പ്രിയ മാലാഖകള്‍ക്ക്...

By Dr Shimna AzeezFirst Published May 12, 2017, 3:17 AM IST
Highlights

അന്ന് ഈസ്റ്ററാണ്. ഡ്യൂട്ടിയിലുള്ള സിസ്റ്റര്‍ക്ക് പള്ളിയില്‍ പോവാന്‍ സാധിച്ചിട്ടില്ല. ആള്‍ അതിന്റെ സങ്കടം പറഞ്ഞോണ്ടിരിക്കുന്നു. തല്‍ക്കാലം എന്റെ കുര്‍ബാന കൊണ്ട് അഡ്ജസ്റ്റ് ചെയ്‌തോളാന്‍ പറഞ്ഞു. വേറെ വഴിയില്ലാത്തത് കൊണ്ട് അവരൊരു നിസ്സഹായമായ ചിരി ചിരിച്ചു.

പെസഹയുടെ അന്ന് എന്റെ കോട്ടയം സ്മരണകള്‍ സഹിക്കാന്‍ വയ്യാഞ്ഞിട്ടാവണം എനിക്ക് പെസഹ അപ്പവും പാലും കൊണ്ടു തന്നിരുന്നു. ഈസ്റ്ററിന് കാലത്തേ ഉണര്‍ന്ന് പാലപ്പവും ചിക്കനും ഉണ്ടാക്കി അതും പൊതിഞ്ഞുകെട്ടി കൊണ്ടു വന്നു പാവം. പ്രാതല്‍ വൈകുന്നത് കൊടുംപാപമായത് കൊണ്ട് മാത്രം(കൊതി കൊണ്ടല്ല കേട്ടോ) ഞാന്‍ ഏഴരക്കേ അതെടുത്ത് കഴിച്ചു. ചേച്ചി പിന്നെ കഴിച്ചോളാം എന്ന് പറഞ്ഞ് കേസ്ഷീറ്റില്‍ നോട്ട്‌സെഴുതുന്നു.
 

ആ നേരത്താണ് ഒരു രോഗിക്ക് തൊലിക്കടിയിലേക്ക് വായു കയറാന്‍ തുടങ്ങിയത് (subcutaneous emphysema). രോഗിയുടെ മുഖവും കണ്‍പോളകളും കഴുത്തും കൈയും നെഞ്ചുമെല്ലാം വായു കയറി വീര്‍ത്തു വരുന്നു.

പത്ത് മിനിറ്റ് മുന്‍പ് ചിരിച്ച് വിശേഷം പറഞ്ഞിരുന്ന ആളാണ്. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ റൗണ്ട്‌സിന് വരുന്ന നേരമാകുന്നതെയുള്ളൂ. സാറിനെ വിളിച്ചു. തലേന്ന് ഏറെ വൈകിയാണ് സാറും വീട്ടിലെത്തിയത്. അന്നാണെങ്കില്‍ സാറിന് വിഷുവാണ്.

തുടര്‍ച്ചയായി കൈ കൊണ്ട് അമര്‍ത്തി ശ്വാസകോശത്തിലേക്ക് വായുവിനെ വഴി തിരിച്ചു വിട്ടു കൊണ്ടിരുന്നു ചേച്ചിയും മറ്റൊരു സിസ്റ്ററും. കോഴിക്കോട് നിന്ന് അര മണിക്കൂര്‍ കൊണ്ട് വണ്ടിയോടിച്ച് സാറുമെത്തി. ആ രോഗിക്ക് വേണ്ടത് ചെയ്തു. ഒന്ന് തിരിയുമ്പോഴേക്കും വീണ്ടും രണ്ട് എമര്‍ജന്‍സി. ഒന്നര കഴിഞ്ഞിട്ടും ചേച്ചിക്ക് പച്ചവെള്ളം കുടിക്കാന്‍ സാധിച്ചിട്ടില്ല. ഒടുക്കം പ്രായത്തിന് മുതിര്‍ന്ന ആളെ വഴക്ക് പറഞ്ഞോടിച്ചിട്ടാണ് കഴിക്കാന്‍ പോയത്. അങ്ങനെ ഒന്നല്ല, ഒരുപാട് തവണ.

