ആ പെണ്ണുങ്ങളോടാണ് നിങ്ങള്‍ പറയുന്നത് അഗസ്ത്യാര്‍കൂടം കയറരുതെന്ന്!

By സുജിത് ചന്ദ്രന്‍First Published Jan 5, 2018, 6:52 PM IST
Highlights

അഗസ്ത്യാര്‍കൂടത്തിലേക്കുള്ള ട്രക്കിംഗിന് ഈ വര്‍ഷവും സ്ത്രീകള്‍ക്ക് പങ്കെടുക്കാന്‍ വിലക്കാണ്. ശരീരപ്രയത്‌നം ഏറെ വേണ്ട കഠിനയാത്രയാണ്, കാനനപാത ആയതുകൊണ്ട് വേണ്ടത്ര സൗകര്യങ്ങളില്ല എന്നെല്ലാമാണ് വനംവകുപ്പും ഫേസ്ബുക്കിലെ 'ആണുങ്ങളും' നിരത്തുന്ന ന്യായീകരണങ്ങള്‍. 

അഞ്ചു കൊല്ലം മുമ്പുള്ള ഒരു യാത്രയുടെ ഓര്‍മ്മ പിന്നെയും പങ്കുവയ്ക്കാന്‍ തോന്നിയത് അഗസ്ത്യാര്‍കൂടം കാനനയാത്രയില്‍ പങ്കെടുക്കാനുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വനംവകുപ്പിന്റെ പത്രപ്പരസ്യവും അതേപ്പറ്റി ഫേസ്ബുക്കില്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു ചര്‍ച്ചയും കണ്ടിട്ടാണ്.

അഗസ്ത്യാര്‍കൂടത്തിലേക്കുള്ള ട്രക്കിംഗിന് ഈ വര്‍ഷവും സ്ത്രീകള്‍ക്ക് പങ്കെടുക്കാന്‍ വിലക്കാണ്. ശരീരപ്രയത്‌നം ഏറെ വേണ്ട കഠിനയാത്രയാണ്, കാനനപാത ആയതുകൊണ്ട് വേണ്ടത്ര സൗകര്യങ്ങളില്ല എന്നെല്ലാമാണ് വനംവകുപ്പും ഫേസ്ബുക്കിലെ 'ആണുങ്ങളും' നിരത്തുന്ന ന്യായീകരണങ്ങള്‍.

സമുദ്രനിരപ്പില്‍നിന്ന് ഏതാണ്ട് രണ്ടായിരം മീറ്റര്‍ ഉയരത്തിലാണ് അഗസ്ത്യാര്‍കൂടം. ഒരിക്കല്‍ ചങ്ങാതിമാര്‍ക്കൊപ്പം അഗസ്ത്യമല കയറിയിട്ടുണ്ട്. നിത്യഹരിതവനങ്ങളും ഇലപൊഴിയും കാടുകളും ഈറ്റക്കൂട്ടങ്ങളും പുല്‍മേടുകളും പാറക്കെട്ടുകളും കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും പിന്നിട്ട് അതിരുമലയും പൊങ്കാലപ്പാറയും കടന്ന് അഗസ്ത്യന്റെ ഗിരിമകുടത്തിലേക്കുള്ള യാത്ര തീര്‍ച്ചയായും ക്ലേശകരമാണ്. ഇനി ഒരിഞ്ച് നീങ്ങാനാകില്ലെന്ന് തോന്നുംമട്ടില്‍ കിതച്ചും, തുപ്പല്‍ പതച്ചും ചിലപ്പോള്‍ തളര്‍ന്നുപോകും. കവിവാക്യം കടമെടുത്താല്‍ 'ദാഹം തിളച്ചാവിനാഗമാകുന്ന ദിക്കിന്റെ വക്കുകള്‍ പുളയും',  വനഹൃദയത്തില്‍ കാടിന്റെ തണുപ്പുമായി ഒഴുകുന്ന അരുവികളില്‍ നനഞ്ഞ് ക്ഷീണമാറ്റി പിന്നെയും നടക്കും. ശാന്തഗംഭീരനായ അഗസ്ത്യന്‍ ഒടുവില്‍ വാത്സല്യത്തോടെ കീഴടങ്ങിത്തരും. പക്ഷേ ഇതൊന്നും പെണ്ണുങ്ങളെക്കൊണ്ടാവില്ല എന്ന് വിധിക്കുന്ന സാറന്‍മാരേ നിങ്ങളേത് ലോകത്താണ് ജീവിക്കുന്നത്?

