ഉമ്മയുടെ ഉമ്മ) മഴയോര്‍മകള്‍ പങ്കുവെക്കും. 'എന്തൊരു പട്ടിണിക്കാലമായിരുന്നു അന്ന്. കൊയ്യാനും മെതിക്കാനും ഒന്നുമില്ലാതെ ഇറയത്ത് കൂനിയിരിക്കുന്ന മനുഷ്യര്‍. വെശന്ന് കരയണ പിള്ളേര്.' കഥയൊന്ന് നിര്‍ത്തി ചൂട് ചായ ചുണ്ടോട് ചേര്‍ക്കുന്ന വല്ലിമ്മ. വേദന കൊണ്ട് വരണ്ടുപോയ തൊണ്ട നനക്കുകയായിരിക്കും. ഇപ്പം ഇറ്റിവീഴുന്ന മട്ടില്‍ നിറഞ്ഞ കണ്ണുകള്‍. കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടാതെ മഴയിലേക്ക് നോക്കിയിരിക്കും. അവരുടെ മനസ്സില്‍ ഓര്‍മകള്‍ ആര്‍ത്തുപെയ്യായിരിക്കും. ഉമ്മയും അമ്മായിയും വേറെ എന്തേലും മിണ്ടിയും ചിരിച്ചും മാനം വെളുപ്പിക്കും.

കാറ്റ് വീശുമ്പോ മുറ്റത്തിറങ്ങി, വട്ടത്തില്‍ കറങ്ങി പാവാട വീര്‍ത്തു വരുമ്പോ പെട്ടെന്ന് ഇരിക്കുക, ആടിയുലയുന്ന തെങ്ങിന്‍ തലയിലേക്ക് നോക്കിയിരിക്കുക, വേപ്പിന്‍ മരത്തില്‍ നിന്ന് പാറി വീഴുന്ന ഇല നിലത്ത് വീഴും മുമ്പെ ഓടിപ്പിടിക്കുക. കാറ്റില്‍ ഇതൊക്കെയായിരിക്കും എന്റെ കളികള്‍. സ്കൂളില്‍ ആണേല്‍, കുട അമ്പറം മറിക്കുക. എങ്ങാനും വില്ലൊടിഞ്ഞാല്‍ പേടിച്ച് അരണ്ട് കാറ്റിനെ ശപിച്ചിരിക്കും.

ഉത്തരം കിട്ടാതെ മഴയിലേക്ക് നോക്കി നില്‍ക്കുന്ന ഞങ്ങള്‍

പാഠപുസ്തകത്തില്‍ തിമിര്‍ത്തു പെയ്യുന്ന മഴയല്ല ജീവിതത്തില്‍. അന്നത്തെ രാത്രി മറക്കില്ല. എഴാം ക്ലാസിലാണ് ഞാന്‍. സ്കൂള്‍ തുറന്നിട്ട് ഒന്നോ രണ്ടോ ദിവസമേ ആയിട്ടുള്ളൂ. കനത്ത മഴ, കൂരാകൂരിരുട്ട്... 'രണ്ട് മൂന്ന് ദിവസം കൂടി കനത്ത മഴ തുടരുമെന്ന്' റേഡിയോയില്‍ എപ്പഴോ അറിയിപ്പ് കേട്ടു. താഴ്ന്നയിടമായത് കൊണ്ട് വെള്ളം കുത്തിയൊലിച്ച് പറമ്പിലേക്ക്... 'മക്കളെ എന്തൊരു വരവാ വരണത്. ഇങ്ങനെ വെള്ളം വന്നാ ഞമ്മളെ പെര എന്താവും.' എന്ന് വല്ലിമ്മ. 'അതെന്നുമ്മാ'ന്ന് താടിക്ക് കൈ കൊടുത്ത് അമ്മായിയും. വെള്ളത്തില്‍ എറങ്ങല്ലേന്ന് ഞങ്ങളെ ശാസിച്ച് നില്‍ക്കുന്ന അവര്‍. ഉത്തരം കിട്ടാതെ മഴയിലേക്ക് നോക്കി നില്‍ക്കുന്ന ഞങ്ങള്‍.

