എന്നിട്ടും എന്തിനാണ് ശ്രീജിത്ത് വീണ്ടും സമരം നടത്തുന്നത്?

By KP RasheedFirst Published Feb 4, 2018, 2:18 PM IST
Highlights

ആ ഉടലാണിപ്പോൾ ശ്രീജിത്ത്. ആ മനസ്സാണയാൾ. ഏറെ മാറിയൊരു മനുഷ്യൻ. അങ്ങനെ ഒരാളാണ് ഇത്ര നാൾക്കു ശേഷം, സ്വന്തം നാട്ടിൽ, വീട്ടിൽ ചെന്നു നിൽക്കുന്നത്. ആ മുറ്റത്ത് തുരുമ്പെടുത്ത് പോയ, ശ്രീജിത്തിന്റെ മോട്ടോർ ബൈക്ക് പോലെ, എളുപ്പമാവില്ല അയാളെ മിനുക്കിയെടുക്കാൻ.

ആ ഉടലാണിപ്പോൾ ശ്രീജിത്ത്. ആ മനസ്സാണയാൾ. ഏറെ മാറിയൊരു മനുഷ്യൻ. അങ്ങനെ ഒരാളാണ് ഇത്ര നാൾക്കു ശേഷം, സ്വന്തം നാട്ടിൽ, വീട്ടിൽ ചെന്നു നിൽക്കുന്നത്. ആ മുറ്റത്ത് തുരുമ്പെടുത്ത് പോയ, ശ്രീജിത്തിന്റെ മോട്ടോർ ബൈക്ക് പോലെ, എളുപ്പമാവില്ല അയാളെ മിനുക്കിയെടുക്കാൻ.

വീണ്ടും സമര പന്തലിലേക്കെന്ന ശ്രീജിത്തിന്റെ ഫേസ് ബുക്ക് ലൈവ് കണ്ടപ്പോൾ ആദ്യം തോന്നിയത് ഒരു കാര്യമാണ്. ഇതാ, ശ്രീജിത്തിനോട് കലിപ്പുള്ളവർക്ക് അത് തീർക്കാനുള്ള സമയം വരുന്നു...

വൈകിയില്ല. പ്രതികരണങ്ങൾ വന്നു തുടങ്ങി. ഇത്ര നാളും, ഇരമ്പുന്ന ജനരോഷം ഭയന്ന്, മിണ്ടാതിരുന്നവരും സർക്കാറിനെ ബുദ്ധിമുട്ടിച്ചതിൽ കലിപൂണ്ട് പരോക്ഷമായി പല്ലിറുമ്മിയവരും 'പീഡിപ്പിക്കപ്പെടുന്ന' പൊലീസ് ഏമാന്മാർക്കായി കഥ ചമക്കാൻ കഷ്ടപ്പെട്ടവരുമെല്ലാം മറ നീക്കി പുറത്ത് വന്നു. ഇക്കാര്യം തെളിയിക്കുന്നു, ആ ഫേസ് ബുക്ക് ലൈവിനു പിന്നാലെ പ്രത്യക്ഷപ്പെട്ട പല പ്രതികരണങ്ങളും.

കാര്യം ലളിതമാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ശ്രീജിത്ത് സമരം ആരംഭിച്ചത്. ആവശ്യം അംഗീകരിക്കപ്പെട്ടു. സിബിഐ അന്വേഷണം യാഥാർഥ്യമായി. നടപടികൾ പുരോഗമിക്കുന്നു. ആവശ്യം അംഗീകരിച്ച്, സമരം നിർത്തി വീട്ടിലേക്ക് പോയ ശ്രീജിത്ത് പിന്നെന്തിനു സമരം തുടങ്ങണം?

കോമൺ സെൻസും സാദാ യുക്തിയും വെച്ച് ആലോചിചാൽ ആർക്കും ഉത്തരം പറയാവുന്ന ചോദ്യം. ഈ സമരം തുടരേണ്ടതില്ല. ഇത് അനാവശ്യമാണ്.

