ഈ ഈജ്യന്‍ തൊഴുത്ത് വൃത്തിയാക്കാന്‍ എസ്.എഫ്.ഐ മുന്നിട്ടിറങ്ങുമോ?

By Biju SFirst Published Feb 15, 2017, 1:28 PM IST
Highlights

സമൂഹത്തിലെ കീഴാളരാണ് ഇപ്പോള്‍ യൂണിവേഴ്‌സിറ്റി കോളേജിലും, മറ്റും പഠിക്കുന്നവരില്‍ ഏറെയും. അവരൊന്ന് പഠിച്ചോട്ടെ.  ഒപ്പം ഞാന്‍ ബഹുമാനിക്കുകയും, ഇഷ്ടപ്പെടുകയും ചെയ്യുന്ന ശ്രേഷ്ഠനായ അദ്ധ്യാപകനും വിദ്യാഭ്യാസ മന്ത്രിയുമായ രവീന്ദ്രനാഥ് ഇടപെട്ട് അവിടെ എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്യം നല്‍കട്ടെ.

ബാംഗ്ലൂരിലേക്ക് ഒരു ഉല്ലാസ യാത്ര. ബി.എ ഇംഗ്‌ളീഷ് വിദ്യാര്‍ത്ഥിയായിരുന്നുവെങ്കിലും, കണക്കിലെ പയ്യന്‍മാര്‍ക്കൊപ്പമായിരുന്നു ആ യാത്ര. പലരും സ്‌കൂള്‍ കാലം തൊട്ടേയുള്ള സതീര്‍ത്ഥ്യര്‍.അല്ലെങ്കിലും യൂണിവേഴ്‌സിറ്റി കോളേജില്‍ കാര്യങ്ങള്‍ അങ്ങനെയൊക്കെയാണ്. ആര്‍ക്കും ഏത് ക്‌ളാസ്സിലും പഠിക്കാം. ഞങ്ങളുടെ ക്‌ളാസ്സില്‍ പരിഷ്‌കാരികളെന്നു തോന്നിച്ചിരുന്ന പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നതിനാലും, ഇംഗ്‌ളീഷ് എല്ലാവര്‍ക്കും പഠിക്കേണ്ടിയിരുന്നതിനാലും,ധാരാളം അന്യ വിഷയക്കാര്‍ അവിടെ ചേക്കേറിയിരുന്നു. ഉല്ലാസ യാത്രക്ക് പോലും, പലപ്പോഴും ഞങ്ങള്‍ക്ക് ക്‌ളാസിനൊപ്പം പോകാനാകില്ലായിരുന്നു. അവിടെയും മറ്റുള്ളവര്‍ നുഴഞ്ഞുകയറും. അങ്ങനെ ഉല്ലാസ യാത്ര ആള്‍ മെയില്‍ ക്‌ളാസ്സായ കണക്കുകാര്‍ക്കൊപ്പമായി.

ബാംഗ്‌ളൂരില്‍ നിന്ന് ഞങ്ങള്‍ ഒരേ പോലുള്ള കുപ്പായങ്ങള്‍ വാങ്ങി. വെള്ളയില്‍ കറുത്ത പൂക്കളുള്ള സാധാരണ കുപ്പായം. ഉല്ലാസ യാത്ര കഴിഞ്ഞ് അടുത്ത ദിവസം കോളേജില്‍ ഞങ്ങള്‍ ആ കുപ്പായമണിഞ്ഞാണ് വന്നത്. ഒരു മൂലയില്‍ ഒത്തുകൂടി യാത്രാരസങ്ങള്‍ പങ്ക് വയ്ക്കവേ, നമ്മുടെ ഒരു നേതാവെത്തി കുശലാന്വേഷണം നടത്തി. 'അളിയാ നീയും കൂടി വരണമായിരുന്നു, നല്ല രസമായിരുന്നു' എന്നൊക്കെ പറഞ്ഞാണ് സൗഹൃദത്തോടെ പിരിഞ്ഞത്. യൂണിയന്‍ ഓഫിസായി ഫലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഓപ്പണ്‍ എയര്‍ ഓഡിറ്റേറിയത്തില്‍ പോയ നേതാവ് ക്ഷണത്തില്‍ മടങ്ങി വന്നു. സ്വരത്തില്‍ കടുപ്പം. അവരുമായി നല്ല അടുപ്പമുള്ള എന്നെ മാറ്റി നിറുത്തി, 'എന്തടെ നിങ്ങള്‍ സംഘടിതമായി അഭ്യാസം കാണിക്കുന്നോ' എന്നായി ചോദ്യം. പതറിപ്പോയ ഞാന്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും, പെട്ടെന്ന് സ്ഥലം വിട്ടോളാനായിരുന്നു നിര്‍ദ്ദേശം. ചില സുഹൃത്തുക്കള്‍ പ്രകോപിതരായെങ്കിലും സഖാക്കളുടെ കൈക്കരുത്ത് നന്നായി അറിയാവുന്ന ഞങ്ങള്‍ എല്ലാവരെയും കൂട്ടി പെട്ടെന്ന് തന്നെ അവിടുന്ന് വലിഞ്ഞു.

