
നാട്ടിലെത്തുന്ന ആഫ്രിക്കന്‍ വംശജരെ വംശീയ അതിക്രമങ്ങളുടെ കഠാരമുനകള്‍ കൊണ്ട് സ്വീകരിക്കുന്ന ഇന്ത്യന്‍ സമൂഹം അറിയുക, നമുക്കിടയിലുമുണ്ട് ആഫ്രിക്കന്‍ വേരുകളുള്ള കുറേയേറെ മനുഷ്യര്‍. ഇന്ത്യന്‍ പൗരന്‍മാര്‍ ആയിട്ടുകൂടി അവരെ വംശീയമായി മുറിവേല്‍പ്പിക്കുന്നവര്‍ മറ്റ് ചിലത് കൂടി അറിയേണ്ടതുണ്ട്. കര്‍ണ്ണാടകയിലെ കാര്‍വാര്‍ മേഖലയില്‍ സമൂഹമായി ജീവിക്കുന്ന ഈ മനുഷ്യര്‍ ഇന്ത്യയെ ആഴത്തില്‍ സ്‌നേഹിക്കുന്നു. ഇന്ത്യയ്ക്കു വേണ്ടി ഒളിമ്പിക് മെഡല്‍ നേടാന്‍ തീവ്രമായി യത്‌നിക്കുന്നു. കായിക വേദികള്‍ കറുപ്പിന്റെ കരുത്തിനാല്‍ കീഴടക്കാന്‍ അവര്‍ വിയര്‍പ്പൊഴുക്കുന്നു. ആ മനുഷ്യരെ അടയാളപ്പെടുത്തുകയാണ് 101 ഇന്ത്യ എന്ന കൂട്ടായ്മ തയ്യാറാക്കിയ ഈ ഡാക്യുമെന്ററി. കായിക വേദിയില്‍ അപാരസാദ്ധ്യതകള്‍ ഉണ്ടായിരുന്ന ഈ സമൂഹത്തോട് നാം ചെയ്ത ക്രൂരതയുടെ ആഴമ കൂടി വിളിച്ചു പറയുന്നു ഈ ഡോക്യുമെന്ററി.
15 മുതല്‍ 19 നൂറ്റാണ്ടു വരെ ഇന്ത്യയില്‍ എത്തിയവരുടെ പിന്‍ഗാമികളാണ് സിദ്ധി എന്നു പേരുള്ള ഈ സമുദായം. കര്‍ണ്ണാടകയിലെ കാര്‍വാര്‍ പ്രദേശത്തെ യെല്ലാപൂരിലാണ് ഇവര്‍ താമസിക്കുന്നത്. ആഫ്രിക്കന്‍ വേരുകളുള്ള ഈ മനുഷ്യര്‍ക്ക് ഇന്ത്യന്‍ പൗരത്വമുണ്ട്. എല്ലാ ഇന്ത്യക്കാരും തുല്യരാണെന്ന് വിളംബരം ചെയ്യുന്ന ഭരണഘടനയെ പ്രകീര്‍ത്തിക്കുമ്പോഴും നമുക്കിടയിലെ ഈ മനുഷ്യരെ അവരുടെ ആഫ്രിക്കന്‍ വേരുകള്‍ കൊണ്ടു മാത്രം നാം അരികിലേക്ക് മാറ്റി നിര്‍ത്തുന്നു. ബസുകളിലും ട്രെയിനുകളിലും മറ്റ് പൊതു ഇടങ്ങളിലും അവരെ അപമാനിക്കുന്നു. അവരുടെ മക്കളെ അധിക്ഷേപിക്കുന്നു. നമുക്കിടയില്‍ ഇത്തരം ഒരു സമൂഹം ഉണ്ടെന്നു പോലും മറന്ന്, ഇവിടെ എത്തുന്ന ആഫ്രിക്കന്‍ വന്‍കരയിലുള്ളവരെ വംശീയമായി നാം പീഡിപ്പിക്കുമ്പോള്‍, അത് ഈ മനുഷ്യര്‍ക്ക് കൂടിയുള്ള താക്കീതാണ് എന്ന കാര്യം പോലും നാം തിരിച്ചറിയുന്നില്ല.
എല്ലാ ഇന്ത്യക്കാരും തുല്യരാണെന്ന് വിളംബരം ചെയ്യുന്ന ഭരണഘടനയെ പ്രകീര്‍ത്തിക്കുമ്പോഴും നമുക്കിടയിലെ ഈ മനുഷ്യരെ അവരുടെ ആഫ്രിക്കന്‍ വേരുകള്‍ കൊണ്ടു മാത്രം നാം അരികിലേക്ക് മാറ്റി നിര്‍ത്തുന്നു. ബസുകളിലും ട്രെയിനുകളിലും മറ്റ് പൊതു ഇടങ്ങളിലും അവരെ അപമാനിക്കുന്നു.