എല്ലായിപ്പോഴും ഡോക്ടര്‍മാരുടെ വാലായി നടക്കുന്ന നേഴ്‌സ് ഏറ്റെടുക്കുന്ന വിഷമസന്ധികള്‍ ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ചികില്‍സിക്കുന്ന ഡോക്ടര്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കുന്നവരാണവര്‍. രോഗിക്കും ഡോക്ടര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇടയില്‍ നട്ടം തിരിയുന്നവര്‍.

എല്ലാവരുടേയും ചീത്ത വിളി കൃത്യമായി എത്തിച്ചേരുന്നതും അവരിലാണ്. എന്നാല്‍ എടുക്കുന്ന കഷ്ടപ്പാടിന് ആനുപാതികമായ ശമ്പളമോ ബഹുമാനമോ അവര്‍ക്ക് കിട്ടുന്നില്ലെന്ന് നിസ്സംശയം പറയാം. അല്ലെങ്കില്‍ വിദേശത്ത് പോകണം, അതിനും നൂറ് കടമ്പകള്‍.
 

ഒരു ചിരിയോ നന്ദിവാക്കോ അവര്‍ക്ക് നല്‍കാന്‍ മടിയാണ് മിക്കവര്‍ക്കും. കഴിഞ്ഞ ദിവസവും ഒരു നഴ്‌സ് ചേച്ചി കരയുന്നത് കണ്ടു. കെയര്‍ പോരെന്ന് പറഞ്ഞ് രോഗി പരാതി എഴുതി നല്‍കിയത്രേ. അവര്‍ കണ്ണില്‍ നിന്നിറ്റ് വീഴുന്ന നനവിലുണ്ടായിരുന്നു അവര്‍ തെറ്റു ചെയ്തിട്ടില്ലെന്നതിന്റെ തെളിവ്. എന്നെ ബോധിപ്പിക്കേണ്ട യാതൊരാവശ്യവും അവര്‍ക്കില്ലല്ലോ.

രോഗിയുടെ ശരീരസ്രവങ്ങളും ദുര്‍ഗന്ധവുമെല്ലാം കണ്ടില്ലെന്ന് നടിച്ച് അക്ഷരാര്‍ത്ഥത്തില്‍ മാലാഖമാരെപ്പോലെ ചിരിച്ചും സ്‌നേഹിച്ചും നടക്കുന്ന അവരില്ലെങ്കില്‍ ഇവിടത്തെ ചികിത്സാമേഖല തന്നെ കൂമ്പടച്ചു പോയേനെ. രോഗിക്ക് കിടക്ക വിരിക്കുന്നത് മുതല്‍ സര്‍വ്വം സിലബസിലുള്ളവര്‍, എന്നിട്ടും എത്രയാണവര്‍ സഹിക്കുന്നത്. എത്ര വിടര്‍ന്ന കണ്ണുകളിലെ വിഷാദം കണ്ടിരിക്കുന്നു.

നഴ്‌സുമാരെ 'സിസ്റ്ററേ' എന്ന വരണ്ട അഭിസംബോധന പൊതുവേ ചെയ്യാറില്ലെന്ന് തന്നെ പറയാം. 'സിസ്റ്റര്‍ജി'അല്ലെങ്കില്‍ പ്രായത്തിനനുസരിച്ച് 'ചേച്ചി' അതുമല്ലെങ്കില്‍ പേര്. അതാണ് പതിവ്. കത്തീറ്ററും കാനുലയും റയല്‍സ് ട്യൂബും ഇടുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ ഉള്‍പ്പെടെ പല കാര്യങ്ങളും പഠിപ്പിച്ചു തന്നവരാണ്. അവര്‍ക്ക് ആ ബഹുമാനം ഒരിക്കലും നിഷേധിച്ചിട്ടില്ല. തലക്കനവും അഹങ്കാരവുമൊക്കെയുള്ള ന്യൂനപക്ഷം ഇല്ലെന്നല്ല. പൊതുവേ കുറവാണ്. അവര്‍ക്ക് യഥേഷ്ടം അവഗണന വാരിക്കോരി കൊടുക്കും. അത്രേയുള്ളൂ.  