സക്രിയമായ സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്ന് ഊച്ചാളിത്തരത്തിലേക്ക് അവര്‍ തരം താഴ്ന്നതിന് കാരണമെന്ത് ? 

ഇപ്പറഞ്ഞ നിരുപദ്രവമായ ഒത്തുകൂടലുകളെപ്പോലും ഭയക്കുന്ന എസ്.എഫ്.ഐയുടെ മാനസികാവസ്ഥയുടെ പൊരുളെന്താണ്? മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത അരക്ഷിതാവസ്ഥ അവര്‍ക്ക് എങ്ങനെ വന്നുപെട്ടു? ഇടതുപക്ഷ മനോഭാവത്തോടെ വന്ന ഞങ്ങളെ പോലും മാനസികമായി അകറ്റാന്‍ കാരണമെന്ത്? ഞാന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിച്ച 1986 മുതല്‍ 1991 വരെ കാര്യമായ അക്കാദമിക് അന്തരീക്ഷമൊന്നുമില്ലായിരുന്നു. പ്രീഡിഗ്രി (പ്‌ളസ്ടുവിന്റെ മുന്‍ഗാമി) കോളേജുകളുടെ ഭാഗമായിരുന്ന അക്കാലത്ത് അതില്ലാത്ത അപൂര്‍വ (ഏക?) കലാലയമായിരുന്നു യൂണിവേഴ്‌സിറ്റി കോളേജ്. മുതിര്‍ന്നവരുടെ കലാലയമായിട്ടും വ്യത്യസ്തമായ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ സാധ്യമാകാതിരുന്നത് എന്ത് കൊണ്ടായിരുന്നു? സക്രിയമായ സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്ന് ഊച്ചാളിത്തരത്തിലേക്ക് അവര്‍ തരം താഴ്ന്നതിന് കാരണമെന്ത് ? 

സംശയം വേണ്ട. ഗുണനിലവാരമില്ലാത്ത നേതൃത്വം തന്നെ കാരണം. പ്രസ്ഥാനം പങ്ക് പറ്റല്‍ രാഷ്ട്രീയത്തിലേക്ക് വഴുതി തുടങ്ങിയതിന്റെ സ്വാഭാവിക അപചയമാണ് ഇവിടെയും പ്രകടമായത്. നാട്ടിലെ തല്ലിപ്പൊളികളൊക്കെ യൂണിവേഴ്‌സിറ്റി കോളേജിലെത്തുമ്പോള്‍ എസ്.എഫ്.ഐക്കാരാകും. ആഴത്തിലുള്ള വിഷയപഠനമോ, നേതൃപാടവമോ, ആദര്‍ശാടിത്തറയോ, സ്വഭാവസംശുദ്ധിയോ ഇല്ലാത്ത ആള്‍ക്കൂട്ടങ്ങള്‍മാത്രമാവും പലപ്പോഴും ഇവരില്‍ ഭൂരിഭാഗവും. ഇതിലെ അപവാദങ്ങളാകട്ടെ, പ്രസ്ഥാനത്തിലെ അപചയം കാരണം മനസ്സ് മടുത്ത് കളം മാറും, അല്ലെങ്കില്‍ നിസ്സംഗരാകും.