നാട്ടുകാരൊക്കെ ഒറ്റക്കും കൂട്ടായും വീട്ടിലേക്ക് വരുന്നു. ഐസിതാത്ത 'മഴ നിക്ക്ണ കോലമൊന്നും കാണുന്നില്ല. എന്താപ്പ ചെയ്യ്യ. വെള്ളം വറ്റിച്ചാലോ. കല്ല് വെട്ടും കുഴിയായോണ്ട് എങ്ങോട്ടും നീങ്ങുന്നും ഇല്ല..' എന്ന്. 'വറ്റിച്ചാലും വറ്റ്ണ മട്ടില്ലെ'ന്ന് കരയ്ക്ക് നിക്ക്ണ ആണുങ്ങളും. തല പുകഞ്ഞാലോചിക്ക്ണ കെഴക്കേലെ ശംസുകാക്കാന്റെ നിര്‍ത്തം ഇപ്പഴും മങ്ങാതെയുണ്ട് മനസ്സില്‍. മഴ ലേശം ഒന്ന് ഒഴിഞ്ഞ നേരത്ത് 'യുഗദര്‍ശന ക്ലബ്ബു'കാര്‍ രണ്ടുമൂന്ന് വെള്ളമടിക്കുന്ന മെഷീനും, പൈപ്പും ഒക്കെയായി എത്തി. അവര്‍ അപ്പുറത്തെ പറമ്പിലെ കല്ലുവെട്ട് കുഴിലേക്ക് വെള്ളം അടിക്കുന്നു. ചുറ്റും മെഷീനുകളുടെ ഇരമ്പല്‍. ചെറുതായി വെള്ളം വലിഞ്ഞു. ആശ്വാസത്തില്‍ എല്ലാരും മടങ്ങി. അന്ന് മഴ വിട്ടില്ലേലും ചെറുതായി പെയ്യ്ണ് ണ്ട്. പോക്കാച്ചി തവളകള്‍ കരയുന്നുണ്ട്. കാറ്റ് വട്ടം പിടിച്ചിട്ടുണ്ട്. ഇടക്കെപ്പഴോ മുറ്റത്തെ പ്ലാക്കൊമ്പ് ഒടിഞ്ഞു വീണ ശബ്ദം കേട്ടു.

പടച്ചോനെ എന്റെ സ്വപ്നങ്ങളാണല്ലോ, ആ താഴുന്നത്

നനഞ്ഞ കോഴി കണക്കെ കുട്ടികള്‍ ചൂളിയിരിപ്പുണ്ട് വിളക്കിന് ചുറ്റും. അമ്മായി നിസ്കാര പായയിലിരുന്ന് തസ്ബീഹ് മുത്തുകള്‍ നീക്കി പടച്ചോനെ സ്മരിക്കുന്നു. വല്ലിമ്മയും ദുആ ഇരന്ന് കട്ടിലില്‍ തന്നെയുണ്ട്. വുദൂ (നിസ്കരിക്ക്ണ മുമ്പ് കയ്യും കാലും കഴുകുന്നത്) എടുത്ത് വരാന്നും പറഞ്ഞ് വല്ലിമ്മ വടക്കെ മുറിയില്‍ പോയി. ആ മുറിയില്‍ രാത്രിയില്‍ ഓവിന് അടുത്ത് ബക്കറ്റില്‍ വെള്ളം വെക്കും. വുദൂ എടുത്ത് വല്ലിമ്മ തിരിച്ച് വാതില്‍ കടന്നതും പുസ്തകം എടുക്കാന്‍ ഞാന്‍ മുറിയിലേക്ക് കാലെടുത്ത് വെച്ചതും മണ്ണില്‍ പടുത്ത കല്‍ചുമര്‍ മുന്നിലേക്ക് വീണു. കണ്ണ് കാണുന്നില്ല. 'എന്റുമ്മാ കുട്ടിയെവിടേന്ന് നിലവിളിച്ച്' അമ്മായിയും 'മോളേ'ന്ന് വിളിച്ച് വല്ലിമ്മയും. ഭയങ്കര ശബ്ദം കേട്ട് അയല്‍ക്കാര്‍ ഓടിയെത്തി. അപ്പഴും ശ്വാസം നേരെ വീഴാണ്ട് തളര്‍ന്ന് ഇരുട്ടില്‍ ഞാനിരുന്നു. വിളക്കും പെട്രോള്‍മാക്സും പിടിച്ച് ആളുകള്‍. അരണ്ട വെളിച്ചത്തില്‍ പുസ്തകം വെക്കുന്ന പലകയില്‍ നിന്ന് തെറിച്ചു പോയ ബാഗും പുസ്തകവും വെള്ളത്തില്‍  താഴുന്നു. പടച്ചോനെ എന്റെ സ്വപ്നങ്ങളാണല്ലോ, ആ താഴുന്നത്. ഒന്നും നോക്കാതെ വെള്ളത്തിലേക്ക് ചാടി. കിട്ടിയ പുസ്തകമെല്ലാം എടുത്തു. മുക്കാലും നനഞ്ഞ് കുതിര്‍ന്ന് പൊങ്ങി വന്ന എന്നെ ആരൊക്കെ ചീത്ത പറഞ്ഞു.