ഇതേ കോമൺ സെൻസും യുക്തിയും വെച്ചാണ് കുറച്ച് മുമ്പ്, ആ മനുഷ്യന്റെ ദൈന്യാവസ്ഥയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കണ്ട് നമ്മൾ രോഷാകുലരായത്. ശ്രീജിത്ത് നീതി അർഹിക്കുന്നുവെന്നും അതിനു നമ്മൾ ഒന്നിച്ചിറങ്ങണമെന്നും തീരുമാനിച്ചത്. അതിനു മുമ്പും പലവുരു ഈ സമരത്തെ കുറിച്ച് അറിഞ്ഞപ്പോൾ ഒന്നും ഇല്ലാത്തത്ര ഞെട്ടലും പ്രതിഷേധവും അന്നേരം ഉണ്ടായത് അതത്ര വിസിബിൾ ആയത് കൊണ്ടാണ്.

ഇതു വരെയുള്ള ശ്രീജിത്തിന്റെ ആവശ്യത്തെ മനസ്സിലാക്കാൻ നമ്മുടെ കോമൺ സെൻസിനും യുക്തിയും മതിയായിരുന്നു.

പിന്നെന്താണ് ഇപ്പോൾ?

ഇപ്പോഴും ലളിതമാണ് കാരണം. ഇതു വരെയുള്ള ശ്രീജിത്തിന്റെ ആവശ്യത്തെ മനസ്സിലാക്കാൻ നമ്മുടെ കോമൺ സെൻസിനും യുക്തിയും മതിയായിരുന്നു. ഈ പുതിയ ആവശ്യം മനസ്സിലാക്കാൻ അത് മാത്രം മതിയാവില്ല. കാരണം നമ്മുടെ യുക്തിക്ക് പുറത്താണിപ്പോൾ അയാളുടെ ചിന്തകളും തീരുമാനങ്ങളും.

മാത്രമല്ല, രോഷം കൊണ്ടും അവരവർക്കാവുന്ന ഇടപെടൽ കൊണ്ടും ഇപ്പോൾ നമ്മളെല്ലാം അയാളുടെ നേർ രക്ഷിതാവായി മനസ്സാ മാറിക്കഴിഞ്ഞിരിക്കുന്നു. അയാളോട് സഹതപിക്കാനും അനുകമ്പ കാണിക്കാനും അയാൾക്ക് വേണ്ടി തെരുവിൽ ഇറങ്ങാനും കഴിഞ്ഞ നമ്മുടെ നന്മയും സഹാനുഭൂതിയും ചേർന്ന് നമ്മളെ അയാൾക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്നു. അയാൾ നമ്മുടെ രക്ഷാകർതൃത്വത്തിനു താഴെയുള്ള ആശ്രിതനാണെന്ന് അബോധത്തിലെങ്കിലും നമ്മൾ ഉറപ്പിച്ചിരിക്കുന്നു. അയാൾക്ക് വേണ്ടി ചെയ്ത നന്മയുടെ ആനുകൂല്യത്താൽ അയാൾ ഇനിയെന്തൊക്കെ ചെയ്യണമെന്ന് നാം തീരുമാനിച്ചു വെച്ചിരിക്കുന്നു. നമ്മുടെ യുക്തിക്കും സാമാന്യ ബോധത്തിനും പുറത്തുള്ള അയാളുടെ 'അതിരു കടക്കലിനെ' തിരുത്താനുള്ള ധാർമിക അധികാരവും ഇതിലൂടെ നമ്മുടെ 'നന്മ നിറഞ്ഞ' കൈകളിലേക്ക് വരുന്നു. അതിലൂടെ, ആ മനുഷ്യൻ ഇപ്പോൾ എന്തനുഭവിക്കുന്നു എന്നൊരിക്കലും തിരിച്ചറിയാനാവാത്ത അകലത്തിലേക്ക് നമ്മൾ എത്തിപ്പെട്ടിരിക്കുന്നു.

അതെ, നമുക്കിപ്പോൾ ശ്രീജിത്തിനെ മനസ്സിലാവാതായിരിക്കുന്നു.