എസ്.എഫ്.ഐയേക്കാള്‍ ഗതികെട്ടവരാണ് മറ്റു പല സംഘടനകളും. എന്നാല്‍ അവരെ മത്സരിക്കാന്‍ അനുവദിക്കുന്നത് പോയിട്ട് കാമ്പസില്‍ കാലുകുത്താന്‍ പോലും അനുവദിക്കാത്തത് കാര്യങ്ങളെ വഷളാക്കുന്നു. 'സ്വതന്ത്രമായി ഒഴുക്കില്ലാത്തത് എവിടെയോ അവിടെ മാലിന്യം അടിഞ്ഞു കൂടുന്നു' എന്ന് പറയും പോലെ. ഈ അരക്ഷിതാവസ്ഥയില്‍ മികവുള്ള അദ്ധ്യാപകര്‍ പോലും നിസ്സഹായരാകുന്നു. കഴിഞ്ഞ ദിവസം രണ്ട് പെണ്‍കുട്ടികള്‍ക്ക് ഒപ്പം പുറത്ത് നിന്ന് ഒരാണ്‍ സുഹൃത്ത് വന്നതിനെ ചോദ്യം ചെയ്ത് എസ്.എഫ്.ഐ ഉണ്ടാക്കിയ അക്രമത്തിന് വൈസ് പ്രിന്‍സിപ്പല്‍ മൂകസാക്ഷിയായെന്ന് ആക്ഷേപം ഉണ്ടായല്ലോ. എങ്ങനെ ഇടപെടും അദ്ദേഹം?  എത്രയോ വര്‍ഷങ്ങളായി അവിടെ നടക്കുന്ന തോന്ന്യാസം ചോദ്യം ചെയ്യാനാകാതെ  നിസ്സഹായരായി നില്‍ക്കയല്ലേ അവരെല്ലാം. 

സംശയം വേണ്ട. ഗുണനിലവാരമില്ലാത്ത നേതൃത്വം തന്നെ കാരണം

സദാചാരത്തിന്റെ പേര് പറഞ്ഞാണല്ലോ പുറമേ നിന്ന് വന്ന യുവാവിനെ മര്‍ദ്ദിച്ചവശനാക്കിയത്. മഴ പെയ്ത് കഴിഞ്ഞാലും മരം തുടര്‍ന്ന് പെയ്യും എന്ന് പറയും പോലെയാണ് ഞങ്ങളുടെ കലാലയം. അവിടെ ഒരിക്കല്‍ പഠിച്ചാല്‍, അത് പോകട്ടെ, താല്‍പ്പര്യമുള്ളയാര്‍ക്കും എപ്പോഴും അവിടെ വരാമെന്നതാണ് പണ്ടേയുള്ള വ്യവസ്ഥ, എസ്.എഫ്. ഐയുമായി കലമ്പരുതെന്ന് മാത്രം. കഴിഞ്ഞ ദിവസം, കോളേജിലെ ഇംഗ്‌ളീഷ് വകുപ്പിലെ ആദ്യ മലയാളി പ്രൊഫസറായിരുന്ന എം.എ പരമുപിള്ള സാറിനെ അനുസ്മരിച്ചുകൊണ്ടുള്ള പ്രഭാഷണം കേള്‍ക്കാന്‍ പോയപ്പോഴും അവിടത്തെ പുതിയവരെക്കാള്‍ നിരവധി പഴയ ആളുകളെയാണ് കാണാനായത്. പുറത്തെ കോളേജുകളിലെ പലര്‍ക്കും വരണമെന്നുണ്ടായിരുന്നുവെങ്കിലും, അടിപിടിയുടെ പേടിയില്‍ എത്താനായില്ല. 

