Asianet News MalayalamAsianet News Malayalam

മഴയുടെ സെല്‍ഫ് ഗോള്‍!

  • ആ മഴ ഇനിയും തോര്‍ന്നിട്ടില്ല
  • സുനു പി സ്‌കറിയ എഴുതുന്നു
Rain notes Sanu P Scharia

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.

Rain notes Sanu P Scharia
1998 ലെ മഴക്കാലം. ലോകകപ്പ് ഫുട്‌ബോളിന് കിക്കോഫ് തുടങ്ങുന്നതേ ഉള്ളൂ. 

ആഞ്ഞു പെയ്യുന്ന പെരുമഴ നാട്ടിലെ കളിപ്രേമികള്‍ക്ക് ഒരു ശല്യമായിരുന്നു. മിക്ക വൈദ്യുതി പോസ്റ്റുകളും ഏന്തി വലിഞ്ഞു നില്‍ക്കുന്നത് റബ്ബര്‍ തോട്ടത്തിനു നടുക്കാണ്. ഒരു ചെറിയ മഴചാറിയാലോ കാറ്റ് വീശിയാലോ കറന്റ് അപ്പോള്‍ തന്നെ പോകും. പോസ്റ്റുകള്‍ മെലിഞ്ഞുണങ്ങി നില്‍പ്പുണ്ട്. നല്ലൊരു കാറ്റ് വീശിയാല്‍ പുള്ളിക്കാരനും 'വീണിതല്ലോ കിടക്കുന്നു ധരണിയില്‍' എന്ന അവസ്ഥ ആകും. പിന്നെ ഒരാഴ്ചത്തേക്ക്  കറന്റ് കാണില്ല, ആരെങ്കിലും ചെന്ന് പറഞ്ഞാല്‍ വൈദ്യുതി ജീവനക്കാര്‍ വന്നു പതിയെ ശരിയാക്കും. മൊബൈല്‍ ഫോണില്ലാത്ത, സോഷ്യല്‍ മീഡിയയും യൂട്യുബ്ബും ഇല്ലാത്ത ആ കാലത്ത്, ഫുട്‌ബോള്‍ ഭ്രാന്തമാരായ കുട്ടികളും യുവാക്കളും 'ഈ നശിച്ച മഴ'  എന്ന് ഉള്ളില്‍ ശപിക്കുമെങ്കിലും ആര്‍ക്കും, കറന്റ് ഇല്ലാത്തതിന് വൈദ്യുതി ഓഫീസില്‍ ചെന്ന് ജീവനക്കാരെ ചീത്ത വിളിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.

രണ്ടുമൂന്ന് ദിവസം അടുപ്പിച്ചു മഴപെയ്താല്‍ കുട്ടികള്‍ക്ക് സന്തോഷമാണ്. റോഡിലും പാടത്തും പറമ്പിലും കുളത്തിലും എല്ലാം വെള്ളം നിറഞ്ഞു കവിയും. കളക്ടര്‍ അവധി പ്രഖ്യാപിക്കുന്ന ആചാരം അത്ര സര്‍വ്വസാധാരണമല്ലെങ്കിലും, കുട്ടികള്‍ സ്വയം പ്രഖ്യാപിത കളക്ടര്‍മായി അവധി നല്‍കി വീട്ടില്‍ ഇരിക്കും. അയല്‍പക്കത്തെ രണ്ടുമൂന്നു സബ്കളക്ടര്‍മാര്‍ 'ശരിയാ ഇന്ന് പഠിത്തമില്ല' എന്നു പറഞ്ഞ് ഉറച്ച പിന്തുണ നല്‍കിയാല്‍ പിന്നെ അപ്പീല്‍ ഇല്ല. സ്‌കൂളില്‍ പോയാലും ക്ലാസില്‍ ഇരിക്കുമ്പോള്‍ 'ഡ്രില്‍ പീരീഡ്' ഒഴികെ ബാക്കി എല്ലാ പിരീഡും മഴ പെയ്യാന്‍ പ്രാര്‍ത്ഥിക്കുന്ന വിരുതന്മാരുണ്ട്. മഴത്തുള്ളികള്‍ ഓടില്‍ പതിക്കുന്ന ശബ്ദം കാരണം ടീച്ചര്‍മാര്‍ ക്ലാസ് നിര്‍ത്തിവെയ്ക്കും, അല്ലെങ്കില്‍ ബാക്ക്ബെഞ്ചിലെ മൂത്താപ്പമാര്‍ 'ടീച്ചറേ ഒന്നും  കേള്‍ക്കാന്‍ പറ്റുന്നില്ല' എന്ന രോദനത്തോടെ ഡെസ്‌കില്‍ അടിച്ചു ശബ്ദമുണ്ടാക്കി ക്ലാസ് നിര്‍ത്തിവെയ്പ്പിക്കും (ഒരുപക്ഷെ ഭാവിയില്‍ നിയമസഭയിലും പാര്‍ലമെന്റിലും ബഹളം ഉണ്ടാക്കേണ്ടവരുടെ ആദ്യഘട്ട പരിശീലനം ആകാം അത്). നിര്‍ഭാഗ്യവശാല്‍ കണക്ക് പിരീഡുകളില്‍ മിക്കവാറും ആകാശം, കളിയൊഴിഞ്ഞ ഫുട്‌ബോള്‍ മൈതാനം പോലെ ശാന്തമായിരുന്നു. 

