കണ്ണുതുറപ്പിക്കാനാണ് ഈ ഹാഷ് ടാഗ് കാമ്പെയിന്‍!

By ഷിജു ആര്‍First Published Apr 26, 2018, 7:52 PM IST
Highlights
  • നമ്മുടെ കണ്ണുതുറപ്പിക്കാനാണ് ഈ ഹാഷ് ടാഗ് കാമ്പെയിന്‍! 
  • ഷിജു ആര്‍ എഴുതുന്നു

#IamNotaNumber എന്ന പേരില്‍ നമ്മുടെ സ്ത്രീ സുഹൃത്തുക്കള്‍ ആരംഭിച്ച ഹാഷ് ടാഗ് പ്രചരണം ക്ലിക്ക് ചെയ്താല്‍ ഗൂഗിള്‍ നിങ്ങളെ    ഈ പ്രചരണങ്ങളില്‍ മാത്രമല്ല സിറിയന്‍  യുദ്ധത്തിലെ അതിജീവന സമരങ്ങളില്‍ കൂടി എത്തിക്കും. അത് അര്‍ത്ഥ പൂര്‍ണ്ണവുമാണ്.  രാഷ്ട്ര ശരീരം കയ്യേറുന്നതാണ് യുദ്ധമെങ്കില്‍,  തങ്ങള്‍ക്കു അനുമതിയും അവകാശവും ഇല്ലാത്ത സ്ത്രീ ശരീരത്തിലും അന്തസ്സിലുമുള്ള കടന്നു കയറ്റമാണ് ഓരോ ബലാല്‍സംഗവും.

ഒന്നാം ക്ലാസ്സിലെ ഹാജര്‍ പട്ടികയില്‍ പേരു വന്നതോടെയാണ് ആദ്യമായി ഞാന്‍ ഒരു അക്കമായി തീര്‍ന്നത്.  പലതരം സ്ഥിതിവിവരകണക്കുകളുടെ ആവശ്യങ്ങള്‍ക്ക്, പട്ടികപ്പെടുത്തലിന്റെ സൗകര്യങ്ങള്‍ക്ക് ഒരാള്‍ക്ക് ഒരു അക്കമായി തീരേണ്ടി വരുന്നു.  ആശുപത്രി വാര്‍ഡില്‍ കട്ടിലിന്റെ നമ്പര്‍,  അല്ലെങ്കില്‍ വാര്‍ഡ് നമ്പര്‍,  വോട്ടര്‍ പട്ടികയില്‍ ക്രമ നമ്പര്‍ തുടങ്ങിയവയെല്ലാം നിങ്ങളെ എല്ലാ സവിശേഷതകളെയും ചോര്‍ത്തിക്കളഞ്ഞു ഒരു പ്രത്യേക വ്യൂഹത്തിന്റെ ഭാഗമാകുന്നു.  ഗണിതഭാഷയില്‍ പറഞ്ഞാല്‍ ഒരു ഗണമോ യോഗമോ..  ഒരു ഗണമോ യോഗമോ ഉണ്ട് എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം അതിനുപുറത്തും ചിലതുണ്ട്  (അപരം ) എന്നാണ്.  തത്വചിന്താപരമായി ഈ ഗണവിഭജനത്തെ എതിര്‍ക്കാമെങ്കിലും പലവിധ ആവശ്യങ്ങള്‍ക്കുള്ള സ്ഥിതി വിവരക്കണക്കുകള്‍, അവയെ മുന്‍നിര്‍ത്തിയുള്ള പഠനങ്ങള്‍ എന്നിവ ഒരു ഭരണകൂടത്തിന്,  വ്യവസ്ഥയ്ക്ക് അത്യാവശ്യമാണ്.  അതുകൊണ്ട് പലവിധ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി നിറുകെയും കുറുകെയും വരച്ച കള്ളികളില്‍ വിവിധ അക്കങ്ങളാവാനും വരിനില്‍ക്കാനുമുള്ള വിധിയില്‍ നിന്നും പൗര സമൂഹത്തിനു മോചനമില്ല.  