ആദ്യം പറഞ്ഞ നാലുവര്‍ഷം മുമ്പുള്ള യാത്ര ഇതല്ല, ഹിമാലയത്തിലേക്കായിരുന്നു. ആറ് കൂട്ടുകാരുടെ ഒരു സംഘം ഹിമവാനെ തെരഞ്ഞുപോയതാണ് ആരോഗ്യവും മസിലുറപ്പുമുള്ള ആണുങ്ങളുടെ വല്യവര്‍ത്താനങ്ങള്‍ വായിച്ചപ്പോള്‍ ഓര്‍ത്തത്. ദിവ്യ, സീന, സുധി, മിഥുന്‍, അനുരൂപ്, പിന്നെ ഈ കുറിപ്പെഴുതുന്ന ലേഖകനും. ഇതില്‍ ആദ്യം പറഞ്ഞ രണ്ടാളും സ്ത്രീകളാണെന്ന് പേരില്‍ നിന്ന് മനസ്സിലാകുമല്ലോ.


ഹിമാലയത്തിലേക്ക് ആറു പേര്‍
എറണാകുളം നോര്‍ത്ത് റയില്‍വേ സ്റ്റേഷനില്‍ ആറ് കൂട്ടുകാര്‍. ഒന്നുരണ്ടുപേര്‍ ചിരപരിചിതര്‍, ബാക്കിയുള്ളവര്‍ ജീവിതത്തില്‍ ആദ്യമായി കണ്ടുമുട്ടിയവര്‍.

കനത്ത ലഗേജുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍, പുസ്തകങ്ങള്‍, ജിജ്ഞാസയും പ്രതീക്ഷയും ആവേശവും നിറഞ്ഞ പരിചയപ്പെടലുകള്‍. എല്ലാവരും ഒന്നിച്ച് പരസ്പരം കാണുന്നത് അന്ന് ആദ്യമെങ്കിലും അപരിചിതത്വത്തിന്റെ പുറന്തോടുകള്‍ നിമിഷങ്ങള്‍ കൊണ്ട് പൊട്ടിപ്പോയി. ദീര്‍ഘദൂരയാത്രയാണ്. ടിക്കറ്റ് കണ്‍ഫേം അല്ല. സൂചികുത്താനിടമില്ലാത്ത ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ കയറി പോവുക എന്ന സാഹസം ഒറ്റ നിമിഷത്തെ തീരുമാനമായിരുന്നു. ആ നിമിഷം മുതല്‍ അവര്‍ ഹൃദയം കൊണ്ട് ഐക്യപ്പെട്ടു. മൂന്നാം ക്ലാസ് തീവണ്ടിമുറിയിലെ മുഷിഞ്ഞ മണം ശ്വസിച്ച് സൗഹൃദത്തില്‍ ജ്ഞാനസ്‌നാനം ചെയ്യപ്പെട്ടു. ഹിമാലയം എന്ന മോഹം ആ യാത്രികരെ അടുത്ത പതിനെട്ടുദിവസം ഒരേ ചരടിന്റെ ആത്മബന്ധത്തില്‍ കുരുക്കിയിട്ടു.

ദില്ലി, ഹരിദ്വാര്‍, ഋഷികേശ്, രുദ്രപ്രയാഗ്, കര്‍ണ്ണപ്രയാഗ്, ദേവപ്രയാഗ്, കേദാര്‍നാഥ്, ബദരീനാഥ്, മാനാഗ്രാം, ഛോപ്ത, തുംഗനാഥ്, ശിവ്പുരി... ഒരു മോഹയാത്ര ആയിരുന്നു പിന്നീട്.

ഏഴെട്ട് ദിവസമെങ്കിലും ചെറുതും വലുതുമായ മലകയറ്റങ്ങളായിരുന്നു. 17 കിലോമീറ്റര്‍ ചെങ്കുത്തായ മല കയറാനുള്ള കേദാര്‍നാഥിലേക്ക് ബേസ് സ്റ്റേഷനില്‍ നിന്ന് കുതിരപ്പുറത്തും കാല്‍നടയായും പോകാം. ചെറിയ പനിയുണ്ടായിരുന്ന എന്നെ കുതിരപ്പുറത്ത് കയറ്റി വിട്ടിട്ട് ബാക്കി അഞ്ചുപേര്‍ക്കും നടക്കാം എന്ന തീരുമാനം എടുത്തത് ദിവ്യയും സീനയുമായിരുന്നു. മഞ്ഞ് വീണുതുടങ്ങിയ കേദാര്‍നാഥിലെ ഒരു ചായക്കടയുടെ ടാര്‍പ്പാളിനുകീഴില്‍ കാത്തിരിക്കവേ, നാലഞ്ച് മണിക്കൂറിന് ശേഷം ബാക്കിയുള്ളവരും കുതിരപ്പുറത്ത് തന്നെ മലകയറി എത്തി. മുട്ടുവിറച്ചിട്ട് ഇനി ഒരടി മുന്നോട്ടുവയ്ക്കാനാകില്ല എന്ന അവസ്ഥയില്‍ കൂട്ടത്തിലെ ഘടാഘടിയനായ സഹയാത്രികന്‍ മിഥുന്‍ വഴിയില്‍ തളര്‍ന്നിരുന്നപ്പോഴാണ് പെണ്ണുങ്ങള്‍ രണ്ടാളും പാതിവഴിയില്‍ വച്ച് മനസ്സില്ലാമനസ്സോടെ കുതിരപ്പുറത്ത് കയറിയത്. 'ഇരുമ്പ് ജ്യൂസ് വല്ലതും കുടിച്ചിട്ടാണോ ഇവര് വന്നത്?' എന്നായിരുന്നു മിഥുന്‍ അന്ന് പൊട്ടിച്ച തമാശ.