ചങ്ങാതിമാരേ?

ശ്രീജിത്ത് ഇപ്പോൾ ഏതവസ്ഥയിലാണെന്ന് ആലോചിച്ചിട്ടുണ്ടോ? അയാളുടെ ഉള്ളിലും അയാളുടെ മുന്നിലും എന്താണെന്ന്? അയാളുടെ സമരത്തിന്റെ അവസാന നാളുകളിൽ, സമരവുമായി അടുത്തിട പഴകിയ ചില കൂട്ടുകാർ പറഞ്ഞൊരു കാര്യം ഓർക്കുമ്പോൾ അതിലേക്കൊരു സൂചന തെളിയുന്നുണ്ട്.

'ശ്രീജിത്തേട്ടൻ സമരം നിർത്തുമെന്ന് തോന്നുന്നില്ല'-മാധ്യമ ശ്രദ്ധ ആ സമരത്തിലേക്ക് തിരിക്കാൻ ഏറെ പണിപ്പെട്ട ആ ചെറുപ്പക്കാരൻ പറഞ്ഞു.

'അതെന്തേ? സിബിഐ അന്വേഷണം നടക്കാൻ പോവുകയല്ലേ'

'അതല്ല. മൂപ്പർക്ക് ഇനി പഴയ ജീവിതം പറ്റുമെന്ന് തോന്നുന്നില്ല. അത്രയ്ക്ക് മാറിയിട്ടുണ്ട് ശ്രീജിത്ത്. ആ നിലത്ത് കീറപ്പുതപ്പിൽ, ജയിക്കുമെന്ന് ഒരുറപ്പുമില്ലാത്ത സമരത്തിന്റെ നിരാശയിൽ കിടന്നുകിടന്ന് ആ മനുഷ്യൻ മറ്റൊന്നായിരിക്കുന്നു. ഒന്നിലും വിശ്വാസമില്ലാതായി. ഇനിയും ചതിക്കപ്പെടുമോ എന്ന ആശങ്ക. എല്ലാവരും പറ്റിക്കുമെന്ന തോന്നൽ. നാട്ടിൽ ചെന്നാൽ, എന്താവുമെന്ന ഭയം. എല്ലാം കൂടി വല്ലാത്തൊരവസ്ഥ'-കൂടെ ഉണ്ടായിരുന്ന മറ്റൊരു ചെറുപ്പക്കാരനാണ് മറുപടി പറഞ്ഞത്.

ശ്രീജിത്തിനോട് അക്കാര്യം സംസാരിച്ച ശേഷം മാധ്യമ പ്രവർത്തകനായ കൂട്ടുകാരൻ കാര്യങ്ങൾ ഇത്തിരി കൂടി വിശദമാക്കി:

പ്രതികളായ പൊലീസുകാരൊക്കെ പുറത്ത് തന്നെയുണ്ട്. അവരെ പിന്തുണക്കുന്ന പൊലീസുകാരാണ് നെയാറ്റിൻകര സ്റ്റേഷനിലും. അനിയനെ ഒരു കാരണവുമില്ലാതെ അനായാസം തീർക്കാൻ ആ പൊലീസുകാർക്ക് ധൈര്യം നൽകിയ സാമൂഹ്യ സാഹചര്യങ്ങളും അതേ പടി. നാട്ടിൽ ചെന്നാൽ എന്തൊക്കെ പ്രതികാരമാവും നേരിടേണ്ടി വരികയെന്ന ആശങ്ക ശ്രീജിത്തിനുണ്ട്. സ്വന്തം വീട്ടിനേക്കാൾ അയാൾ സുരക്ഷിതമായി കരുതുന്നത് കൊതുകുകൾ നുരയ്ക്കുന്ന സെക്രട്ടേറിയറ്റ് നടയിലെ കിടത്തമാണ്. അവിടെ ക്യാമറ ഉള്ളത് കൊണ്ട് ധൈര്യമാണെന്ന് പലവട്ടം ശ്രീജിത്ത് പറഞ്ഞിരുന്നു. ജീവനിൽ ഭയമുള്ളവർക്ക് കോടതിയെ സമീപിക്കാം. എന്നാൽ താൻ കോടതിയിൽ പോയാൽ കോടതി അതേ പൊലീസുകാരെ തന്നെ സംരക്ഷണത്തിനു വെക്കും. സിബിഐ പോലുള്ള ഏജൻസികൾക്കാർക്കും സുരക്ഷ നൽകാനുമാവില്ല. ആ നിലയ്ക്ക് നാട്ടിൽ തിരിച്ചെത്തിയാൽ എന്ത് ചെയ്യുമെന്ന ഭയം ശ്രീജിത്തിനുണ്ട്-അവന്റെ വാക്കുകളിൽ ഒരു പിടപ്പുണ്ടായിരുന്നു.