ലോകത്തേറ്റവും ജനകീയമായ വിനോദമാണ് ഫുട്‌ബോള്‍. സ്വന്തം രാജ്യം കളിക്കുമ്പോള്‍ അവിടത്തെ ആളുകള്‍ 90 മിനിറ്റ് സ്വന്തം കണ്ണുകള്‍ ഒരു പുല്‍മൈതാനത്തേക്ക് ഫോക്കസ് ചെയ്തുവയ്ക്കും. ഹാഫ് ടൈമുകള്‍ക്ക് പത്തുനാഴിക ദൈര്‍ഘ്യം തോന്നിപ്പിക്കുന്നു. മൈതാനങ്ങള്‍ യുദ്ധക്കളങ്ങള്‍ ആകുമ്പോള്‍, ചില ജയങ്ങള്‍  കൊച്ചു രാജ്യങ്ങള്‍ക്ക് മധുര പ്രതികാരം കൂടിയാണ്. തങ്ങളെ വര്‍ഷങ്ങളോളം കോളനികളാക്കിവെച്ച വമ്പന്മാരോടുള്ള പകവീട്ടലാണ്, കഴിഞ്ഞ ലോകകപ്പുകളില്‍ തോല്പിച്ചവരോടുള്ള അമര്‍ഷം തീര്‍ക്കലാണ്, ഓരോ കളിക്കും ശേഷം വില്ലനും നായകനും പിറക്കുന്നു. ഇന്നത്തെ നായകന്‍ അടുത്ത കളിയിലെ വില്ലനാകാം. ഉദാഹരണങ്ങളായി സിദാനും, ബാജിയോയുമെല്ലാം നമ്മുടെ മുന്നിലുണ്ട്. രക്തസാക്ഷിയായി എസ്‌കോബാറും. 

1998 മുതലാണ് ലോകകപ്പ് കണ്ടുതുടങ്ങിയത്. ട്യൂഷന്‍, സ്റ്റാറ്റസിന്റെ ഭാഗമാകാത്ത ഒരു കാലഘട്ടമായിരുന്നു അത്. സ്‌കൂള്‍ വിട്ട് വരുന്ന കുട്ടികള്‍ എല്ലാവരും വല്ലതും കഴിച്ചെന്നു വരുത്തി അഞ്ചുമണിയാകുമ്പോഴേക്കും പാടത്ത് ഹാജരാകും. മഴ വന്നാലും ഇല്ലെങ്കിലും, ചെളി ഉണ്ടെങ്കിലും, പാടത്ത് ഫുട്‌ബോള്‍ കളിക്കും, ചെളി കാരണം ആരും റൊണാള്‍ഡോയും മറഡോണയും ആകാറില്ലെങ്കിലും കളി (കലി) മൂക്കുമ്പോള്‍ ചിലര്‍ അണ്ടര്‍ടേക്കറും കാലിയും ഒക്കെ ആയി രൂപാന്തരപ്പെടും.
 
അന്നും, ഇന്നും, എന്നും ബ്രസീല്‍ ആണ് ഇഷ്ട ടീം. മഞ്ഞപ്പടയെ പറ്റി പത്രത്തില്‍ വായിച്ചതോടെ അവരുടെ ആരാധകനായി മാറി. ബെബറ്റോയും റൊണാള്‍ഡോയും റൊമാരിയോയും ദുംഗയുമെല്ലാം മനസില്‍ ഇടം പിടിച്ചിരുന്നു. പത്രത്തില്‍ വരുന്ന ലോകകപ്പ് ചിത്രങ്ങള്‍ പഴയ ബുക്കുകളില്‍ ചോറുപശകൊണ്ട് ഒട്ടിച്ചു സൂക്ഷിച്ചിരുന്നു. പാതിരാത്രിയാണ് മിക്ക നല്ല കളികളും. കളി തുടങ്ങിയാല്‍ മഴ വേറെ ഏതേലും പഞ്ചായത്തിലാണെങ്കില്‍ ഓട്ടോ പിടിച്ച് നമ്മുടെ അടുത്തോട്ട് വരും, വൈകുന്നേരം കുറച്ചു സമയത്തെ തെളിഞ്ഞ ആകാശം കണ്ട് കൊതിക്കണ്ട എന്നു സാരം. ചേട്ടനൊപ്പം ആണ് കളികള്‍ കാണാന്‍ ഇരിക്കുന്നത്, കളിക്കിടയില്‍ കാറ്റ്  വന്നാല്‍ ഒരാള്‍ ആന്റിന തിരിക്കണം, ചിലപ്പോള്‍ ശരിയാകും. ഗ്രയിന്‍സ് വന്നാല്‍ പിന്നെ പെട്ടെന്ന് പോകില്ല. ഓരോ തവണ മഴ വരുമ്പോഴും വീട്ടിലെ പേരറിയാത്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടെലിവിഷന്‍, തലയില്‍ ഇടികള്‍ വെട്ടിക്കൊണ്ടിരുന്നു.
  