ആര്‍ക്കും പിന്നിലല്ലായിരുന്നു അവര്‍
ഇടയന്‍മാരുടെ താഴ് വരയായ ഛോപ്തയില്‍ നിന്ന് തുംഗനാഥിന്റെ തുഞ്ചത്തേക്ക് നാലഞ്ച് മണിക്കൂര്‍ ട്രക്കിംഗുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 4000 മീറ്റര്‍ ഉയരത്തിലാണത്. പര്‍വതത്തിന് മീതെ വെള്ളമുണ്ട് വിരിച്ചിട്ടപോലെ തോന്നിക്കുന്ന ഹിമശിഖരത്തിന്റെ താഴ് വരയിലൂടെ ശീതക്കാറ്റ് തലങ്ങും വിലങ്ങും വീശിയടിക്കുന്ന ചെങ്കുത്തായ വഴി. ആ യാത്രയിലും പിണഞ്ഞു പുളഞ്ഞ് മുകളിലേക്ക് കയറുന്ന പാതയുടെ രണ്ട് മടക്ക് മുകളിലായിരുന്നു മിക്കപ്പോഴും ഈ പെണ്ണുങ്ങള്‍. ഇടക്ക് പാതമുറിച്ച് എഴുന്നുനില്‍ക്കുന്ന ചെറിയ പാറകളുടെ മടക്കുകള്‍ക്ക് ഇടയിലൂടെ ഞങ്ങള്‍ ഒരാവേശത്തിന് കുറുക്ക് കയറി നോക്കി.

ആര്‍ക്കും പിന്നിലല്ലായിരുന്നു ദിവ്യയും സീനയും.

ചെമ്മരിയാടുകളെ തെളിച്ച് മലയിറങ്ങി വരുന്ന നാടോടി ഗര്‍വാലിപ്പെണ്‍കുട്ടികളോട് കുശലം പറഞ്ഞും രണ്ടോ മൂന്നോ കിലോമീറ്ററുകള്‍ക്കിടയില്‍ മാത്രം കാണുന്ന ടാര്‍പ്പാളിന്‍ കുത്തിമറച്ച ചായപ്പീടികയില്‍ നിന്ന് ലോട്ടയില്‍ ചായ വാങ്ങിക്കുടിച്ചും നീങ്ങിയ ആ യാത്ര അഗസ്ത്യാര്‍കൂടം യാത്രയോളം തന്നെ ക്ലേശകരമായിരുന്നു എന്ന് രണ്ടും അനുഭവിച്ച ഞാന്‍ സാക്ഷ്യം പറയും. ഹേമാവതി നന്ദന്‍ ബഹുഗുണ ഗര്‍വാല്‍ സര്‍വകലാശാലയുടെ പൈന്‍മര ഗവേഷണ കേന്ദ്രം (Alpine research station and high altitude physiology research cetnre)  തുംഗനാഥിന്റെ ഉച്ചിയില്‍ നിന്ന് നാനൂറ് മീറ്റര്‍ മാത്രം താഴെയാണ്. അവിടേക്ക് വഴികാണിക്കുന്ന ദിശാസൂചിക്ക് സമീപം തളര്‍ന്നിരിക്കുമ്പോള്‍ 'ഇനിയും 600 മീറ്ററോ!' എന്നായിരുന്നു മനസ്സില്‍. 600 മീറ്റര്‍ ഉയരം കയറണമെങ്കില്‍ മലമ്പാതയില്‍ രണ്ടു രണ്ടര കിലോമീറ്ററെങ്കിലും ഇനിയും നടക്കണം..