നിങ്ങള്‍ ഒരു പാര്‍ട്ടിയില്‍ പെട്ട ആളാണെന്നതോ,  മത വിശ്വാസിയാണെന്നതോ നിങ്ങളുടെ അസ്തിത്വത്തെക്കുറിച്ചുള്ള  പൂര്‍ണ്ണമായ വിവരമേ അല്ല.  ആ അസ്തിത്വത്തെ നിങ്ങള്‍ ഒട്ടും പരിഗണിക്കുന്നുപോലുമുണ്ടാവില്ല.  അല്ലെങ്കില്‍ നിങ്ങള്‍ക്ക്  അത്തരമൊരു അസ്തിത്വം ഉണ്ടാവണം എന്നു പോലുമില്ല.  പക്ഷേ ഒരു സവിശേഷ സന്ദര്‍ഭത്തില്‍ നിങ്ങള്‍ കൊല്ലപ്പെടാന്‍ ആ ഐഡന്റിറ്റി ഒരു കാരണമായേക്കാം എന്നതാണ്.  വരാപ്പുഴ കസ്റ്റഡി മരണത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ അയാളെ  'ആളുമാറി കൊല ചെയ്തു'  എന്ന് ആരോ എഴുതികണ്ടിരുന്നു.  അപ്പോള്‍ ശരിയായ പ്രതി ആണെങ്കില്‍ കൊല്ലാമോ? പ്രതി ചേര്‍ക്കപ്പെട്ടയാള്‍ പോലീസിന്റെ കയ്യില്‍ കിട്ടിയാല്‍  കൊല്ലപ്പെടാമെന്നും അവര്‍ക്ക് എന്തും ചെയ്യാനുള്ള അധികാരമുണ്ടെന്നുമുള്ള ഫ്യൂഡല്‍ കാലത്തെ പൊതുബോധം വച്ചു അത്തരം കൊലപാതകങ്ങള്‍ ന്യായീകരിക്കുന്ന യുക്തിയാണത്.  

മിസൈല്‍ ആക്രമണത്തില്‍ നൂറുകുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു എന്ന് ഒരു പത്രമെഴുതുമ്പോള്‍ ( അതല്ലാതെ വേറെ വഴിയില്ല ) അതില്‍ നന്നായി പാട്ടു പാടുന്ന,  മരം കയറുന്ന,  ഓടാനും ചാടാനും അറിയുന്ന,  പഠിച്ച് ഉന്നതനിലയില്‍ എത്തി തന്റെ നാടിന്റെ ദുരിതങ്ങള്‍ മാറ്റുന്നതിനെക്കുറിച്ച് പറയാറുള്ള നൂറു സ്വപ്നങ്ങളാണ് കത്തിക്കരിഞ്ഞത് എന്ന് നാം ഓര്‍ക്കാറില്ല.  

വ്യവസ്ഥ പട്ടികപ്പെടുത്തി സാമാന്യവത്കരിക്കുന്ന പറ്റങ്ങളില്‍ നിന്നും ഗോത്രങ്ങളില്‍ നിന്നും പ്രതിജനഭിന്നമായ വ്യക്തിത്വങ്ങളേ വീണ്ടെടുക്കാനും അവയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനും പ്രതിബദ്ധതയുള്ള ജാഗ്രതയുടെ പേരാണ് രാഷ്ട്രീയം.  പ്രത്യേകിച്ച് മുതലാളിത്ത ആധുനികതയുടെ കാലത്തെ വിമര്‍ശനാത്മക പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ മൗലിക ഉത്തരവാദിത്തങ്ങളിലൊന്നു ഈ മനുഷ്യാന്തസ്സ് ഉയര്‍ത്തിപ്പിടിക്കലാണ്.  

വീടുകള്‍ക്ക് മുകളില്‍ മഞ്ഞച്ചായം പൂശി ഒഴിപ്പിച്ചെടുക്കുന്ന സന്ദര്‍ഭത്തില്‍,  പ്രകൃതി പ്രതിഭാസങ്ങളേ അവയുടെ വിഭവ ചൂഷണ സാധ്യതയുടെ സാംഖിക മാനത്തില്‍ മാത്രം അടയാളം വയ്ക്കുമ്പോള്‍ ഒക്കെയും ഈ ഭരണകൂട യുക്തിയാണ് സാധൂകരണം തേടുന്നത്.  

ബലാല്‍ക്കാരം ജീവിതത്തിന്റെ അവസാനമല്ലെന്ന് തന്നെയാണ് നാം നമ്മുടെ പെണ്‍കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടത്.

