എന്നിട്ടും, ഞാന്‍ ഫെമിനിസ്റ്റായി!

By സ്മിത അജുFirst Published Feb 8, 2018, 9:00 PM IST
Highlights

ലിംഗവിവേചനത്തിന്റെ ആദ്യപാഠങ്ങള്‍ എവിടെനിന്നുമാവാം. വീടകങ്ങള്‍ മുതല്‍ തൊഴിലിടങ്ങള്‍ വരെ. പൊതു ഇടങ്ങള്‍ മുതല്‍ സോഷ്യല്‍ മീഡിയാ ഇടങ്ങള്‍ വരെ. റിമ കല്ലിങ്കല്‍ തുടങ്ങിവെച്ച സംവാദത്തിലേക്ക് നിങ്ങള്‍ക്കും ചേരാം. നിങ്ങളുടെ കുറിപ്പുകള്‍ webteam@asianetnews.in എന്ന മെയില്‍ ഐഡിയിലേക്ക് ഫോട്ടോ സഹിതം അയക്കൂ. സബ് ജക്ട് ലൈനില്‍ 'ഞാന്‍ ഫെമിനിസ്റ്റായ ദിവസം!' എന്ന് എഴുതാന്‍ മറക്കരുത്.

സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ അടിസ്ഥാനാശയങ്ങള്‍ അറിഞ്ഞോ അറിയാതെയോ പ്രാവര്‍ത്തികമാക്കുന്ന ഒരു കുടുംബത്തില്‍ ജനിക്കാന്‍ കഴിയുക എന്നത് തീര്‍ച്ചയായും ഒരു പ്രിവിലേജ് ആണ്.

അത്തരം പ്രിവിലേജ് ലഭിച്ച, കമ്യൂണിസത്തിന്റെ ഭാഗമാണ് ലിംഗസമത്വമെന്നറിയുന്ന മാര്‍ക്‌സിസ്റ്റുകാരനായ അച്ഛന്റെയും ആ അച്ഛനാല്‍ സ്വാധീനിക്കപ്പെട്ട അമ്മയുടേയും മൂന്ന് പെണ്മക്കളില്‍ ഒരാളാണ് ഞാന്‍. ചുരുങ്ങിയ കാലഘട്ടമൊഴിച്ചാല്‍ പഠിച്ചതും ജോലി ചെയ്തതും ഒക്കെ സ്ത്രീ ആധിപത്യം ഉള്ള സ്ഥലങ്ങളില്‍ ആയിരുന്നു .അതുനുശേഷം ജീവിതപങ്കാളിയെ തിരഞ്ഞെടുത്തപ്പോഴോ, ആ വീട്ടുകാര്‍ക്കൊപ്പം കഴിഞ്ഞ കാലത്തോ, ഇപ്പോള്‍ ഒരു ദശാബ്ദമായി തുടരുന്ന പ്രവാസജീവിതത്തിലോ പ്രകടമായ ആണ്‍ പെണ്‍  വേര്‍തിരിവുകള്‍ക്ക് ഞാന്‍ പാത്രമായിട്ടില്ല, അനുഭവിച്ചിട്ടില്ല എന്നത് ആദ്യമേ പറയട്ടെ.

അത്തരം അനുഗ്രഹിക്കപ്പെട്ട ജീവിതപരിസരങ്ങളില്‍ നിന്ന് വന്നത് കൊണ്ടാവാം ഒരിക്കല്‍ പോലും ആ രാഷ്ട്രീയത്തിന്റെ ആവശ്യകതകളെക്കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നില്ല. ആണ്‍ബോധങ്ങള്‍ സമര്‍ത്ഥമായി സൃഷ്ടിച്ചെടുത്ത്, വളച്ചൊടിച്ച്, ഭംഗിയായി ഇരകളെ വേട്ടക്കാര്‍ക്കൊപ്പം നിര്‍ത്തുന്ന ഫെമിനിസ്റ്റുകളെന്നാല്‍ എന്തോ അന്യഗ്രഹജീവികളെന്ന മിഥ്യാധാരണകളോടൊപ്പം തന്നെ ഞാന്‍ മുന്നോട്ട് പോയി.

പലപ്പോഴും സഹപാഠികള്‍ക്കിടയില്‍, സുഹൃത്തുക്കള്‍ക്കിടയില്‍ ആണധികാരത്തിന്റെ അടിച്ചമര്‍ത്തലുകളില്‍ എല്ലുനുറുങ്ങുന്നവരെ, ചോരയൊലിക്കുന്നവരെ, വേദന മുറ്റുന്ന അനുഭവങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്. തൊഴിലെടുത്ത് കിട്ടുന്ന ശമ്പളത്തില്‍നിന്ന്  10 രൂപ എടുത്ത് സ്വന്തം ആഗ്രഹങ്ങള്‍ക്കായി മാറ്റി വക്കാന്‍ അനുവാദമില്ലാത്ത, കൂട്ടുകാരോട് ഒന്ന് സംസാരിക്കാന്‍ അവസരം നല്‍കപ്പെടാത്ത, അടിമകള്‍ക്ക് തുല്യരായി ആണ്‍പരിസരങ്ങളില്‍ ജീവിക്കുന്നവരെ. എന്നിട്ടും, അതെല്ലാം ഒറ്റപ്പെട്ട അനുഭവങ്ങളായിരിക്കുമെന്ന് കരുതാനല്ലാതെ, അതിലടങ്ങുന്ന രാഷ്ട്രീയം  ഞാന്‍ മനസിലാക്കിയിരുന്നില്ല. ഒരിക്കലും ഒരു ഫെമിനിസ്‌റ്റെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. ഈ അടുത്ത കാലങ്ങളില്‍ സോഷ്യല്‍ മീഡിയ യില്‍ വലിയ തോതില്‍ ചര്‍ച്ചയായ ഒരു വിഷയമാണ് ഫെമിനിസം. ഒരിക്കലും ഞാന്‍ ഒരു ഫെമിനിസ്റ്റ് ആവേണ്ട ആവശ്യകതയെ പറ്റി ചിന്തിച്ചിട്ടില്ലായിരുന്നു.