ആ ഉടലാണിപ്പോൾ ശ്രീജിത്ത്. ആ മനസ്സാണയാൾ. ഏറെ മാറിയൊരു മനുഷ്യൻ

എല്ലാവരോടും ചോദിക്കാനുണ്ടായിരുന്നത് ഒരേ കാര്യമാണ്.

'എന്തായാലും സമരം നിർത്തിയല്ലേ പറ്റൂ'

'അതെ. അതിനു ശ്രമിക്കുകയാണ്. അമ്മ അടക്കം എല്ലാവരും'.

ആ ശ്രമം വിജയം കണ്ടാവണം, ശ്രീജിത്ത്, അത്ര നാളും വീടായി ജീവിച്ച ഇത്തിരി ഫൂട്ട് പാത്ത് ഇടം വിട്ട് നാട്ടിലേക്ക് മടങ്ങിയത്. വീട്ടിലെത്തിയത്.

വീട്ടിലെത്തിയപ്പോൾ ശ്രീജിത്തിനെ ഏറ്റവും ബുദ്ധിമുട്ടിച്ചത് അഭ്യുദയ കാക്ഷികൾ എന്ന നിലയ്ക്ക് ആരൊക്കെയോ വിളിക്കുന്ന ഫോൺ കോളുകൾ ആയിരുന്നെന്ന് കഴിഞ്ഞ ദിവസം മറ്റൊരു സുഹൃത്ത് പറഞ്ഞിരുന്നു. 'നിങ്ങളെ അവർ പറ്റിക്കും. സി ബി ഐ തിരുവനന്തപുരം യൂനിറ്റ് എന്നാൽ അഴിമതിക്കാരാണ്. നീതി കിട്ടാതെ സമരം നിർത്തിയത് ശരിയല്ല'-എന്നിങ്ങനെയുള്ള 'വിലപ്പെട്ട' അഭിപ്രായങ്ങൾ.‌ 'ഓരോ കോൾ വരുമ്പോഴും ശ്രീജിത്ത് അസ്വസ്ഥനാവും. എല്ലാം കഴിഞ്ഞ് നിർത്താമായിരുന്നു സമരമെന്ന് ആത്മഗതം നടത്തും. ഈ ഉപദേശികൾക്കറിയില്ല, അവരാ മനുഷ്യന്റെ ഉള്ളിൽ കോരിയിടുന്ന തീ എത്രയെന്ന്'-അവൻ പറഞ്ഞു.

ശ്രീജിത്തിന്റെ സമരത്തെ ആളുകളുടെ മുന്നിലെത്തിച്ച, ഏഷ്യാനെറ്റ് ന്യൂസിന്റെ വീഡിയോ തയ്യാറാക്കിയ, സുജിത് ചന്ദ്രൻ ഷൂട്ട് കഴിഞ്ഞു വന്ന് ആ റഷസ് കാണിക്കുമ്പോൾ, എഡിറ്റ് സ്യൂട്ടിലിരുന്ന് പറഞ്ഞ കാര്യം കൂടി ഓർമ്മയിലുണ്ട്.