വല്ലിമ്മയും അമ്മായിയും ഒന്നും പറഞ്ഞില്ല. അവര്‍ക്ക് മാത്രേ എന്നെ അറിയൂ. അത്യാവശ്യം വേണ്ടതൊക്കെ എടുത്ത് അടുത്ത വീട്ടിലേക്ക്. പുസ്തകങ്ങള്‍ അകത്ത് നിവര്‍ത്തിയിട്ടു. കലങ്ങിയ അക്ഷരങ്ങള്‍ക്കൊപ്പം എന്റെ കണ്ണുകളും കലങ്ങി. സാരമില്ലെന്ന് പറഞ്ഞ് ആ പന്ത്രണ്ടുകാരിയെ ചേര്‍ത്തുപിടിച്ചു അമ്മായി... അന്നുറങ്ങിയില്ല. ആര്‍ക്കും ഒന്നും പറ്റീല്ലല്ലോന്ന് പടച്ചോനെ സ്തുതിച്ച് കേക്കലെ മൂത്തമ്മ. കട്ടിലില്‍ കിടക്കുന്ന വല്ലിമ്മയെ പുതപ്പിച്ചും കുട്ടികളുടെ ഉടുപ്പ് മാറ്റി കൊടുത്തും 'പേടിച്ചോ... സാരല്ല്യട്ടാന്ന്' ആശ്വസിപ്പിച്ച് ശംസുകാക്കയും. എപ്പഴാ  ഉറങ്ങിയതെന്ന് ഓര്‍മയില്ല... നേരം നല്ലോണം വെളുത്തു. 

'സുബൈദാ, സൈനയെ അറിക്കണ്ടേ'ന്ന് മൂത്തമ്മ അമ്മായിയോട് ചോദിക്കുന്നത് കേട്ടു

പാറമ്മേല്‍ നിന്ന് താഴോട്ട് നോക്കി ഒരുപാട് നേരം നിന്നു. ഹാജ്യാരെ പറമ്പീന്ന് ഇപ്പുറത്തേക്ക് വരാന്‍ പറ്റാതെ നായകള്‍ നില്‍ക്കുന്നു. അതിനിടെ ഒരു നായ വെള്ളത്തില്‍ വീണു. മുങ്ങിയും നീന്തിയും കര കണ്ടു. വിരണ്ടു നില്‍ക്കുന്ന നായ. ഇടയ്ക്ക് എന്നെ നോക്കുന്നുണ്ട്. കണ്ണുവെട്ടാതെ നോക്കി നിന്നു. ഇനിയും ഏതേലും പുസ്തകം വെള്ളത്തിലുണ്ടാവോ... ആര്‍ക്കറിയാം. 'സുബൈദാ, സൈനയെ അറിക്കണ്ടേ'ന്ന് മൂത്തമ്മ അമ്മായിയോട് ചോദിക്കുന്നത് കേട്ടു. അപ്പഴാ ഉമ്മയെ കുറിച്ച് ഓര്‍ത്തത്. വാപ്പയുടെ വീട്ടിലുള്ള ഉമ്മയെ കുറിച്ച് അതുവരെ ആലോചില്ലല്ലോ. ഉമ്മയ്ക്ക് പകരം അമ്മായിയും വല്ലിമ്മയും തീര്‍ത്ത സ്നേഹത്തില്‍ മറന്നു പോയി. എന്നാലും പെറ്റുമ്മയെ കാണാന്‍ വല്ലാണ്ട് കൊതിക്കാറുണ്ട്. സ്കൂള്‍ വിട്ടു വരുമ്പോ, വയ്യാണ്ടാവുമ്പോ എല്ലാം. അന്നുച്ചയ്ക്ക് ഉമ്മയും വാപ്പയും വന്നു. കഥ കേട്ടങ്ങനെ തരിച്ചിരിക്കുന്ന ഉമ്മ. പടച്ചോന്റെ കാവല്‍ ഇല്ലേല്‍ രണ്ട് മയ്യിത്ത് കാണാന്‍ ഞാന്‍ വരേണ്ടിവരുമായിരുന്നെന്ന് നിറകണ്ണുകളോടെ ഉമ്മ. നിര്‍വികാരതയോടെ ഞാനപ്പഴും ചുമരില്‍ ചാരി മഴയിലേക്ക് നോക്കി നിന്നു. ഇറവെള്ളം കുഴിക്കുന്ന കുഴികള്‍.