നാളിതുവരെ തനിക്ക് പരിചയമില്ലാത്ത ഒരു സ്ത്രീയുടെ മേല്‍   (ഇനി പരിചയമുണ്ടെങ്കിലും സമ്മതത്തോടെയല്ലാതെ) സ്പര്‍ശിക്കുമ്പോള്‍ ഈ യുക്തി പ്രവര്‍്ത്തിക്കുന്നു.  സ്ത്രീ എന്ന ഗണത്തില്‍ പെടുന്നു എന്നതുകൊണ്ട് മാത്രം അവള്‍ ആക്രമിക്കപ്പെടുന്നു.  ഒരു പീഡനക്കേസില്‍ ഇര/ വാദി ആവുന്നതോടെ മുഖം മറച്ചു,  സ്ഥലപ്പേരില്‍ അറിയപ്പെടുന്ന ഒരു കേസ് നമ്പര്‍ മാത്രമായി തീരുന്നു.  അവരുടെ സുരക്ഷാ കാരണങ്ങള്‍ കൊണ്ടോ,  ആത്മിവിശ്വാസം കൂട്ടാനോ ആണെങ്കില്‍ അത് അങ്ങനെ തുടരേണ്ടി വരും.  പക്ഷേ യാഥാസ്ഥിതിക ചാരിത്ര്യ സങ്കല്പവും സദാചാര ബോധവുമാണ് അത്തരം ഒളിച്ചുപൊക്കും ഒഴിച്ചിടലുമെങ്കില്‍ അത് അങ്ങേയറ്റം പ്രതിലോമകരവും അക്രമികള്‍ക്ക് വളം വച്ചു കൊടുക്കുന്നതുമാവുമെന്ന കാര്യത്തില്‍  സംശയമില്ല.  

ഈ പ്രബലമായ ചാരിത്ര്യബോധത്തിന്റെയും ദുരഭിമാനത്തിന്റെയും തോട്ടി കൊളുത്തി വച്ചാണ് പുരുഷാധിപത്യ വ്യവസ്ഥയുടെ പലവിധ ചൂഷണങ്ങള്‍ സാമാന്യവല്‍ക്കരിക്കപ്പെടുന്നത്.  പല പീഡാനുഭവങ്ങളും ഇരകള്‍ നിരന്തരം നിശ്ശബ്ദം ഏറ്റുവാങ്ങുന്നത്.   ഒരു പുരുഷന്  ഗുണ്ടാ സംഘങ്ങളില്‍ നിന്നോ ശത്രുക്കളില്‍ നിന്നോ ഏല്‍ക്കുന്ന ശരീരികാക്രമണങ്ങളില്‍ നിന്നും ബലാല്‍സംഗം വേറിട്ടുനില്‍ക്കുന്നത് അതിന്റെ വൈകാരിക സാംസ്‌കാരിക മൂല്യങ്ങള്‍ കൊണ്ടാണ്.  അത് കുടഞ്ഞുകളയുക എളുപ്പമല്ല. ബലാല്‍സംഗത്തെ സാമാന്യവത്കരിക്കാന്‍ പറയുന്നതുമല്ല.  പക്ഷേ മറ്റൊരു കേസിലും ഇല്ലാത്ത വിധം പ്രതികള്‍ വിലസി നടക്കുകയും ഇരകള്‍ ഒളിവുജീവിതം നയിക്കുകയും ചെയ്യുന്ന ഈ ദുരവസ്ഥയില്‍ നിന്നും നമുക്ക് മോചനം വേണം..  

ജനാധിപത്യവിരുദ്ധതയ്ക്കും  ശാരീരികക്ഷതങ്ങള്‍ക്കുമപ്പുറം  തകര്‍ത്തു കളയുന്നതാണ് ഓരോ ബലാല്‍ക്കാരത്തിലും സംഭവിക്കുന്ന വിശ്വാസത്തകര്‍ച്ച. ഡല്‍ഹിയിലെ പെണ്‍കുട്ടിയും  സൗമ്യയും പോലെ ചില അപ്രതീക്ഷിത സംഭവങ്ങളൊഴിച്ചാല്‍ (അവ എണ്ണത്തില്‍  കുറവാണെന്നോ ഗൗരവം കുറവാണെന്നോ അര്‍ത്ഥമാക്കരുത് ) മിക്കവയിലും  പ്രിയപ്പെട്ടൊരാളുടെ  ദയാരഹിതമായൊരു ചതിയുടെ തിരക്കഥയുണ്ടാവും.  അതേല്‍പ്പിക്കുന്ന മനസ്സിന്റെ മുറിവുകള്‍ ഉണങ്ങാന്‍ കാലമേറെയെടുക്കും. ഉണങ്ങിയാലും കാലത്തിന്റെ നഖമുനയാല്‍  ഇടയ്ക്കിടെ അവയില്‍ നിന്നു ചോര പൊടിയും  .