'അയാൾ ശരീര സൗന്ദര്യ മൽസരത്തിലെ ചാമ്പ്യനായിരുന്നു. കൂലിപ്പണി ചെയ്തിരുന്നു. നന്നായി ജീവിച്ചിരുന്നു. എന്നാൽ, ഇപ്പോ അതൊന്നും ഓർമ്മയേ ഇല്ലാത്തത് പോലെയാണ്. ജനിച്ച നാൾ മുതൽ സമരം ചെയ്യുകയാണെന്നാണ് ധാരണ. പഴയ ജീവിതമൊക്കെ മറന്നു. നിരാഹാരവും ശാരീരിക അവശതകളും എല്ലാം ചേർന്ന് അയാളുടെ ഓർമ്മയെ ബാധിച്ചിട്ടുണ്ട്. പറഞ്ഞു കൊണ്ടിരിക്കെ എന്താണ് പറയുന്നതെന്ന് മറന്നു പോവും.
അനുജന്റെ കൊലപാതകവും നീതി തേടിയുള്ള അലച്ചിലിൽ ഉണ്ടായ അനുഭവങ്ങളും കഠിന സമരവും എല്ലാം ചേർന്ന്, ആ പാവം നാട്ടു മനുഷ്യനെ ഒരു പോരാളിയാക്കി മാറ്റിയിരിക്കുന്നു. സമരം തുടങ്ങുമ്പോൾ ഒരു സാധാരണ ചെറുപ്പക്കാരനായിരുന്നു അയാൾ. ഇപ്പോൾ അതല്ല. ഇപ്ലോൾ വരയ്ക്കുന്നത് മുഴുവൻ പൊട്ടുവെച്ച ബുദ്ധ രൂപങ്ങളാണ്. കിട്ടുന്ന സമയത്ത് ചെടി നടുന്നു. സമരത്തിന്റെ ഫലം എന്താവുമെന്ന അരക്ഷിതാവസ്ഥയെ പ്രതിരോധിക്കാൻ സ്വയം ഫിലോസഫറായി മാറിയിരിക്കുന്നു. സമരം ശ്രീജിത്തിനെ അടിമുടി മാറ്റി മറിച്ചിട്ടുണ്ട് '

ഏഴു മീറ്റിനുള്ളിൽ ആ വീഡിയോ വെട്ടിച്ചുരുക്കേണ്ട ബാധ്യതയാണ് സമരം അകമേ മാറ്റിയ ശ്രീജിത്തിനെ പൂർണ്ണമായി പകർത്തുന്നതിനു തടസ്സമായത്. എന്നാൽ, വീഡിയോയിൽ വന്നില്ലെങ്കിലും, ആളുകൾ ശ്രദ്ധിച്ചില്ലെങ്കിലും, ശ്രീജിത്തിന്റെ ഉടലിനെയും മനസ്സിനെയും ആഴത്തിൽ തന്നെ ഈ സമരത്തിന്റെ കഠിനാനുഭവം മാറ്റിയിട്ടുണ്ട് എന്നത് സത്യമാണ്.

ആ ഉടലാണിപ്പോൾ ശ്രീജിത്ത്. ആ മനസ്സാണയാൾ. ഏറെ മാറിയൊരു മനുഷ്യൻ. അങ്ങനെ ഒരാളാണ് ഇത്ര നാൾക്കു ശേഷം, സ്വന്തം നാട്ടിൽ, വീട്ടിൽ ചെന്നു നിൽക്കുന്നത്. ആ മുറ്റത്ത് തുരുമ്പെടുത്ത് പോയ, ശ്രീജിത്തിന്റെ മോട്ടോർ ബൈക്ക് പോലെ, എളുപ്പമാവില്ല അയാളെ മിനുക്കിയെടുക്കാൻ.