കരുത്തുറ്റ ഉടലുകളാണ് സിദ്ധി സമൂഹത്തിന്റെ സവിശേഷത. അവരില്‍ മികച്ച അത്‌ലറ്റുകളുണ്ട്. ഒളിമ്പിക്‌സ് സ്വപ്‌നങ്ങള്‍ക്ക് നിറം ചാര്‍ത്താന്‍ ഈ കരുത്ത് ഉപയോഗിക്കാമെന്ന് തിരിച്ചറിഞ്ഞ ഭാവനാശാലികളായ ഏതൊക്കെയോ ഭരണാധികാരികള്‍ ഇവര്‍ക്കായി കായികപരിശീലന പദ്ധതി ഏര്‍പ്പെടുത്തിയിരുന്നു. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ആരംഭിച്ച ഈ പദ്ധതിക്ക് സ്പഷ്യല്‍ ഏരിയാ ഗെയിംസ് പ്രൊജക്ട് എന്നായിരുന്നു പേര്. ഇതിലൂടെ നിരവധി സിദ്ധി കുരുന്നുകള്‍ കായിക വേദിയിലേക്ക് വന്നു. സംസ്ഥാന ദേശീയ തലങ്ങളില്‍ നേട്ടങ്ങള്‍ കൊയ്തു. അവരില്‍ ഒരാളായിരുന്നു കമല ബാബു സിദ്ധി എന്ന പെണ്‍കുട്ടി. ജൂനിയര്‍ ഗേള്‍സ് പെന്റാതലണില്‍ ദേശീയ റക്കോര്‍ഡ് നേടിയ പ്രതിഭ. എന്നാല്‍, എന്നാല്‍, 1993ലെ ഒരു സുപ്രഭാതത്തില്‍ കായിക രംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമായിരുന്ന ഈ പദ്ധതി അകാരണമായി സായി പിന്‍വലിച്ചു. ആകാശത്തോളം സ്വപ്‌നം കണ്ട കുരുന്നുകള്‍ വേദനയോടെ കായിക പരിശീലന ഇടങ്ങളില്‍നിന്ന് സ്വന്തം വീടകങ്ങളിലേക്ക് മടങ്ങി. കായിക സ്വപ്നങ്ങള്‍ പാതി വഴിയില്‍ ഇല്ലാതായ കമല ബാബു സിദ്ധി ഇപ്പോള്‍ വീട്ടില്‍ കുട്ടികളെ നോക്കിയിരിക്കുകയാണ്. പഴയ ട്രാക്ക് സ്യൂട്ടു പിടിച്ച് അവര്‍ നമ്മോട് പറയുന്ന കാര്യങ്ങള്‍ നെഞ്ചു പിളര്‍ക്കുന്നതാണ്.
ഇവരെ പിന്തുണയ്ക്കാന്‍ സമൂഹമെന്ന നിലയില്‍ നമുക്ക് ബാധ്യതയുണ്ട്. ഇക്കാര്യം ആവശ്യപ്പെടാന്‍ കായിക രംഗത്തെ സംഘടനകള്‍ക്കും കഴിയേണ്ടതുണ്ട്.
ഇപ്പോള്‍, അവിടെയുള്ള മുന്‍ കായികതാരങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന് അവരുടെ മുന്‍കൈയില്‍ സ്വന്തം സമൂഹത്തിലെ കായിക പ്രതിഭകളെ കണ്ടെത്തി പരിശീലനം നടത്തുകയാണ്. ഒളിമ്പിക് സ്വര്‍ണ്ണമെന്ന ദീര്‍ഘകാലത്തെ ഇന്ത്യന്‍ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഈ കുരുന്നുകള്‍ക്ക് കഴിയുമെന്ന വിശ്വാസത്തോടെ അവര്‍ വിയര്‍പ്പ് ചിന്തുകയാണ്.
ഇവരെ പിന്തുണയ്ക്കാന്‍ സമൂഹമെന്ന നിലയില്‍ നമുക്ക് ബാധ്യതയുണ്ട്. ഇക്കാര്യം ആവശ്യപ്പെടാന്‍ കായിക രംഗത്തെ സംഘടനകള്‍ക്കും കഴിയേണ്ടതുണ്ട്. അതോടൊപ്പം, നമുക്കുള്ളിലെ, വംശീയതയുടെ വിഷവിത്തുകള്‍ ഉന്‍മൂലനം ചെയ്യാനുള്ള വലിയ തീരുമാനമെടുക്കാനും ഈ സഹോദരങ്ങള്‍ കാരണമാവേണ്ടതുണ്ട്.
കാണൂ, ആ മനുഷ്യരുടെ ജീവിതം:
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.