മദ്യലഹരിയില്‍ രോഗികളും കൂട്ടിരിപ്പുകാരുമൊക്കെ വരുമ്പോള്‍ അവരില്‍ നിന്നും സംരക്ഷിക്കാന്‍ ആങ്ങളയെപ്പോലെ കൂടെ നിന്നിട്ടുള്ള പുരുഷ നഴ്‌സുമാരെ മറക്കുന്നില്ല. 'ബ്രോ' ബന്ധങ്ങള്‍. അവരെക്കുറിച്ചൊന്നും ആരും പറയുന്നത് പോലും കേട്ടിട്ടില്ല. അവര്‍ക്കുമുണ്ട് അവരുടേതായ പ്രശ്‌നങ്ങള്‍.

ഒഴിവില്ലാതെ, ഓരോ ഷിഫ്റ്റിലും പറഞ്ഞേല്‍പ്പിച്ച കാര്യങ്ങള്‍ക്കിടയില്‍ നട്ടം തിരിഞ്ഞ്, ഓരോ റൗണ്ട്‌സിനിടയിലും കേള്‍ക്കേണ്ടി വരുന്ന കറുത്ത വാക്കുകള്‍ അവഗണിച്ച്, രോഗിയുള്‍പ്പെടെ സര്‍വ്വരും മുറുമുറുക്കുന്നത് കണ്ടില്ല കേട്ടില്ല എന്ന് വെച്ച്. ഇതൊന്നും ഒരാശുപത്രിയില്‍ മാത്രമായി കണ്ടിട്ടുള്ളതുമല്ല. ഈ പറയുന്ന എനിക്കും അവരോട് മുഖം കറുപ്പിക്കേണ്ടി വന്നിട്ടുണ്ട്. പിന്നീട് പശ്ചാത്താപം തോന്നിയാലും പറഞ്ഞത് തിരിച്ചെടുക്കാന്‍ പറ്റില്ലല്ലോ.

രാവും പകലും ഷിഫ്റ്റ് മാറേണ്ടി വരുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെല്ലാം അവര്‍ക്കുമുണ്ട്. ഡോക്ടറോട് കളിക്കാന്‍ വരാത്ത ഞരമ്പ് രോഗികളും നേഴ്‌സിന് പിറകേ പോകും. എന്ത് കൊണ്ടൊക്കെയോ അവര്‍ ഒരു 'ബലഹീനരുടെ കൂട്ടം' എന്ന ധാരണയാണ് സമൂഹത്തിന്. തന്റേടമുള്ള വ്യക്തികളാണവര്‍. എന്തിനും പോന്നവര്‍. അതിനുള്ള പരിശീലനവും ലഭിച്ചിട്ടുണ്ടവര്‍ക്ക്.

പല സമയത്തും ഡോക്ടറെത്തും വരെ ചെയ്യേണ്ട സുപ്രധാന കാര്യങ്ങള്‍ ഒരു നിമിഷം പോലും ചിന്തിച്ചു നില്‍ക്കാതെ ചെയ്യുന്നതവരാണ്. കാര്യങ്ങളറിയാവുന്ന നേഴ്‌സുണ്ടെങ്കില്‍ ഡോക്ടര്‍ക്ക് ചികിത്സ അത്രയെളുപ്പമാണ്. പലപ്പോഴും ഡോക്ടറെ സുപ്രധാന കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതുമവരാണ്.

ഇന്നവരുടെ ദിവസമാണ്. ഓരോ നേരവും ഞങ്ങള്‍ക്ക് വലംകൈയാകുന്ന പ്രിയപ്പെട്ട മാലാഖകള്‍ക്കും മാലാഖന്‍മാര്‍ക്കും 'അന്താരാഷ്ട്ര നഴ്‌സസ് ദിനാശംസകള്‍'.

കോടാനുകോടി രോഗികള്‍ക്ക് ചിരി പകര്‍ന്ന് കൊടുത്തും 'സാരമില്ല, ശരിയാവും കേട്ടോ' പറഞ്ഞും ഭക്ഷണം വാരിക്കൊടുത്തും വിസര്‍ജ്യങ്ങള്‍ പോലും സ്വന്തം ബന്ധുക്കള്‍ ചെയ്യുന്നതിലും ഭംഗിയായി വൃത്തിയാക്കിയും നിങ്ങള്‍ ചെയ്യുന്ന സേവനം ഈ ഒരു ദിനത്തിലൊതുക്കാവതല്ലെന്നറിയാം...

നന്ദി പ്രിയപ്പെട്ടവരേ...നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ലല്ലോ...

click me!