ഉറപ്പാണ്, അയാൾക്ക് മനുഷ്യരെ പേടിയും അവിശ്വാസവും തന്നെ ആയിരിക്കും. പൊലീസുകാർ ഇപ്പോഴും ശക്തരായ നാട്ടിൽ എളുപ്പമാവില്ല അയാൾക്ക് വീണ്ടും പഴയ ജീവിതം ജീവിക്കാൻ. പഴയ പോലെ ജോലിക്കു പോവാൻ. പ്രണയ ഗാനങ്ങൾ മൂളിയും സിനിമാ കോമഡികൾ അയവിറക്കിയും ഒളിച്ചു പോയി കള്ളു കുടിച്ചും പെണ്ണുങ്ങളെ കുറിച്ച് കഥകൾ പറഞ്ഞുമൊക്കെ നടക്കുന്ന ചെറുപ്പക്കാരുടെ നാടൻ സെറ്റുകളിൽ ഇനിയും അയാൾ പഴയത് പോലെ ഫിറ്റാവണം എന്നുമില്ല. പ്രതികാരം ഏതു നേരവും ഉണ്ടാവാമെന്ന് ഭയക്കുന്ന മനസ്സോടെ, സിബിഐ അന്വേഷണം എന്താവും എന്ന സംശയത്തോടെ, ഒരു മീനിനു പുഴ പോലെ അയാളുടെ ജീവിതത്തിനു താഴെ ഒഴുകിയിരുന്ന സമര ജീവിതമില്ലാതെ, രണ്ടര വർഷമായി തലച്ചോറിനെ സദാ ഇളക്കിമറിച്ച ചിന്തകളില്ലാതെ, ആളുമാരവവും വാഹനങ്ങളുടെ ഇരമ്പവുമില്ലാതെ, നിത്യജീവിതത്തിന്റെ കിടക്കപ്പായയിൽ ഉറങ്ങിയുണരുക എളുപ്പമാവില്ല അയാൾക്ക്. അത്ര വിചിത്രമായ ഒരു ജീവിതത്തിലേക്കാണ് പെട്ടെന്നുണ്ടായ സഹോദരന്റെ മരണം അയാളെ എടുത്തെറിഞ്ഞിട്ടുണ്ടാവുക എന്ന് ഒന്നാലോചിച്ചാൽ ആർക്കാണ് മനസ്സിലാവാതിരിക്കുക?

ആ മുറ്റത്ത് തുരുമ്പെടുത്ത് പോയ, ശ്രീജിത്തിന്റെ മോട്ടോർ ബൈക്ക് പോലെ, എളുപ്പമാവില്ല അയാളെ മിനുക്കിയെടുക്കാൻ.

എന്നാൽ, നമ്മൾക്കാർക്കും അത് മനസ്സിലായിട്ടില്ല. സമരപ്പന്തലിൽ നിന്നിറങ്ങിയ നിമിഷം തൊട്ട് അയാളെ നമ്മൾ സ്വന്തം ജീവിതത്തിന്റെ സ്കെയിൽ കൊണ്ടാണ് അളക്കുന്നത്. അയാൾ കൊണ്ട മഴയോ വെയിലോ മഞ്ഞോ ഓർക്കാതെ, ഇനി അയാൾ എങ്ങനെ ജീവിക്കണം എന്നാണ് വിധിയെഴുതുന്നത്. ലൈക്കായോ ഷെയറായോ പോസ്റ്റായോ കമന്റായോ മുദ്രാവാക്യമായോ രോഷമായോ വേദനയായോ നാം നടത്തിയ നന്മ നിറഞ്ഞ ഇടപെടലുകളുടെ രക്ഷാധികാരത്തിൽ നിന്നു കൊണ്ടാണ് അയാളുടെ ജീവിതത്തെ നിർവചിക്കുന്നത്.

നമ്മുടെ രോഷവും നന്മയും സ്നേഹവും സത്യമെങ്കിൽ നാം ആലോചിക്കേണ്ടത് എന്തായിരിക്കണം?