സംഘടനയുമായി പൊരുത്തപ്പെട്ട് പോയാല്‍ ആര്‍ക്കും എന്തിനും സ്വാതന്ത്രമുള്ള സ്ഥാപനവുമാണിത്. കോളേജ് പ്രവര്‍ത്തിക്കുന്ന പട്ടാപകല്‍ നേരത്ത് പോലും, തരക്കേടില്ലാത്ത 'അനാശ്യാസ്യത്തിന' (സാമ്പ്രദായിക അര്‍ത്ഥത്തില്‍, സമകാലികമായി വ്യത്യസ്ഥ വീക്ഷണമുണ്ടാകാം) അവസരം നല്‍കിയിരുന്ന ഒരിടം അവിടെയുണ്ടായിരുന്നു. ആ വകുപ്പിന്റെ പേര് വെളിപ്പെടുത്തി അവരെ അവഹേളിക്കാനാഗ്രഹിക്കുന്നില്ല. മാത്രമല്ല അവിടത്തെ കുട്ടികളേക്കാള്‍ മറ്റുള്ളവരായിരുന്നു അവിടെ ചേക്കേറിയിരുന്നത്. ക്‌ളാസ്സ് കഴിഞ്ഞാല്‍ ഈ കലാപരിപാടികള്‍ മറ്റ് പലയിടത്തേക്കും പടര്‍ന്നിരുന്നു. ഞങ്ങള്‍ എന്‍.സി.സി കേഡറ്റുകള്‍ക്ക് വൈകുന്നേരം രണ്ട് ചുമതലകളുണ്ടായിരുന്നു. അവിടെ ഹോക്കി പരിശിലനവും, പിന്നെ ഈജിയന്‍ തൊഴുത്തിനെ അനുസ്മരിക്കുന്ന മൂത്രപ്പുര വൃത്തിയാക്കലും. ആ അസമയങ്ങളില്‍ ഇത്തരം 'കാഴ്ചകള്‍ക്ക്' ഞങ്ങള്‍ സാക്ഷികളായിരുന്നു. 

കൊള്ളാവുന്ന മിടുക്കികളായ പെണ്‍കുട്ടികള്‍ തങ്ങളെ ഗൗനിക്കാതെ കൊള്ളാവുന്ന പയലുകളുമായി ചങ്ങാത്തം കൂടിയാല്‍ അലമ്പും

പലരും സംഘടനാ സഹയാത്രികരായിരുന്നു. ചെറിയ ഒരു സംഘത്തിന്റെ മാത്രം പ്രവൃത്തിക്ക് സംഘടന നിശ്ശബ്ദമായി നിന്നിരുന്നു. പിന്നീട് കാര്യവട്ടം ക്യാമ്പസിലും ഇത്തരം അനുഭവങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. അവിടത്തെ പ്രോഗ്രസീവ്‌സും (എസ്.എഫ്.ഐ) ഡെമോക്രേറ്റ്‌സും( കെ.എസ്.യു) വൈദ്യന്‍ കുന്നില്‍ ( ഇന്നത്തെ ടെക്‌നോപാര്‍ക്ക്) വൈകുന്നേരം നടക്കുന്ന സൈ്വര്യ വിഹാരങ്ങള്‍ക്ക് വിലക്കൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ലെന്ന് മാത്രമല്ല, പങ്കാളികളുമായിരുന്നു. 

യൂണിവേഴ്‌സിറ്റി കോളേജില്‍ കഴിഞ്ഞ ദിവസം സംഭവിച്ച സദാചാര ആക്രമണം പോലുള്ളവ നടന്നത് കൊതിക്കെറുവ് കൊണ്ട് മാത്രമാണെന്നാണ് എനിക്ക് തോന്നുന്നത്. കൊള്ളാവുന്ന മിടുക്കികളായ പെണ്‍കുട്ടികള്‍ തങ്ങളെ ഗൗനിക്കാതെ കൊള്ളാവുന്ന പയലുകളുമായി ചങ്ങാത്തം കൂടിയാല്‍ അലമ്പും. കോളേജില്‍ എന്നും വാലന്റൈന്‍സ് ഡേ ആവണമെന്നൊന്നും ഞാന്‍  പറയുന്നില്ല. മാത്രമല്ല എന്താണ് സദാചാരമെന്നും, എന്താണ് അതല്ലെന്നും നിര്‍വചിക്കാനും ഇവിടെ ഉദ്ദേശിക്കുന്നില്ല. അതിനെ ചൊല്ലിയുള്ള ആക്രമണത്തെ അംഗീകരിക്കുന്നില്ലെന്ന് മാത്രം. 

അപചയം വെടിഞ്ഞ് പൂര്‍വ പ്രതാപം വീണ്ടെടുക്കാന്‍ യൂണിവേഴ്‌സിറ്റി കോളേജിനാകട്ടെ.