എന്റെ ഒരു സുഹൃത്തിനോട് ഒരിക്കല്‍ ഫെമിനിസ്റ്റുകളെ അത്ര താല്‍പര്യം ഇല്ല എന്ന് പറഞ്ഞപ്പോള്‍ സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ മൂല്യങ്ങള്‍ എനിക്ക് അതിന്റെ വ്യക്തമായ ആഴത്തില്‍ ആ സുഹൃത്ത് അന്നെനിക്ക് പറഞ്ഞു തന്നു.

ഞാന്‍ ഒരു ഫെമിനിസ്റ്റാണ്. അഭിമാനത്തോടെ, തലയുയര്‍ത്തി ഇന്ന് ഞാനത് പറയും

ഇടക്ക് അത്ഭുതം തോന്നും, എന്റെ ചുറ്റുപാടില്‍ നിന്ന് സ്വഭാവികമായി ഞാന്‍ ഉള്‍ക്കൊള്ളേണ്ട ആശയത്തെ, അതിന്റെ രാഷ്ട്രീയത്തെ എന്നിലേക്കെത്തിക്കുവാന്‍, മറ്റൊരാള്‍ ശ്രമിക്കേണ്ടി വന്നതില്‍. പക്ഷേ, അതങ്ങനെയാണ്. ചില വാക്കുകള്‍, ചില അനുഭവങ്ങള്‍, ചില വ്യക്തികള്‍, ചില സാഹചര്യങ്ങള്‍, നമ്മളെന്താണെന്നും നമ്മളെന്താവണമെന്നും നമ്മളെ പഠിപ്പിക്കുന്നതുവരെ അസ്ഥിത്വമില്ലാതെ, ബോധമില്ലാതെ അതിനോട് പുറം തിരിഞ്ഞുനില്‍ക്കും. പിന്നൊരിക്കല്‍ അത് തിരിച്ചറിയുമ്പോള്‍ അസ്തിത്വം രൂപപ്പെട്ട്, നമ്മളെന്തെന്ന് തിരിച്ചറിഞ്ഞ് മുമ്പെങ്ങും തോന്നാത്തത്ര അഭിമാനത്തോടെ, തലയുയര്‍ത്തി നില്‍ക്കാനുമാവും.

ഞാന്‍ ഒരു ഫെമിനിസ്റ്റാണ്. അഭിമാനത്തോടെ, തലയുയര്‍ത്തി ഇന്ന് ഞാനത് പറയും.

ജനിച്ചുവളര്‍ന്ന് ചുറ്റുപാടുകള്‍ ഉള്ളില്‍ കുത്തിവച്ച ബോധ്യങ്ങള്‍ പറിച്ചെറിയുക അത്ര എളുപ്പമല്ല. പക്ഷേ, ഇന്നല്ലെങ്കില്‍ പിന്നെയെപ്പോഴാണിതെല്ലാം ചര്‍ച്ചയാക്കുക.? തിരിച്ചറിയുക..?

തൊഴിലെടുത്ത് നേടിയ ശമ്പളം സ്വന്തം താല്‍പര്യപ്രകാരം ചിലവാക്കാന്‍, സമയമോ അസമയമോ എന്നില്ലാതെ എല്ലാ സമയവും സ്വന്തമാക്കാന്‍, ഇടക്ക് യാത്രപോകാന്‍, അണിഞ്ഞൊരുങ്ങാന്‍, വീട്ടിലെ തീരുമാനങ്ങളില്‍ അഭിപ്രായം പറയാന്‍, റിമ പറഞ്ഞ പോലെ, ഏറ്റവും കുറഞ്ഞത് സാമാന്യം കൊള്ളാവുന്ന ഒരു മീന്‍ കഷണം സ്വന്തം പാത്രത്തിലേക്ക് എടുത്തിടാന്‍ എന്നാണ് പെണ്ണുങ്ങളെ നിങ്ങളൊരുങ്ങുക.?

വിര്‍ജിനിയ വുള്‍ഫിന്റെ വാക്കുകളുണ്ട്. 'For most of the history, anonymous was a women'. ചരിത്രത്തില്‍ പേരോ മുഖമോ ഇല്ലാത്തവരായിരുന്നു പെണ്ണുങ്ങളെന്ന്. ആ ചരിത്രം മാറിക്കൊണ്ടിരിക്കുകയാണ്, തിരിച്ചറിയുന്ന പെണ്ണുങ്ങള്‍ ചിറക് വിടര്‍ത്തുന്ന കാലമാണ്. ആണുങ്ങള്‍ മാത്രം പകുത്തെടുത്ത ആകാശത്തിലേക്ക് അവകാശം നമ്മള്‍ പറയുകയാണ്, നമ്മള്‍ നമ്മളെ തിരിച്ചറിയുകയാണ്.

click me!