സഹോദരന്റെ മരണവും വർഷങ്ങൾ നീണ്ട സമരവും കൊണ്ട് മുറിവേറ്റ ആ മനസ്സിനൊരു മരുന്നു വേണം. മുറിവുണങ്ങാൻ ഉതകുന്ന വിധത്തിലുള്ള കൗൺസലിംഗും സമാധാനവും വേണം. പഴയ ജോലിയിലും ജീവിതത്തിലും നാട്ടിലും തുടരാൻ പറ്റുമോ എന്നാരായാൻ നമുക്കാവണം. ഇല്ലെങ്കിൽ, മറ്റൊരു നാട്ടിലേക്ക് സ്വയം പറിച്ചു നട്ട്, മറ്റൊരാളായി പുതിയൊരു ജീവിതം ജീവിക്കാനുള്ള ഒരവസരം നൽകണം. കഴിയുമെങ്കിൽ ഒരു ജോലി. അവനു വേണ്ടി ഉള്ളു നൊന്തു വിങ്ങിയവരിൽ ആർക്കെങ്കിലും പറ്റാവുന്നതേ ഉള്ളൂ ഇക്കാര്യം.

സർക്കാർ ജോലിയല്ല ഉദ്ദേശിക്കുന്നത്. ഇങ്ങനെ ഒന്നുമാവാത്ത സമര കാലത്ത്, അവന്റെ സമരത്തെ നിറം കെടുത്താൻ ചിലർ പ്രചരിപ്പിച്ചൊരു കള്ളമായിരുന്നു അത്. സർക്കാർ ജോലിക്ക് വേണ്ടിയാണ് അവൻ സമരം നടത്തുന്നത് എന്ന പ്രചാരണം. അതിനു വീണ്ടും അവസരം കൊടുക്കുന്നതിനു പകരം, അവനു ചെയ്യാനാവുന്ന, മുന്നോട്ടു പോകാനാവുന്ന മറ്റൊരു തൊഴിൽ അവസരം, ജീവിത സാഹചര്യം, അതിനു കഴിയുമെങ്കിൽ, അതാവും ഏറ്റവും വലിയ നന്മ.

ഇല്ലെങ്കിൽ, അവനിനിയും വെരുകിനെ പോലെ പുളയുന്നത്, വിലപിക്കുന്നത്, ഒട്ടും യുക്തിഭദ്രമല്ലാതെ സംസാരിക്കുന്നത്, കോമാളിത്തമെന്ന് മാറിനിൽക്കുന്നവർക്ക് തോന്നും വിധം പെരുമാറുന്നത് കണ്ടു കണ്ട്, ഇതേ ഫേസ് ബുക്കിൽ നാമവനെ തെറിവിളിച്ചു നടക്കുന്നത് കാണേണ്ടി വരും. അവൻ മൂലം അലോസരമുണ്ടായ രാഷ്ട്രീയ കക്ഷികൾ അവനെതിരെ യുക്തിഭദ്രവും കാര്യമാത്ര പ്രസക്തവുമായ വാദങ്ങളുമായി ഇടുന്ന പോസ്റ്റുകൾക്ക് താഴെ അണി നിരക്കേണ്ടി വരും. നമ്മുടെ മധ്യവർഗ ബോധത്തെ തൃപ്തിപ്പെടുത്തുന്ന കള്ളക്കഥകളും ന്യായങ്ങളുമായി എത്തുന്ന അവന്റെ ശത്രുക്കളുടെ പോസ്റ്റുകൾ ഷെയർ ചെയ്ത് അടുത്തൊരു മരണത്തിനു അരങ്ങൊരുക്കേണ്ടി വരും.

അവൻ മരിച്ചാൽ മാത്രമല്ല നാം കൂടി ഉത്തരവാദികളാവുക. അവനിങ്ങനെ കാലു വെന്ത മൃഗത്തെ പോലെ ജീവിച്ചാലും, നമ്മൾ അതിനു ഉത്തരവാദികൾ തന്നെ ആയിരിക്കും.

ഇനിയെങ്കിലും ആ ചെറുപ്പക്കാരൻ ഒന്ന് സമാധാനത്തോടെ ജീവിക്കട്ടെ. ആ അമ്മ തനിക്ക് ഇനിയും മക്കളുണ്ടെന്ന സുരക്ഷിതത്വത്തോടെ സമാധാനത്തോടെ ശിഷ്ട ജീവിതം കഴിഞ്ഞോട്ടെ.

അത്രയ്ക്ക് കരയിച്ചിട്ടുണ്ട് ഈ നാട് ആ മനുഷ്യരെ.

click me!