രണ്ടായാലും അക്കാദമിക് അന്തരീക്ഷത്തെ അത് തകര്‍ക്കും. എഴുപതുകളില്‍, താന്‍ പഠിച്ചപ്പോള്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ഇംഗ്‌ളീഷ് വകുപ്പ് ഓകസ്‌ഫോഡിനെക്കാള്‍ മികച്ചതായിരുന്നുവെന്ന് ഈയിടെ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് കോളേജിലെ നൂറ്റമ്പതാം വാര്‍ഷികത്തില്‍ പങ്കെടുക്കവേ അഭിമാനത്തോടെ സ്മരിച്ചിരുന്നു.   എണ്‍പതുകളില്‍ ഞാന്‍ അതേ വകുപ്പിലെത്തിയപ്പോള്‍ വിജയനാന്ദിനെ പഠിപ്പിച്ചിരുന്ന പല മികച്ച അദ്ധ്യാപകരും ഉണ്ടായിരുന്നുവെങ്കിലും, പഠനാന്തരീക്ഷം തലകുത്തി തുടങ്ങിയിരുന്നു. ഇന്ന് അത് നിലം പൊത്തിയിരിക്കുന്നു. എന്റെ പ്രിയപ്പെട്ടവര്‍-പിതാവും, പ്രിയ പത്‌നിയും, പരശതം സുഹൃത്തുക്കളും- പഠിച്ചിരുന്ന യൂണിവേഴ്‌സിറ്റി കോളേജില്‍ തന്നെ എന്റെ പുത്ര പരമ്പരയും അദ്ധ്യയനം തുടരണമെന്ന് ആഗ്രഹമുണ്ട്.അപചയം വെടിഞ്ഞ് പൂര്‍വ പ്രതാപം വീണ്ടെടുക്കാന്‍ യൂണിവേഴ്‌സിറ്റി കോളേജിനാകട്ടെ. അതിന് എസ്.എഫ്.ഐ തന്നെ മുന്‍കൈയെടുക്കണം. 

പണ്ട് നമ്മുടെ കോളേജില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പ്രവേശനം കിട്ടിപോയ സഹപാഠികള്‍ക്ക് റാഗിങ്ങ് നേരിടേണ്ടി വന്നപ്പോള്‍ അവരുടെ കോളേജ് ബസ്സ് തടഞ്ഞിട്ട്, റാഗിങ്ങ് തെമ്മാടികളെ നാം വിരട്ടിയ പോലെ, നമ്മുടെ കോളേജിലേക്ക് ചെരുപ്പെറിഞ്ഞ സിനിമാക്കാരെ നാം പാഠം പഠിപ്പിച്ച പോലെ, കേരളത്തിലെ കലാലയങ്ങളിലെയും, സമൂഹത്തിലെയും, പുഴുക്കുത്തുകളെ നേരിടാന്‍ ശക്തമായ എസ്.എഫ്.ഐയും ഒപ്പം കെ.എസ്.യുവുമൊക്കെ നിലനിന്നേ തീരൂ. നമ്മുടെ നേതാക്കന്‍മാരെല്ലാം അവരുടെ മക്കളെ മത സംഘടനകളുടെ സ്വാശ്രയ കോളേജുകളിലേക്കും സ്‌പോണ്‍സേഡ് വിദേശ പഠനത്തിനും അയക്കും. സമൂഹത്തിലെ കീഴാളരാണ് ഇപ്പോള്‍ യൂണിവേഴ്‌സിറ്റി കോളേജിലും, മറ്റും പഠിക്കുന്നവരില്‍ ഏറെയും. അവരൊന്ന് പഠിച്ചോട്ടെ.  ഒപ്പം ഞാന്‍ ബഹുമാനിക്കുകയും, ഇഷ്ടപ്പെടുകയും ചെയ്യുന്ന ശ്രേഷ്ഠനായ അദ്ധ്യാപകനും വിദ്യാഭ്യാസ മന്ത്രിയുമായ രവീന്ദ്രനാഥ് ഇടപെട്ട് അവിടെ എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്യം നല്‍കട്ടെ. അങ്ങനെ ജനാധിപത്യവും സോഷ്യലിസവും പുലരട്ടെ. സഖാക്കളെ നന്ദി. ലാല്‍ സലാം.   

(ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ്  എക്‌സിക്യൂട്ടിവ് എഡിറ്ററായ ലേഖകന്‍ 1986 മുതല്‍ 91 വരെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു)
 

click me!