അതിനപ്പുറമുള്ള 'ഇരവല്‍ക്കരണ'ത്തിന്റെ വേരുകള്‍ നില്‍ക്കുന്നത് കന്യകാത്വവും പാതിവ്രത്യവും എല്ലാം ചേര്‍ന്ന യഥാസ്ഥിതിക സദാചാര ചപ്പടാച്ചികളിലാണ്. അതില്‍ നിന്നു നഖം നീട്ടുന്ന പരോക്ഷ ബലാല്‍ക്കാരം  ജീവിതാവസാനം  വരെ  നീളും.  ഇരകളെ മുഖംമൂടിയിട്ട ഒളിവു ജീവിതത്തിലേക്ക്  തള്ളി വിടുന്നത്  . വേട്ടക്കാരെ വീണ്ടും  വീണ്ടും കരുത്തരാകാന്‍ സഹായിക്കുന്ന സാമൂഹ്യാവസ്ഥയാണത്. 

നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ അവരുടെ മുഖംമൂടികള്‍ ചിന്തിയെറിയുന്ന നാള്‍ വരിക തന്നെ ചെയ്യും. 

ബലാല്‍ക്കാരം ജീവിതത്തിന്റെ അവസാനമല്ലെന്ന് തന്നെയാണ് നാം നമ്മുടെ പെണ്‍കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടത്. ഭംഗപ്പെടുന്നത് ഇരയാക്കപ്പെടുന്ന പെണ്ണിന്റെ അഭിമാനമേയല്ലെന്നും  അക്രമിയുടേതാണെന്നുമുള്ള കരുത്തില്‍ നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ അവരുടെ മുഖംമൂടികള്‍ ചിന്തിയെറിയുന്ന നാള്‍ വരിക തന്നെ ചെയ്യും. 

'ഞാനൊരു അക്കമല്ല, എന്റെ പേരും അസ്തിത്വവും വെളിപ്പെടുത്തണം' എന്ന പേരില്‍ നമ്മുടെ കൂട്ടുകാരികളില്‍ ചിലര്‍ ആരംഭിച്ച ഹാഷ് ടാഗ് പ്രചരണം അതുകൊണ്ട് വളരെയേറെ  പ്രാധാന്യമര്‍ഹിക്കുന്നു. 

#IamNotaNumber ഹാഷ് ടാഗ് പ്രചരണം ക്ലിക്ക് ചെയ്താല്‍ ഗൂഗിള്‍ നിങ്ങളെ    ഈ പ്രചരണങ്ങളില്‍ മാത്രമല്ല സിറിയന്‍  യുദ്ധത്തിലെ അതിജീവന സമരങ്ങളില്‍ കൂടി എത്തിക്കും. അത് അര്‍ത്ഥ പൂര്‍ണ്ണവുമാണ്.  രാഷ്ട്ര ശരീരം കയ്യേറുന്നതാണ് യുദ്ധമെങ്കില്‍,  തങ്ങള്‍ക്കു അനുമതിയും അവകാശവും ഇല്ലാത്ത സ്ത്രീ ശരീരത്തിലും അന്തസ്സിലുമുള്ള കടന്നു കയറ്റമാണ് ഓരോ ബലാല്‍സംഗവും.

ആദരവും സ്‌നേഹവും ചങ്കില്‍ ചേര്‍ത്ത സൗഹൃദവുമുള്ള അവര്‍ക്കെന്നല്ല,  ആര്‍ക്കും അവരെഴുതിയ നരക നിമിഷങ്ങള്‍ ലഭിക്കാതിരിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശിച്ചു കൊണ്ട്  അവരെ അഭിവാദ്യം ചെയ്യുന്നു.

NB :- (ബലാല്‍ക്കാരങ്ങളെ അതിജീവിച്ചവരുടെ പേരുകള്‍ അവരുടെ അനുമതിയില്ലാതെ   പൊതുമണ്ഡലത്തില്‍  മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് ഇതുമായി താരതമ്യം ചെയ്യാനാവില്ല..  അത് ക്രൂരത തന്നെയാണ്. നിയമവിരുദ്ധവും).

click me!