ഇതെഴുതുമ്പോഴും കനത്തു പെയ്യുന്നുണ്ട് മഴ

അടുത്ത മഴ എത്തും മുമ്പെ വല്ലിമ്മ പോയി. വേനല്‍ കാലമായിരുന്നു. ആ  രാത്രിയും കനത്തതായിരുന്നു. ദുഖം തലതല്ലി കരഞ്ഞ രാത്രി. വല്ലിമ്മ ഇല്ലാത്ത ആദ്യമഴയില്‍ ഉറങ്ങിയില്ല. പുറത്തിറങ്ങാതെ മഴയെ ഒന്ന് കാണാതെ അടഞ്ഞിരുന്നു. നിറയെ മഴയോര്‍മകളുമായി വീടു നിറഞ്ഞു നില്‍ക്കുന്ന വല്ലിമ്മ. മഴക്കാലത്ത് മരിക്കുന്നത് വല്ലാത്ത കഷ്ടാന്ന് വല്ലിമ്മ പറയാറുണ്ട്. എന്ത് ബുദ്ധിമുട്ടിയാ ഖബറടക്കുന്നത്. വെള്ളം നിക്ക്ണ ഖബറില്‍ മണലും ഉമിയും ഒക്കെ ഇട്ടാ മയ്യിത്ത് വെക്കുന്നത്. പടച്ചോനെ ഇജ് കാക്കണേന്ന് നെടുവീര്‍പ്പിടുന്ന വല്ലിമ്മയെ ഓര്‍ത്തിരുന്നു. അന്ന് ഒരുപാട് കരഞ്ഞു. വല്ലിമ്മ ഭാഗ്യം ചെയ്തവരാ. വെള്ളത്തില്‍ കൊണ്ടോയി കിടത്തേണ്ടി വന്നില്ലല്ലോ. മഴ ആര്‍ത്തു പെയ്യുന്നു. 'ഇക്കാക്ക ഇങ്ങളു കണ്ടോ ഈ കുട്ടി ഉമ്മ പോയ അന്ന് മുതലിങ്ങനെയാ. എവിടേലും ഇങ്ങനെ ഇരുന്നോളും.' 'എളീമ പോയിട്ട് പത്ത് പതിനഞ്ച് ദിവസായിട്ടല്ലെയുള്ളൂ. ഓള് എളീമാന്റെ വാലായി നടന്നീന്നതല്ലെ. എല്ലാം ശരിയായിക്കോളും'ന്ന് പറഞ്ഞ് വല്ലിമ്മയുടെ മൂത്ത ഇത്താത്തയുടെ മോന്‍, (ഞങ്ങളെല്ലാരും കമ്പിമൂത്താപ്പാന്ന് വിളിക്കുന്ന വല്ലിമ്മാന്റെ പ്രിയപ്പെട്ട മോന്‍) എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. എല്ലാ സ്വപ്നങ്ങളും അടര്‍ന്നു വീഴുന്ന മഴക്കാലം... ഇതെഴുതുമ്പോഴും കനത്തു പെയ്യുന്നുണ്ട് മഴ...

 

ഇനിയും തോരാത്ത മഴകള്‍

സ്മിത അഞ്ജുഇടുക്കീലെ മഴയാണ് മഴ!

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു  വീട്

കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു;  കടല്‍ ഞങ്ങളെയും!

ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല

Follow Us:
Download App:
  • android
  • ios