'ഇരിക്കണ്ട കൂട്ടരേ, കയറാം.. ഇന്നുതന്നെ നമുക്ക് രാമചന്ദ്രശിലയില്‍ കയറണം' എന്ന് പറഞ്ഞ് പ്രചോദിപ്പിച്ചുകൊണ്ടിരുന്ന സീന ഇപ്പോഴും എനിക്ക് അത്ഭുതമാണ്. തുംഗനാഥില്‍ മഞ്ഞു വീണുതുടങ്ങിയിരുന്നു. 'ഈ വൈകുന്നേരം ഇനിയും മല കയറണ്ട, കോടമഞ്ഞ് വന്ന് പൊതിയും, കാഴ്ച മറയും, വഴിതെറ്റും..' തുഗനാഥന്റെ സായാഹ്നപൂജക്ക് കലശക്കുടങ്ങള്‍ ഒരുക്കുകയായിരുന്ന പൂജാരി മുന്നറിയിപ്പ് നല്‍കി. പിറ്റേദിവസം തിരിച്ചിരങ്ങേണ്ടതുണ്ട്. മഞ്ഞുപുതച്ച പ്രഭാതമാണെങ്കില്‍ രാമചന്ദ്രശില എന്ന സ്വപ്നമുപേക്ഷിച്ച് മടങ്ങേണ്ടിവരും. കയറാന്‍ തന്നെ തീരുമാനിച്ചു. കയറി...

സന്ധ്യയെ വാരിപ്പുതയ്ക്കുന്ന ഹിമാലയത്തിന്റെ കാഴ്ച കണ്ടുനില്‍ക്കുമ്പോള്‍ കാരണമില്ലാതെ കണ്ണുനിറഞ്ഞു വന്നു.

വനംവകുപ്പ് കേള്‍ക്കുന്നുണ്ടല്ലോ അല്ലേ?
സന്ധ്യയില്‍ മഞ്ഞുമൂടി വഴിമറഞ്ഞു. താഴെ താമസിച്ച വീട്ടുകാര്‍ ഒരു കുട്ടിയെ മുകളിലേക്കയച്ചിരുന്നു. തിരികെ മറ്റൊരു വഴിയിലൂടെ മലയിറങ്ങുമ്പോള്‍ ദൂരെ പാറക്കൂട്ടത്തിന് മീതെ മേയുന്ന ഹിമാലയന്‍ ഥാറുകളെ അവന്‍ കാട്ടിത്തന്നു. കൂട്ടത്തിലുള്ള പെണ്‍കുട്ടികള്‍ ഇരിക്കാന്‍ സമ്മതിക്കാതെ മലമുകളിലേക്ക് ഓടിക്കയറിയതുകൊണ്ടാണല്ലോ ഈ കാഴ്ചയെല്ലാം. വാക്കുകള്‍ക്ക് അതീതമായ കൃതജ്ഞത തോന്നി അവരോട്.

സീനയേയും ദിവ്യയേയും പോലെ ചുണയുള്ള പെണ്ണുങ്ങളോടാണ് നിങ്ങള്‍ പറയുന്നത് അഗസ്ത്യാര്‍കൂടം കയറരുത്, നിങ്ങള്‍ക്കതിനുള്ള ആരോഗ്യവും ശേഷിയുമില്ലെന്ന്.

വനംവകുപ്പ് കേള്‍ക്കുന്നുണ്ടല്ലോ അല്ലേ?
ചെറുതും വലുതുമായ ഏറെ യാത്രകള്‍ പിന്നീടും ഉണ്ടായെങ്കിലും ഇന്നും 'യാത്ര' എന്ന വാക്ക് കൊണ്ടുവരുന്ന ആദ്യ ഓര്‍മ്മ ദേവഭൂമിയിലൂടെ, പര്‍വ്വതശിഖരങ്ങളിലൂടെ, മഞ്ഞുമലകളിലൂടെ സഞ്ചരിച്ച ആ പതിനെട്ടു ദിവസമാണ്. നല്ല സ്‌നേഹിതരേ, നല്ല സഹയാത്രികരേ, നിങ്ങളെ ഞാന്‍ ഹൃദയം കൊണ്ട് ഇറുകെ പുണരുന്നു...

ഒറ്റക്കാര്യം കൂടി,

അതിരുമലയിലെ വനംവകുപ്പിന്റെ  ഷെല്‍ട്ടറിന് താഴെയുള്ള അരുവിയില്‍ കുളിച്ചുവന്ന് ചായുന്ന വെളിച്ചത്തിന്റെ സാന്ധ്യദീപ്തിയില്‍ ശീതക്കാറ്റ് കൊണ്ട് അരികത്തെ പാറപ്പുറത്തിരിക്കുമ്പോള്‍ മഞ്ഞിനെ വാരിപ്പുതയ്ക്കുന്ന അഗസ്ത്യാര്‍കൂടത്തിന്റെ മോഹിപ്പിക്കുന്ന ഒരു കാഴ്ചയുണ്ട്. അത് പെണ്ണുങ്ങള്‍ക്ക് നിഷേധിക്കാന്‍ നിങ്ങള്‍ക്കെന്തവകാശം വനംവകുപ്പേ? ഫേസ് ബുക്ക് രക്ഷാധികാരികളേ?


 

click me!