ബ്രസീല്‍ ആദ്യറൗണ്ടില്‍ ഒരു കളി തോറ്റിരുന്നു, നോര്‍വയോട് ( 'ബ്രസീല്‍, പതിയെ ഫോം ആവുള്ളു' എന്ന ചരിത്രസത്യം ചേട്ടനാണ് പറഞ്ഞു തന്നത് ) ശരിയാണ്, പതിയെ അവര്‍ ഫോം വീണ്ടെടുത്ത്, സെമിയില്‍ ഹോളണ്ടിനെ തോല്‍പ്പിച്ചു, ഫൈനലില്‍ കടന്നു. ആ ലോകകപ്പിലെ കറുത്ത കുതിരകള്‍ ആയിരുന്നു, ചെസ്ബോര്‍ഡ് പോലത്തെ ജേഴ്സി അണിഞ്ഞ ക്രൊയേഷ്യ... അവരെ തോല്‍പ്പിച്ച ഫ്രാന്‍സ് ആണ് ബ്രസീലിനെര്‍ എതിരാളികള്‍. അര്‍ജന്റീന - ഇംഗ്ലണ്ട് മത്സരത്തിന്റെ രാത്രിയില്‍ ഒടിഞ്ഞ പോസ്റ്റ്മാറ്റിയിട്ടത് കൊണ്ട് ഫൈനല്‍ തടസമില്ലാതെ കാണാം എന്നൊരു പ്രതീക്ഷ ഉണ്ട്. 

റൊണാള്‍ഡോ ഫോം ആയാല്‍ ബ്രസീല്‍ ജയിക്കും, കാരണം ഫ്രാന്‍സ് സെമിഫൈനലില്‍ കഷ്ടിച്ചാണ് ജയിച്ചത്. കളി കാണാന്‍ ഇരുന്ന ഞങ്ങളുടെ സകലപ്രതീക്ഷയും തെറ്റിച്ച് ഒരു പെരുമഴ വന്നു. പോസ്റ്റ് ഒടിഞ്ഞില്ലെങ്കിലും കറന്റിന് പോകാന്‍ ആ മഴ മതിയായിരുന്നു. മണ്ണെണ്ണ വിളക്ക് കത്തിച്ചു കാത്തിരുന്നു, മഴ കുറഞ്ഞു കറന്റ് വന്നു വേഗം ആന്റിന തിരിച്ചു, ആകാംക്ഷയോടെ സ്‌കോര്‍ബോര്‍ഡ് നോക്കിയപ്പോള്‍ 2-0 , പത്തുമിനിറ്റ് ബാക്കിയുണ്ട്. റൊണാള്‍ഡോയെ കാണുന്നുമില്ല.  ഒടുവില്‍ ഇമ്മാനുവേല്‍ പെറ്റിറ് കാനറികളുടെ ശവപ്പെട്ടിയില്‍ അവസാന ഗോളും അടിച്ചു കയറ്റി.  ശാന്തമായ മുഖമുള്ള,മുടിനീട്ടിയ അയാള്‍ക്ക് അപ്പോള്‍ ഒരു ക്രൂരന്റെ മുഖമായിരുന്നു... ലോങ്ങ് വിസില്‍ അടിച്ചു, മഴ പിന്നെയും ചാറിക്കൊണ്ടിരുന്നു..

 

ഇനിയും തോരാത്ത മഴകള്‍

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു  വീട്

കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു;  കടല്‍ ഞങ്ങളെയും!

ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല

സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!

കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?

ജാസ്‌ലിന്‍ ജെയ്‌സന്‍: മഴയ്ക്കും മഞ്ഞിനുമൊപ്പം  ആയിരം അടി മുകളില്‍!

സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം

 

 

Follow Us:
Download App:
  • android
  • ios